വചനപരിച്ഛേദം.-62.

62-വേഗേന പോകുമീ ആയുസ്സും ഓര്‍ക്കനീ.

സങ്കീ .39;4. ''യഹോവേ, എന്റെ അവസാനത്തേയും എന്റെ ആയുസ്സു എത്ര എന്നതിനേയും എന്നെ അറിയിക്കേണമേ.''
                               ഈ ലോകജീവിതത്തിന്റെ അസ്ഥിരതയെക്കുറിച്ചും ക്ഷണികതയെക്കുറിച്ചും നമുക്കു ബോധമുളവാക്കുന്ന ഒരു സങ്കീര്‍ത്തനമാണു 39-ാം സങ്കീര്‍ത്തനം.ദാവീദു യെദുവേല്‍ എന്ന സംഗീതപ്രമാണിക്കു എഴുതിയ ഒരു സങ്കീര്‍ത്തനമായിട്ടിണു ആമുഖത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതു.ഈ സങ്കീര്‍ത്തനത്തിന്റെ പ്രധാന ആശയം നാലു മുതല്‍ ആറു വരെയുള്ള വാക്യങ്ങളാണു.അവിടെ  മനുഷ്യായുസ്സിനെ കുറിച്ചാണല്ലോ പറഞ്ഞിരിക്കുന്നതു. ഏതു മനുഷ്യനും ഒരു ശ്വാസമത്രേ ആകുന്നു. നിന്റെ സന്നിധിയില്‍ അന്യനും പരദേശിയും ആകുന്നു. എന്നിങ്ങനെ ആ ആശയത്തെ  ബലപ്പെടുത്തുന്ന ചില വാക്യങ്ങളും നമുക്കു ഇതിൽ വായിക്കുവാൻ കഴിയുന്നു.ധ്യാനനിരതമായ മനസ്സുമായി ഈ സങ്കീര്‍ത്തനം വായിക്കുമ്പോള മനുഷ്യജീവിതത്തെ അര്‍ത്ഥ സമ്പൂര്‍ണ്ണവും ദൈവോചിതവും ആക്കുവാന്‍ ഉതകുന്ന ആദ്ധ്യാത്മിക ചിന്തകള്‍ നമ്മുടെ മനസ്സിലേക്കു കടന്നു വരും. ആ വിധത്തിലുള്ള ഒരു വായനയ്ക്കു ഉപകരിക്കുമെന്ന ചിന്തയാണു ഈ സങ്കീര്‍ത്തനം എന്നില്‍ ഉണര്‍ത്തിയ ചിന്തകളെ പങ്കിടുവാന്‍ പ്രേരകമായി ഭവിച്ചതു.
                           ദാവീദു രാജാവു തന്റെ ജീവിതത്തിലെ ഒരു വലിയ  ആഗ്രഹം യഹോവയുടെ സന്നിധിയില്‍ അറിയിക്കുന്നതാണു നാലാം വാക്യത്തില്‍ നാം വായിക്കുന്നതു.'യഹോവേ , എന്റെ അവസാനത്തേയും എന്റെ ആയുസ്സു എത്ര എന്നതിനേയും എന്നെ അറിയിക്കേണമേ.' രണ്ടു കാര്യങ്ങളാണു തന്നെ ഗ്രഹിപ്പിക്കുവാനായി ദാവീദു യഹോവയോടു അപേക്ഷിക്കുന്നതു.' എന്റെ അവസാനത്തെ എന്നെ അറിയിക്കേണമേ 'എന്നതാണു ഒന്നാമത്തെ അപേക്ഷ. ഈ ലോകജീവിതത്തിന്റെ അവസാനം മരണമാണെന്നു എല്ലാവര്‍ക്കും അറിയാം.അതു സുനിശ്ചിതവും അനിശ്ചിതവുമായ ഒരു യാഥാര്‍ത്ഥ്യമാണു.മരണം ആര്‍ക്കും ഒഴിവാക്കുവാൻ സാദ്ധ്യമല്ലാത്ത ഒന്നാകയാല്‍ അതു സുനിശ്ചിതമാകുന്നു. എപ്പോള്‍ എങ്ങനെ മരണം വന്നു ചേരും എന്നു പ്രവചിക്കുവാന്‍ സാദ്ധ്യമല്ലാത്തതിനാല്‍ അതു അനിശ്ചിതവും ആകുന്നു. മരണം എല്ലാവരും ഒരുപോലെ ഭയക്കുന്ന ഒന്നാണു.എങ്കിലും വാര്‍ദ്ധക്യത്തിന്റെ അവശത അനുഭവിക്കുന്നവരെ സന്ദര്‍ശിക്കുമ്പോള്‍ അവര്‍ സാധാരണ ആവശ്യപ്പെടുന്ന ഒരു കാര്യമാണു,'അധികം കഷ്ടപ്പെടുത്താതെ എന്നെ അങ്ങു വിളിക്കുവാന്‍ പ്രാര്‍ത്ഥിക്കണമേ' എന്നതു.പെട്ടെന്നുള്ള മരണമാണു പലരും ആഗ്രഹിക്കുന്നതു എന്നത്രേ ഇതു അര്‍ത്ഥമാക്കുന്നതു. എന്നാല്‍ ഇങ്ങനെയൊക്കെ പറയുന്നവര്‍ പോലും മരണം ആഗ്രഹിക്കുന്നില്ല എന്നതാണു സത്യം.
