വചനപരിച്ഛേദം - 37

37- ചേതം വന്നാലും വാക്കു മാറാത്തവന്‍.

 ന്യായാഃ 11;35.' യഹോവയോടു പറഞ്ഞുപോയി എനിക്കു പിന്മാറിക്കൂടാ എന്നു പറഞ്ഞു.

                       ന്യായാധിപന്മാരില്‍ ഒട്ടും അപ്രധാനമല്ലാത്ത ഒരു സ്ഥാനമാണു യിപ്താഹിനു ഉള്ളതു. അമ്മോന്യരെ യുദ്ധത്തില്‍ പരാജയപ്പെടുത്തുകയും അവരുടെ ഇരുപതു പട്ടണങ്ങളെ ജയിച്ചടക്കുകയും ചെയ്തതോ, ആറു സംവത്സരം യിസ്രായേലിന്റെ ന്യായാധിപനായിരുന്നതോ അല്ല യിപ്താഹിന്റെ മഹത്വത്തിനു കാരണം. ന്യായാധിപന്‍ എന്ന നിലയില്‍ യിപ്താഹിനെക്കാള്‍ കുടുതല്‍ കാലം യിസ്രായേലിനെ നയിച്ചവരും അമ്മോന്യരെക്കാള്‍ ശക്തരായ ശത്രുക്കളെ പരാജയപ്പെടുത്തിയവരുമായ പല ന്യായാധിപന്മാരെയും യിസ്രായേലിന്റെ ചിരിത്രത്തില്‍ കാണുന്നുണ്ടു. എന്നാല്‍ ഇവരില്‍ നിന്നെല്ലാം യിപ്താഹു വേറിട്ടു നില്ക്കുവാനുള്ള കാരണം ഈ വാക്യത്തില്‍ പ്രകടമാകുന്ന വ്യക്തിത്വമാണു. എബ്രായലേഖന കര്‍ത്താവു വിശ്വാസവീരന്മാരുടെ പട്ടിക രേഖപ്പെടുത്തിയിരിക്കുന്നതില്‍ അബ്രഹാം, യിസഹാക്കു, യാക്കോബു, യൗസേഫു, മോശെ, ശമുവേല്‍, ഗിദ്യോന്‍, ബാറാക്, ശിംശോന്‍ ദാവീദു തുടങ്ങിയ പൂര്‍വ്വപിതാക്കന്മാരുടെ ഗണത്തില്‍ യിപ്താഹിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതു അതിനു വ്യക്തമായ തെളിവാണു. എബ്രാഃ 11;32. 'എന്തു പറയേണ്ടു? ഗിദ്യോന്‍, ബാറാക്, ശിംശോന്‍, യിപ്താഹു എന്നിവരെയും ശമുവേല്‍ തുടങ്ങിയ പ്രവാചകന്മാരെയും കുറിച്ചു വിവരിപ്പാന്‍ സമയം പോരാ.' എന്നാണു അവിടെ പറയുന്നതു. മനുഷ്യകുലത്തിന്റെ രക്ഷയ്ക്കു വേണ്ടി ദൈവം ഒരുക്കിയ രക്ഷാപദ്ധതിയില്‍ ഈ വിശ്വാസവീരന്മാര്‍ക്കെല്ലാം അതുല്യസ്ഥാനമാണുള്ളതു. എന്നാല്‍ നമ്മുടെ പൂര്‍വ്വപിതാക്കന്മാര്‍ യിപ്താഹിനു അബ്രഹാമിനു തുല്യമായ സ്ഥാനമാണു നല്‍കിയിരിക്കുന്നതു. പരിശുദ്ധപിതാക്കന്മാര്‍ പരിശുദ്ധാത്മനിറവോടെ ദൈവസന്നിധിയില്‍ ധ്യാനനിരതരായി ഇരുന്നു നേടിയെടുത്ത ദൈവശാസ്ത്രപരിജ്ഞാനം നമ്മുടെ ആരാധനയിലെ പ്രാര്‍ത്ഥനകളിലും ഗീതങ്ങളിലും പ്രൊമുയോന്‍ സെദറാകളിലും നമുക്കു കാണുവാന്‍ കഴിയും. പെസഹാപെരുനാളിന്റെ യാമപ്രാര്‍ത്ഥനകളില്‍ നമ്മുടെ കര്‍ത്താവിന്റെ രക്ഷാകരമായ ബലിയുടെ പൂര്‍വ്വദൃഷ്ടാന്തങ്ങള്‍ വി.വേദപുസ്തക താളുകളില്‍ നിന്നു അടര്‍ത്തിയെടുത്തു നമ്മുടെ ധ്യാനത്തിനായി നിരത്തി വച്ചിട്ടുണ്ടു. അതില്‍ വ്യാഴാഴ്ച പ്രഭാതനമസ്കാരത്തന്റെ സെദറായില്‍ യിപ്താഹിനെ കുറിച്ചു ഇങ്ങനെയാണു .''യിപ്താഹു ജയത്തിനു വേണ്ടി തന്റെ പുത്രിയെ നേര്‍ച്ചയായി ബലികഴിച്ചു അതിന്റെ ദൃഷ്ടാന്തം സൂചിപ്പിച്ച സ്വര്‍ഗ്ഗീയബലി ഇതാകുന്നു.''
