വചനപരിച്ഛേദം-61.

61-എന്റെ യേശു എനിക്കു നല്ലവൻ.

സങ്കീ. 34; 8 യഹോവ നല്ലവൻ എന്നു രുചിച്ചറിവീൻ ; അവനെ ശരണം പ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ.
                          ദാവീദുരാജാവു സ്വാനുഭവത്തിലൂടെ തിരിച്ചറിഞ്ഞ ദൈവസ്നേഹത്തെ വെളിപ്പടുത്തുന്ന മറ്റൊരു സങ്കീര്‍ത്തനമാണു 34-ാാം സങ്കീര്‍ത്തനം. കഷ്ടങ്ങളില്‍ ഏറ്റം അടുത്ത തുണയായ ദൈവത്തിന്റെ പരിപാലനയെയാണു ഈ സങ്കീര്‍ത്തനത്തില്‍ പ്രതിപാദിക്കുന്നതു.ആമുഖകുറിപ്പില്‍ ഈ സങ്കീര്‍ത്തനത്തെ കുറിച്ചു പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുകഃ  'ദാവീദു അബീമേലേക്കിന്റെ മുമ്പില്‍ വച്ചു ബുദ്ധിഭ്രമം നടിക്കുകയും അവിടെ നിന്നു അവനെ ആട്ടിക്കളകയും ചെയ്തിട്ടു അവന്‍ പോകുമ്പോള്‍ പാടിയ ഒരു സങ്കീര്‍ത്തനം. ഈ ആമുഖകുറിപ്പിന്റെ യാഥാര്‍ത്ഥ്യത്തെ സംശയിക്കുന്ന വേദപണ്ഡിതന്മാര്‍ ഉണ്ടു. അതിനു അവര്‍ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങള്‍ പലതാണു. ഈ സംഭവത്തെ കുറിച്ചു ഒരു പരാമര്‍ശവും ഈ സങ്കീര്‍ത്തനത്തില്‍ കാണുന്നില്ലായെന്നതാണു ഒന്നു.അങ്ങനെ ഒരു പരാമര്‍ശവും അവിടെ കാണുന്നില്ലായെന്നതു കൊണ്ടു മാത്രം ആ സത്യത്തെ നിഷേധിക്കുവാന്‍ കഴിയുകയില്ല. ദാവീദിന്റെ തന്നെ മൂന്നാം സങ്കീര്‍ത്തനത്തിനും ഈ ദോഷം ആരോപിക്കാവുന്നതാണു.ദാവീദു മകന്‍ അബ്ശാലോമിനെ ഭയന്നു ഓടിപ്പോയ രാത്രിയില്‍ എഴുതിയതു എന്നു ആമുഖകുറിപ്പുള്ള ആ സങ്കീര്‍ത്തനത്തിലും അതിന്റെ ഒരു പരാമര്‍ശവും കാണുന്നില്ല.എങ്കിലും ആ സങ്കീര്‍ത്തനത്തിന്റെ രചനയ്ക്കു നാദാനമായ സംഭവത്തെ എല്ലാവരും അംഗീകരിക്കുന്നു.ഒരു കാര്യം നാം ഇവിടെ അറിഞ്ഞേ മതിയാകൂ. ഇതു കവിതയാണു. അതില്‍ സംഭവവിവരണം കാണുകയില്ല. ആ സംഭവം തന്നില്‍ ഉളവാക്കിയ വികാരങ്ങളാണു കവിഹൃദയം വെളിവാക്കുന്നതു.