                               നാം ദിനംതോറും പ്രാര്‍ത്ഥിക്കുന്ന ഒന്നാണു പെട്ടെന്നുള്ള മരണത്തില്‍ നിന്നു എന്നെ രക്ഷിക്കേണമേ എന്നതു.ഇങ്ങനെ പ്രാര്‍ത്ഥിക്കുവാന്‍ പരിശുദ്ധ പിതാക്കന്മാരെ പ്രേരിപ്പിച്ചതു എന്താണു എന്നു നാം മനസ്സിലാക്കേണ്ടതാണു.മരണം കടന്നു വരുന്നതുവരേയും പാപത്തിനുള്ള സാദ്ധ്യതയുണ്ടു.മരണം സമീസ്ഥമായിരിക്കുന്നു എന്ന ബോധം നമ്മെ അനുതാപത്തിലേക്കു നയിക്കേണ്ടതാണു. മരണത്തിനു മുമ്പു അനുതാപത്തിനുള്ള അവസരം ലഭിക്കണമേ എന്നാണു ആ പ്രാര്‍ത്ഥനയുടെ അര്‍ത്ഥം. തൈലാഭിഷേക ശുശ്രൂഷയുടെ ഉദ്ദേശം രോഗശാന്തി ലഭിക്കുക മാത്രമല്ല.രോഗാതുരനായ വ്യക്തിയുടെ മനസ്സു അനുതാപത്തിലേക്കു എത്തിച്ചേരണം എന്നതും ആ ശുശ്രൂഷയുടെ ലക്ഷ്യമാണെന്നു അതിലെ പ്രാര്‍ത്ഥനകളും ഗീതങ്ങളും ശ്രദ്ധിച്ചാല്‍ മനസ്സിലാകും.പെട്ടെന്നുള്ള മരണത്തില്‍ നിന്നു എന്നെ രക്ഷിക്കേണമേ എന്ന പ്രാര്‍ത്ഥനയ്ക്കു,അറിയാത്ത നാഴികയിലും നിനയാത്ത നേരത്തിലും മരണം കടന്നു വന്നു അനുതാപത്തിനുള്ള അവസരം നഷ്ടപ്പെടുത്തരുതേ എന്നാണു അര്‍ത്ഥം.'ക്രിസ്ത്യാനിക്കു ഉചിതമായോരന്ത്യം ഞങ്ങള്‍ക്കു നല്‍കേണമേ ' എന്ന പ്രാര്‍ത്ഥനയും ഈ അര്‍ത്ഥത്തിലാണു കാണേണ്ടതു.. 'യഹോവേ, എന്റെ അവസാനത്തെ എന്നെ അറിയിക്കേണമേ' എന്നു സങ്കീര്‍ത്തനക്കാരന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ,മരണത്തിനു മുമ്പു ഇങ്ങനെയുള്ള ഒരു ഒരുക്കത്തിനുള്ള അവസരം എനിക്കു തരേണം എന്നാണു ഉദ്ദേശിക്കുന്നതു.എന്റെ മരണത്തിന്റെ തീയതിയും സമയവും നേരത്തെ എന്നെ അറിയിക്കേണമേ എന്നു അതിനു അര്‍ത്ഥമില്ല.ഇതു നമ്മുടെ അനുദിന പ്രാര്‍ത്ഥനയായി സ്വീകരിക്കേണ്ടതാണു
