ഏവന്‍ഗേലിയോന്യചിന്തകള്‍.

1.കൂദോശീത്തോ.

                  വി.സഭയുടെ ആരാധനാവര്‍ഷം ആരംഭിക്കുന്നതു കൂദോശീത്തോ ഞായറാഴ്ചയിലാണു. ആരാധനാവര്‍ഷത്തെ ഏഴുകാലങ്ങളായി  വിഭജിച്ചിരിക്കുന്നു എന്നു പലരും പറയുന്നുണ്ടെങ്കിലും മലങ്കര ഓര്‍ത്തഡോക്സു സഭയുടെ ഔദ്യോഗിക അറിയിപ്പുകളില്‍ ആറു കാലങ്ങളായിട്ടാണു കാണുന്നതു. സഭ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന വി.കുര്‍ബ്ബാനക്രമത്തില്‍ ആറു കാലങ്ങളായിട്ടാണു തിരിച്ചിരിക്കുന്നതു എന്നും അതു ഏതൊക്കെയാണു എന്നും കാണാന്‍ കഴിയുന്നു. ഏഴുകാലങ്ങളായിട്ടാണു തിരിച്ചിരിക്കുന്നതു എന്നു അഭിപ്രായപ്പെടുന്നവര്‍ ആദ്യത്തെ അഞ്ചു കാലങ്ങള്‍ അതേപോലെ സ്വീകരിക്കുന്നു. പിന്നെയുള്ളതിലാണു വ്യത്യാസം. ആറാമത്തെ കാലം തേജസ്കരണകാലവും ഏഴാമത്തേതു ശ്ളീഹാകാലവുമായിട്ടാണു അവര്‍ കാണുന്നതു. മറുരൂപ പെരുന്നളിനു ശേഷമുള്ള കാലത്തെയാണു അവര്‍ ഉദ്ദേശിക്കുന്നതു. ഈ തേജസ്കരണകാലത്തില്‍ മൂന്നുനാലു ഞായറാഴ്ചകള്‍ മാത്രമാണു ഉള്‍പ്പെടുന്നതു എന്നതും ശ്ളീഹന്മാരുടെ ഓര്‍മ്മദിനം കാലഗണനയില്‍ പെടുത്തിയതും ഇതിന്റെ വിശ്വാസ്യതയില്‍ സംശയം ഉളവാക്കാവുന്നതാണു. സഭയുടെ ഔദ്യോഗിക കണക്കില്‍ ആറാം കാലം സ്ളീബാ പെരുന്നാളോടു കൂടിയാണു ആരംഭിക്കുന്നതു. കര്‍ത്താവിനോടു ബന്ധമുള്ള പെരുന്നാളുകളുടെ അടിസ്ഥാനത്തിലാണു ഈ കാലവിഭജനമെങ്കില്‍ ശ്ളീഹാകാലത്തിനു പ്രസക്തിയില്ലാതാകും. തേജസ്കരണം ഉള്‍പ്പെടുത്താമെങ്കിലും സ്ളീബാപെരുന്നാളിനാണു കുറെക്കൂടെ പ്രാധാന്യമെന്നു പറയാം. ഞായറാഴ്ച നമസ്കാരം പോലും ക്യംതാ സ്ളീബാ എന്നിങ്ങനെ തിരിച്ചിരിക്കുന്നു എന്നതു സ്ളീബാപെരുന്നാളിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു. ഇതെല്ലാം വി.സഭയുടെ കാലഗണനയാണു ശരിയെന്നു നമ്മെ ബോദ്ധ്യപ്പെടുത്തുവാന്‍ മതിയായതാണു. കൂദോശീത്തോയിലാണു വര്‍ഷാരംഭമെന്നതില്‍ തര്‍ക്കമില്ല. കൂദോശീത്തോ ഞായറാഴ്ച മുതല്‍ യെല്‍ദോയ്ക്കു മുമ്പുള്ള ദിവസം വരെയാണു സൂബോറോ ദിനങ്ങള്‍. അതിനു അറിയിപ്പിന്റെ കാലമെന്നു മലയാളത്തില്‍ പറയും. ഒക്ടോബര്‍ 30 ഞായറാണെങ്കില്‍ അന്നോ, അതിനുശേഷം വരുന്ന ആദ്യഞായറാഴ്ചയോ ആയിരിക്കും കൂദോശീത്തോ ഞായറാഴ്ചയായി ആചരിക്കുന്നതു. ഒക്ടോബര്‍ 30 ഞായറാഴ്ച ആണെങ്കില്‍ ആ വര്‍ഷത്തെ യല്‍ദോപെരുന്നാളും ഞായറാഴ്ച ആയിരിക്കും. യല്‍ദോപെരുന്നാളിനു മുമ്പുള്ള ഈ സൂബോറോകാലത്തില്‍ എട്ടു ഞായറാഴ്ചകള്‍ ഉണ്ടായിരിക്കും. അന്‍പതിനു മുകളില്‍ അന്‍പത്തിയാറിനു താഴെ ദിവസങ്ങള്‍ ഇതില്‍ ഉണ്ടാകും. 
