2. ഭാഗ്യം വില്ക്കുന്ന ഭാഗ്യഹീന.

2. ഭാഗ്യം വില്ക്കുന്ന ഭാഗ്യഹീന.

                 സാധാരണ  വായിക്കുന്നതു പോലെ പ്രത്യേക ഉദ്ദേശമൊന്നുമില്ലാതെയാണു പത്രം വായിക്കുവാന്‍ തുടങ്ങിയതു.അന്നു മറ്റു ജോലിയൊന്നും ഇല്ലാതിരുന്നതിനാല്‍ വിശദമായി തന്നെ വായിച്ചു. കേരള ലോട്ടറിയുടെ ഫലം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നതു കണ്ടപ്പോള്‍ യാദൃശ്ചികമായി എടുത്ത ടിക്കറ്റിന്റെ കാര്യം ഓര്‍മ്മിയില്‍ വന്നു. പ്രതീക്ഷയൊന്നും ഇല്ലാതെ വെറുതെ നോക്കിയതാണു. കണ്ണുകളെ വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. അപ്പോഴത്തെ വികാരം അനിര്‍വ്വചനീയമായിരുന്നു. ബംബര്‍ സമ്മാനമായ പത്തു ലക്ഷം രൂപയും മാരുതികാറും. വീണ്ടും നോക്കി. ശരി തന്നെ. അല്പസമയം തരിച്ചിരുന്നു പോയി. ഭാര്യയെ വിളിച്ചു കാര്യം പറഞ്ഞു. മക്കളും അറിഞ്ഞു. ആര്‍ക്കും ഒന്നും പറയുവാന്‍ കഴിയുന്നില്ല.
                  ഇങ്ങനെയൊരു ഭാഗ്യം! ഭാഗ്യമാണോ? തന്റെ മനസ്സിന്റെ കോണില്‍ പോലുമില്ലായിരുന്നു. ആഗ്രഹിക്കുവാന്‍ അവകാശമില്ല. ആദ്യമായിട്ടാണു ഒരു ലോട്ടറി ടിക്കറ്റു എടുത്തതു. എന്തിനു താന്‍ എടുത്തു. ലോട്ടറിയും ഗ്യാംബ്ളിംഗില്‍ പെടുന്നതാണെന്നു സെമിനാരിയില്‍ പഠിച്ചിട്ടുണ്ടു. അതിനാല്‍ എടുത്തു കഴിഞ്ഞപ്പോള്‍ തന്നെ മനസ്സില്‍ വടംവലി നടന്നതാണു. താന്‍ ഒരു പുരോഹിതന്‍ ആയിരിക്കെ പാടില്ലായിരുന്നു. 
                   പക്ഷെ, ഇതിനാണോ ഭാഗ്യമെന്നു പറയുന്നതു? ഭാഗ്യം തനിക്കില്ലെന്നു പലപ്പോഴും തോന്നിയിട്ടുണ്ടു. പഠിക്കാന്‍ താന്‍ മോശമല്ലായിരുന്നു. എം.ഏ വരെ ഫസ്റ്റുക്ളാസില്‍ തന്നെയാണു പാസ്സായതു. അച്ചനാക്കാമെന്നു അമ്മ നേര്‍ന്നതാണു. വളര്‍ന്നപ്പോള്‍ എന്റെയും  ആഗ്രഹം അതായിരുന്നു. അതനുസരിച്ചാണു എന്നെ വളര്‍ത്തിയതും. തന്റെ സഹോദരങ്ങള്‍ക്കു ആര്‍ക്കും ലഭിക്കാത്ത ഭാഗ്യമായിരുന്നു ഈ ഡിഗ്രികള്‍. സാമ്പത്തിക ഞെരുക്കങ്ങളിലും ഇതൊക്കെ നേടുവാന്‍ കഴിഞ്ഞതു ദൈവകൃപയാണെന്നു അമ്മ പറയുമായിരുന്നു. ഞാനും അങ്ങനെയാണു വിശ്വസിക്കുന്നതു. B.D യും നല്ല മാര്‍ക്കോടെയാണു പാസ്സായതു. അച്ചനായതും വലിയ പ്രതീക്ഷയിലായിരുന്നു. സഭയുടെ കോളേജില്‍ ഒരു ജോലി. ഭാര്യവീട്ടുകാരും അതൊക്കെ പ്രതീക്ഷിച്ചാണു കല്യാണത്തിനു സമ്മതിച്ചതു. പൗരോഹിത്യവൃത്തി കൊണ്ടു മാത്രം ഒരു കുടുംബം പുലര്‍ത്തുക ബുദ്ധിമുട്ടാണെന്നു അനുഭവങ്ങളാണു പഠിപ്പിച്ചതു. ജോലി ചെയ്യാത്ത അച്ചന്മാരു മതിയത്രേ സഭയില്‍! അദ്ധ്യാപകരായതിനു ശേഷം മെത്രന്മാരായ തിരുമേനിമാര്‍ക്കാണു ഈ കാര്യത്തില്‍ കൂടുതല്‍ നിര്‍ബ്ബന്ധം.
