വി.നോമ്പുകാലധ്യാനചിന്തകൾ -38

38- ആറാം തിങ്കള്‍-ഓശാന തിങ്കള്‍ --------------------------- വി.നോമ്പിന്റെ ആറാം തിങ്കളിലേക്കു നാം കടക്കുന്നു.പരിശുദ്ധ പിതാക്കന്മാര്‍ പരിശുദ്ധാത്മ പ്രേരിതരായി വി.വേദവായനക്കുറിപ്പിലും വി.നോമ്പിന്റെ പ്രുമുയോന്‍ പുസ്തകത്തിലും ഈ ആഴ്ചയിലെ ദിനങ്ങളെ ഓശാന ദിനങ്ങളായിട്ടാണു രേഖപ്പെടുത്തിയിരിക്കുന്നതു.അതുകൊണ്ടു ഇന്നു ഓശാന തിങ്കള്‍ ആണു.നമ്മുടെ കര്‍ത്താവിന്റെ കഷ്ടാനുഭവങ്ങളിലേക്കു നാം അടുത്തു വരുന്നുവെന്ന ചിന്ത നമ്മില്‍ തീവ്രമായി ഉണ്ടാകണമെന്നാണു പരിശുദ്ധ പിതാക്കന്മാര്‍ ഇതുകൊണ്ടു ഉദ്ദേശിക്കുന്നതു.ഇനിയുമുള്ള നോമ്പിന്റെ ദിനങ്ങള്‍ കുറേക്കൂടെ ശ്രദ്ധയോടും നിഷ്ടയോടും പ്രാര്‍ത്ഥനയോടും കൂടെയായിരിക്കണം.കര്‍ത്താവു രാജാധിരാജാവായി എഴുന്നെള്ളുന്നുവെന്നു മാത്രമല്ല,തന്റെ കഷടാനുഭവത്തിലൂടെയും കുരിശു മരണത്തിലൂടെയും കടന്നു ചെന്നു ഉയര്‍പ്പിന്റെ സന്തോഷത്തിലേക്കു എത്തിച്ചേരുമ്പോഴും അവന്‍ നമ്മെ നയിക്കുന്ന കരുതുന്ന കര്‍ത്താവായി തന്നെ ജീവിതത്തില്‍ എന്നാളും നിലനില്ക്കുവാന്‍ തക്കവണ്ണമുള്ള ഒരുക്കദിനങ്ങളായി ഈ ദിനങ്ങള്‍ മാറണം.അതു നമ്മുടെ ചിന്തയ്ക്കു വിഷയമാകണമെന്നതു കൊണ്ടാണു ഇന്നത്തെ ഏവൻഗേലിയോന്റെ ആദ്യഭാഗമായി വി.ലൂക്കോഃ18;31-34 ഒരുക്കിയിരിക്കുന്നതു.കർത്തവു തനിക്കു യെറുശലേമിൽ വച്ചു സംഭവിക്കുവാൻ പോകുന്ന കഷ്ടാനുഭവങ്ങളെക്കുറിച്ചും മരണത്തെക്കുറിച്ചും തന്റെ ശിഷ്യന്മാരോടു പറയുന്നു.കർത്താവിന്റെ വാക്കുകൾ അവർ തിരിച്ചറിയുന്നില്ല.വി.ലൂക്കോഃ18;34'അവരോ ഒന്നും ഗ്രഹിച്ചില്ല.ഈ വാക്കു അവർക്കു മറവായിരുന്നു.'ശിഷ്യന്മാർക്കു ഉണ്ടായതുപോലെ നമുക്കുംസംഭവിക്കാതിരിക്കണമെന്നുള്ളതു കൊണ്ടു തന്നെയാണു ഓശാന തിങ്കളിന്റെ ആദ്യചിന്തയായി ഈ ഭാഗം ക്രമപ്പെടുത്തിയിരിക്കുന്നതു.കർത്താവിന്റെ പീഡാനുഭവങ്ങളും ക്രൂശുമരണവുമെല്ലാം അതിന്റെ പൂർണ്ണ അർത്ഥത്തോടും ഗൗരവത്തോടും തിരിച്ചറിയാനുള്ള ആഗ്രഹവും ശ്രമവും ശ്രദ്ധയും ഈ ദിനങ്ങളിൽ ആവശ്യമായിരിക്കുന്നു.എങ്കിൽ മാത്രമേ ആ ദിനങ്ങളെ അതിന്റെപൂർണ്ണതയിൽ നമുക്കു ഉൾക്കൊള്ളുവാൻ കഴിയുകയുള്ളു