                 ഈ വിധത്തില്‍ ദൈവശാസ്ത്രത്തിലും ശ്രേഷ്ഠമായ ഒരു സ്ഥാനം ലഭിക്കുവാന്‍ യിപ്താഹിനെ പ്രാപ്തനാക്കിയതു അവന്റെ ദൈവവിശ്വാസവും സ്ഥിരമനസ്കതയുമാണു. ന്യായാധിപന്മാരുടെ പുസ്തകത്തില്‍ 11,12 അദ്ധ്യായങ്ങളില്‍, ഏതാണ്ടു 47 വാക്യങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്ന ഒരു ലഘു ചരിത്രമാണു യിപ്താഹിനു വി.വേദപുസ്തകം നല്‍കിയിരിക്കുന്നതു. ഈ വാക്യങ്ങളിലൂടെ കടന്നു പോകുമ്പോള്‍ മനുഷ്യബുദ്ധിക്കു ഗ്രഹിക്കുവാന്‍ കഴിയാത്ത ദൈവവഴി നമുക്കു ദര്‍ശിക്കുവാന്‍ കഴിയും. പലതും ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി മനസ്സിന്റെ കോണില്‍ അവശേഷിക്കും. പരിമിതികളുള്ള മനുഷ്യബുദ്ധിയില്‍ ഒതുങ്ങാത്തവനാണു ദൈവം എന്ന സത്യമാണു അതു വിളംബരം ചെയ്യുന്നതു. അതിലേക്കു കടക്കുന്നതിനു മുമ്പു യിപ്താഹിനെ കുറിച്ചു ചിലകാര്യങ്ങള്‍. യഹോവയോടു പറഞ്ഞ വാക്കു പാലിക്കുവാനായി തന്റെ ഏകജാതയായ മകളെ ബലിയര്‍പ്പിച്ച ഒറ്റ കര്‍മ്മം കൊണ്ടു യിപ്താഹു വിശ്വാസ വീരന്സമാരുടെ പട്ടികയില്‍ വിളങ്ങി ശോഭിക്കുന്നു.മാനുഷിക ദൃഷ്ടിയില്‍ യിപ്താഹിനു പല കുറവുകളും കണ്ടെന്നു വരാം. യിപ്താഹിനെ കുറിച്ചു വി.വേദപുസ്തകം പറഞ്ഞു തുടങ്ങുന്നതു തന്നെ അവന്റെ മൂന്നു പ്രത്യേകതകള്‍ പറഞ്ഞു കൊണ്ടാണു. ന്യായഃ 11;1. 'ഗിലയാദ്യനായ യിപ്താഹു പരാക്രമശാലിയെങ്കിലും വേശ്യാപുത്രനായിരുന്നു.
                    യിപ്താഹിന്റെ പ്രത്യേകതയായി ആദ്യം പറയുന്നതു അവന്‍ ഗിലയാദ്യനായിരുന്നു എന്നാണു. അവന്റെ അപ്പന്റെ പേരു ഗിലയാദു എന്നായിരുന്നതു കൊണ്ടല്ല അവന്‍ ഗിലയാദ്യനെന്നു അറിയപ്പെട്ടതു.യിസ്രായേല്‍ ഗോത്രങ്ങളുടെ പരിരക്ഷകനായി പരിണമിച്ച യൗസേഫിന്റെ പുത്രന്‍ മാഖീരിന്റെ പുത്രന്‍ ഗിലെയാദ്യന്റെ പിന്‍ഗാമിയാണു യിപ്താഹു. ഗിലയാദ്യന്‍ എന്ന വിശേഷണത്തിലൂടെ പാരമ്പര്യത്തില്‍ അവന്‍ ഉന്നതകുലജാതനായിരുന്നു എന്നു വ്യക്തമാക്കുന്നു. അതോടൊപ്പം അവന്‍ പരാക്രമശാലിയായിരുന്നു എന്നുകൂടി പറയുമ്പോള്‍ യിസ്രായേലിനെ രക്ഷിക്കുവാനുള്ള യോഗ്യത അവനുണ്ടു എന്നാണു വെളിവാക്കുന്നു. ഈ രണ്ടു യോഗ്യതകളും പറഞ്ഞിട്ടു 'എങ്കിലും വേശ്യാപുത്രനായിരുന്നു' എന്നു പറയുമ്പോള്‍ അവന്റെ ഒരു അയോഗ്യതയാണു ചൂണ്ടിക്കാണിക്കുന്നതു. എങ്കിലും എന്ന പ്രയോഗം അതു സൂചിപ്പിക്കുന്നു.യിസ്രായേലിന്റെ  പാരമ്പര്യവും മോശെയുടെ ന്യായപ്രമാണവും അനുശാസിക്കുന്നതും അതുതന്നെയാണു. ആവഃ 23;2 ല്‍ പറയുന്നുഃ 'കൗലടേയന്‍ യഹോവയുടെ സഭയില്‍ പ്രവേശിക്കരുതു. അവന്‌റെ പത്താം തലമുറ പോലും യഹോവയുടെ സഭയില്‍ പ്രവേശിക്കരതു.'' അതുകൊണ്ടു തന്നെ യിപ്താഹു വളര്‍ന്നു വന്നപ്പോള്‍ ഗിലയാദിന്റെ ഭാര്യയുടെ പുത്രന്മാര്‍ അവനെ പുറത്താക്കി കളഞ്ഞു. ന്യായഃ 11;2.''ഗിലെയാദിന്റെ ഭാര്യയും അവനു പുത്രന്മാരെ പ്രസവിച്ചു. അവന്റെ ഭാര്യയുടെ പുത്രന്മാര്‍ വളര്‍ന്നുവന്ന ശേഷം അവര്‍ യിപ്താഹിനോടുഃ 'നീ ഞങ്ങളുടെ പിതൃഭവനത്തില്‍ അവകാശം പ്രാപിക്കയില്ല. നീ പരസ്ത്രീയുടെ മകനല്ലോ എന്നു പറഞ്ഞു.'' ഗിലെയാദിന്റെ മക്കളുടെ പ്രവൃത്തി അവരുടെ പാരമ്പര്യം സൂചിപ്പിക്കുന്നു. അബ്രഹാമിന്റെ മൂത്ത പുത്രനായ യിശ്മായേലിനെ പുറത്താക്കുവാന്‍ സാറാ പറഞ്ഞ ന്യായവും അതിനു തുല്യമാണു. ഉല്പഃ 21;10.'ഈ ദാസിയയും മകനെയും പുറത്താക്കിക്കളക. ഈ ദാസിയുടെ മകന്‍ എന്റെ മകന്‍ യിസഹാക്കിനോടൊപ്പം അവകാശിയാകരുതു.' അതു അബ്രഹാമിനു അനിഷ്ടകരമായിരുന്നു എങ്കിലും സാറായുടെ വാക്കു അനുസരിക്കേണ്ടതായി വന്നു. യഹോവ പറഞ്ഞു. 'യിസഹാക്കില്‍ നിന്നുള്ളവരല്ലോ നിന്റെ സാക്ഷാല്‍ സന്തതി എന്നു വിളിക്കപ്പെടുക.' യിപ്താഹിനെ പോലെ അയോഗ്യത കല്പിക്കുവാന്‍ കഴിയുകയില്ലെങ്കിലും യിശ്മായേല്‍ തള്ളപ്പെട്ടവനായി തീരുന്നു. ജന്മനാ കിട്ടിയതും നേടിയെടുത്തതുമായ യോഗ്യതകളെല്ലാം ഈ അയോഗ്യതയുടെ മുമ്പില്‍ യിപ്താഹിനു നഷ്ടമായി.