                  തന്നോടൊപ്പം പഠിച്ചവരൊക്കെ അദ്ധ്യാപകരും എന്‍ജിനിയര്‍മാരും ഒക്കെയായി. ചിലര്‍ ഗള്‍ഫില്‍. അവരൊക്കെ വിലകൂടിയ കാറിലും മറ്റും ചുറ്റി കറങ്ങുന്നതു കാണുമ്പോള്‍ മനസ്സിന്റെ കോണില്‍ ഒരു നീറ്റല്‍. താന്‍ സേവനം അനുഷ്ഠിക്കുന്ന ഇടവകകളില്‍ നിന്നു വിദേശത്തു പോയിരിക്കുന്നവര്‍ അവധിക്കു വരുമ്പോള്‍ കാട്ടുന്ന ഔദാര്യങ്ങള്‍ കൊണ്ടു ഭാര്യയുടെയും മക്കളുടെയും മോഹങ്ങള്‍ക്കു ഉച്ചക്കഞ്ഞി വീഴ്ത്തുന്ന ഗതികേടു ഓര്‍ക്കുമ്പോഴൊക്കെ അമ്മ പറഞ്ഞ ദൈവകൃപയില്‍ സന്ദേഹം തോന്നിയിരുന്നു.
                 ഇപ്പോഴിതാ 10 ലക്ഷവും മാരുതികാറും. ദൈവകൃപയെ സന്ദേഹിച്ചതിന്റെ കുറ്റബോധം മനസ്സിന്റെ കോണില്‍. മകന്‍ പ്രീഡിഗ്രിക്കു രണ്ടാം വര്‍ഷമാണു. S.S.L.C നല്ല മാര്‍ക്കോടെയാണു വിജയിച്ചതു. എന്‍ജിനിയറിംഗിനു പോകണമെന്നാണു മോഹം. എന്‍ട്രന്‍സു കിട്ടിയില്ലെങ്കില്‍ ഒരു ലക്ഷം കൊടുക്കണം ഒരു അഡ്മിഷനു. അതിനു എവിടെ മാര്‍ഗ്ഗം? ഇതാ ദൈവം മാര്‍ഗ്ഗം തെളിയിച്ചിരിക്കുന്നു. താമസിക്കുന്ന വീടു ഒന്നു പുതുക്കണം. ഒരു സ്ക്കൂട്ടര്‍. പകരം ഇതാ മാരുതി കാര്‍. ആഹ്ളാദം അലതല്ലുന്ന മനസ്സുമായി ഭാര്യയുടെയും മക്കളുടെയും മുഖത്തേക്കു നോക്കി. ഭാര്യയുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു; സന്തോഷാശ്രുക്കള്‍. മകനും മകളും ആഹ്ളാദം അടക്കാന്‍ വിമ്മട്ടപ്പെടുന്നു.
                   പെട്ടെന്നു മനസ്സിന്റെ കോണില്‍ ഒരു ചിത്രം തെളിഞ്ഞു വന്നു. വയറു ചാടി, മെലിഞ്ഞു മുഷിഞ്ഞ വസ്ത്രവുമായി തന്റെ മുമ്പില്‍ നില്ക്കുന്ന പതിനൊന്നു വയസ്സുകാരി പെണ്‍കുട്ടിയുടെ കരളിയിക്കുന്ന ചിത്രം. ഈ ടിക്കറ്റെടുക്കുവാന്‍ കാരണക്കാരി. ഒരു കണ്‍വന്‍ഷന്‍ പ്രസംഗത്തിനു പോകുവാന്‍ ബസ്റ്റാന്‍ഡില്‍ ചെന്നതാണു. ദൈന്യത സ്ഫുരിക്കുന്ന മുഖഭാവത്തോടെ, യാചനാഭാവത്തില്‍ ലോട്ടറി ടിക്കറ്റുമായി, വളരെ പ്രതീക്ഷയോടെ ആ പെണ്‍കുട്ടി ഒരു ടിക്കറ്റുനീട്ടി ഒരെണ്ണം എടുക്കൂ അച്ചാ എന്നു യാചിച്ചപ്പോള്‍ മനസ്സു വിങ്ങി.