                                  'എന്റെ ആയുസ്സു എത്ര എന്നതു എന്നെ അറിയിക്കേണമേ' എന്നതാണു രണ്ടാമത്തെ അപേക്ഷ.എല്ലാ മനുഷ്യരും ഒരുപോലെ ആഗ്രഹിക്കുന്ന ഒന്നാണ് തന്റെ ആയുസിനെക്കുറിച്ചു അറിയണമെന്നുള്ളതു .ദീർഘായുസ് ലഭിക്കണമെനുള്ള മോഹം അതിന്റെ പിന്നിലുണ്ട്. ചിലർക്കു അതു വെറും മോഹം മാത്രമാണ്. ചിലർക്കു അതുവരെ മരണഭയം കൂടാതെ ജീവിക്കാമല്ലോ എന്ന ചിന്തയാണ് ഉള്ളത്.എന്നാൽ ഇതിനു ചില ഗുണങ്ങളും ദോഷങ്ങളുമുണ്ട്.ഗുണങ്ങൾ എന്തെല്ലാം എന്നു ചിന്തിക്കുന്നതിനു മുമ്പ് ദോഷങ്ങൾ ചിന്തിക്കാം. ജാതകം നോക്കി ആയുസ് 80 എന്നു അറിയുന്ന മനുഷ്യൻ 79 വയസ്സുവരെ ഭയം കൂടാതെ ജീവിക്കും.എന്നാൽ അവസാന വർഷത്തെ ജീവിതം നരകതുല്യമായിരിക്കും.നിരാശ നിറഞ്ഞ ഒരു അവസാനം ആയിരിക്കും അയാൾക്ക്‌ ലഭിക്കുക.
                                    മറ്റൊരു കാര്യം; ഒരാളുടെ ആയുസ്സ്75 എന്നാണു ജാതക കുറിപ്പ് എന്നു കരുതുക. അയാൾ 25 ആം വയസ്സിൽ വിവാഹിതനാകുന്നു. ജാതകദോഷമുള്ള ഒരു സ്ത്രീയാണ് ഭാര്യ.ഭർത്താവ് വാഴുകയില്ല എന്നാണ്അവരുടെ ജാതകം. ഒരു കുട്ടി ജനിച്ചു. അവന്റെ ജാതകം അനുസരിച്ച്' പത്താം വയസ്സിൽ അവൻ അനാഥൻ ആകുമത്രേ.അവരുടെ മാനസിക അവസ്‌ഥ നമുക്കു ഊഹിക്കാവുന്നതില്‍ അപ്പുറമാണ്. ഇവിടെ ഈ അറിവ് ഇല്ലാതിരിക്കുന്നതായിരുന്നു നല്ലതു എന്നു തോന്നും എന്നതിൽ സംശയമില്ല.
                                       ആയുസിനെ കുറിച്ചുള്ള അറിവു മറ്റൊരു അവസ്‌ഥ ഉളവാക്കാം.90 വർഷം ആയുസുണ്ട് എന്നു അറിയുന്ന ഒരുവൻ 89 വയസു വരെ ഇഷ്ടം പോലെ ജീവിക്കും.അവസാന വർഷം നല്ലവനായി ജീവിച്ചാൽ മതിയല്ലോ എന്നു വിചാരിക്കുവാനും ഇടയാകും.ഇതും ശരിയായ ഒരു ജീവിതത്തിനു ഇടയാക്കുകയില്ല. മരണത്തെ കുറിച്ചുള്ള അസ്ഥിരത കുറെക്കൂടെ നല്ല ജീവിതം നയിക്കാൻ പ്രേരകം ആകും.ഇവിടെയാണ് ദൈവഭക്തിയിലും ദൈവചിന്തയിലും ജീവിച്ച ദാവീദ് 'എന്റെ ആയുസ്സു എത്ര എന്നു എന്നെ അറിയിക്കേണമേ' എന്നു അപേക്ഷിച്ചതിന്റെ അർത്ഥം വെളിവാകുന്നത്. ആയുസ്സിന്റെ ദൈർഘ്യമല്ല ദാവീദ് ഉദ്ദേശിച്ചത് എന്നു അടുത്ത വാക്യം വ്യക്തമാക്കുന്നു.