                വേശ്യാപുത്രനിയി ജനിച്ചു എന്നതു യിപ്താഹിന്റെ കുറ്റമല്ലെങ്കിലും അവന്‍ പാരമ്പര്യത്തില്‍നിന്നും പിതൃ അവകാശത്തില്‍ നിന്നും നിഷ്കാസിതനായി. മാതാപിതാക്കള്‍ ചെയ്യുന്ന തെറ്റിന്റെ ഫലം മക്കളും അനുഭവിക്കേണ്ടതായി വരുന്നതിന്റെ ഒരു ഉദാഹരണമായി ഇതും കാണാം. സഹോദരന്മാരാല്‍ ഉപേക്ഷിക്കപ്പെടുകയും പിതൃഭവനത്തിനു അന്യനായി തീരുകയും ചെയ്ത യിപ്താഹു തോബു ദേശത്തു ചെന്നു പാര്‍ത്തു. നിസ്സാരന്മാരായ ചിലര്‍ അവനു സഹയാത്രികരായി. പിതൃഭവനത്തില്‍ നിന്നും നിഷ്കാസിതനായി എങ്കിലും അടിമയായി ജീവിക്കുവാന്‍ അവന്‍ തയ്യാറായില്ല. അവന്‍ ഒരു സംഘത്തിന്റെ തലവനായി, പോരാളിയായി തന്നെ ജീവിച്ചു. കാലം കുറെ കഴിഞ്ഞപ്പോള്‍ അമ്മോന്യര്‍ യിസ്രായേല്യരോടു യുദ്ധം തുടങ്ങി. യിസ്രായേല്‍ പ്രതിസന്ധിയിലായി. അമ്മോന്യരോടു യുദ്ധം ചെയ്യുവാന്‍ തങ്ങള്‍ക്കു പ്രാപ്തിയില്ലെന്നു അവര്‍ക്കു ബോദ്ധ്യമായി. അവരെ നയിക്കുവാന്‍ ഒരു നേതാവുമില്ല. ഒരു മാര്‍ഗ്ഗം മാത്രമേ ഇപ്പോള്‍ അവരുടെ മുമ്പില്‍ അവശേഷിക്കുന്നുള്ളു. തങ്ങള്‍ തള്ളിക്കളഞ്ഞവനില്‍ തന്നെ ആശ്രയിക്കുക. യിസ്രായേലിന്റെ മൂപ്പന്മാര്‍ തോബു ദേശത്തു ചെന്നു യിപ്താഹിനോടുഃ 'അമ്മോന്യരോടു യുദ്ധം ചെയ്യുവാന്‍ നീ വന്നു ഞങ്ങളുടെ സേനാപതിയായിരിക്ക.എന്നു പറഞ്ഞു. യിപ്താഹു ഗിലെയാദ്യരോടുഃ നിങ്ങള്‍ എന്നെ പകച്ചു പിതൃഭവനത്തില്‍ നിന്നു നീക്കിക്കളഞ്ഞില്ലയോ? ഇപ്പോള്‍ നിങ്ങള്‍ കഷ്ടത്തില്‍ ആയ സമയം എന്റെ അടുക്കല്‍ എന്തിനു വരുന്നു? എന്നു പറഞ്ഞു. 'അമ്മോന്യരോടു യുദ്ധം ചെയ്യുവാന്‍ മാത്രമല്ല, ഗിലെയാദിലെ സകല നിവാസികള്‍ക്കും തലവനായിരിക്കുകയും ചെയ്യുവാനാണു ഞങ്ങള്‍ നിന്നെ ക്ഷണിക്കുന്നതു.എന്നു അവര്‍ മറുപടി പറഞ്ഞു. അമ്മോന്യരോടു യുദ്ധം ചെയ്യുവാന്‍ എന്നെ കൂട്ടിക്കൊണ്ടു പോയിട്ടു യഹോവ അവരെ എന്റെ കൈയ്യില്‍ ഏല്പിച്ചാല്‍ നിങ്ങള്‍ എന്നെ തലവനാക്കുമോ? എന്നു യിപ്താഹു ചോദിച്ചു. യിപ്താഹിന്റെ വിശ്വാസവും സ്വഭാവശ്രേഷ്ഠതയും ഈ വാക്കുകളില്‍ പ്രകടമാകുന്നു. തന്നെ നിന്ദിക്കുകയും പരിത്യജിക്കുകയും തന്റെ പിതൃ അവകാശത്തില്‍ നിന്നു അന്യനാക്കുകയും ചെയ്തവരെ സഹായിക്കുവാന്‍ ഒരു സാധാരണ മനുഷ്യന്‍ ഒരിക്കലും തയ്യാറാകുകയില്ല. അവരോടു ആ വിധത്തിലെങ്കിലും പ്രതികാരം ചെയ്യുവാന്‍ കഴിയുന്നതില്‍ സന്തോഷിക്കുകയേ ഉള്ളു. 'അമ്മോന്യരെ താന്‍ തോല്പിച്ചാല്‍' എന്നല്ല യിപ്താഹു പറഞ്ഞതു. 'യഹോവ അവരെ എന്റെ കൈയ്യില്‍ ഏല്പിച്ചാല്‍' എന്ന വാക്കുകളില്‍ യിപ്താഹിന്റെ വ്യക്തിത്വം മുഴുവന്‍ പ്രകാശിതമാകുന്നു. പിതൃഭവനത്തില്‍ നിന്നു താന്‍ അന്യനായിയെങ്കിലും തന്റെ പിതാവിന്റെ ദൈവമായ യഹോവയിലുള്ള വിശ്വാസവും ആശ്രയവും അവന്‍ ഉപേക്ഷിച്ചില്ല. മാത്രമല്ല, താഴ്മ, വിനയം, തുടങ്ങിയ ശ്രേഷഠഗുണങ്ങളെല്ലാം ആ വാക്കുകളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടു. യഹോവയെ സാക്ഷി നിറുത്തി അവര്‍ സത്യം ചെയ്തു. യിപ്താഹു അവരോടൊപ്പം പോയി. അവര്‍ ആഗ്രഹിച്ചതു പോലെ യഹോവ അമ്മോന്യരെ യിപ്താഹിന്റെ കൈയ്യില്‍ ഏല്പിച്ചു. അവന്‍ ആറു സംവത്സരം യിസ്രായേലിന്റെ ന്യായാധിപനായി വാണു.
