വചനപരിച്ഛേദം -41.

41- അനുഗഹവും ശാപവും വരുന്ന വഴികള്‍.

 2.ശമുഃ 6;23.' എന്നാല്‍ ശൗലിന്റെ മകളായ മീഖളിനു ജീവപര്യന്തം മക്കളുണ്ടായില്ല.

                     യിസ്രായേലിന്റെ ഒന്നാമത്തെ രാജാവായ ശൗലിന്റെ മകളും യിസ്രായേലിന്റെ കിന്നരം എന്നു വാഴ്ത്തുന്ന ദാവീദു രാജാവിന്റെ പ്രഥമ ഭാര്യയുമായ മീഖളിന്റെ ജീവിതത്തിലേക്കു ശാപം കടന്നു വന്ന വഴിയാണു ഈ വാക്യത്തില്‍ നമുക്കു ദര്‍ശിക്കുവാന്‍ കഴിയുന്നതു.അനേകായിരങ്ങള്‍ അല്ല ഒരു രാജ്യം മുഴുവനും യഹോവയുടെ അനുഗഹങ്ങളും കൃപയും ആഹ്ളാദത്തോടെ സ്വീകരിച്ച അനര്‍ഘനിമിഷങ്ങളില്‍ തന്നെയാണു മീഖള്‍ ഇവിടെ ശിപത്തിലേക്കു വഴുതി വീണതു. ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ വര്‍ഷിക്കുന്നു. ഒരിക്കല്‍ കര്‍ത്താവു പറഞ്ഞു.'അവന്‍ ദുഷ്ടന്മാരുടെ മേലും നല്ലവരുടെ മേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മിരുടെ മേലും നീതിക്കട്ടവരുടെ മേലും മഴ പെയ്യിക്കുകയും ചെയ്യുന്നുവല്ലോ. വി.മത്താഃ 5;45  . എന്നാല്‍ അതു സ്വീകരിക്കുന്ന മനുഷ്യന്റെ മനോഭാവവും ഒരുക്കവും വിശ്വാസവും അനുസരിച്ചാണു അതു അനുഗ്രഹമോ ശാപമോ ആയി തീരുന്നതു എന്ന വലിയ സത്യം ഈ സംഭവം വ്യക്തമാക്കുന്നു. അനുഗഹങ്ങള്‍ പ്രാപിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഏതാണെന്നും ശാപം കടന്നു വരുന്ന വഴികള്‍ ഏതാണെന്നും ഈ സംഭവത്തിലൂടെ വായിച്ചെടുക്കുവാന്‍ സാധിക്കും. ദൈവം ആരെയും ശപിക്കുന്നില്ലെന്നും ശാപം നാം സ്വയം ഏറ്റു വാങ്ങുന്നതാണെന്നും മീഖള്‍ നമ്മെ പഠിപ്പിക്കുന്നു. അതു ഗ്രഹിക്കുവാന്‍ മീഖളിനെ കുറിച്ചു ചില കാര്യങ്ങള്‍ നാം മനസ്സിലാക്കേണ്ടതുണ്ടു.
                  മീഖള്‍ ദാവീദിന്റെ ഭാര്യയായി തീര്‍ന്നതു എങ്ങനെയായിരുന്നു എന്നു 1.ശമുഃ 18;17-30 ല്‍ രേഖപ്പെടുത്തിയിരിക്കുന്നു. യിസ്രായേലിനെ മുഴുവന്‍ ഭീതിയുടെ മുള്‍മുനയില്‍ നിറുത്തിയ ഫെലിസ്ത്യമല്ലനായ ഗോല്യാത്തിനെ കല്ലും കവിണയുമായി നേരിട്ടു ദാവീദു എറിഞ്ഞു വീഴ്ത്തി. യിസ്രായേലിലെ സ്ത്രീകള്‍ ' ശൗല്‍ ആയിരത്തെ കൊന്നു,ദാവീദോ പതിനായിരത്തെ കൊന്നു എന്നു, വാദ്യാഘോഷത്തോടെ ഗാനപ്രതിഗാനമായി പാടി ദാവീദിനെ പുകഴ്ത്തി. ഇതു കേട്ട ശൗലിനു ദാവീദിനോടു കോപവും അസൂയയും ഭയവും വിദ്വേഷവും ആണു തോന്നിയതു. ദൈവാത്മാവിന്റെ സ്ഥാനത്തു ദുരാത്മാവു ബാധിച്ച ശൗല്‍ രാജാവു ദാവീദിനെ ഇല്ലാതാക്കുവാനുള്ള വഴികള്‍ ആലോചിച്ചു.തന്റെ മൂത്ത മകള്‍ മേരബിനെ ഭാര്യയായി കൊടുത്തു ദാവീദിനെ ഇല്ലാതാക്കുവാന്‍ കഴിയുമെന്നു ചിന്തിച്ചു. തനിക്കുവേണ്ടി യഹോവയുടെ നാമത്തില്‍ യുദ്ധം നടത്തിയാല്‍ മതി എന്നതു മാത്രമായിരുന്നു ശൗല്‍ ആവശ്യപ്പെട്ടതു. ശത്രുക്കളുടെ കൈയ്യാല്‍ അവന്‍ ഇല്ലാതാകുമെന്നു അവന്‍ കരുതി. എന്നാല്‍ തന്റെ നിസ്സാരത ചൂണ്ടിക്കാട്ടി താന്‍ രാജാവിന്റെ മരുമകനായിരിക്കുവാന്‍ യോഗ്യനല്ലെന്നു പറഞ്ഞു ദാവീദു പിന്മാറി. മേരബിനെ ദാവീദിനു കൊടുക്കുവാന്‍ നിശ്ചയിച്ചിരുന്ന സമയത്തു തന്നെ അവളെ മെഹോലാന്യനായ അദ്രിയേലിനു ഭാര്യയായി കൊടുത്തു. എന്നാല്‍ ശൗലിന്റെ മകളായ മീഖളിനു ദാവീദിനോടു പ്രേമമായി. രാജാവു അതറിഞ്ഞു. അതു മുതലാക്കാനുള്ള മാര്‍ഗ്ഗം ശൗലിന്റെ മനസ്സില്‍ തെളിഞ്ഞു. ഫെലിസ്ത്യരുടെ നൂറു അഗ്രചര്‍മ്മമല്ലാതെ മറ്റൊന്നും ശൗല്‍ കന്യാധനമായി ആവശ്യപ്പെട്ടില്ല. ദാവീദു അതു ഒരു വെല്ലുവിളിയായി സ്വീകരിച്ചു. ഫെലിസ്ത്യര്‍ അവനെ ഇല്ലാതാക്കിക്കൊള്ളുമെന്ന ചിന്ത അസ്ഥാനത്താക്കിക്കൊണ്ടു ദാവീദു നൂറു ഫെലിസ്ത്യരെ കൊന്നു അഗ്രചര്‍മ്മം എടുത്തു രാജാവിനു എണ്ണം കൊടുത്തു. അങ്ങനെ മീഖള്‍ ദാവീദിന്റെ ഭാര്യയായി തീര്‍ന്നു. എന്നാല്‍ അതു ശൗലിനു ദാവീദിനോടുള്ള ശത്രുത വര്‍ദ്ധിപ്പിക്കുവാനാണു ഇടയാക്കിയതു.
                    ശൗല്‍ ദാവീദിനെ കൊല്ലുവാനുള്ള മാര്‍ഗ്ഗം ആലോചിച്ചുകൊണ്ടിരുന്നു. ശൗലിന്റെ മേല്‍ ദുരാത്മാവു വരുമ്പോള്‍ ദാവീദു കിന്നരം വായിച്ചു ശൗലിനു ആശ്വാസം പകരുക പതിവായി തീര്‍ന്നു. ഒരിക്കല്‍ കിന്നരം വായിച്ചുകൊണ്ടിരുന്നപ്പോള്‍ ശൗല്‍ ദാവീദിനെ കൊല്ലുവാന്‍ കുന്തം കൊണ്ടു ചുവരിനോടു ചേര്‍ത്തു കുത്തുവാന്‍ ഭാവിച്ചു. ദാവീദു അതില്‍ നിന്നു ഒഴിഞ്ഞു രക്ഷപ്പെട്ടു ഓടിപ്പോയി. ദാവീദിനെ കൊല്ലുവാന്‍ രാജാവു ഭൃത്യന്മാരെ അയച്ചു. അതു മനസ്സിലാക്കിയ മീഖള്‍ ദാവീദിനെ കിളിവാതിലിലൂടെ ഇറക്കിവിട്ടു രക്ഷപ്പെടുത്തി. തന്റെ ജീവനെ രക്ഷിച്ചതിനാല്‍ ദാവീദു എന്നാളും മീഖളിനോടു കടപ്പെട്ടിരുന്നു. കോപാകുലനായ ശൗല്‍ മീഖളിനെ ഗല്ലീമ്യനായ ലയീശിന്റെ മകന്‍ ഫല്തിയേലിനു ഭാര്യയായി കൊടുത്തു.
                   ദാവീദു യിസ്രായേലിന്റെ രാജാവായി കഴിഞ്ഞു ആദ്യം ചെയ്ത പ്രവൃത്തി ദര്‍ശിക്കുമ്പോള്‍ മീഖളിനോടുള്ള സ്നേഹവും കടപ്പാടും വ്യക്തമാകും. 2.ശമുഃ 3;6-16ല്‍ മീഖളിനെ വീണ്ടെടുത്ത സംഭവം കാണാം. തനിക്കു വിരോധിയായി തീര്‍ന്ന ശൗലിന്റെ മകന്‍ ഈശ്ബോശേത്തുമായി ഉടമ്പടി ചെയ്തപ്പോള്‍ ദാവീദു ഒരുകാര്യം മാത്രമേ അവനോടു ആവശ്യപ്പെട്ടുള്ളു. താന്‍ ഫെലിസ്ത്യരുടെ നൂറു അഗ്രചര്‍മ്മം കൊടുത്തു വാങ്ങിയ തന്റെ ഭാര്യയായ മീഖളിനെ തനിക്കു തിരികെ നല്‍കണം. ഈശ്ബോശേത്തു ഫല്തിയേലിന്റെ അടുക്കല്‍ നിന്നു മീഖളിനെ വരുത്തി ദാവീദിനു നല്‍കി. ആറു ഭാര്യമാരും അതില്‍ ആറു മക്കളും ( 2. ശമുഃ 3;3-5) ഉള്ള ദാവുദു മീഖളിനെ മടക്കി കൊണ്ടു വന്നതു ഭാര്യമാരുടെ സംഖ്യ വര്‍ദ്ധിപ്പിക്കണമെന്ന മോഹം കൊണ്ടല്ല. മീഖളിനോടുള്ള സ്നേഹവും കടപ്പാടും കൊണ്ടു മാത്രമാണു. അതുകൊണ്ടുതന്നെ മീഖള്‍ അഹന്തയുള്ളവളായി ഭവിച്ചിരിക്കാം. മറ്റു ഭാര്യമാരേക്കാള്‍ ദാവീദിനു തന്നോടാണു കൂടുതല്‍ സ്നേഹം എന്ന തിരിച്ചറിവു ഒരുപക്ഷെ ദാവീദിനെ ഉപദേശിക്കുവാനും നിയന്ത്രിക്കുവാനും പ്രേരിപ്പിച്ചിരുന്നിരിക്കാം. ഒരുകാര്യം ഇവിടെ വ്യക്തമാണു. ഈ മനോഭാവമാണു എല്ലാവര്‍ക്കും അനുഗ്രഹകരമായി തീര്‍ന്ന സംഭവം അവള്‍ക്കു മാത്രം ശാപത്തിന്റെ വഴിയായി മാറുവാന്‍ കാരണമായതു.