ജീവിതാനുഭവങ്ങളില്‍ ദൈവം ഇടപെടുന്നതായി മനുഷ്യന്‍ തിരിച്ചറിയുന്നതു ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണു. ഇവിടെ അതു ഒരു സാക്ഷ്യമായിട്ടല്ല, താന്‍ രുചിച്ചറിഞ്ഞ യാഥാര്‍ത്ഥ്യത്തെ മറ്റുള്ളവര്‍ക്കു പകര്‍ന്നു കൊടുക്കുക എന്നതോടൊപ്പം സ്വയം ആശ്വസിക്കുകയും ചെയ്യുകയാണു ചെയ്യുന്നതു.പലരുടേയും സാക്ഷ്യങ്ങള്‍ ദൈവം തന്നോടു മാത്രം കാട്ടുന്ന കൃപാതിരേകമായി വരച്ചു കാണിക്കുമ്പോള്‍, ദൈവകൃപയെക്കാള്‍ തന്നിലുള്ള നന്മയ്ക്കും തന്റെ പ്രാര്‍ത്ഥനയുടെ ശക്തിക്കും അമിത പ്രാധാന്യം കല്പിക്കുന്നില്ലേയെന്നു സംശയം തോന്നാം.അവിടെ ദൈവത്തിന്റെ മഹത്വം പൂര്‍ണ്ണമായി വെളിപ്പെടുകയില്ല. എന്നാല്‍ താഴ്മയും വിനയവും മുഖമുദ്രയായിട്ടുള്ള ദാവീദു തന്റെ മഹത്വത്തെയല്ല, ദൈവത്തിന്റെ മഹത്വത്തേയും കരുണയേയും കരുതലിനേയും സ്നേഹാതിരേകത്തേയും ഇവിടെ വെളിവാക്കുവാനാണു ശ്രമിച്ചിരിക്കുന്നതു എന്നു മനസ്സിലാക്കുമ്പോള്‍ ഈ അഭിപ്രായത്തിനു വിലയില്ലാതായി തീരുന്നു.
                                ആമുഖകുറിപ്പില്‍ പറഞ്ഞിരിക്കുന്ന സംഭവം 1.ശമു.21;10-15 ഭാഗങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു.അവിടെ ഗത്ത് രാജാവിന്റെ  പേരു ആഖീശ് എന്നാണു കാണുന്നതു.ഇവിടെയാകട്ടെ അബീമേലേക്ക് എന്നുമാണു പറഞ്ഞിരിക്കുന്നതു. പേരിലുള്ള ഈ ചേര്‍ച്ചയില്ലായ്മയും ഇതിന്റെ സത്യാവസ്ഥയില്‍ സംശയം ഉളവാക്കുന്നു. എന്നാല്‍ ഇതു അത്ര ഗൗരവമായി കാണേണ്ടതില്ല. കര്‍ത്താവും ശിഷ്യന്മാരും ഒരു ശാബതുനാള്‍ വിളഭൂമിയില്‍ കൂടെ കടന്നു പോയപ്പോള്‍ വിശന്ന ശിഷ്യന്മാര്‍ കതിര്‍ പറിച്ചു തിന്നു തുടങ്ങി. ഇതു കണ്ട പരീശന്മാര്‍ ശിഷ്യന്മാരുടെ ചെയ്തികള്‍ ചോദ്യം ചെയ്യുന്നു. കര്‍ത്താവു അതിനു നല്‍കിയ മറുപടി വി.മര്‍ക്കോ. 2;23-28 ല്‍ കാണാം.