                      ഇവിടെ വളരെ ശ്രദ്ധാര്‍ഹമായ ഒരുകാര്യം നമ്മുടെ ചിന്തയെ തൊട്ടുണര്‍ത്തുന്നു. യഹൂദ പാരമ്പര്യവും  മോശെയുടെ ന്യായപ്രമാണങ്ങളും അനുസരിച്ചു പരിത്യക്തനായ യിപ്താഹിനെ ആണു യിസ്രായേലിന്റെ പരിരക്ഷയ്ക്കായി യഹോവ തെരഞ്ഞെടുത്തതു. ലോകദൃഷ്ടിയില്‍ അയോഗ്യനായ യിപ്താഹിനെ ദൈവമുമ്പാകെ യോഗ്യനാക്കി തീര്‍ത്ത സവിശേഷതകള്‍ മനുഷ്യബുദ്ധിക്കു ഗ്രഹിക്കുവാന്‍ പ്രയാസമുള്ളതാണു. എല്ലവരും അവഗണിച്ച യിപ്താഹു യിസ്രായേലിന്റെ ഉദ്ധാരകനായി ഭവിക്കുമെന്നു ആരും കരുതിയില്ല. ദൈവം ഉയര്‍ത്തുവാന്‍ ഉദ്ദേശിക്കുന്നവരെ ആദ്യം താഴ്ത്തുക പതിവാണു. യൗസേഫും മോശെയും സ്വന്തക്കാരാല്‍ ഉപേക്ഷിക്കപ്പെട്ടതിനു ശേഷമാണു ഉന്നതങ്ങളിലേക്കു നടന്നു കയറിയതു. യിശ്ശായിയുടെ പുത്രന്മാരില്‍ രാജസ്ഥാനത്തിനു യോഗ്യതയും കഴിവും മാനുഷിക ദൃഷ്ടിയില്‍ ദാവീദിനു ഉണ്ടായിരുന്നില്ല. ശമുവേല്‍ പ്രവാചകനോടു ദാവീദിനെ തെരഞ്ഞെടുക്കുവാന്‍ അരുളിച്ചെയ്തപ്പോള്‍ പറഞ്ഞതില്‍ ഇതിന്റെ ഉത്തരം കാണാം. 1.ശമുഃ 16;7. 'മനുഷ്യന്‍ നോക്കുന്നതു പോലെയല്ല; മനുഷ്യന്‍ കണ്ണിനു കാണുന്നതു നോക്കുന്നു. യഹോവ ഹൃദയത്തെ നോക്കുന്നു.' താമാര്‍, രാഹാബു, രൂത്തു എന്നിവര്‍ കര്‍ത്താവിന്റെ വംശാവലിയില്‍ സ്ഥാനം നേടിയതും ഇതിനോടു ചേര്‍ത്തു ചിന്തിക്കേണ്ടതാണു.
                       ഗിലെയാദിലെ മൂപ്പന്മാരുടെ ക്ഷണം യഹോവയുടെ നിയോഗമായി തിരിച്ചറിഞ്ഞ യിപ്താഹു അവരോടൊപ്പം പോയി. യഹോവയുടെ ആത്മാവു അവന്റെമേല്‍ വന്നു.അവന്‍ ഗിലെയാദിലെ മിസ്പയില്‍ എത്തി. മിസ്പയില്‍ നിന്നു അവന്‍ അമ്മോന്യരുടെ നേരെ ചെന്നു. അവന്‍ യഹോവയ്ക്കു ഒരു നേര്‍ച്ച നേര്‍ന്നു പറഞ്ഞു. നീ അമ്മോന്യരെ എന്റെ കൈയ്യില്‍ ഏല്പിക്കുമെങ്കില്‍ ഞാന്‍ അമ്മോന്യരെ ജയിച്ചു സമാധാനത്തോടെ മടങ്ങി വരുമ്പോള്‍ എന്റെ വീട്ടു വാതില്‍ക്കല്‍ നിന്നു എന്നെ എതിരേറ്റു വരുന്നതു യഹോവയ്ക്കുള്ളതാകും.അതു ഞാന്‍ ഹോമയാഗമായി അര്‍പ്പിക്കും. ഈ നേര്‍ച്ചയും പരിണതഫലങ്ങളുമാണു യിപ്താഹിനു വിശ്വാസവീരന്മാരുടെ പട്ടികയില്‍ സ്ഥാനം നേടി കൊടുത്തതു.