                     മീഖളിന്റെ ചെയ്തിയുടെ ആഴം മനസ്സിലാക്കണമെങ്കില്‍ ആ സംഭവം അറിയണം. ഏലിപുരോഹിതന്റെ കാലത്തു ഫെലിസ്ത്യര്‍ യഹോവയുടെ പെട്ടകം പിടിച്ചെടുത്തു. അതു അവര്‍ക്കു വളരെയധികം കഷ്ടത ഉളവാക്കിയതിനാല്‍ അവര്‍ ചില പ്രായശ്ചിത്തങ്ങളോടെ തിരിച്ചയച്ചു. കിര്യത്ത് യെയാരീം നിവാസികള്‍ അതു അബീനാദബിന്റെ വീട്ടില്‍ കൊണ്ടുപോയി അവന്റെ മകന്‍ ഏലെയാസറിനെ ഏല്പിച്ചു. ദാവീദു മുപ്പതിനായിരം പേരുമായി പോയി ബാലെ യഹൂദയില്‍ ചെന്നു അബീനാദാബിന്റെ വീട്ടില്‍ ചെന്നു, കെരുബുകളുടെ മീതെ വസിക്കുന്ന ദൈവമായ യഹോവയുടെ നാമത്തില്‍ വിളിക്കപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ പെട്ടകം കൊണ്ടു വന്നു. പുതിയ വണ്ടിയില്‍ കയറ്റിക്കൊണ്ടു പോരുമ്പോള്‍ അബീനാദാബിന്റെ പുത്രന്മാരായ ഉസ്സയും അഹ്യോവും ആയിരുന്നു വണ്ടി തെളിച്ചതു.കുന്നിന്മേല്‍ നിന്നു പെട്ടകവുമായി ഇറങ്ങിവരുമ്പോള്‍ ദാവീദും കൂടെയുള്ളവരും കിന്നരം വീണ തപ്പു മുരജം കൈത്താളം തുടങ്ങിയവയോടു കൂടെ നൃത്തം ചെയ്തു.നാഖോരിന്റെ കളത്തിങ്കല്‍ എത്തിയപ്പോള്‍ കാള വരണ്ടു. അപ്പോള്‍ ഉസ്സാ കൈനീട്ടി യഹോവയുടെ പേട്ടകം പിടിച്ചു.അപ്പോള്‍ യഹോവയുടെ കോപം ജ്വലിച്ചു. അവന്റെ അവിവേകം നിമത്തം ദൈവം അവിടെവച്ചു അവനെ സംഹരിച്ചു. അതു ദാവീദി ഭയമുളവാക്കി. പെട്ടകം ദാവീദിന്റെ പട്ടണത്തില്‍ കൊണ്ടുവരുവാന്‍ മനസ്സില്ലാതെ ഗിത്യനായ ഓബേദ് ഏദോമിന്റെ വീട്ടില്‍ വച്ചു. അതു മൂന്നു മാസം അവിടെയിരുന്നു. യഹോവ ഔബേദ്ഏദോമിനെയും അവന്റെ കുടുംബത്തെയും അനുഗഹിച്ചു. അതറിഞ്ഞു ദാവീദു അവിടെനിന്നു യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തിലേക്കു സന്തോഷത്തോടെ കൊണ്ടുവന്നു. യഹോവയുടെ പെട്ടകം ചുമക്കുന്നവന്‍ ആറു ചുവടു നടന്ന ശേഷം അവന്‍ ഒരു കാളയെയും തടിപ്പിച്ച കിടാവിനെയും യാഗം കഴിച്ചു. ദാവീദും യിസ്രായേല്‍ ഗൃഹമൊക്കെയും ആര്‍പ്പോടും കാഹളനാദത്തോടും കൂടെ പെട്ടകം കൊണ്ടുവരുമ്പോള്‍ ദാവീദു പഞ്ഞിനൂലങ്കി ധരിച്ചുകൊണ്ടു പൂര്‍ണ്ണശക്തിയോടെ യഹോവയുടെ മുമ്പാകെ നൃത്തം ചെയ്തു. യഹോവയുടെ പെട്ടകം നഗരത്തില്‍ കടന്നപ്പോള്‍ ശൗലിന്റെ മകള്‍ മീഖള്‍ കിളിവാതിലിലൂടെ നോക്കി ദാവീദു നൃത്തം ചെയ്യുന്നതു കണ്ടു തന്റെ ഹൃദയത്തില്‍ ദാവീദിനെ നിന്ദിച്ചു. ദാവീദു പെട്ടകത്തിനായി പ്രത്യേകം അടിച്ചിരുന്ന കൂടാരത്തിന്റെ നടുവില്‍ അതിന്റെ സ്ഥാനത്തു പെട്ടകം വച്ചു. സമാധാനയാഗങ്ങളും ഹോമയാഗങ്ങളും അര്‍പ്പിച്ചശേഷം ദാവീദു ജനത്തെ അനുഗഹിച്ചു. വന്നു ചേര്‍ന്ന ജനത്തിനു ആളൊന്നിനു ഒരു അപ്പവും ഒരു കഷണം മാംസവും ഒരു മുന്തിരിയടയും വീതം പങ്കിട്ടു കൊടുത്തു. പെരുന്നാളുകള്‍ക്കു