                  കൂദോശീത്തോ മുതല്‍ യെല്‍ദോപെരുന്നാളിനു മുമ്പുള്ള ഞായര്‍ വരെയുള്ള ഞായറാഴ്ചകളില്‍ വായിക്കുവാനായി ഒരുക്കിയിരിക്കുന്ന  വി.വേദപുസ്തകവായനകളെല്ലാം നമ്മുടെ കര്‍ത്താവിന്റെ ജനനത്തിനുള്ള ഒരുക്കങ്ങളെ അധികരിച്ചുള്ളവയാണു. മശിഹാതമ്പുരാന്റെ ജനനപ്പെരുന്നാളില്‍ പങ്കുചേരുവാന്‍ നമ്മെ ഒരുക്കുകയാണു ഈ വായനകള്‍ കൊണ്ടു വി.സഭ ലക്ഷ്യമാക്കുന്നതു. ഈ ഒരു ചിന്ത എല്ലാ ഏവന്‍ഗേലിയോന്‍ ഭാഗത്തിന്റെയും അന്തര്‍ധാരയായി കാണുകയും ധ്യാനിക്കുകയും ചെയ്യുവാന്‍ കഴിയണം. ഇവിടെ കൂദോശീത്തോയുടെ പ്രാധാന്യം വര്‍ദ്ധിക്കുന്നു. നമ്മെത്തന്നെ ശുദ്ധീകരിച്ചു വീണ്ടും പ്രതിഷ്ഠിച്ചു കര്‍ത്താവിന്റെ ജനനപ്പെരുന്നാളില്‍ എത്തിച്ചേരണം. കൂദോശീത്തോ എന്ന വാക്കു സുറിയാനിലെ രണ്ടു പദങ്ങള്‍ ചേര്‍ന്നതാണു. കൂദോശ് അധികം ഈത്തോ ആണു കൂദോശീത്തോ. കൂദോശ് എന്നതിനു ശുദ്ധീകരണം എന്നും ഈത്തോ എന്നതിനു സഭയെന്നുമാണു അര്‍ത്ഥം. സഭയുടെ ശുദ്ധീകരണമാണു കൂദോശീത്തോ എന്നര്‍ത്ഥം. സഭയുടെ ആരാധനാവര്‍ഷാരംഭമാണു കൂദോശീത്തോ എന്നു നേരത്തെ പറഞ്ഞല്ലോ. ഇതു ആണ്ടാരംഭമായിട്ടാണു കണക്കാക്കുന്നതു. ജനുവരി ഒന്നു പുതുവത്സരജാഗരണത്തോടും ധ്യാനത്തോടും വി.കുമ്പസാരത്തോടും മറ്റു പല ആത്മീയ പരിപാടികളോടും കൂടെ നാം ആചരിക്കുന്നു. എന്നാല്‍ വി.സഭയുടെ ആണ്ടാരംഭമായ കൂദോശീത്തോയ്ക്കും ഏവംവിധ പ്രാധാന്യമൊന്നും നാം കല്പിക്കുന്നില്ല എന്നതാണു ഒരു വിരോധാഭാസം.