            'ഒരു ടിക്കറ്റു വിറ്റാല്‍ മോള്‍ക്കു എന്തു കിട്ടും?'' താന്‍ അവളോടു ചോദിച്ചു.
            '50. പൈസാ.'
 ഒരു അഞ്ചുരൂപാ നോട്ടെടുത്തു അവളുടെ നേരെ നീട്ടി. 'ഇതിരിക്കട്ടെ, അച്ചനു ടിക്കറ്റു വേണ്ട. എന്നു പറഞ്ഞു. അവള്‍ അതു വാങ്ങിയില്ല. വീട്ടില്‍ ചെന്നാല്‍ അമ്മ അറിയുമ്പോള്‍ വഴക്കു പറയുമത്രേ. അവരുടെ അഭിമാന ബോധം അവളുടെ കരങ്ങളിലെ അവസാന ടിക്കറ്റു വാങ്ങാന്‍ കാരണമായി.
             ഇപ്പോഴും അവള്‍ ഭാഗ്യം വിറ്റു നടക്കുന്നുണ്ടാകും, ഭാഗ്യം കടാക്ഷിക്കാതെ, താന്‍ വിറ്റ ടിക്കറ്റിനു ബംബര്‍ സമ്മാനം അടിച്ചതു പോലും അറിയാതെ. ആ ചിന്ത മനസ്സിന്റെ കോണില്‍ വേദനയായി. ഏജന്റിനു കിട്ടേണ്ട സമ്മാന വിഹിതം അവള്‍ക്കില്ല. കഷ്ടം. വിശക്കുന്ന വയറുമായി 50 പൈസയ്ക്കു വേണ്ടി പലരുടെയും ഔദാര്യത്തിന്റെ മുമ്പില്‍  കൈനീട്ടി നില്ക്കുന്ന ആ പെണ്‍കുട്ടിയുടെ ദൈന്യത തന്റെ സന്തോഷമെല്ലാം കെടുത്തി കളഞ്ഞു. ഭാഗ്യഹീനയായ ആ പെണ്‍കുട്ടി മനസ്സില്‍ നിറഞ്ഞു നിന്നു. അവള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ഈ ഭാഗ്യത്തിനു അര്‍ത്ഥമില്ലെന്നു തോന്നി.
             അശാന്തമായ മനസ്സുമായി ബസ്റ്റാന്റില്‍ എത്തി. ഭാഗ്യം ലഭിച്ച അച്ചനാണെന്നു അറിയാതെ അവള്‍ തന്നെ സമീപിച്ചു. തനിക്കു നേരത്തെ ടിക്കറ്റു തന്നതു പോലും ആ പാവം ഓര്‍ക്കുന്നുണ്ടാവില്ല. ഒരു ടിക്കറ്റു വാങ്ങി. അതും അവളുടെ കൈയ്യിലെ അവസാന ടിക്കറ്റായിരുന്നു. അന്നത്തെ കച്ചവടം നിറുത്തി. ആശ്വാസം അലതല്ലുന്ന മുഖവുമായി അവള്‍ ഏജന്റിന്റെ പക്കല്‍ നിന്നു പ്രതിഫലമായി കിട്ടിയ അഞ്ചുരൂപയും വാങ്ങി വീട്ടിലേക്കു നടന്നു. ഞാനും കൂടെ കൂടി. കുശലങ്ങള്‍ അന്വേഷിച്ചു. അവള്‍ അവരുടെ കദനകഥ എന്നോടു പറഞ്ഞു.
             അമ്മ തളര്‍ന്നു കിടപ്പായിട്ടു അഞ്ചു വര്‍ഷമായി. അനുജനെ പ്രസവിച്ചതോടെയാണു ഈ ദൗര്‍ഭാഗ്യം ആരംഭിച്ചതു. ഒത്തിരി ചികിത്സ നടത്തി. അപ്പന്‍ ഒരു പ്യൂണ്‍ ആയിരുന്നു. കടം കേറി എല്ലാം നഷ്ടമായി. അതോടെ അപ്പന്‍ മദ്യപാനം ആരംഭിച്ചു. കുടിച്ചു കുടിച്ചു കഴിഞ്ഞ വര്‍ഷം അപ്പന്‍ മരിച്ചു. അവള്‍ പഠിത്തം നിറുത്തി. കുടുംബഭാരം അവളുടെ തോളിലായി. ഇപ്പോള്‍ ഭാഗ്യം വിറ്റു അരി വാങ്ങുന്നു. അവളുടെ കഥ കേട്ടപ്പോള്‍ ഞാനും എന്റെ കുടുംബവും എത്ര ഭാഗ്യമുള്ളവര്‍. എന്നിട്ടും എനിക്കു ആവലാതി. മനസ്സു നീറി പുകഞ്ഞു.