നേര്‍ച്ചയപ്പം കൊടുക്കുന്നതിന്റെ പ്രാഗ്രൂപം ഇവിടെ നമുക്കു ദര്‍ശിക്കാം. അനന്തരം ദാവീദു സ്വന്തം കുടുംബത്തെ അനുഗഹിക്കേണ്ടതിനു മടങ്ങി വന്നപ്പോള്‍ ശൗലിന്റെ മകളായ മീഖള്‍ എതിരെ ചെന്നു, നിസ്സാരന്മാരില്‍ ഒരുത്തന്‍ തന്നെത്താന്‍ അനാവൃതനാക്കുന്നതു പോലെ ഇന്നു തന്റെ ദാസികള്‍ കാണ്‍കെ തന്നെത്താന്‍ അനാവൃതനാക്കിയ യിസ്രായേലിന്റെ രാജാവു ഇന്നു എത്ര മഹത്വമുള്ളവന്‍ എന്നു പറഞ്ഞു. ദാവീദു മീഖളിനോടു യഹോവയുടെ ജനമായ യിസ്രായേലിനു പ്രഭുവായിരിപ്പാന്‍ തക്കവണ്ണം നിന്റെ അപ്പനിലും അവന്റെ സകലഗൃഹത്തിലും ഉപരിയായി എന്നെ തെരഞ്ഞെടുത്തിരിക്കുന്ന യഹോവയുടെ മുമ്പാകെ ഞാന്‍ നൃത്തം ചെയ്യും . ഞാന്‍ ഇനിയും ഇതിലധികം ഹീനനും എന്റെ കാഴ്ചയ്ക്കു എളിയവനും ആയിരിക്കും. നീ പറഞ്ഞ ദാസികളാലോ എനിക്കു മഹത്വമുണ്ടാക്കും എന്നു പറഞ്ഞു. കുടുംബത്തെ അനുഗ്രഹിക്കുവാനുള്ള ആഗ്രഹത്തോടെ വന്ന ദാവീദു മീഖളിന്റെ ഈ പ്രതികരണത്തിന്റെ മുമ്പില്‍ അനുഗഹിക്കുവാന്‍ കഴിയാതെ നിന്നുപോയി. ശാപവാക്കുകള്‍ ഒന്നും ദാവീദിന്റെ നാവില്‍ നിന്നു ഉതിര്‍ന്നു വീണില്ലെങ്കിലും അനുഗ്രഹത്തിനു തടസ്സമായി നിന്ന മീഖള്‍ ശാപം പേറുന്നവളായി പരിണമിച്ചു.
                  യഹോവയുടെ പെട്ടകത്തില്‍ നിന്നു പ്രവഹിച്ച അനുഗഹങ്ങള്‍ മീഖളിനു മാത്രം ശാപമായി തീരുന്നു.അവള്‍ക്കു ജീവപര്യന്തം ഒരു കുട്ടിയും ഉണ്ടായില്ല. മീഖളിനു മക്കളുണ്ടായിരുന്നില്ല എന്നല്ല അതിനു അര്‍ത്ഥം. യിസ്രായേലിന്റെ രാജാവായ ദാവീദില്‍ നിന്നു അവള്‍ക്കു സന്തതി ലഭിച്ചില്ല എന്നു മാത്രമാണു ഉദ്ദേശിക്കുന്നതു. മീഖളിനു ഫല്ത്തിയേലില്‍ നിന്നു അഞ്ചു മക്കളുണ്ടായിട്ടുണ്ടു. ശമുഃ 21-ാം അദ്ധ്യായത്തില്‍ ഗിബയോന്യര്‍ക്കു ശൗലിനോടുള്ള പ്രതികാരം തീര്‍ക്കുവാനായിട്ടു അവരുടെ അഭ്യര്‍ത്ഥനപ്രകാരം ശൗലിന്റെ കുടുംബത്തില്‍ പെട്ടവരായി നല്‍കിയ ഏഴുപേരില്‍ അഞ്ചുപേര്‍ മീഖളിന്റെ മക്കളായിരുന്നു എന്നു രേഖപ്പെടുത്തിയിരിക്കുന്നു. പിന്നെ, ജീവപര്യന്തം മക്കളുണ്ടായില്ല എന്ന പ്രസ്താവത്തിനു എന്താണു അര്‍ത്ഥം? എങ്ങനെ അതു ശാപമാകും? മീഖള്‍ ദാവീദിന്റെ ആദ്യഭാര്യയാണു. ദാവീദില്‍നിന്നു മീഖളിനു ജനിക്കുന്ന സന്തതിക്കു ആണു രാജ്യാവകാശം ലഭിക്കേണ്ടതു. ആ വലിയ ഭാഗ്യം മീഖളിനു നഷ്ടപ്പെട്ടു എന്നാണു ഇവിടെ അര്‍ത്ഥമാക്കുന്നതു. ശലോമോന്‍ രാജാവാകുവാന്‍ ഇതു സംഭവിച്ചേ മതിയാകൂ. മീഖളിനു ഫല്ത്തിയേലില്‍ നിന്നു ജനിച്ച അഞ്ചു മക്കളേയും പിന്നീടു തൂക്കിക്കൊന്നതു കൂടെ ഇതിനോടു ചേര്‍ത്തു വായിക്കുമ്പോള്‍ ജീവപര്യന്തം മക്കളുണ്ടായില്ല എന്ന പ്രസ്താവത്തിന്റെ അര്‍ത്ഥം പൂര്‍ണ്ണമാകും.