                   സഭ വിശുദ്ധമാണു. പിന്നെ ഒരു വിശുദ്ധീകരണത്തിന്റെ പ്രസക്തിയെന്തു? എന്ന സംശയം സ്വാഭാവികമാണു. പരിശുദ്ധനായ പൗലോസുസ്ളീഹാ വിവിധസഭകള്‍ക്കു എഴുതുമ്പോള്‍ വിശ്വാസികളെ സംബോധന ചെയ്തിരിക്കുന്നതു 'വിശുദ്ധന്മാര്‍' എന്നാണു. റോമഃ 1;3, 1.കൊരിഃ1;2, 2.കൊരിഃ 1;1, ഫിലിഃ 1;1, 1.കൊലോഃ 1;1. ഈ ലേഖനങ്ങളെല്ലാം വായിക്കുമ്പോള്‍ അവിടെയുള്ള വിശ്വാസികളെ വിശുദ്ധിയിലേക്കു വളരുവാന്‍ ഉദ്ബോധിപ്പിക്കുകയാണു ചെയ്യുന്നതു എന്നു മനസ്സിലാകും. അവര്‍ കുറവുള്ളവരാണു. അവ പരിഹരിക്കണം എന്നാണു ഉപദേശിക്കുന്നതു. ഇവിടെ ഒരുകാര്യം വ്യക്തം. വിശ്വാസികള്‍ വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടവരാണെന്നു മാത്രമെ ആ സംബോധനയ്ക്കു അര്‍ത്ഥമുള്ളു. അതിനാല്‍ വിശുദ്ധീകരണം വിശുദ്ധിയിലേക്കു  വളരുവാന്‍ നിരന്തരം ആവശ്യമാണു.ദൈവത്തെ ആരാധിക്കുവാനായി വിളിക്കപ്പെട്ട വിശ്വാസികളുടെ സമൂഹമാണു സഭ. ആവിധത്തില്‍ സഭ വിശുദ്ധമാണെങ്കിലും വ്യക്തികളിലെ അശുദ്ധി മാറ്റി വെടിപ്പാക്കുകയാണു ശുദ്ധീകരണത്തിന്റെ ലക്ഷ്യം. ശുദ്ധീകരണം ആ വിധത്തില്‍ വ്യക്ത്യധിഷ്ടിതമാണെന്നു പറയാം. 
                   വി.വേദപുസ്തകത്തില്‍ സഭയെക്കുറിച്ചു പറഞ്ഞിരിക്കുന്നതു ശ്രദ്ധിച്ചാല്‍ ഇതു കുറെക്കൂടെ വ്യക്തമാകും. കര്‍ത്താവു പറഞ്ഞ രണ്ടു ഉപമാനങ്ങള്‍ കാണുക. ഒന്നു ഇടയനും ആടുകളും. തെറ്റിപ്പോകുന്ന ആടുകളെ തേടി പോകുന്ന ഇടയന്‍. ആടുകള്‍ തെറ്റിപ്പോകുമെന്നും അവയെ ശുദ്ധീകരിച്ചു വീണ്ടും ചേര്‍ക്കണമെന്നു സൂചിപ്പിച്ചിരിക്കുന്നു. രണ്ടു, മുന്തിരിവള്ളിയും കൊമ്പുകളും. ഫലം കായ്ക്കാത്ത കൊമ്പുകള്‍ വെട്ടി വെടിപ്പാക്കണം. ശുദ്ധീകരണത്തിന്റെ ആവശ്യകത സൂചിതം.

 പരിശുദ്ധനായ പൗലോസുസ്ളീഹായുടെ ലേഖനങ്ങളില്‍.