                                    ഞാൻ എത്ര ക്ഷണികൻ എന്നു ഞാൻ അറിയുമാറാകട്ടെ എന്നത് കൂടെ ചേർത്തു വായിക്കുമ്പോൾ മാത്രമേ ദാവീദിന്റെ അപേക്ഷയുടെ അർത്ഥം പൂർണ്ണമായി വ്യക്തമാകുകയുള്ളൂ. തന്റെ അവസാനത്തെ കുറിച്ചും ആയുസ് എത്ര എന്നതിനെ കുറിച്ചും  എന്നെ അറിയിക്കുന്നത് മൂലം ഞാൻ എത്ര ക്ഷണികൻ എന്ന ബോധമാണ് എന്നിൽ ഉണ്ടാകേണ്ടത്.'ഏതു മനുഷ്യനും ഉറച്ചു നിന്നാലും ഒരു ശ്വാസം അത്രേ ആകുന്നു' എന്നു തുടർന്ന് പറയുമ്പോൾ ആയുസ്സിന്റെ അനിത്യതയെ കുറിച്ചുള്ള അറിവാണ് താൻ അപേക്ഷിച്ചത് എന്നു വ്യക്തമാകുന്നു. മരണം എപ്പോഴും നമ്മെ പിന്തുടർന്നുകൊണ്ടിരിക്കുന്നു എന്നത് ഒരു സത്യമാണ്.ഇപ്പോൾ വേണമെങ്കിലും അതു നമ്മെ കടന്നു  പിടിക്കാം.അതിനു കലദേശ പരിധികളില്ല.മഹാകവി ഉള്ളൂർ പിങ്ഗള എന്ന മഹാകാവ്യത്തിൽ പറഞ്ഞിരിക്കുന്നത് കേൾക്കുക; ''കാലം തൻ വെണ്മഴു കൈയ്യെഴാതെ ആയുദ്രു മൂലത്തില്‍ ആഞ്ഞാഞ്ഞു വെട്ടുന്നണ്ടായതു ഹൃല്‍സ്പന്ദവേദ്യമാര്‍ക്കും.''നമ്മുടെ ഓരോ ഹൃദയമിടിപ്പും ,കാലം തന്റെ മഴു കൊണ്ട് ആയുസ്സാകുന്ന വൃക്ഷത്തിന്റെ ചുവട്ടിൽ വെട്ടുന്നതിന്റെ ശബ്ദം ആണ്. ഓരോ ഹൃദയമിടിപ്പും നമ്മെ മരണത്തിലേക്ക് അടുപ്പിക്കുന്നു എന്നു സാരം.ഈ മൃത്യുബോധം തനിക്കു നല്കണമെന്നത്രെ ദാവീദ് പ്രാർത്ഥിക്കുന്നത്.
                                    ഹ്രസ്വമായ ഈ ആയുസിനെക്കുറിച്ചും അവിചാരിതമായി കടന്നുവരുന്ന മരത്തെക്കുറിച്ചും ഉള്ള ഈ അറിവ് നമ്മെ കർമ്മോൽസൂകരാക്കേണ്ടതാണ്. ഏതായാലും മരിക്കും ഇനിയും ഒന്നും ചെയ്തിട്ടു കാര്യമില്ല എന്നു കരുതി അലസമായി തള്ളി നിക്കുവാനുള്ളതല്ല ഈ ജീവിതം. ഈ ശരിയായ അവബോധം എന്നിൽ ഉണ്ടാക്കേണ്ട വലിയ മാറ്റത്തെയാണ് ഈ സങ്കീര്‍ത്തനത്തില്‍  നാം വായിക്കുന്നത്.ദാവീദ് 39 -ാം സങ്കീര്‍ത്തനം ആരംഭിച്ചിരിക്കുന്നത് ശ്രദ്ധിക്കുക; ''നാവു കൊണ്ട്  പാപം ചെയ്യാതിരിക്കാൻ എന്റെ വഴികളെ സൂക്ഷിക്കുമെന്നും ദുഷ്ടൻ എന്റെ മുമ്പിൽ ഇരിക്കുമ്പോൾ ഞാൻ എന്റെ വായ് കടിഞ്ഞാണിട്ടു കാക്കുമെന്നും ഞാൻ പറഞ്ഞു.''