                       നഷ്ടപ്പെട്ടു പോയ ദാവീദിന്റെ ഭാര്യാപദം തിരികെ ലഭിച്ചപ്പോള്‍ അതിനു കാരണഭൂതനായ ദൈവത്തിന്റെ മുമ്പില്‍ വിനയാന്വിതയാക്കേണ്ടതിനു പകരം ലഭിച്ച സൗഭാഗ്യങ്ങളില്‍ മതിമറുന്നു സന്തോഷിക്കുകയും അഹങ്കരിക്കുകയും ഭൂതകാലങ്ങളെ വിസ്മരിക്കുകയും ചെയ്ത മീഖളിനു ലഭിച്ച പ്രതിഫലം നമ്മുടെ ചിന്തയെ തൊട്ടുണര്‍ത്തേണ്ടതാണു.നാമും പലപ്പോഴും ഈ മാനുിക ദൗര്‍ബ്ബല്യത്തിനു വിധേയരായി തീരാറുണ്ടു എന്നതു ഒരു സത്യമാണു. അര്‍ഹിക്കാത്ത നന്മകളാല്‍ അനുദിനം ദൈവം നമ്മെ പരിപലിക്കുമ്പോള്‍ അവ സ്വയാര്‍ജ്ജിത നേട്ടങ്ങളായി കരുതി അഹങ്കരിക്കുകയും ദൈവകൃപയെ വിസ്മരിക്കുകയും ചെയ്യുക മനുഷ്യസഹജമായ ഒരു ബവഹീനതയാണു.
                  ഭര്‍ത്താവിനെ നിന്ദിച്ചതു ഗൗരവമായ ഒരുതെറ്റായാട്ടാണു ഇവിടെ കാണുന്നതു. എന്നാല്‍ ഇവിടെ ഭത്തൃനിന്ദ ദൈവനിന്ദയായി പരിണമിച്ചു എന്നതാണു വാസ്തവം. ഭര്‍ത്താവിന്റെ തെറ്റു ചൂണ്ടിക്കാണിക്കരുതെന്നോ ഉപദേശിക്കരുതെന്നോ അതിനര്‍ത്ഥമില്ല. അകാരണമായ ഏവംവിധ പ്രവൃത്തികളാണു തെറ്റായി പരിണമിക്കുന്നതു. യഹോവയുടെ പെട്ടകം ദൈവസാന്നിദ്ധ്യത്തെയാണു കുറിക്കുന്നതു. ആ ദൈവസാന്നദ്ധ്യ ബോധത്തോടെയാണു ദാവീദു രാജാവു തന്റെ മഹത്വത്തിന്റെ ആടയാഭരണങ്ങള്‍ അഴിച്ചു വച്ചു ഒരു നിസ്സാരനെ പോലെ നൃത്തം ചെയ്തതു. ദാവീദു രാജാവില്‍ പ്രകടമായ വിനയത്തെ, താഴ്മയെ, ദൈവഭക്തിയെ തിരിച്ചറിയുവാനുള്ള ആത്മീയാവബോധം ഇല്ലാതെ പോയതാണു മീഖളിന്റെ കുറവു. ശൗല്‍രാജാവിന്റെ മകള്‍, ദാവീദു രാജാവാന്റെ പട്ടമഹിഷി എന്നീ പദവിയില്‍ നിന്നു ഉണ്ടായ അഹന്തയാവാം അതിനു കാരണം. ഒരു യഥാര്‍ത്ഥ ഭക്തനു ദൈവസാന്നദ്ധ്യബോധം തന്റെ നിസ്സാരതയെ കുറിച്ചുള്ള അറിവു നല്‍കുന്നതോടൊപ്പം തന്റെ കുറവുകള്‍ കണ്ടത്തുവാന്‍ അവസരം നല്‍കുകയും ചെയ്യുന്നു.അപ്പോള്‍ അവര്‍ യെശ്ശയ്യാവെ പോലെ തങ്ങളുടെ കുറവുകള്‍ തിരിച്ചറിഞ്ഞു വിലപിക്കും. ആ വിനയവും താഴ്മയും അനുതാപവും വിലാപവും അനുഗഹങ്ങളുടെ കവാടങ്ങള്‍ തുറന്നു തരും. പെട്ടകത്തില്‍ യഹോവയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ ദാവീദു പറയുന്നതു കേള്‍ക്കുകഃ ഞാന്‍ ഇനിയും ഇതിലധികം ഹീനനും കാഴ്ചയില്‍ എളിയവനും ആയിരിക്കും. (2.ശമുഃ 6;23)
                       മീഖളിനു ഇതു ഒരു വലിയ ശാപമായി തീരുവാന്‍ മറ്റൊരു കാരണം കൂടെയുണ്ടു. ദാവീദു മീഖളിന്റെ ഭര്‍ത്താവു മാത്രമല്ല. യഹോവയുടെ അഭിഷിക്തന്‍ കൂടിയാണു. അഭിഷിക്തനെ നിന്ദിക്കുന്നതു ദൈവനിന്ദയായി കണക്കാക്കും. തന്നെ ഇല്ലാതാക്കുവാനായി തന്റെ വാളും പടയാളികളുമായി പിന്തുടര്‍ന്ന ശൗലിനെ പല സന്ദര്‍ഭങ്ങളിലും ദാവീദിന്റെ കരങ്ങളില്‍ ലഭിച്ചിട്ടും ഒന്നും ചെയ്യാതെ വിടുവാന്‍ കാരണം യഹോവയുടെ അഭിഷിക്തന്റെ മേല്‍ കൈവയ്ക്കരുതു എന്ന ദാവീദിന്റെ തിരിച്ചറിവാണു. വികാരാവേശത്താല്‍ പുരോഹിതന്മാരേയും മഹാപുരോഹിതന്മാരേയും വിമര്‍ശിക്കുകയും നിന്ദിക്കുകയും ചെയ്യുന്നതു അനുഗ്രഹത്തെ ശാപമാക്കി മാറ്റുകയാണെന്നു ഇതു നമ്മില്‍ ബോധമുളവാക്കുന്നു.