ശിഷ്യന്മാരുടെ പ്രവൃത്തിയെ ന്യായീകരിക്കുവാനായി കര്‍ത്താവു ദാവീദിന്റെ ജീവിതത്തിലെ ഒരു സംഭവം ചൂണ്ടിക്കാണിക്കുന്നു. ദാവീദും കൂടെയുള്ളവരും വിശന്നപ്പോള്‍ , അബ്യാദാര്‍ മഹാപുരോഹിതനായിരിക്കുമ്പോള്‍ , ദേവാലയത്തില്‍ ചെന്നു പുരോഹിതന്മാരാല്ലാതെ മറ്റാരും തിന്നരുതാത്ത കാഴ്ചയപ്പം എടുത്തു തിന്നതായി കര്‍ത്താവു പറയുന്നു.1.ശമു. 21;1-9 വാക്യങ്ങളില്‍ ഈ സംഭവം കാണാം.അവിടെ മഹാപുരോഹിതന്റെ പേരു പറഞ്ഞിരിക്കുന്നതു അഹീമേലേക്കു എന്നാണു.ഇവിടെ ദൈവപുത്രനായ കര്‍ത്താവിനു തെറ്റുപറ്റി എന്നു ആരെങ്കിലും പറയുമോ.പേരിലുള്ള ഈ വ്യത്യാസം കര്‍ത്താവു പറഞ്ഞ ആശയത്തെ വികലമാക്കുന്നില്ല. പേരിനേക്കാള്‍ ആ സംഭവത്തിനാണു അവിടെ പ്രാധാന്യം കല്പിക്കേണ്ടതു.ഇവിടെ പറഞ്ഞിരിക്കുന്ന അബീമേലേക്കു എന്നതു ഗത്തിലെ രാജാക്കന്മാരുടെ വംശനാമമാണെന്നാണു പണ്ഡിത മതം.ഉല്പ. 20; 2, 26; 1 എന്നീ വാക്യങ്ങള്‍ അതിനു തെളിവായി ചൂണ്ടിക്കാണിക്കുന്നു.അതിനാല്‍ ഈ സങ്കീര്‍ത്തനത്തിന്റെ ആമുഖകുറിപ്പില്‍ സംശയിക്കേണ്ടതില്ല.
                                   തന്നെ ഇല്ലാതാക്കുവാന്‍ ശ്രമിക്കുന്ന ശൗലില്‍ നിന്നു രക്ഷപ്പെടുവാനായി ഓടിപ്പോകുന്ന ദാവീദും കൂടെയുള്ളവരും  ഗത്തു രാജാവായ ആഖീശിന്റെ അടുക്കല്‍ ചെല്ലുന്നു.ആഖീശിന്റെ ഭൃത്യന്മാര്‍ അതു ദാവീദുരാജാവാണു എന്നു തിരിച്ചറിയുന്നു.അപകടം ഗ്രഹിച്ച ദാവീദു ബുദ്ധിഭ്രമം നടിച്ചു.ദാവീദിന്റെ അഭിനയം ഫലിച്ചു.ഒരു ഭ്രാന്തനെ തന്റെ മുമ്പില്‍ കൊണ്ടു വന്നതില്‍ രാജാവു കോപിക്കുകയും ഭൃത്യന്മാരെ ശകാരിക്കുകയും ദാവീദിനെ പുറത്താക്കുകയും ചെയ്തു. വലിയ ഒരു ആപത്തില്‍ നിന്നു രക്ഷപെടുവാന്‍  തനിക്കു ബുദ്ധി ഉപദേശിച്ചു തന്ന യഹോവയെ വാഴ്ത്തിപുകഴ്ത്തി ദാവീദു പാടി, യഹോവ നല്ലവന്‍ എന്നു രുചിച്ചറിവീന്‍, അവനെ ശരണം പ്രാപിക്കുന്ന പുരുഷന്‍ ഭാഗ്യവാന്‍.