                                               . ഇതു നമുക്കു അനുഭവവേദ്യമാകണമെങ്കിൽ നമ്മിൽ ഉണ്ടാകേണ്ട മാറ്റങ്ങൾ എങ്ങനെയുള്ളതായിരിക്കണമെന്നു നമ്മെ ബോദ്ധ്യപ്പെടുത്തുന്നതാണു ഇന്നത്തെ ഏവൻഗേലിയോന്റെ രണ്ടാം ഭാഗമായ വി.ലൂക്കോഃ19;1-10.ചുങ്കക്കാരനായ സക്കായിയുടെ മാനസ്സാന്തരകഥയാണു അവിടുത്തെ പ്രതിപാദ്യം.ദൈവത്തോടുള്ള ബന്ധത്തിന്റെ വിവിധ പടികൾ ഈ സംഭവം ചൂണ്ടിക്കാണിക്കുന്നു.യേശു യെറീഹോവിൽ കൂടെ കടന്നു പോകുമ്പോഴാണു ഈ സംഭവം നടക്കുന്നതു എന്നതു നമ്മുടെ പ്രത്യേക ശ്രദ്ധ ആവശ്യപ്പെടുന്നു.യറീഹോ പട്ടണം സക്കായിയുടെ ജീവിതത്തെ വളരെയധികം സ്വാധീനിച്ചിരുന്നു.പട്ടണത്തിന്റെ സുഖലോലുപതയും തത്രപ്പാടുമൊക്കെ ഇന്നു നമുക്കു സുപരിചിതമാണു.യറീഹോ സമ്പന്നതയുടെ നാടായിരുന്നു.അതുകൊണ്ടുതന്നെ സക്കായിയും സമ്പന്നനും പ്രമാണിയുമായിരുന്നു
                                        . എന്നാൽ സമ്പത്തും പ്രമാണിത്വവും ഒന്നും അവനു പൂർണ്ണമായ മാനസ്സിക സംതൃപ്തി നൽകുന്നതായിരുന്നില്ല എന്നതാണു സത്യം.സമ്പത്തും സുഖസൗകര്യങ്ങളും സന്തോഷം നൽകുന്നതാണെങ്കിലും അതു മനുഷ്യന്റെ സമാധാനവും സ്വസ്തതയും നഷ്ടപ്പെടുത്തുന്നു.സമ്പത്തു വർദ്ധിപ്പിക്കുവാനുള്ള താല്പര്യവും അതു നഷ്ടപ്പെടാതെ സൂക്ഷിക്കുവാനുള്ള വ്യഗ്രതയും മനുഷ്യന്റെ സ്വസ്തത കെടുത്തികളയുന്ന ഘടകങ്ങളാണു.പ്രത്യേകിച്ചും അതു നേരായ മാർഗ്ഗത്തിൽ നേടിയതല്ലെങ്കിൽ ഒരിക്കലും അതു സമാധാനം നൽകുകയില്ല.എന്നാൽ ഇതുമാത്രമായിരുന്നില്ല അവനെ അസ്വസ്തനാക്കിയതു.സ്വന്ത ജനമായ യിസ്രായേൽ തന്നെ പാപിയായി മുദ്രകുത്തി അകറ്റി നിർത്തിയിരിക്കുന്നുവെന്നതാണു അവനെ കൂടതൽ വേദനിപ്പിച്ചിരുന്നതു.ചുങ്കക്കാരൻ,തങ്ങളെ അടിമയാക്കി ഭരിക്കുന്ന റോമാഗെവണ്മേന്റിനു വേണ്ടിയാണു ചുങ്കംപിരക്കുന്നതു എന്നതാണു അവരെ യഹൂദർ വെറുക്കുവാനുള്ള ഒരു കാരണം.നിശ്ചയിച്ചിട്ടുള്ളതില്‍ കൂടുതല്‍ പിരിച്ചു സ്വന്തം കീശവീര്‍പ്പിക്കുന്നുവെന്നതും അവര്‍ പാപികളുടെ ഗണത്തില്‍ പെടുത്തുന്നതിനു കാരണമാണു.