    1. ക്രിസ്തു അടിസ്ഥാനക്കല്ലും അപ്പോസ്തോലന്മാര്‍ മൂലക്കല്ലുമായി പണിയുന്ന ഭവനം. പൂര്‍ത്തീകരിക്കാത്ത ഭവനത്തിലെ ചെത്തി വെടിപ്പാക്കപ്പെട്ടു ചേര്‍ക്കുന്ന കല്ലുകളാണു വിശ്വാസികള്‍. കര്‍ത്താവിന്റെ രണ്ടാമത്തെ വരവുവരെ ഈ കര്‍മ്മം തുടര്‍ന്നു കൊണ്ടിരിക്കും.
    2. ക്രിസ്തു മണവാളനും സഭ മണവാട്ടിയും. വിവാഹനിശ്ചയം കഴിഞ്ഞ മണവാട്ടിയാണു സഭ. രണ്ടാമത്തെ വരവിലാണു മണവാട്ടിയെ കര്‍ത്താവു സ്വീകരിക്കുന്നതു. അതുവരെ മണവാട്ടി വിശുദ്ധി കാത്തു സൂക്ഷിക്കണം. അതിനു വിശുദ്ധീകരണം അനുപേക്ഷണീയമാണു. 
  3. ക്രിസ്തു തലയും സഭ ശരീരവും. അവയവങ്ങള്‍ മലിനപ്പെടുമ്പോള്‍ അവ കഴുകി വെടിപ്പാക്കുന്നു. അതിനുള്ള സംജ്ഞ തലയില്‍ നിന്നും അവയവങ്ങളിലേക്കു നിരന്തരമായി ലഭിക്കുന്നു. കുമ്പസാരത്തിന്റെ അനുപേക്ഷണീയത വ്യക്തം.
             ഇതെല്ലാം ഒരു സത്യത്തിലേക്കു വിരല്‍ ചൂണ്ടുന്നു. സഭ വിശുദ്ധമാണെങ്കിലും സഭാംഗങ്ങള്‍ക്കു പലപ്പോഴും ആ വിശുദ്ധി കാത്തുസൂക്ഷിക്കുവാന്‍ കഴിയാതെ പോകുന്നതിനാല്‍ വിശുദ്ധീകരണം ആവശ്യമായി വരുന്നു. കര്‍ത്താവിന്റെ രണ്ടാമത്തെ വരവു വരെ വിശ്വാസികള്‍ ആ വിശുദ്ധിയിലേക്കു വളര്‍ന്നു കൊണ്ടിരിക്കുന്നു. ഇന്നത്തെ ഏവന്‍ഗേലിയോനിലേക്കു നമ്മുടെ ചിന്തകളെ തിരിച്ചു വിടാം. 

     വി.മത്താഃ 16; 13- 23.

                    സിസറിയഫിലിപ്പിയയില്‍ വച്ചു കര്‍ത്താവു തന്റെ ശിഷ്യന്മാരെ വിശ്വാസത്തില്‍ ഉറപ്പിക്കുന്നതിനായി സത്യവിശ്വാസം ഏറ്റു പറയിക്കുന്നു. ഇവിടെ ഒരു കാര്യം ശ്രദ്ധാര്‍ഹമാണു. നമ്മുടെ കര്‍ത്താവു ശിഷ്യന്മാരെ വിളിച്ചു ചേര്‍ത്തപ്പോള്‍ 'എന്നെ അനുഗമിക്കുക' എന്നു ആഹ്വാനം ചെയ്തതല്ലാതെ ഒരു വിശ്വാസവും ഏറ്റു പറയിച്ചില്ല. മൂന്നുമൂന്നരവര്‍ഷക്കാലം തന്നോടു കൂടെ നടന്നു, കണ്ടും കേട്ടും അറിഞ്ഞു കഴിഞ്ഞപ്പോഴാണു കര്‍ത്താവു അവരെക്കൊണ്ടു വിശ്വാസം ഏറ്റു പറയിക്കുന്നതു. വിശ്വാസം ഏറ്റു പറഞ്ഞു വേണം സഭയോടു ചേരേണ്ടതു എന്നു വാശിപിടിക്കുന്നവര്‍ ഇതിനു ഉത്തരം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. വിശ്വസിക്കുന്നവരെയാണു സഭയോടു ചേര്‍ത്തിരുന്നതു എന്നതിനു തെളിവുകള്‍ വി.