                                    ദൈവ ഭക്തനായ ഒരു മനുഷ്യനു മാത്രമേ ഈ സന്ദര്‍ഭത്തെ യഹോവ നല്ലവന്‍ എന്നു രുചിച്ചറിയുന്ന നിമിഷങ്ങളായി കാണുവാന്‍ കഴിയുകയുള്ളു. ദാവീദു രാജാവു നമ്മില്‍ നിന്നു തികച്ചും വ്യത്യസ്ഥനായി നില്ക്കുന്നതു ഇങ്ങനെയുള്ള നിമിഷങ്ങളിലാണു.അബീമേലേക്കിന്റെ മുമ്പില്‍ ബുദ്ധിഭ്രമം നടിച്ചു രക്ഷപെട്ടതിനെ സാധാരണമനുഷ്യന്‍ തന്റെ ബുദ്ധിസാമര്‍ത്ഥ്യം കൊണ്ടു നേടിയെടുത്ത ഒരു വിജയമായി മാത്രമേ കാണുകയുള്ളു.അതില്‍ ദൈവത്തിനു വലിയ പങ്കു നല്‍കുകയില്ല. ദാവീദു ഇവിടെ ഒരു മഹത്വവും തനിക്കും തന്റെ ബുദ്ധിസാമര്‍ത്ഥ്യത്തിനും നല്‍കാതെ മുഴുവന്‍ മഹത്വവും ദൈവത്തിനു നല്‍കുന്നു. കാരണം, തനിക്കു തക്കസമയത്തു ബുദ്ധി ഉപദേശിച്ചു തന്നതു യഹോവയാണു എന്ന ഉറച്ച വിശ്വാസം ദാവീദിനു ഉണ്ടായിരുന്നു. ആപത്തില്‍ നിന്നു രക്ഷപെടുമ്പോഴും, രോഗത്തില്‍ നിന്നു വിടുതല്‍ കിട്ടുമ്പോഴും, പ്രശ്നങ്ങളില്‍ നിന്നു വിടുതല്‍ പ്രാപിക്കുമ്പോഴും നാം ദൈവത്തെ സ്തുതിക്കുകയും നന്ദി കരേറ്റുകയും ചെയ്യുമെങ്കിലും, എന്റെ പ്രാര്‍ത്ഥനയുടെ ഫലമായിട്ടാണു  ഇങ്ങനെയൊക്കെ സംഭവിച്ചതു  എന്നു പറയുമ്പോള്‍ , ദൈവകൃപയേക്കാള്‍ എന്റെ പ്രാര്‍ത്ഥനയ്ക്കു പ്രാധാന്യം കൊടുക്കുന്നില്ലെയെന്നു ചിന്തിക്കേണ്ടതാണു.
                             ദാവീദു ഇവിടെ എല്ലാ ബഹുമാനവും പുകഴ്ചയും ദൈവത്തിനു മാത്രം സമര്‍പ്പിക്കുന്നു. അതുകൊണ്ടാണു താന്‍ നേരിടേണ്ടി വന്ന പ്രശ്നങ്ങളെ ഇവിടെ പരാമര്‍ശിക്കാതിരുന്നതു എന്നു ചിന്തിക്കേണ്ടയിരിക്കുന്നു. സങ്കീര്‍ത്തനം ആരംഭിക്കുന്നതു ശ്രദ്ധിക്കുകഃ ''ഞാന്‍ യഹോവയെ എപ്പോഴും വാഴ്ത്തും, അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേല്‍ ഇരിക്കും.( സങ്കീഃ 34;1) വിടുതലും നന്മയും ലഭിക്കുമ്പോള്‍ മാത്രമല്ല സ്തുതിയും പുകഴ്ചയും സ്തോത്രവും അര്‍പ്പിക്കേണ്ടതു. അതു മനസ്സിലാക്കിയതു കൊണ്ടാണു പരിശുദ്ധ പിതാക്കന്മാര്‍ സ്തിതിയും സ്തോത്രവും പുകഴ്ചയും മാഞ്ഞുപോകാത്ത നല്ല ഉന്നതിയും ഇടവിടാതെ സമര്‍പ്പിക്കുവാന്‍ ഞങ്ങളെ യോഗ്യരാക്കേണമേ എന്നു പ്രാര്‍ത്ഥിപ്പാന്‍ നമ്മെ പഠിപ്പിച്ചിരിക്കുന്നതു. അര്‍ത്ഥം ഗ്രഹിക്കാതെ അതു ചൊല്ലി തീര്‍ക്കുന്നതിനാല്‍ അതു അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തോടെ നാം ഉള്‍ക്കൊണ്ടു ജീവിതത്തില്‍ പകര്‍ത്തുന്നില്ലായെന്നതാണു യാഥാര്‍ത്ഥ്യം.