                     യഹോവയുടെ പെട്ടകത്തിനു വി.വവേദപുസ്തകം നല്‍കിയിരിക്കുന്ന മഹത്വം ഗ്രഹിക്കുമ്പോഴാണു ദാവീദിന്റെ പ്രസ്താവനയുടെ അര്‍ത്ഥവും മീഖളിന്റെ ജീവിതാനുഭവത്തിന്റെ പ്രത്യേകതയും മനസ്സിലാകുക. ഈ നിയമപെട്ടകത്തില്‍ നിന്നു അനുഗ്രഹവൂം ശാപവും ഉണ്ടാകുമെന്നു പെട്ടകത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ബോദ്ധ്യമാകും. ഫെലിസ്ത്യര്‍ക്കു ഉണ്ടായ അനുഭവങ്ങളും ഉസ്സായ്ക്കു വന്നു ഭവിച്ച ദാരുണാന്ത്യവും അതിനു ഉദാഹരണങ്ങളാണു. ആ ചരിത്രത്തിലേക്കുള്ള ഒരു എത്തിനോട്ടം ഇവിടെ അനിവാര്യമാകുന്നു. പെട്ടകത്തില്‍ നിന്നു ശാപം ഉണ്ടാകുന്നു എന്നല്ല, അതിനോടുള്ള മനോഭാവത്തിലെ വൈകല്യമാണു ശാപമായി  പരിണമിക്കുന്നതു എന്നു അതിന്റെ ചരിത്രം വെളിവാക്കുന്നു.
                  പുറപ്പാടു പുസ്തകം 25-ാം അദ്ധ്യായത്തിലാണു പെട്ടകത്തെ കുറിച്ചുള്ള പ്രധാനപ്പെട്ട ആറു പരാമര്‍ശങ്ങള്‍ കാണുന്നതു. യഹോവയുടെ കല്പനപ്രകാരമാണു അതു നിര്‍മ്മിച്ചതു. അതിനെ കുറിച്ചു യഹോവ അരുളിച്ചെയ്തതു പുറഃ 25-ാം അദ്ധ്യായം 8,9 വാക്യങ്ങളില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. 'ഞാന്‍ അവരുടെ മുമ്പില്‍ വസിപ്പാന്‍ അവര്‍ എനിക്കു ഒരു വിശുദ്ധ മന്ദിരം ഉണ്ടാക്കേണം തിരുനിവാസവും അതിന്റെ ഉപകരണങ്ങളും ഞാന്‍ കാണിക്കുന്ന മാതൃകയില്‍ ഉണ്ടാക്കേണം. അതിന്റെ നീളവും വീതിയും ഉയരവും മാത്രമല്ല അതിനു ഉപയോഗിക്കേണ്ട തടിയും ലോഹങ്ങളും എന്തൊക്കെയായിരിക്കണം എന്നും യഹോവ അരുളിച്ചെയ്തിരിക്കുന്നു. അതിനകത്തു ആവശ്യമായിരിക്കുന്ന ഉപകരണങ്ങളുടെ കാര്യവും വ്യക്തമായി പറഞ്ഞിട്ടുണ്ടു. യഹോവയുടെ കല്പനപ്രകാരം നിര്‍മ്മിച്ച പെട്ടകം  യഹോവയുടെ അധിവാസസ്ഥലമായി തീര്‍ന്നു. യഹോവ നല്‍കിയ  നിയമപലകകള്‍ അതില്‍ വയ്ക്കണം.( ആവഃ 10;1) യഹോവയുടെ സന്നിധിയില്‍ ശുശ്രൂഷിക്കുവാനും അവന്റെ നാമത്തില്‍ ജനത്തെ അനുഗ്രഹിക്കുവാനും ആയി ലേവി ഗോത്രത്തെ വേര്‍തിരിച്ചു ശുദ്ധീകരിച്ചു  നിയമിച്ചു.
                    പിന്നീടു മരുഭൂപ്രയാണത്തില്‍ പെട്ടകം അവര്‍ക്കു വഴികാട്ടിയായി.യോശുവയുടെ കാലമായപ്പോള്‍ പെട്ടകത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ചു. കരകവിഞ്ഞൊഴികിക്കൊണ്ടിരുന്ന യോര്‍ദ്ദാന്‍ നദി കടന്നതു ഈ പെട്ടകം മുഖാന്തിരമായിരുന്നു.പെട്ടകം ചുമക്കുന്ന പുരോഹിതന്മാരുടെ പാദങ്ങള്‍ യോര്‍ദ്ദാനില്‍ സ്പര്‍ശിച്ചപ്പോഴാണല്ലോ കരകവിഞ്ഞോഴുകിയ നദി ഉണങ്ങിയ നിലമായി തീര്‍ന്നതു.(യോശുഃ 3;15).യരീഹോ കോട്ട നിലംപരിചായി തകര്‍ന്നു വീണതു ഈ പെട്ടകവുമായി അതിനെ വലംവെച്ചപ്പോഴായിരുന്നു.(യോശുഃ 6) മാത്രമല്ല പോയിട്ടില്ലാത്ത വഴികളിലൂടെയുള്ള യാത്രയില്‍ വഴികാട്ടിയായതും ഈ പെട്ടകമായിരുന്നു.(യോശുഃ 3; 3,4).