                                     അങ്ങനെ ഒറ്റപ്പെടുത്തലിന്റെ മാനസ്സികവ്യഥ അനുഭവിക്കുമ്പോഴാണു,ചുങ്കക്കാരുടേയും പാപികളുടേയും സ്നേഹിതനായ യേശുവിനെക്കുറിച്ചുള്ള വാര്‍ത്ത അവന്‍ കേള്‍ക്കുന്നതു.അപ്പോള്‍ മുതല്‍ നസ്രായനായ യേശുവിനെ കാണുവാനുള്ള മോഹം മനസ്സിനെ മഥിച്ചു കൊണ്ടിരുന്നപ്പോഴാണു യേശു അതു വഴി വന്നതു.പിന്നെ അവന്‍ ഒന്നും ആലോചിച്ചില്ല.യേശുവിനെ കാണുവാനായി അവന്‍ പോയി.പക്ഷെ പുരുഷാരം നിമിത്തം അവനു യേശുവിനെ കാണുവാന്‍ കഴിഞ്ഞില്ല.അവന്‍ പൊക്കം കുറഞ്ഞവനായിരുന്നു.അവന്‍ മുന്നോട്ടോടി ഒരു കാട്ടത്തിയില്‍ കയറിയിരുന്നു.യേശു അതുവഴി വന്നു അവനെ കണ്ടിട്ടു സഖായിയേ നീ വേഗം ഇറങ്ങി വാ,ഇന്നെനിക്കു നിന്റെ വീട്ടില്‍ പാര്‍ക്കേണ്ടിയിരിക്കുന്നു എന്നു പറഞ്ഞു.അവന്‍ ബദ്ധപ്പെട്ടു ഇറങ്ങിവന്നു അവനെ സ്വീകരിച്ചു.സഖായി യേശുവിനോടു,കര്‍ത്താവേ,ഞാന്‍ അനീതിയായി വാങ്ങിയിട്ടുള്ളതു നാലിരട്ടി മടക്കി കൊടുക്കാം,എന്റെ വസ്തുവകയില്‍ പകുതി ദരിദ്രര്‍ക്കു കൊടുക്കുന്നു എന്നു പറഞ്ഞു.യേശു ഇവനും അബ്രഹാമിന്റെ സന്തതിയാകയാല്‍ ഇന്നു ഈ വീടിനു രക്ഷയുണ്ടായി എന്നു അരുളിച്ചയ്തു. സക്കായിയുടെ ഈ സംഭവത്തില്‍ രക്ഷയിലേക്കു കയറിച്ചെല്ലുവാന്‍ ആവശ്യമായ ചില പടികള്‍ നമുക്കു ദര്‍ശിക്കുവാന്‍ കഴിയും.പ്രഥമവും പ്രധാനവുമായിട്ടുള്ളതു ദൈവത്തെ കാണുവാനുള്ള ആഗ്രഹമാണു.വി.ലൂക്കോസു രേഖപ്പെടുത്തിയിരിക്കുന്നതു ശ്രദ്ധിക്കുക.വി.ലൂക്കോഃ2,3ചുങ്കക്കാരിൽ പ്രമാണിയൂം ധനവാനുമായ സക്കായി എന്നു പേരുള്ളോരു പുരുഷൻ,യേശു എങ്ങനെയുള്ളവൻ എന്നു കാണ്മാൻ ശ്രമിച്ചു.'