ഇങ്ങനെ എല്ലാ കാലത്തും ,ആപത്തില്‍ നിന്നു വിടുതല്‍ കിട്ടുമ്പോള്‍ മാത്രമല്ല , ദൈവത്തെ വാഴ്ത്തി പുകഴ്ത്തുവാന്‍ കാരണമെന്‌താണെന്നു ദാവീദു  തുടര്‍ന്നു പറയുന്നു.അതിനുള്ള ഒരു പ്രധാന കാരണമാണു രണ്ടാം വാക്യത്തില്‍ പറഞ്ഞിരിക്കുന്നതു. ''എന്റെ ഉള്ളം യഹോവയില്‍ പ്രശംസിക്കുന്നു.'' തനിക്കു ഉള്ളതില്‍ ഒന്നും പ്രശംസിക്കാതെ ദൈവത്തില്‍ പ്രശംസിക്കുന്ന ഒരു ഹൃദയമുള്ളവര്‍ക്കു മാത്രമേ  ഈ കാഴ്ചപ്പാടു ലഭിക്കുകയുള്ളു.മറ്റു പലതിലും പ്രശംസിക്കുവാന്‍ വകയുണ്ടായിരുന്നിട്ടും പരി.പൗലോസുശ്ളീഹാ നമ്മുടെ കര്‍ത്താവിന്റെ രക്ഷാകരമായ കുരിശില്‍ മാത്രം പ്രശംസിപ്പാനാണു ആഗ്രഹിച്ചിരുന്നതു. പരി.പൗലോസുശ്ളീഹാ പറയുന്നു.'എനിക്കോ നമ്മുടെ കര്‍ത്താവായ യേശുവിന്റെ കുരിശില്‍ അല്ലാതെ പ്രശംസിപ്പാന്‍ ഇടവരരുതു.' മല്ലനായ ഗോല്യാത്തിനെ നിസ്സാരമായ കല്ലുംകവണിയുമായി നേരിട്ടു വിജയിച്ചപ്പോള്‍ ,ജനം ആര്‍ത്തു പാടിയ,' ശൗല്‍ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തൃ കൊന്നു.' എന്ന സ്തുതിവാക്യങ്ങളില്‍ ദാവീദു മതിമയങ്ങി വീണുപോയില്ല. കാരണം, തന്റെ കഴിവുകൊണ്ടല്ല ഇതു നേടിയതു എന്നു ദാവീദിനു നല്ല ബോദ്ധ്യമുണ്ടായിരുന്നു.1.ശമു. 17;37'' സിംഹത്തിന്റെ കൈയ്യില്‍ നിന്നും കരടിയുടെ കൈയ്യില്‍ നിന്നും എന്നെ രക്ഷിച്ച യഹോവ ഈ ഫെലിസ്ത്യന്റെ കൈയ്യില്‍ നിന്നും എന്നെ രക്ഷിക്കും.'' എന്നും , 1.ശമുഃ 17;45 ''ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേല്‍ നിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തില്‍ നിന്റെ നേരേ വരുന്നു.'' എന്നുമുള്ള വാക്കുകള്‍ അതു വ്യക്തമാക്കുന്നു.ശൗല്‍ രാജാവിന്റെ മരുമകന്‍ എന്ന സ്ഥാനം തന്നില്‍ വന്നു പതിച്ചപ്പോഴും ദാവീദിന്റെ ഈ മനോഭാവത്തിനു ഒരു മാറ്റവും സംഭവിച്ചില്ല. ആജാനുബാഹുവായ ശൗല്‍ രാജാവിനു പകരം  യിസ്രായേലിന്റെ രാജാവായി ശമുവേല്‍ പ്രവാചകന്‍ തന്നെ അഭിഷേകം ചെയ്തപ്പോഴും കരഗതമായ ആ വലിയ സൗഭാഗ്യത്തില്‍ മതിമറന്നു ആഹ്ളാദിക്കാതെ സൗമ്യനായി, വിനയാന്വിതനായി വര്‍ത്തിക്കുകയാണു ദാവീദു ചെയ്തതു. അവിടെയെല്ലാം ദൈവത്തിന്റെ ബലമേറിയ കരം ദാവീദു ദര്‍ശിച്ചിരുന്നു.