              എന്നാല്‍ യിപ്താഹിന്റെ നേര്‍ച്ച അല്പം അവിവേകമായി പോയി എന്നു ചിലര്‍ സംശയിക്കുന്നു.  ഇവിടെ ഒരു പുനഃചിന്ത ആവശ്യമാണു. ന്യായഃ 11;29 ല്‍ ''അപ്പോള്‍ യഹോവയുടെ ആത്മാവു യിപ്താഹില്‍ വന്നു.' എന്നു വ്യക്തമായി പറഞ്ഞിരിക്കുന്നു. യഹോവയുടെ ആത്മാവു നയിക്കുന്ന ഒരുവന്‍ എടുത്ത തീരുമാനങ്ങളും പറയുന്ന വാക്കുകളും അവിവേകവും ബുദ്ധിശൂന്യവുമാണെന്നു എങ്ങനെ പറയും? പ്രതിസന്ധികളിലും പ്രതികൂലതകളിലും ദുഃഖത്തിന്റെ താഴ്വരകളിലും കൈക്കൊള്ളുന്ന തീരുമാനങ്ങളും തെരഞ്ഞെടുക്കുന്ന മാര്‍ഗ്ഗങ്ങളുമാണു ഒരാളുടെ വ്യക്തിത്വത്തെ വെളിവാക്കുന്നതു. അവിടെ ശരിയായ തീരുമാനങ്ങളും സദ്പാതകളും കണ്ടെത്തുന്നവരെയാണു ലോകം മഹാന്മാരെന്നു വിളിക്കുന്നതു. ദൈവാത്മാവില്‍ യിപ്താഹു കഴിച്ച നേര്‍ച്ചകളും അതിന്റെ ഫലമായി കടന്നുവന്ന ദുഃഖാനുഭവങ്ങളും അവനെ വലിയവനാക്കുവാന്‍ ദൈവം ഒരുക്കിയ വഴികളും അവസരങ്ങളുമായിരുന്നു. യിപ്താഹിന്റെ നേര്‍ച്ചയ്ക്കു മറ്റൊരു സവിശേഷതകൂടിയുണ്ടു. സാധാരണ നേര്‍ച്ച നേരുന്നതു സ്വന്തം കാര്യസാദ്ധ്യത്തിനാണു. എന്നാല്‍ യിപ്താഹിന്റെ നേര്‍ച്ച തനിക്കു വേണ്ടിയായിരുന്നില്ല; യിസ്രായേലിന്റെ വിജയത്തിനു വേണ്ടിയായിരുന്നു. മാത്രമല്ല, യുദ്ധം ജയിക്കുമ്പോള്‍ അവിടെ നിന്നു ലഭിക്കുന്നതില്‍ ഏതെങ്കിലും വസ്തു നേര്‍ച്ചയായി കൊടുക്കാമെന്നുമല്ല യിപ്താഹു പറഞ്ഞതു. തന്റെ സ്വന്തമായിട്ടുള്ളതില്‍ നിന്നാണു അവന്‍ കൊടുക്കുവാന്‍ തയ്യാറായതു എന്നതും ശ്രദ്ധിക്കേണ്ടതാണു. 
                   യിപ്താഹു പ്രതീക്ഷിക്കാത്തതാണു സംഭവിച്ചതു. അമ്മോന്യരെ പരാജയപ്പെടുത്തിയ യിപ്താഹു ആഹ്ളാദഭരിതനായി, ദൈവത്തെ മഹത്വപ്പെടുത്തി കൊണ്ടു ഭവനത്തിലേക്കു വരുന്നു.പിതാവിന്റെ വിജയത്തിനു വേണ്ടി ദൈവസന്നിധിയില്‍ ആയിരുന്ന ഏകജാതയായ മകള്‍ അപ്പനു ലഭിച്ച വിജയത്തില്‍ അത്യധികം സന്തോഷത്തോടെ, തപ്പോടും നൃത്തത്തോടും കൂടെ പിതാവിനെ സ്വീകരിക്കുവാന്‍ ഓടിയെത്തി. ആ കാഴ്ച പിതാവിനു ഹൃദയഭേദകമായിരുന്നു. യിപ്താഹു നിലവിളിച്ചു പോയി. ന്യായഃ 11;35. 'അവളെ കണ്ടയുടനെ അവന്‍ തന്റെ വസ്ത്രം കീറി; അയ്യോ മകളെ, നീ എന്റെ തല കുനിച്ചു. നീ എന്നെ വ്യസനിപ്പിക്കുന്നവരുടെ കൂട്ടത്തില്‍ ആക്കിയല്ലോ എന്നു പറഞ്ഞു.' ഈ വാക്കുകളില്‍ വാത്സല്യനാധിയായ ഒരു പിതാവിന്റെ തപ്തമായ ഹൃദയത്തുടിപ്പുകളും തേങ്ങലുകളും നമുക്കു വ്യക്തമായി കേള്‍ക്കുവാന്‍ കഴിയും. അതാകട്ടെ മാനുഷിക ബലഹീനതകളില്‍ നിന്നു ഉതിര്‍ന്നു വീണ വാക്കുകളാണു. എന്നാല്‍ പെട്ടെന്നു യിപ്താഹു സാധാരണ മനുഷ്യന്റെ തലത്തില്‍ നിന്നു ഉയര്‍ന്നു. ആ വാക്കുകളോടൊപ്പം തുടര്‍ന്നു പറഞ്ഞു.'