യേശുവിനെ കണുവാൻ ശ്രമിച്ചതിൽ സക്കായിയുടെ ആഗ്രഹം നമുക്കു വായിക്കുവാൻ കഴിയുന്നുണ്ടു.നമ്മുടെ ആത്മീയ ചര്യകളിൽ യേശുവിനെ കാണാനുള്ള ആഗ്രഹമുണ്ടോ എന്നു പരിശോധിക്കേണ്ടതുണ്ടു.രക്ഷയിലേക്കുള്ള ആദ്യപടിയായ ആഗ്രഹം ഇല്ലാത്ത ആത്മീയത ഫലരഹിതമാണു.സക്കായിയുടെ ആഗ്രഹത്തിനു ഒരു പ്രത്യേകത ഉണ്ടായിരുന്നു.വെറുതെ ഒന്നു കാണുകയായിരുന്നില്ല അവന്റെ ഉദ്ദേശം.യേശു എങ്ങനെയുള്ളവൻ എന്നു കാണുവാനാണു അവൻ ആഗ്രഹിച്ചതു.മറ്റുള്ളവർ പറഞ്ഞു കേട്ടതുപോലെയാണോ യേശു.നേരിട്ടു കണ്ടു അറിയണം.അടങ്ങാത്ത ആ മോഹമാണു പരിശ്രമത്തിനു വഴിതെളിച്ചതു.യേശുവിനെ കാണാനുള്ള ശ്രമത്തിൽ രണ്ടു ആത്മീയ പടികൾ ഒളിഞ്ഞുകിടപ്പുണ്ടു.ചുങ്കസ്ഥലം വിട്ടു എന്നതാണു ഒന്നു.യേശുവിനെ കാണണമെങ്കിൽ ചിലതെല്ലാം ഉപേക്ഷിച്ചേ മതിയാകൂ.ഒന്നിനെ കാണണമെങ്കിൽ നമ്മുടെ ദൃഷ്ടി എവിടെയാണോ അവിടെ നിന്നു മാറ്റി കാണുവാൻ ആഗ്രഹിക്കുന്നിടത്തേക്കു തിരിക്കണം.ഒന്നിനെ ഉപേക്ഷിക്കാതെ മറ്റൊന്നിനെ സ്വീകരിക്കുവാൻ കഴിയുകയില്ല.ദൈവികസംസർഗ്ഗത്തിനു ഉപേക്ഷണം അഥവാ വർജ്ജനം അനിവാര്യമാണു.നോമ്പിലെ വർജ്ജനത്തിന്റെ ആവശ്യകത ഇവിടെ വെളിവാകുന്നു.യേശുവിനെ കാണണമെങ്കിൽ അവന്റെ അടുക്കലേക്കു ചെല്ലണമെന്നതാണു അടുത്ത പടി.അവൻ ആയിരിക്കുന്നിടത്തേക്കു നാം ചെല്ലുമ്പോൾ അവൻ നമ്മുടെ അടുക്കലേക്കു വരും.അവന്റെ അടുക്കലേക്കു ഒരു ചുവടു നാം വയ്ക്കുമ്പോൾ അവൻ നമ്മുടെ അടുക്കലേക്കു രണ്ടു ചുവടു വയ്ക്കും.പക്ഷേ ആദ്യ ചുവടു നമ്മുടേതായിരിക്കണമെന്നു മാത്രം.നമ്മുടെ ആത്മീയചര്യകളെല്ലാം അവന്റെ അടുക്കലേക്കുള്ള ചുവടു വെയ്പുകളാണു.