                    പിന്നീടുള്ള ചരിത്രത്തില്‍ അനുഗ്രഹവും ശാപവും സങ്കലിതമായി കിടക്കുന്നതു നമുക്കു കാണാം. ഏലിപുരോഹിതന്റെ കാലത്തു ഫെലിസ്ത്യരുമായുള്ള യുദ്ധത്തില്‍ ഏലിപുരോഹിതന്റെ പുത്രന്മാരായ ഹോഫ്നിയും ഫിനഹാസും യഹോവയുടെ നിയമപെട്ടകവുമായി പോയി. ഫെലിസ്ത്യരോടു അവര്‍ തോല്ക്കുകയും യഹോവയുടെ പെട്ടകം അവര്‍ പടിച്ചെടുക്കുകയും ഹോഫ്നിയും ഫിനഹാസും കൊല്ലപ്പെടുകയും ചെയ്തു. ഇതറിഞ്ഞ ഏലിപുരോഹിതന്‍ പുറകോട്ടു വീണു കഴുത്തൊടിഞ്ഞു മരിച്ചു. ഫിനഹാസിന്റെ ഗര്‍ഭിണിയായ ഭാര്യ ഇതുകേട്ടു നിലത്തു വീണു പ്രസവിച്ചു.. ഉടനെ അവള്‍ മരിച്ചു. അവള്‍ മരിക്കുന്നതിനു മുമ്പു അവള്‍ 'യിസ്രായേലില്‍ നിന്നു മഹത്വം പൊയ്പോയിയെന്നു പറഞ്ഞു കുഞ്ഞിനു ഈഖോബേദ് എന്നു പേരിട്ടു.(1.ശമുഃ 4;21).പക്ഷെ ഫെലിസ്ത്യര്‍ക്കും പെട്ടകം ഒരു ശാപമായി ഭവിച്ചു.അവര്‍ പെട്ടകം ദാഗോന്റെ ക്ഷേത്രത്തില്‍ വച്ചു. ആദ്യദിവസം പ്രഭാതത്തില്‍ ദാഗോന്റെ വിഗ്രഹം പെട്ടകത്തിന്റെ മുമ്പില്‍ കവിണ്ണുവീണു കിടന്നിരുന്നു. രണ്ടാം ദിവസമാകട്ടെ ദാഗോന്റെ തലയും കൈപ്പത്തിയും ഉമ്മറപ്പടിമേല്‍ മുറിഞ്ഞു കിടന്നിരുന്നു. താമസം കൂടാതെ ജനത്തിനു മൂലക്കുരു രോഗം ബാധിക്കുകയും ചെയ്തു. അതിനാല്‍ അവര്‍ യഹോയുടെ പെട്ടകം എക്രോനിലേക്കു കൊടുത്തയച്ചു. എക്രോന്യരും ഭയപ്പെട്ടു. അവര്‍ ഫെലിസ്ത്യരുമായി ആലോചിച്ചു പുരോഹിതന്മാരുടെയും പ്രശ്നക്കാരുടെയും അഭിപ്രായപ്രകാരം പെട്ടകം ഒരു വണ്ടിയില്‍ കയറ്റി തിരിച്ചയയ്ക്കുവാന്‍ തീരുമാനിച്ചു. പ്രായശ്ചിത്തമായി പൊന്നുകൊണ്ടു അഞ്ചു മൂലക്കുരുവും പൊന്നുകൊണ്ടു അഞ്ചു എലിയെയും ഉണ്ടാക്കി അതില്‍ വച്ചിട്ടു കറവയുള്ള രണ്ടു പശുക്കളെ കെട്ടിയ വണ്ടിയില്‍ പെട്ടകം കയറ്റി തിരിച്ചയച്ചു. പശുക്കിടാങ്ങളെ വീട്ടില്‍ അടച്ചിട്ടിട്ടും ആ പശുക്കള്‍ നേരെ ബേത്ത്- ശേമെശിലേക്കുള്ള വഴിയെ കരഞ്ഞും കൊണ്ടു, ഇടത്തോട്ടോ വലത്തോട്ടോ മാറാതെ പെരുവഴിയില്‍ കൂടെ തന്നെ പോയി. ബെത്ത് ശെമെശ്യര്‍ പെട്ടകം കണ്ടു സന്തോഷിച്ചു. ഹോമയാഗങ്ങളും ഹനനയാഗങ്ങളും അര്‍പ്പിച്ചു. അവര്‍ യഹോവയടെ പെട്ടകം ബേത്ത്- ശേമെശ്യനായ യോശുവായുടെ നിലത്തില്‍ ഒരു വലിയ കല്ലിന്മേല്‍ വച്ചു. അവര്‍ യഹോവയുടെ പെട്ടകത്തിന്മേല്‍ നോക്കിയതിനാല്‍ യഹോവ അന്നു അന്‍പതുപേരെ സംഹരിച്ചു. അവര്‍ ഭയപരവശരായി കിര്യത്ത് - യെയാരീം നിവാസികളോടു പെട്ടകം കൊണ്ടു പോകുവാന്‍ ആവശ്യപ്പെട്ടു. അങ്ങനെ അവര്‍ അബീനാദാബിന്റെ വീട്ടില്‍ കൊണ്ടുവന്നു സൂക്ഷിക്കുകയും ചെയ്തു.(1.ശമുഃ 5, 6 അദ്ധ്യായങ്ങള്‍) .