യഹോവയോടു  പറഞ്ഞു പോയി പിന്മാറി കൂടാ.' അസാധാരണവും അവിശ്വസനീയവുമായ വാക്കുകള്‍; അല്ല, തീരുമാനം എന്നു വിശേഷിപ്പിച്ചാലും അതിന്റെ മഹത്വം മുഴുവന്‍ വെളിപ്പെടുകയില്ല. ഈ യാഥാര്‍ത്ഥ്യത്തോടു നമ്മെ ചേര്‍ത്തു നിറുത്തി വിലയിരുത്തുമ്പോഴാണു യിപ്താഹിന്റെ മഹത്വം പൂര്‍ണ്ണമായി വെളിപ്പെടുന്നതു. നാമായിരുന്നു എങ്കില്‍ എന്തായിരിക്കുമായിരുന്നു പ്രതികരണം. എന്തെന്തു ചോദ്യങ്ങളും പരാതികളും പരിഭവങ്ങളും ആവലാതികളുമായിരിക്കും നമ്മുടെ മനസ്സില്‍ നിന്നു ഉയരുക. തോബില്‍ സ്വസ്തമായി ജീവിച്ചിരുന്ന എന്നെ ഇതിനായിട്ടായിരുന്നോ വിളിച്ചു കൊണ്ടുവന്നതു? ഇതിനു തക്കവണ്ണം ഞാന്‍ എന്തു അപരാധമാണു ചെയ്തതു? നിനക്കു വേണ്ടിയും നിന്റെ ജനത്തിനു വേണ്ടിയും നീ പറഞ്ഞതു അനുസരിച്ചു യുദ്ധം ചെയ്തു ജയിച്ചതിനു എനിക്കു തരുന്ന പ്രതിഫലം ഇതാണോ? എന്തിനു ഈ ദുഃഖം എനിക്കു നീ തന്നു. ഇതാണോ ദൈവനീതി. ഇങ്ങനെ നൂറുനൂറു ചോദ്യങ്ങള്‍. എന്നാല്‍ യിപ്താഹിന്റെ നാവില്‍ നിന്നു അരുതാത്ത ഒരു വാക്കു പോലും ഉതിര്‍ന്നു വീണില്ല എന്നതാണു യിപ്താഹിനെ എല്ലാവരില്‍ നിന്നും വേര്‍തിരിച്ചു നിറുത്തുന്നതു. മകള്‍ക്കു പകരമായി മറ്റെന്തെങ്കിലും ചെയ്യാമെന്ന ചിന്ത പോലും അവന്റെ മനസ്സില്‍ കടന്നു വന്നില്ല. മകള്‍ക്കു പകരം തന്റെ വസ്തുവകകള്‍ മുഴുവന്‍ കൊടുക്കാമെന്നു വേണമെങ്കില്‍ യിപ്താഹിനെ പറയാമായിരുന്നു. 'നീ എന്റെ തല കുനിച്ചു.' എന്നു വേദനയോടെ മകളോടു പറഞ്ഞപ്പോള്‍ തന്നെ ദൈവം യിപ്താഹിന്റെ ശിരസ്സു എല്ലാവരിലും മേലെയായി ഉയര്‍ത്തി.
                     യിപ്താഹിന്റെ മകളുടെ പ്രതികരണം ആകട്ടെ അപ്പനേക്കാള്‍ ഒരുപടികൂടെ ഉന്നതശീര്‍ഷയാക്കി.അവള്‍ അതു കേട്ടു പൊട്ടിക്കരഞ്ഞില്ല. ആവലാതിപ്പെട്ടില്ല. ഞാനല്ല നേര്‍ന്നതു, ഞാനെന്തിനു ബലിയാടാകണം എന്നിങ്ങനെ ന്യായവാദം ചെയ്തുമില്ല. അവള്‍ പറഞ്ഞതു ശ്രദ്ധിക്കുക. ന്യായഃ 11;36. 'അവള്‍ അവനോടു, അപ്പാ, നീ യഹോവയോടു പറഞ്ഞു പോയിട്ടുണ്ടെങ്കില്‍ യഹോവ നിനക്കു വേണ്ടി നിന്റെ ശത്രുക്കളായ അമ്മോന്യരോടു പ്രതികാരം നടത്തിയിരിക്കയാല്‍ നിന്റെ വായില്‍ നിന്നു പുറപ്പെട്ടതു പോലെ എന്നോടു ചെയ്ക.'' അവള്‍ക്കു ഒരപേക്ഷ മാത്രമേ ഉണ്ടായിരുന്നുള്ളു. അതും അവളുടെ മഹത്വം വെളിപ്പെടുത്തുന്നു. 'എന്നാല്‍ ഒരു കാര്യം എനിക്കു വേണ്ടിയിരുന്നു. ഞാന്‍ പര്‍വ്വതത്തില്‍ ചെന്നു എന്റെ സഖിമാരുമായി എന്റെ കന്യാത്വത്തെക്കുറിച്ചു വിലാപം കഴിക്കേണ്ടതിന്നു രണ്ടു മാസത്തെ അവധി തരേണം എന്നു അവള്‍ തന്റെ അപ്പനോടു പറഞ്ഞു.' പര്‍വ്വതം യഹോവയുടെ അധിവാസസ്ഥലമാണല്ലോ. ദൈവസന്നിധിയില്‍ വിലാപം കഴിക്കുവാനാണു അവള്‍ പോയതു എന്നതത്രേ അവളെ വലിയവളാക്കിയ വസ്തുത. ' എന്റെ ജീവിതം എന്റേതാണു അതു എന്റെ ഇഷ്ടം പോലെയായിരിക്കണം. അവിടെ അപ്പന്റെയും അമ്മയുടെയും ആഗ്രഹത്തിനും അഭിപ്രായത്തിനും ഒരു സ്ഥാനവുമില്ല എന്നു പറഞ്ഞു, എവിടെ വച്ചോ കണ്ടുമുട്ടി ഇഷ്ടപ്പെട്ടു പോയ ഒരാളുടെ പുറകെ ഇറങ്ങി തിരിച്ചു, സ്വന്തം വഴി സ്വയം തെരഞ്ഞെടുക്കുന്ന ആധുനിക യവതലമുറയുടെ മുമ്പില്‍ , സ്വജീവിതം അപ്പന്റെ വാക്കനുസരിച്ചു ബലിയായി സമര്‍പ്പിച്ച ഈ മകള്‍ ഒരു ചോദ്യഛിഹ്നമായി എന്നാളും നിലകൊള്ളുന്നു. 