                                            യേശുവിനെ കാണുവാനുള്ള അടങ്ങാത്ത മോഹത്തോടെ ചുങ്കസ്ഥലം വിട്ടു യേശു പോകുന്നിടത്തേക്കു ചെന്നപ്പോഴാണു സക്കായി ഒരു കാര്യം തിരിച്ചറിയുന്നതു.യേശുവിനെ കാണുവാൻ തക്ക ഉയരം തനിക്കില്ല.അവന്റെ കുറവിനെ കുറിച്ചുള്ള അറിവു അവനുണ്ടായതു യേശുവിന്റെ അടുക്കൽ വന്നപ്പോഴാണു.അതാണു ദൈവികബന്ധത്തിന്റെ അടുത്ത പടി.ദൈവത്തെ കണ്ടവർക്കും കാണാൻ ശ്രമിച്ചവർക്കുമെല്ലാം ഉണ്ടായ ആദ്യ അനുഭവമാണു കുറവുകളെ കുറിച്ചുള്ള അറിവെന്നു വി.വേദപുസ്തകം സാക്ഷിക്കുന്നു.ശീമോൻ എന്ന മുക്കുവൻ അത്ഭുത മീൻപിടിത്തത്തിലൂടെ യേശുവിനെ കണ്ടപ്പോൾ അവനുണ്ടായ മാറ്റം വി.ലൂക്കോ5;8 ൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.'ശീമോൻ പത്രോസു അതു കണ്ടിട്ടു യേശുവിന്റെ കാല്ക്കൽ വീണു കർത്തവേ ഞാൻ മഹാപാപിയായ മനുഷ്യൻ ആകകൊണ്ടു എന്നെ വിട്ടു പോകേണമേ എന്നു പറഞ്ഞു.യെശഃ6;1-5 ൽ യശയ്യാപ്രവാചകനുണ്ടായ അനുഭവം കുറവുകളെ കുറിച്ചുള്ള ബോധമായിരുന്നു എന്നു കാണുന്നു. ഉസ്സിയാരാജാവു മരിച്ച ആണ്ടിൽ ,കർത്തവു ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്ന സൈന്യങ്ങളുടെ ദൈവമായ യഹോവയുടെ ദർശനം ഉണ്ടായപ്പോൾ മഹത്വവാനായ പ്രവാചകനുണ്ടായ അനുഭവം അഞ്ചാം വാക്യത്തിൽ ഇങ്ങനെയാണു കാണുന്നതു.'അപ്പോൾ ഞാൻ,അയ്യോ എനിക്കു കഷ്ടം ,ഞാൻ നശിച്ചു,ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളോരു മനുഷ്യൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ജനത്തിൻറെ നടുവിൽ വസിക്കുന്നു.എന്റെ കണ്ണു സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ എന്നുപറഞ്ഞു.പാപബോധമാണു ദൈവികബന്ധത്തിനുള്ള ചവിട്ടു പടി. ഈ പാപബോധം കൊണ്ടു മാത്രം ദൈവികസംസർഗ്ഗം പൂർണ്ണമാകുന്നില്ല.അതു അടുത്ത പടിയിലേക്കു നമ്മെ ഉയർത്തേണ്ടതാണു.സക്കായിയിൽ അതാണു നാം പിന്നീടു കാണുന്നതൂ.ആഗ്രഹത്തോടെ യേശുവിന്റെ അടുക്കലേക്കു വന്നിട്ടും അവനെ കാണാൻ കഴിയാഞ്ഞതിൽ നിരാശപ്പെട്ടു അവൻ പിൻവാങ്ങിപ്പോയില്ല.സൽഗുണപൂർണ്ണനാകുവാൻ ആഗ്രഹിച്ചു യേശുവിന്റെ അടുക്കൽ വന്നു,തന്റെ കുറവിനെക്കുറിച്ചു ബോധമുണ്ടായപ്പോൾ നിരാശനായി പിൽവാങ്ങിപ്പോയ യുവാവിൽ നിന്നു സക്കായി ഇവിടെ വേറിട്ടു നിൽക്കുന്നു.