ക്ഷണികമായ ഈ ആയുസ്സസിനെ കുറിച്ചുള്ള അറിവ് എന്റെ സംസാരത്തേയും പ്രവൃത്തികളെയും നിയന്ത്രിച്ചു നേരായ പാതയിൽ നയിക്കുവാൻ എനിക്ക് പ്രേരണ നൽകേണ്ടതാണ്. കർമ്മങ്ങൾ പിന്നെ അകട്ടെയെന്നു മാറ്റി വയ്ക്കുവാൻ കഴിയുകയില്ല. ചെയ്യേണ്ട കർമ്മങ്ങൾ ചെയ്യേണ്ട സമയത്തു് ചെയ്യേണ്ടത് പോലെ ചെയ്തു തീർത്തെ മതിയാകു.കാരണം നാളെ എനിക്കുള്ളതാണോ എന്നു അറിയില്ലല്ലോ.ഇനി ഈ ആയുസ്സു വളരെയുണ്ട് എന്ന ചിന്ത കർമ്മങ്ങൾ മാറ്റിവെക്കാൻ ഇടയാക്കുമെങ്കിൽ, ആയുസ്സിന്റെ അസ്ഥിരതയെക്കുറിച്ചുള്ള അറിവ് നമ്മെ കർമ്മങ്ങളിൽ തളച്ചിടുവാൻ മതിയായതാണ്. ഈ അറിവ് കുറ്റവും കുറവും ഇല്ലാത്ത ഒരു ജീവിതത്തിലേക്കു വഴി തെളിക്കുന്നതാകണം എന്നു സാരം.
                                   ''ഞാൻ ക്ഷണികൻ '' എന്ന ബോധം മറ്റൊരു വലിയ സത്യത്തിലേക്കു നായിക്കേണ്ടതാണ്. അഞ്ചാം വാക്യം കേൾക്കുക; ''ഇതാ നീ എന്റെ നാളുകളെ നാലു വിരൽ നീളമാക്കിയിരിക്കുന്നു' എന്റെ ആയുസ്സു നിന്റെ മുമ്പാകെ ഏതുമില്ലാത്തതുപോലെ ഇരിക്കുന്നു. ഏതു മനുഷ്യനും ഉറച്ചുനിന്നാലും ഒരു ശ്വാസം മാത്രമാകുന്നു.''മനുഷ്യായുസ്സിന്റെ ക്ഷണികതയും നിസ്സാരതയും എല്ലാം ഈ വാക്യത്തിൽ വെളിപ്പെടുത്തിയിരിക്കുന്നു.വി.വേദപുസ്തകം മനുഷ്യയുസ്സിനെക്കുറിച്ചു നൽകുന്ന വലിയ സന്ദേശവും ഇതുതന്നെയാണ്. സങ്കി; 90; 10 മോശ പ്രാർത്ഥിച്ചതു കേൾക്കുക; ഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം ഏറെയായാൽ എണ്പതു സംവത്സരം അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ. അതു വേഗം തീരുകയും ഞങ്ങൾ കടന്നു പോകയും ചെയ്യുന്നു. ''കണ്ണു മങ്ങാതെയും ബലം ക്ഷയിക്കാതെയും 120 സംവത്സരം ജീവിച്ച മോശക്കു ഈ അറിവ് ലഭിച്ചപ്പോൾ പ്രാർത്ഥിച്ചതു ദാവീദിനെ പോലെ തന്നെയാണ്. സങ്കീ;90;12''ഞങ്ങൾ ജ്ഞാനമുള്ളൊരു ഹൃദയത്തെ പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാന്‍  ഞങ്ങളെ ഉപദേശിക്കേണമേ.''102;11''എന്റെ ആയുസ്സു ചാഞ്ഞുപോകുന്നഒരു നിഴൽ പോലെയാകുന്നു.'' 104 ;4 ലും ഇതു തന്നെ ആവർത്തിക്കുന്നു. ക്ഷണികമായ ഈ ജീവിതത്തിന്റെ ഉദ്ദേശമെന്താണെന്നു ദാവീദ് തുടർന്ന് പറയുന്നു.