വേദപുസ്തകത്തില്‍ കണ്ടെത്തുവാന്‍ കഴിയുമെങ്കിലും സ്നാനസമയത്തു ആ വിശ്വാസം ഏറ്റു പറയിപ്പിച്ചതായി പറയുവാന്‍ കഴിയുകയില്ല. വരുവാനുള്ള മശിഹാ ഇവന്‍ തന്നെയാണു എന്നു വിശ്വസിച്ചാണു അവര്‍ കര്‍ത്താവിനെ അനുഗമിച്ചതു. പക്ഷെ കര്‍ത്താവിനോടുകൂടെ നടന്നു തങ്ങള്‍ അറിഞ്ഞതും വിശ്വിസിച്ചതും സത്യം തന്നെയാണു എന്നു ഇവിടെ വച്ചാണു അവര്‍ ഏറ്റു പറയുന്നതു. മറ്റുള്ളവര്‍ കര്‍ത്താവിനെ കണ്ടതു പോലെയും വിശ്വസിച്ചതു പോലെയുമല്ല അവര്‍ എന്നു ഇവിടെ വെളിപ്പെടുത്തുന്നു. 
                ഈ വിശ്വാസം ഏറ്റു പറയിക്കുവാന്‍ കര്‍ത്താവു തെരഞ്ഞെടുത്ത സ്ഥലവും സന്ദര്‍ഭവും നമ്മുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നു. ഗലീലാക്കടലിന്റെ വടക്കു കിഴക്കു 25 മൈല്‍ അകലെ സ്തിതിചെയ്യുന്ന സ്ഥലമാണു സിസറിയാഫിലിപ്പിയാ. ഇവിടെ ജനസംഖ്യയില്‍ യഹൂദന്മാര്‍ ന്യൂനപക്ഷമാണു. ഏകാന്തമായി, സ്വസ്തമായി ശിഷ്യന്മാരെ പഠിപ്പിക്കുവാന്‍ കഴിയും എന്നതിലുപരി ഈ സ്ഥലം തെരഞ്ഞെടുത്തതില്‍ കര്‍ത്താവിനു ഒരു പ്രത്യേക ഉദ്ദേശമുണ്ടായിരുന്നു എന്നു ചിന്തിക്കാവുന്നതാണു. ന്യൂനപക്ഷമായിരിക്കെ പ്രതിബന്ധങ്ങളുടെയും പ്രതികൂലതകളുടെയും നടുവില്‍ ഈ വിശ്വാസം ഏറ്റുപറയുവാന്‍ അവര്‍ക്കു കഴിയുമോ എന്നു പരീക്ഷിക്കുകയായിരുന്നു. ഇന്നു ഈ ചോദ്യത്തിനു പ്രാധാന്യം വര്‍ദ്ധിച്ചിരിക്കുന്നു. ന്യൂനപക്ഷാവകാശങ്ങള്‍ നിഷേധിക്കുമ്പോള്‍, പള്ളികള്‍ ആക്രമിക്കപ്പെടുമ്പോള്‍, പ്രതികൂലതകളും പ്രതിഷേധങ്ങളും വര്‍ദ്ധിക്കുമ്പോള്‍, ഉള്ളില്‍ നിന്നും പുറത്തു നിന്നും സഭ ആക്രമിക്കപ്പെടുമ്പോള്‍ ഓര്‍ത്തഡോക്സു വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുവാന്‍ കഴിയുമോ? കഴിയണം.