അവൻ മുന്നോട്ടു ഓടി ഒരു കാട്ടത്തിയിൽ കയറിയെന്നു നാം അവിടെ വായിക്കുന്നു.യേശുവിനെ കാണണമെങ്കിൽ,കുറവുകളെ പരിഹരിക്കുവാൻ നാം ശ്രമിക്കണം.അവൻ രണ്ടു കാര്യങ്ങൾ ചെയ്യുന്നു.മുന്നോട്ടു ഓടിയെന്നതാണു ഒന്നു.നിരാശപ്പെടാതെ മുന്നോട്ടു പോകാൻ കഴിയണം.തന്റെ കുറവിനെ പരിഹരിക്കുവാൻ ഒരു മാർഗ്ഗം അവൻ കണ്ടെത്തി എന്നതാണു രണ്ടാമത്തെ കാര്യം.അവൻ കാട്ടത്തിയിൽ കയറി.ഇതുവരെ ലൗകിക ജീവിതത്തിൽ പെട്ടു കിടന്നതിൽ നിന്നു ഉയരുവാനുള്ള ഒരു ശ്രമം.ദൈവവുമായുള്ള ബന്ധത്തിനു,ആയിരിക്കുന്ന അവസ്ഥയിൽ നിന്നു മുന്നോട്ടു പോയേ മതിയാകൂ.മാത്രമല്ല ലൗകിക ചിന്തയിൽ നിന്നു ആദ്ധ്യാത്മിക ചിന്തയിലേക്കു ഉയരണം.പാപബോധം ഉണ്ടാകുമ്പോൾ നിരാശപൂണ്ടു പിൻവാങ്ങിപ്പോകാതെ,അതു പരിഹരക്കുവാനായി മുന്നോട്ടു ഓടി ഉയരങ്ങളിലുള്ളതു അന്വേഷിക്കണം.ദൈവികബന്ധത്തിൽ വിശുദ്ധ കുമ്പസാരത്തിന്റെ ആവശ്യകത ഇവിടെ വെളിവാകുന്നു.
                                       സക്കായി യേശു എങ്ങനെയുള്ളവൻ എന്നു കാണണമെന്നു മാത്രമേ ആഗ്രഹിച്ചുള്ളു.ആഗ്രഹസഫലീകരണത്തിനു പലതും ഉപേക്ഷിക്കുകയും കുറവുകള്‍ തിരിച്ചറിയുകയും അവ പരിഹരിക്കുവാനായി മുന്നോട്ടോടി ഉയരങ്ങളിലേക്കു കയറുകയും ചെയ്തപ്പോള്‍,അവന്‍ ഒരിക്കലും പ്രതീക്ഷിക്കുകയും ആഗ്രഹിക്കുവാന്‍ അര്‍ഹതയില്ലെന്നു കരുതുകയും ചെയ്തതു യേശു അവനുവേണ്ടി ചെയ്യുന്നു.ദൈവത്തോടു അടുത്തു ചെല്ലുന്നവര്‍ക്കു അവന്‍ ആഗ്രഹിക്കുന്നതിലും വലിയ കാര്യങ്ങള്‍ നല്‍കുന്ന സ്നേഹനിധിയായ ദൈവത്തെയാണു ഇവിടെ നാം കാണുന്നതു.യേശുവിനെ കാണുവാനായി അവന്‍ ഒരു ചുവടു വച്ചപ്പോള്‍ യേശു അവന്റെ അടുക്കലേക്കു വരുന്നു.തന്നെ അന്വേഷിക്കുന്നവര്‍ക്കു അവന്‍ ഏറ്റം സമീപസ്ഥനാണു.യേശു പറയുന്നു.'സക്കായിയേ നീ വേഗം ഈറങ്ങി വരിക,ഇന്നു ഞാന്‍ നിന്നോടു കൂടി പാര്‍ക്കേണ്ടിയിരിക്കുന്നു.കണ്ണുകണ്ടിട്ടില്ലാത്തതും ചെവി കേട്ടിട്ടില്ലാത്തതും ആരടേയും ഹൃദയം ഒരിക്കലും ഗ്രഹിച്ചിട്ടില്ലാത്തതും നമുക്കു വേണ്ടി ചെയ്യുവാന്‍ മനസ്സുള്ളവനാണു നമ്മുടെ കര്‍ത്താവു.പശ്ചാത്താപത്തോടെ സത്യഅനുതാപത്തോടെ വി.നോമ്പിന്റേയും ഉപവാസത്തിന്റേയും വി.കുമ്പസാരത്തിന്റേയും അനുഭവത്തിലൂടെ അവന്റെ അടുക്കലേക്കു കടന്നു ചെല്ലണമെന്നു ഇതു നമ്മെ പഠിപ്പിക്കുന്നു. യേശുവിന്റെ വാക്കുകള്‍ അവനിലുളവാക്കിയ ആനന്ദാതിരേകം വാഗാതീതമാണു.