                             ക്ഷണികമായ ഈ ആയുസിനെക്കുറിച്ച് ഉള്ള മറ്റൊരു ജീവിതവബോധമാണ് വാക്യം 12  നമുക്ക് പകർന്നു തരുന്നത്. ''നിന്റെ സന്നിധിയിൽ ഞാൻ അന്യനും പരദേശിയുമാകുന്നുവല്ലോ.'' ഈ ലോകജീവിതം ഒരു പരദേശവാസമാണു. . നാം ഇവിടെ പ്രവാസികളാണ്.മറ്റൊരു സ്ഥിരവസമാണ് നമുക്കു ഉള്ളത്. പരി. പൗലോസ് സ്ലീഹായുടെ അഭിപ്രായത്തിൽ നാം സ്വര്‍ഗ്ഗത്തിലെ  പൗരന്മാരാണു. അതു ലക്ഷ്യമാക്കിയായിരിക്കണം  ഇവിടെയുള്ള ക്ഷണികമായ ജീവിതം നയിക്കേണ്ടത്. ഇവിടെയുള്ള പരദേശ വാസം വരുവാനുള്ള നിത്യജീവിതത്തിനുള്ള ഒരുക്ക കാലമാണെന്നു സാരം. നമ്മുടെ കർത്താവ് പറഞ്ഞു; മത്ത;6;19,20 '' പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കുകയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുത് . പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുറന്നു മോഷ്ടിക്കാതെയും ഇരിക്കുന്ന സ്വര്‍ഗ്ഗത്തില്‍  നിക്ഷേപം സ്വരൂപിച്ചുകൊള്ളുവീന്‍.''ദാവീദ് പറയുന്നു; സങ്കി; 39;6,7 ''മനുഷ്യരൊക്കെയും വെറും നിഴലായി നടക്കുന്നു നിശ്ചയം അവർ വ്യര്‍ത്ഥമായി പരിശ്രമിക്കുന്നു നിശ്ചയം, , അവർ ധനം സമ്പാദിക്കുന്നു ; ആർ അനുഭവിക്കും എന്നു അറിയുന്നില്ല. എന്നാൽ കർത്താവേ , ഞാൻ ഏതിനായി കാത്തിരിക്കുന്നു. എന്റെ പ്രത്യാശ നിങ്കൽ വച്ചിരിക്കുന്നു.''അതുകൊണ്ടു ദാവീദ്‌ ദൈവത്തോടു അപേക്ഷിക്കുന്നു; ''എന്റെ സകല ലംഘനങ്ങളില്‍ നിന്നും എന്നെ വിടുവിക്കേണമേ.''
                                     പശ്ചാത്താപമുള്ള ഒരു ഹൃദയവും പാപരഹിതവും കർമ്മാനിരതവും നിത്യജിവന്റെ പ്രത്യാശയുമുള്ള  ഒരു ജീവിതവും പ്രാപിക്കുവാൻ ഒരുക്കുന്നതാകണം ആയുസ്സിനെക്കുറിച്ചും മരണത്തെക്കുറിച്ചും ഉള്ള അറിവ്. ക്ഷണികമായ ഈ ലോകജീവിതം അനന്തവും നിത്യവുമായ അങ്ങേ ലോകത്തിലെ ജീവിതം സമ്പുഷ്ടമാക്കുവാന്‍  ഉള്ളതാണ് എന്ന അവബോധം നമ്മിൽ സൃഷ്ടിക്കേണ്ടതുണ്ട്. ആയുസ്സിനെക്കുറിച്ചുള്ള  അറിവും മരണത്തെക്കുറിച്ചുള്ള അവബോധവും കർമ്മനിരതവും അര്‍ത്ഥവത്തുമായ ഒരു ജിവതത്തിനു നമ്മെ പ്രാപ്‌തർ ആക്കും. ദലൈലമായുടെ വാക്കുകളോടെ ഈ ചിന്തകൾക്ക് വിരമിടാം. ''മനുഷ്യൻ പണം ഉണ്ടാക്കുവാനായി ആരോഗ്യം ത്യജിക്കുന്നു. തുടർന്ന് ആരോഗ്യം വീണ്ടെടുക്കാൻ പണം ത്യജിക്കുന്നു. ഭാവിയെക്കുറിച്ചുള്ള ആശങ്ക മൂലം ഇന്നത്തെ ജീവിതം ആസ്വദിക്കുന്നില്ല. ഒരിക്കലും മരിക്കയില്ല എന്നു വിചാരിച്ചു ജീവിക്കുന്നു. എന്നിട്ടു ഒരിക്കലും ജീവിക്കാതെ മരിക്കുന്നു. '' ജീവിച്ചു മരിക്കുവാൻ ഈ ചിന്തകൾ ഉപകരിക്കട്ടെ എന്നു ആശംസിക്കുന്നു.














Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30