                     അടുക്കി വച്ച വിറകിന്‍ മുകളില്‍ ശാന്തനായി അപ്പന്റെ മൂര്‍ച്ചയേറിയ കത്തി തന്റെ കഴുത്തില്‍ വീഴുന്നതു കാത്തു ക്ഷമയോടെ കിടന്ന യിസഹാക്കിനേക്കാള്‍ ഒരുപടി മുകളിലാണു യിപ്താഹിന്റെ മകളെന്നു പറയുന്നതില്‍ തെറ്റില്ല. അവളുടെ സ്വയപരിത്യാഗം യിസ്രായേലില്‍ എന്നാളും പ്രകീര്‍ത്തിതമായി നിലനിന്നു. ന്യായഃ 11;40. 'പിന്നെ ആണ്ടുതോറും യിസ്രായേലിലെ കന്യകമാര്‍ നാലു ദിവസം ഗിലെയാദ്യനായ യിപ്താഹിന്റെ മകളെ കീര്‍ത്തിക്കുവാന്‍ പോകുന്നതു ഒരാചാരമായിത്തീര്‍ന്നു.'
                       ആനുഷംഗികമായി ഒരു കാര്യം. യിപ്താഹു മകളെ ബലികഴിച്ചില്ല. അവളെ അവിടെ ഒളിപ്പിക്കുകയായിരുന്നു എന്നും അഭിപ്രായപ്പെടുന്നവരുണ്ടു. നരബലി ദൈവം ഇഷ്ടപ്പെടുന്നില്ലായെന്നതും അബ്രഹാമിനോടു യിസഹാക്കിനെ ബലിയര്‍പ്പിക്കണമെന്നു പറഞ്ഞ യഹോവ അതിനു അനുവദിക്കാതിരുന്നതും അതിനു തെളിവായി ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ന്യായഃ 11;39 ല്‍ 'അവന്‍ നേര്‍ന്നിരുന്നതു പോലെ അവളോടു ചെയ്തു.' എന്നു വ്യക്തമായി പറഞ്ഞിരിക്കുന്നു. അബ്രഹാമിന്റെ ബലിയെ തടഞ്ഞ യഹോവ എന്തുകൊണ്ടു യിപ്താഹിന്റെ ബലിയെ തടഞ്ഞില്ല എന്ന ചോദ്യം സ്വാഭാവികമാണു.  ദൈവത്തിന്റെ പദ്ധതികള്‍ മനുഷ്യബുദ്ധിക്കു ഗ്രഹിക്കുവാന്‍ പ്രയാസമുള്ളതാണെന്നും, അവ ചോദ്യം ചെയ്യാതെ അംഗീകരിക്കുക മാത്രമാണു കരണീയമെന്നും നാം ചിന്തിച്ചിട്ടുള്ളതാണു. എങ്കിലും അതിനുള്ള ഉത്തരം, വേദശാസ്ത്രപരമായി എത്രമാത്രം ശരിയാണു എന്നു പറയുവാന്‍ കഴിയുകയില്ലെങ്കിലും,  അവിടെ കണ്ടെത്താവുന്നതാണു. യാസഹാക്കിന്റെ ബലി യഹോവ കല്പിച്ചതും യിപ്താഹിന്റെ ബലി അവന്‍ സ്വയം നേര്‍ന്നതുമാണല്ലോ. അബ്രഹാമിനെ ദൈവം പരീക്ഷിച്ചതാണെങ്കില്‍ യിപ്താഹു സ്വയം പരീക്ഷണവിധേയനാകുകയായിരുന്നു. അതാകാം അതിനു കാരണം. എന്നാല്‍ നരബലിയെ എങ്ങനെ സാധൂകരിക്കും എന്ന ചോദ്യം പിന്നെയും അവശേഷിക്കുന്നു. വിഗ്രഹം ഉണ്ടാക്കരുയതെന്നും അവയെ സേവിക്കുകയോ നമസ്കരിക്കുകയോ ചെയ്യരുതു എന്നും കല്പിച്ച യഹോവ തന്നെ മോശെയോടു പിച്ചളസര്‍പ്പത്തെ ഉണ്ടാക്കുവാനും സര്‍പ്പദംശനത്തില്‍ നിന്നു രക്ഷ പെടുവാന്‍ അതിനെ നോക്കുവാനും അരുളിച്ചെയ്തിരിക്കുന്നു. പിച്ചളസര്‍പ്പത്തെ ഉയര്‍ത്തിയതു കര്‍ത്താവിന്റെ കാല്‍വറിയിലെ യാഗത്തിന്റെ മുന്‍കുറിയായിരുന്നു എന്നു കര്‍ത്താവു തന്നെ ,പറഞ്ഞിട്ടുണ്ടു. എങ്കിലും പില്‍ക്കാലത്തു നൂറ്റാണ്ടുകളോളം ഈ പിച്ചളസര്‍പ്പത്തെ ആരാധ്യവസ്തുവായി യിസ്രായേല്യര്‍ സൂക്ഷിച്ചിരുന്നു. ഹിസ്കിയാരാജാവിന്റെ കാലത്താണു അതു നശിപ്പിച്ചതു. പിച്ചളസര്‍പ്പത്തെ ഉയര്‍ത്തി അന്നു അതിനെ നോക്കി രക്ഷപ്പെട്ടു എങ്കിലും പിന്നീടു അതിനെ ആരാധിച്ചതു വിഗഹാരാധനയല്ലാതായി തീരുന്നില്ല. ചരിത്രത്തില്‍ ആവര്‍ത്തിക്കുവാന്‍ പാടില്ലാത്ത ഒന്നായിട്ടാണു അതിനെ കാണുന്നതു. അതുപോലെയാണു യിപ്താഹിന്റെ ബലിയും. കര്‍ത്താവു മനുഷ്യകുലത്തിന്റെ രക്ഷക്കായി ബലിയായതിന്റെ ദൃഷ്ടാന്തമായി അതു കാണുകയും വിശ്വസിക്കുകയും ചെയ്യുമ്പോള്‍ സംശയങ്ങള്‍ ഇല്ലാതാകും. ഇതു നരബലിയെ സാധൂകരിക്കുന്നതായി ചിന്തിക്കുവാനും കഴിയകയില്ല. 