സുവിശേഷകന്റെ വാക്കുകള്‍ അതു വ്യക്തമാക്കുന്നു.സക്കായിയുടെ പ്രതികരണം ശ്രദ്ധിക്കുക .'അവന്‍ ബദ്ധപ്പെട്ടു ഇറങ്ങിവന്നു അവനെ സ്വീകരിച്ചു.'ബദ്ധപ്പെട്ടു എന്ന വാക്കു അവന്റെ ആഹ്ളാദത്തിന്റെ ആഴം വ്യക്തമാക്കുന്നു.എന്നാല്‍ അതോടൊപ്പം ഒരു വലിയ ആത്മീയ പാഠവും അതു ഓതിത്തരുന്നു.ദൈവസന്നിധിയിലേക്കു കടന്നു ചെല്ലുവാന്‍ ചില ബദ്ധപ്പാടുകള്‍ ഏറ്റെടുക്കേണ്ടി വരും.അതു പലരും കരുതുന്നതു പോലെ ലളിതമായ മാര്‍ഗ്ഗമല്ല.കഷ്ടത ഏറ്റെടുക്കുവാനും സഹിക്കുവാനും മനസ്സുള്ളവര്‍ക്കു മാത്രമുള്ളതാണു യേശുവിനോടൊപ്പമുള്ള വാസം.ആരാധനയ്ക്കും ദൈവികസംസര്‍ഗ്ഗത്തിനു ബദ്ധപ്പെടുവാന്‍ ഇന്നു പല വിശ്വാസികളും തയ്യാറല്ല.ആരാധനയുടെ ദൈര്‍ഘ്യം കൂടുന്നതില്‍ അലോസരപ്പെടുന്നതും തങ്ങള്‍ക്കു സൗകര്യപ്രദമായ സമയത്തു ആരാധന വേണമെന്നു പറയുന്നവരും,ബദ്ധപ്പെടുവാന്‍ മനസ്സില്ലാത്തവരാണു. സക്കായി യേശുവിനെ തന്റെ വീട്ടില്‍ സ്വീകരിച്ചു.ആനന്ദം അലതല്ലുന്ന നിമിഷത്തില്‍ സക്കായിയുടെ മനസ്സു സഞ്ചരിച്ച പാത വി.ലൂക്കോസു രേഖപ്പെടുത്തിയിരിക്കുന്നതു ഇങ്ങനെയാണു.വി.ലൂക്കോഃ19;8'സക്കായിയോ നിന്നു കര്‍ത്താവിനോടുഃകര്‍ത്താവേ,എന്റെ വസ്തുവകയില്‍ പാതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നുണ്ടു,വല്ലതും ചതിവായി വാങ്ങീട്ടുണ്ടെങ്കില്‍ നാലുമടങ്ങു മടക്കി കൊടുക്കുന്നു എന്നു പറഞ്ഞു. സക്കായി പ്രതീക്ഷിക്കാത്ത അനുഗ്രഹം ലഭിച്ചപ്പോള്‍ അവന്റെ മനസ്സു പശ്ചാത്താപവിവശമായി.അതു അവനെ പ്രായശ്ചിത്തം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു.പശ്ചിത്താപത്തോടൊപ്പം പ്രായശ്ചിത്തം കൂടെ ചേരുമ്പോള്‍ മാത്രമേ അനുതാപം അനുഗ്രഹത്തിന്റെ വാതില്‍ തുറക്കുന്ന താക്കോല്‍ ആകുകയുള്ളു.അതുകൊണ്ടാണു വി.കുമ്പസാരത്തില്‍ എന്തെങ്കിലും പ്രായശ്ചിത്തം ചെയ്യുവാന്‍ പുരോഹിതന്‍ നമ്മോടു ആവശ്യപ്പെടുന്നതു. സക്കായിയുടെ സത്യഅനുതാപവും പശ്ചാത്താപവും പാപപരിഹാരക്രിയയും അവനു മാത്രമല്ല,അവന്റെ കുടുംബത്തിനു മുഴുവന്‍ രക്ഷ പ്രദാനം ചെയ്യുന്നു എന്നതാണു ഇവിടെ ഏറ്റം ശ്രദ്ധാര്‍ഹമായ കാര്യം.കര്‍ത്താവു പറഞ്ഞു.'ഇവനും അബ്രഹാമിന്റെ സന്തതിയാകയാല്‍ ഇന്നു ഈ വീട്ടിന്നു രക്ഷയുണ്ടായി.