                  കര്‍ത്താവിന്റെ കുരിശുമരണം സമാഗതമായിരിക്കുന്ന സമയം. തന്റെ കാലശേഷം സഭയെ നയിക്കേണ്ടതിന്നു താന്‍ തെരഞ്ഞെടുത്ത ശിഷ്യന്മാര്‍ ഈ വിശ്വാസത്തില്‍ എത്രമാത്രം ഉറച്ചു നില്‍ക്കുന്നു എന്നു പരിശോധിക്കുവാനുള്ള ഒരു അവസരമായി കര്‍ത്താവു ഇതു കാണുന്നു. തന്നില്‍ വിശ്വസിച്ചു, തന്നെ അറിഞ്ഞ, തന്റെ വേല ഇനിയും തുടരേണ്ട ശിഷ്യന്മാരുടെ കാഴ്ചപ്പാടു മറ്റുള്ളവരുടേതില്‍ നിന്നു എത്രമാത്രം ഭിന്നമാണു എന്നാണു ഇവിടെ വിലയിരുത്തുന്നതു. അതുകൊണ്ടാണു മറ്റുള്ളവര്‍ തന്നെ കുറിച്ചു എന്തു പറയുന്നു എന്നു കര്‍ത്താവു ആദ്യം ചോദിക്കുന്നതു. പരിശുദ്ധ പിതാക്കന്മാര്‍ ഭരമേല്പിച്ചു തന്ന ഓര്‍ത്തഡോക്സു വിശ്വാസം ദൈവാത്മാവു വെളിപ്പെടുത്തി തന്നതാണു എന്ന തിരിച്ചറിവു നമുക്കു ഉണ്ടാകേണ്ടതാണു. 
                    മറ്റുള്ളവര്‍ക്കു ഞാന്‍ ആരുമായിക്കൊള്ളട്ടെ, നിങ്ങള്‍ക്കു ഞാന്‍ ആരാണു? ഈ ചോദ്യം നമ്മോടു തന്നെ ചോദിക്കേണ്ടതാണു. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കപ്പെടേണ്ടതായിട്ടുണ്ടു. നിങ്ങള്‍ക്കു ഞാനാരാണു? എന്നത്രേ കര്‍ത്താവു ചോദിച്ചതു. സമൂഹത്തിന്റെ വിശ്വാസമാണു കര്‍ത്താവു ആവശ്യപ്പെട്ടതു. ഒരു വ്യക്തിയുടേതല്ല. സഭയുടെ വിശ്വാസമാണു പ്രധാനം. സഭയുടെ വിശ്വാസം വ്യക്തിയുടെ വിശ്വാസമായി പരിണമിക്കണം. വ്യക്തിയുടെ വിശ്വാസം സഭയുടെ വിശ്വാസമായി മാറുകയല്ല വേണ്ടതു. സഭയുടെ പ്രതിനിധിയായിട്ടാണു പത്രോസുസ്ളീഹാ വിശ്വാസം ഏറ്റു പറഞ്ഞതു. ആ വിശ്വാസമാകുന്ന പാറമേല്‍ തന്റെ സഭ പണിയുമെന്നാണു കര്‍ത്താവു പറഞ്ഞതു എന്നാണു വി.സഭ പഠിപ്പിക്കുന്നതു. എന്റെ വിശ്വാസം സഭയെ അടിച്ചേല്പിക്കുകയല്ല, സഭയുടെ വിശ്വാസം ഞാന്‍ സ്വീകരിക്കുകയാണു വേണ്ടതു എന്നാണു കര്‍ത്താവു ഇവിടെ പഠിപ്പിക്കുന്നതു.
                 ഈ വിശ്വാസമാകട്ടെ, പത്രോസുസ്ളീഹായ്ക്കു വെളിപ്പെടുത്തി കൊടുത്തതു സ്വര്‍ഗ്ഗസ്ഥനായ പിതാവാണു എന്ന സത്യം കര്‍ത്താവു ഇവിടെ വെളിപ്പെടുത്തിയിരിക്കുന്നു. മാനുഷികമായ ചിന്തയ്ക്കും ബുദ്ധിക്കും അവിടെ സ്ഥാനമില്ല. വിശ്വാസമെന്നതു ബൗദ്ധികമല്ല, ദൈവികമാണു എന്നര്‍ത്ഥം. ബുദ്ധികൊണ്ടു ദൈവത്തെ കാണുവാനോ വിശ്വസിക്കുവാനോ കഴിയുകയുമില്ല.