         അവളോടൊപ്പം ഞാന്‍ അവരുടെ വീട്ടിലെത്തി. ഒരു ചെറ്റക്കുടില്‍. തളര്‍ന്നു കിടക്കുന്ന ആ സ്ത്രീയുടെ മുഖത്തു അത്ഭുതം തെളിയുന്നതു ഞാന്‍ കണ്ടു. അവരുടെ വീട്ടില്‍ ആദ്യമായിട്ടാണു ഒരു അച്ചന്‍ ചെന്നതു. സൂക്ഷിച്ചു നോക്കി കണ്ടു മറന്ന മുഖം. അവള്‍ അടുത്തു കിടന്ന സ്റ്റൂള്‍ ചൂണ്ടിക്കാട്ടി. ഞാന്‍ അതില്‍  ഇരുന്നു. പേരന്വേഷണത്തോടെ സംഭാഷണം ആരംഭിച്ചു.
         ഡയ്സി. പരിചിതമായ പേരു. ചോദ്യങ്ങളിലും ഉത്തരങ്ങളിലും കൂടെ ഓര്‍മ്മകള്‍ ഉണര്‍ന്നു.
           വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കലാലയ ജീവിതം. M.A അവസാന വര്‍ഷം പഠിക്കുമ്പോള്‍  ഒന്നാം വര്‍ഷ പ്രീഡിഗ്രിക്കു പഠിക്കുവാന്‍ വന്ന ഫ്രോക്കുകാരി. അന്നവളെ ശ്രദ്ധിക്കാത്തവരായി ആ കലാലയത്തില്‍ ആരുമില്ല. അത്രയ്ക്കു സുന്ദരിയായിരുന്നു. ആ വര്‍ഷത്തെ ബസ്റ്റു നടിയും.
             പരിചയം അവള്‍ക്കു ധൈര്യം പകര്‍ന്നു. അന്നത്തെ നാടകത്തിലെ നായകന്‍ പിന്നീടു ജീവിതത്തിന്റെ നായകനായി. ഇരു വീട്ടുകാരുടെയും എതിര്‍പ്പു വകവെയ്ക്കാതെ അവര്‍ വിവാഹിതരായി. താമസിയാതെ ബാബുവിനു ഒരു ജോലിയും കിട്ടി. വലിയ കുഴപ്പം കൂടാതെ ജീവിക്കുവാന്‍ തുടങ്ങിയപ്പോള്‍ ദുര്‍വിധി ഞങ്ങളെ ഞെക്കി പിഴിഞ്ഞു. കണ്ണീരില്‍ കുതിര്‍ന്ന ജീവിത കഥ തന്റെ ചിന്തയേയും തീരുമാനത്തേയും പാടെ മാറ്റി മറിച്ചു.
          യാത്ര പറയുമ്പോള്‍ കുഞ്ഞുങ്ങളെ രണ്ടു പേരെയും ചേര്‍ത്തു നിറുത്തി അറിയാവുന്ന വാക്കുകളില്‍ ഒന്നു പ്രാര്‍ത്ഥിച്ചു. ഗദ്ഗദങ്ങള്‍ വാക്കുകളെ പരുക്കേല്പിച്ചു കൊണ്ടിരുന്നു.
            പ്രാര്‍ത്ഥന കഴിഞ്ഞു. പോക്കറ്റില്‍ നിന്നു ആ ഭാഗക്കുറി എടുത്തു അവളുടെ നേരെ നീട്ടി. പത്തു ലക്ഷത്തിന്റെ ടിക്കറ്റാണെന്നു അറിഞ്ഞു അവള്‍ പൊട്ടിക്കരഞ്ഞു. ക്ഷമാപണത്തോടെ അവള്‍ അതു നിരാകരിച്ചു. ഇതു മാതാപിതാക്കളെ വേദനിപ്പിച്ചതിനു ദൈവം തന്ന ശിക്ഷയാണു. ഞാന്‍ അതു അനുഭവിച്ചേ മതിയാകൂ. അവളുടെ പ്രതികരണം അവിശ്വസനീയമായി തോന്നി.
       ഇല്ല, ഇല്ല ഇതു ഞാന്‍ സ്വീകരിക്കില്ല. അവള്‍ പറഞ്ഞു കൊണ്ടിരുന്നു.
            ആശ്വസിപ്പിക്കുവാന്‍ വാക്കുകള്‍ കിട്ടാതെ, ദൈവം അനുഗ്രഹിക്കട്ടെ എന്നു മാത്രം പറഞ്ഞു ഇറങ്ങി നടന്നു. ഉറച്ച ഒരു തീരുമാനവുമായി.

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30