                                    'സക്കായിയുടെ മാത്രം സത്യഅനുതാപവും വിശ്വാസവും മാനസ്സാന്തരവും ആ കുടുംബത്തിനു മുഴുവന്‍ രക്ഷയ്ക്കു കാരണമായി ഭവിച്ചുവെന്നതു വിശ്വാസ സംബന്ധമായി നമ്മുടെ ഇടയില്‍ ഉളവായിട്ടുള്ള അനവധി സംശയങ്ങള്‍ക്കു ഉത്തരമാണു.ഒരാളുടെ വിശ്വാസം അയാളുടെ മാത്രമല്ല അയാളോടു രക്തബന്ധമുള്ളവരുടേയും രക്ഷയ്ക്കു ഉപകരിക്കുമെന്നതു ശിശുസ്നാനം തുടങ്ങിയ സഭാവിശ്വാസത്തെ സാധൂകരിക്കുന്നു.ഇവിടെ അബ്രഹാമിന്റെ സന്തതി എന്നതു കൊണ്ടു യിസ്രായേല്യന്‍ എന്നുമാത്രമല്ല അര്‍ത്ഥമാക്കുന്നതു.അബ്രഹാം വിശ്വാസികളുടെ പിതാവാകയാല്‍ സത്യവാശ്വാസികളെല്ലാം ആ പദപ്രയോഗത്തില്‍ ഉള്‍പ്പെടുന്നു.നമ്മുടെ ദുഷ്പ്രവൃത്തികള്‍ കുടുംബത്തേയും സമൂഹത്തേയും സാരമായി ബാധിക്കുന്നതു പോലെ,നമ്മുടെ വിശ്വാസവും മാനസ്സാന്തരവും നമ്മുടെ കുടുംബത്തിന്റേയും സമൂഹത്തിന്റേയും രൂപാന്തരത്തിനും രക്ഷയ്ക്കുമായി ഭവിക്കും,ഭവിക്കട്ടെ.അതിനു സന്ധ്യസ്ളൂസോയിലെ അപേക്ഷകള്‍ ദൈവസന്നിധിയില്‍ സമര്‍പ്പിക്കാം.
                                     ദൈവമായ കര്‍ത്താവേ!ശോഭനവസ്ത്രങ്ങളാലും ആത്മീയ പ്രകാശത്താലും നിര്‍മ്മല ചിന്തയാലും യെറുശലേമിലേക്കുള്ള നിന്റെ എഴുന്നെള്ളത്തിന്റെ ഓര്‍മ്മയെ കൊണ്ടാടുന്ന ഈ ദിവസത്തില്‍ നിന്നെ എതിരേല്ക്കുവാന്‍ ഞങ്ങളെ യോഗ്യരാക്കേണമേ.ഞങ്ങളുടെ വംശത്തിനു നിന്റെ കരുണയും സമൃദ്ധമായ ദയയും ശരീരക്ഷേമവും ആത്മസൗഖ്യവും നല്‍കേണമേ.കര്‍ത്താവേ,ഞങ്ങളില്‍ നിന്നു സകലവിധമായ ദണ്ഡനവും അരിഷ്തയും നീരസവും ദുഃഖവും വഞ്ചനയും അസൂയയും ഏഷണിയും അപഹാരവും ആത്മശരീരങ്ങളെ ബാധിക്കുന്ന കഷ്ടതകളും നീക്കിക്കളയേണമേ. ആമ്മീന്‍.

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30