                   നിയമപെട്ടകം, യഹോവയുടെ പെട്ടകം, സാക്ഷിപെട്ടകം, ദൈവത്തിന്റെ നിയമപെട്ടകം എന്നിങ്ങനെ വിവിധ നാമങ്ങളില്‍ അറിയപ്പെടുന്ന ഈ പെട്ടകം പുതിയനിയമത്തിലും പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു എന്നതു അതിന്റെ പ്രാധാന്യം വെളിവാക്കുന്നു. എബ്രാഃ9; 1-5 ഭാഗങ്ങളില്‍ നിയപെട്ടകത്തെ കുറിച്ചു പറഞ്ഞിട്ടുണ്ടു. നാലാം വാക്യത്തില്‍ അതില്‍ എന്തൊക്കെയാണു സൂക്ഷിച്ചിരുന്നതു എന്നു പറയുന്നു. പൊന്നുകൊണ്ടുള്ള ധൂപകലശവും, മുഴുവനും പൊന്നു പൊതിഞ്ഞ നിയമപെട്ടകവും അതിനകത്തു മന്നാ ഇട്ടുവച്ച പൊന്‍ പാത്രവും അഹറോന്റെ തളിര്‍ത്ത വടിയും നിയമത്തിന്റെ കല്പലകകളും ഉണ്ടായിരുന്നു. ആ കൂടാരം ഈ കാലത്തേക്കു ഒരു സദൃശ്യമാണെന്നത്രേ എബ്രായലേഖന കര്‍ത്താവു പറഞ്ഞിരിക്കുന്നതു. വെളിപാടു പുസ്തകം 11; 19ല്‍ വി.യോഹന്നാന്‍ കണ്ട ദര്‍ശനത്തില്‍ 'അപ്പോള്‍ സ്വര്‍ഗ്ഗത്തിലെ ദേവാലയം തുറന്നു. അവന്റെ നിയമപെട്ടകം അവന്റെ ആലയത്തില്‍ പ്രത്യക്ഷമായി എന്നു രേഖപ്പെടുത്തിയിരിക്കുന്നു. പരിശുദ്ധ പിതാക്കന്മാര്‍ ഇതിനെ കന്യകമറിയാമിന്റെ മുന്‍കുറിയായിട്ടാണു കാണുന്നതു. പെട്ടകത്തില്‍ അദൃശ്യനും അഗോചരനും ആര്‍ക്കും സമീപിക്കുവാന്‍ കഴിയാത്തവനുമായ ദൈവത്തിന്റെ അദൃശ്യസാന്നിദ്ധ്യമായിരുന്നു ഉണ്ടായിരുന്നതു എങ്കില്‍ വി.കന്യകമറിയാമിലൂടെ ആ ദൈവം ദൃശ്യനും ഗോചരനും സ്പര്‍ശനീയനും ആര്‍ക്കും സമീപിക്കുവാന്‍ കഴിയുന്നവനും ആയ സ്നേഹസ്വരൂപനായ ദൈവമായി വെളിപ്പെട്ടിരിക്കുന്നു.
                       ഈ ദൈവത്തിന്റെ സന്നിധിയില്‍ ദാവീദിനെ പോലെ സന്തോഷിക്കുവാന്‍ നമുക്കു കഴിയണം. യഹോവയുടെ പെട്ടകം ആര്‍പ്പുവിളികളോടെയും സംഗീതത്തോടെയും നൃത്തത്തോടെയും കൊണ്ടുവന്നതില്‍ നിന്നാവാം നമ്മുടെ പള്ളിപെരുനാളുകളോടു ചേര്‍ന്നു റാസയും പ്രദിക്ഷണവു ഉണ്ടായതു. റാസ ദൈവസാന്നിധ്യം അനുഭവിച്ചുകൊണ്ടു ദൈവത്തില്‍ സന്തോഷിക്കുവാനുള്ളതാണു.അതില്‍ ഭക്തിയോടെ സംബന്ധിക്കുകയും വിശ്വാസത്തോടെ സ്വീകരിക്കുകയും ചെയ്യുന്നവര്‍ക്കു അനുഗ്രഹം പ്രദാനം ചെയ്യും. എന്നാല്‍ മദ്യപിച്ചു അതിന്റെ മുമ്പില്‍ നടന്നു തുള്ളുന്നതു അനുഗ്രഹത്തിനു പകരം ശാപമായി തീരുമെന്നു ഫെലിസ്ത്യരുടെയും ഉസ്സയുടെയും മീഖളിന്റെയും അനുഭവങ്ങള്‍ നമ്മെ ഉദ്ബോധിപ്പിക്കുന്നു. ഇന്നത്തെ ചെണ്ടമേളങ്ങളും ബാന്റുസെറ്റും ആര്‍പ്പുവിളികളും വെടിക്കെട്ടുകളുമെല്ലാം ദൈവസാന്നിധ്യം അനുഭവിച്ചു സന്തോഷിക്കുന്നതിനു എത്രമാത്രം ഉപകരിക്കുന്നുണ്ടു എന്നു ഇത്തരുണത്തില്‍ ചിന്തിക്കേണ്ടതാണു. റാസയില്‍ കുരിശു എടുക്കുന്നതും കൊടിപിടിക്കുന്നതും പലര്‍ക്കും അപമാനമാണു. നമ്മുടെ ആരാധനകളിലും പെരുനാളുകളിലും ദൈവസാന്നിധ്യം പൂര്‍ണ്ണമായി അനുഭവിച്ചു ദാവീദിനെ  പോലെ സന്തോഷിക്കുവാനും അനുഗ്രഹങ്ങളുടെ മാര്‍ഗ്ഗങ്ങളായി തീരുവാനും ഇടയാകട്ടെ.

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30