                   യിപ്താഹിനെയും മകളെയും ആധുനിക മനുഷ്യരോടു ചേര്‍ത്തു നിറുത്തി ചിന്തിക്കേണ്ടതാണു. വാക്കു പറഞ്ഞാല്‍ പാലിക്കാത്ത ആധുനിക മനുഷ്യരോടു ഇവരെ എങ്ങനെ താരതമ്യം ചെയ്യും. 'വാക്കല്ലേ മാറാന്‍ കഴിയൂ, കൈയും കാലും മാറാന്‍ കഴിയുമോ' എന്നു ചോദിക്കുന്ന മനുഷ്യന്‍ സമര്‍ത്ഥമായി കാലുമാറുകയും ചെയ്യുന്നു. കാണപ്പെടുന്ന മനുഷ്യനോടു വാക്കു പാലിക്കുവാന്‍ തയ്യാറാകാത്ത മനുഷ്യന്‍ കാണപ്പെടുവാന്‍ കഴിയാത്ത ദൈവത്തോടു എങ്ങനെ വാക്കു പാലിക്കും? 'പാലം കടക്കുവോളം നാരായണ നാരായണ, പാലം കടന്നാല്‍ പിന്നെ പൂരായണ പൂരായണ' എന്ന പഴഞ്ചൊല്ലു ദൈവത്തോടും മനുഷ്യരോടുമുള്ള മനുഷ്യന്റെ മനോഭാവത്തെ ഭംഗ്യന്തരേണ വ്യക്തമാക്കുന്നു. 
                   നേര്‍ച്ചയെ കുറിച്ചു ചിലകാര്യങ്ങള്‍. നേര്‍ച്ച നേരുക സാധാരണമാണു. ഗോത്രപിതാക്കന്മാരുടെ പിതാവായ യാക്കോബു അതിനു ഉദാഹരണമാണു. ഉല്പത്തിപുസ്തകം 28-ാം അദ്ധ്യായത്തില്‍ അതു കാണാം. ദൈവം വാക്കു പാലിച്ചങ്കിലും യാക്കോബു വാക്കു പാലിക്കാതിരിക്കുകയും അതിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കുകയും ചെയ്തതായി പിന്നീടുള്ള അദ്ധ്യയങ്ങളില്‍ കാണുന്നുണ്ടു. നേര്‍ച്ച നേരുന്നതു തെറ്റല്ല. പക്ഷെ അതു നിവര്‍ത്തിക്കണം.ആവഃ 30;2.'' ആരെങ്കിലും യഹോവയ്ക്കു ഒരു നേര്‍ച്ച നേരുകയോ ഒരു പരിവര്‍ജ്ജനവ്രതം ദീക്ഷിക്കാന്‍ ശപഥം ചെയ്യുകയോ ചെയ്താല്‍ അവന്‍ വാക്കിനു ഭംഗം വരുത്താതെ തന്റെ വായില്‍ നിന്നു പുറപ്പെട്ടതു പോലെ ഒക്കെയും നിവര്‍ത്തിക്കേണം.'' യിപ്താഹും ഈ ന്യായപ്രമാണം അനുസരിക്കുകയാണല്ലോ ചെയ്തതു. എന്നാല്‍ സഭാപ്രസംഗി പറയുന്നു.സഭാഃ 5;4.'ദൈവത്തിനു നേര്‍ച്ച നേര്‍ന്നാല്‍ കഴിപ്പാന്‍ താമസിക്കരുതു.' ദാവീദു രാജാവു സങ്കീര്‍ത്തനത്തില്‍ പാടുന്നു. സങ്കീഃ 15; 4,5. 'സത്യം ചെയ്തിട്ടും ചേതം വന്നാലും മാറാത്തവന്‍........ ഒരുനാളും കുലുങ്ങിപ്പോകയില്ല.'' സഭാപ്രസംഗിയുടെ മറ്റൊരു ഉപദേശം ശ്രദ്ധിക്കേണ്ടതാണു.സഭാഃ 5;5.'നേര്‍ന്നിട്ടു കഴിക്കാതിരിക്കുന്നതിനേക്കാള്‍ നേരാതിരിക്കുന്നതു നല്ലതു.' നേര്‍ച്ച നേരരുതു എന്നല്ല; ചെയ്യുവാന്‍ കഴിയുന്നതു മാത്രം നേരുക. അന്യരെ കൊണ്ടു ചെയ്യിക്കാമെന്നു നേരാതിരിക്കുക. നേരുന്നതു താമസം കൂടാതെ നിവര്‍ത്തിക്കുക. അപ്പോള്‍ അവിടെ അനുഗ്രഹത്തിന്റെ കവാടം തുറക്കും. മനുഷ്യരോടും ദൈവത്തോടും പറയുന്ന വാക്കുകള്‍ പാലിക്കുന്നവന്‍ മാത്രമേ മനുഷ്യരുടെ മുമ്പിലും ദൈവമുമ്പാകെയും ബഹുമാനിതനാകുകയുള്ളു. അതിനു യിപ്താഹു വാക്കു മാറാത്തവരില്‍ മുമ്പനായി നമുക്കു മാതൃക കാട്ടി തന്നിരിക്കുന്നു. ആ ഉത്തമ മാതൃക പിന്‍തുടരാന്‍ ഈ ചിന്തകള്‍ ഉപകരിക്കട്ടെ.

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30