                 ഈ വിശ്വാസം ഏറ്റുപറഞ്ഞാലും വ്യക്തികള്‍ മാനുഷിക ബലഹീനതകളാല്‍ ആ ദൈവികപദവിയില്‍ നിന്നു വ്യതിചലിച്ചു പോകുമെന്നു അടുത്ത വാക്യങ്ങള്‍ വ്യക്തമാക്കുന്നു. വിശ്വാസം ഏറ്റുപറഞ്ഞ പത്രോസുസ്ളീഹായെ താമസിയാതെ തന്നെ കര്‍ത്താവു ശാസിക്കുന്നതായി അവിടെ നാം കാണുന്നു. ഭാഗ്യവാനെന്നു വിളിച്ച നാവുകൊണ്ടു തന്നെ 'സാത്താനെ' എന്നു വിളിക്കുന്നു. സഭ പണിയും എന്നു പറഞ്ഞപ്പോള്‍ തന്നെ 'എന്നെ വിട്ടു പോ' എന്നും പറയുന്നു. അതിനു കാരണവും കര്‍ത്താവു പറയുന്നു. ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രേ ചിന്തിക്കുന്നതു. വിശ്വാസം ഏറ്റുപറഞ്ഞാലും ദൈവചിന്തയില്‍ നിന്നു മാനുഷികചിന്തയിലേക്കു നിപതിക്കുക സ്വാഭാവികമാണു. എന്നാല്‍ തന്നെ പരീക്ഷിച്ച സാത്താനെ എന്നന്നേക്കുമായി തള്ളിക്കളഞ്ഞതു പോലെ വിശ്വാസം ഏറ്റു പറയുന്നവരെ കര്‍ത്താവു തള്ളിക്കളയുകയില്ല. അനുതപിച്ചു തിരിച്ചു ആ വിശുദ്ധിയിലേക്കു വരുവാന്‍ അവസരം കര്‍ത്താവു നല്‍കും. ഇവിടെ സാത്താനെ എന്നെ വിട്ടു പോകൂ എന്നതിന്റെ ഇംഗ്ളീഷു ശ്രദ്ധിക്കുമ്പോള്‍ അതു മനസ്സിലാകും. Get thee behind me എന്നാണു പറഞ്ഞിരിക്കുതു. എന്റെ പുറകിലേക്കു പോകൂ എന്നാണല്ലോ അതിന്റെ അര്‍ത്ഥം. തെറ്റു സ്വാഭാവികമാണു എന്നും തിരിഞ്ഞു സത്യവിശ്വാസത്തിലേക്കും വിശുദ്ധിയിലേക്കും വരികയാണു ആവശ്യമെന്നും ഇതു വെളിവാക്കുന്നു. സഭയുടെ വിശുദ്ധീകരണത്തിന്റെ ആവശ്യകത ഇവിടെ വെളിവാകുന്നു. തെറ്റിപ്പോയ ശീമോനെ സഭയുടെ കെട്ടുപണിക്കായി ശാസിച്ചും ശിക്ഷിച്ചും സ്നേഹിക്കും കൂട്ടാളിയാക്കുകയാണു കര്‍ത്താവു ചെയ്തതു. അതുപോലെ ഒരു തിരിച്ചു വരവിന്റെ ദിനമായി കൂദോശ് ഈത്തോ പരിണമിക്കണം; പരിണമിക്കട്ടെ.

Comments

  1. 3.4 Mb - Titanium Price Per Pound (Per Pound) [Gold Strike Gold]
    The 1/4 in titanium will titanium wedding bands for men fit in any 2 titanium alloy nier pound sterling titanium drill bits copper slot slots and will come with a 1/4 pound sterling sterling gold strike gold slot. It also titanium nitride bolt carrier group comes in titanium automatic watch a $29.99 · ‎In stock

    ReplyDelete

Post a Comment

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30