                              ദൈവത്തെ എല്ലാക്കാലത്തും വാഴ്ത്തിപുകഴ്ത്തുന്നതിനുള്ള രണ്ടാമത്തെ കാരണമായി പറയുന്നതു നാലു മുതല്‍ എട്ടു വരെയുള്ള വാക്യങ്ങളില്‍ കാണാം.''ഞാന്‍ യഹോവയോടു നിലവിളിച്ചു അവന്‍ എനിക്കു ഉത്തരം അരുളി. എന്റെ സകല കഷ്ടങ്ങളില്‍ നിന്നും എന്നെ വിടുവിച്ചു. അവങ്കലേക്കു നോക്കിയവര്‍ പ്രകാശിതരായി അവരുടെ മുഖം ലജ്ജിച്ചു പോയതുമില്ല.ഈ എളിയവന്‍ നിലവിളിച്ചു യഹോവ കേട്ടു. അവന്റെ സകല കഷ്ടങ്ങളില്‍ നിന്നും വിടുവിച്ചു.യഹോവയുടെ ദൂതന്‍ അവന്റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു. യഹോവ നല്ലവന്‍ എന്നു രുചിച്ചറിവീന്‍,അവനെ ശരണം പ്രാപിക്കുന്ന പുരുഷന്‍ ഭാഗ്യവാന്‍.'' തന്റെ നിലവിളിക്കും പ്രാര്‍ത്ഥനയ്ക്കും അപേക്ഷയ്ക്കും എല്ലാം ദാവീദു ഒടുവിലത്തെ സ്ഥാനം മാത്രമാണു കല്പിച്ചിരിക്കുന്നതു.തന്റെ പ്രാര്‍ത്ഥനയും നിലവിളിയും കേള്‍ക്കുന്ന ദൈവത്തിന്റെ മഹാകരുണയും ദയയും സ്നേഹാതിരേകവും  മാത്രമാണു തന്റെ ജീവിതത്തിലെ എല്ലാ അനുഭവങ്ങള്‍ക്കും പ്രധാന കാരണമെന്നു ദാവീദു വിശ്വസിക്കുന്നു.ആ വിശ്വാസസ്ഥിരതയാണു ഈ വാക്കുകളില്‍ പ്രതിധ്വനിക്കുന്നതു.
                           ദൈവത്തെ സ്വന്തം ജീവിതാനുഭവങ്ങളില്‍ കൂടെ രുചിച്ചറിഞ്ഞതിനാലാണു യഹോവ നല്ലവന്‍ എന്നു രുചിച്ചറിവീന്‍ .എന്നു ധൈര്യപൂര്‍വ്വം ദാവീദു ആഹ്വാനം ചെയ്യുന്നതു. യഹോവ നല്ലവന്‍ ആകുന്നു എന്ന മാറ്റമില്ലാത്ത സത്യം വി.വേദപുസ്തകത്തില്‍ ഉടനീളം ദര്‍ശിക്കുന്നു.ദാവീദു തന്നെ സങ്കീ.25;8 ല്‍ പറയുന്നു ''യഹോവ നല്ലവനും നേരുള്ളവനും ആകുന്നു .'സങ്കീ . 106;1 ''യഹോവയെ സ്തുതിപ്പീന്‍, യഹോവയ്ക്കു സ്തോത്രം ചെയ്യുവീന്‍ അവന്‍ നല്ലവനല്ലോ.''സങ്കീ . 119;68 ''നീ നല്ലവനും നന്മ ചെയ്യുന്നവനുമാകുന്നു.''ദൈവത്തെ സ്തിക്കുമ്പോഴൊക്കെയും ''അവന്‍ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളതു.'' എന്നാണു കാണുന്നതു.2.ദിന. 5;13, എസ്രാ. 3;1, യെറ. 33;11 തുടങ്ങിയ വേദഭാഗങ്ങളെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രമാണു.
                         വി.വേദപുസ്തകത്തിലെ വാക്യങ്ങളിലൂടെയും മറ്റുള്ളവരുടെ അനുഭവങ്ങളിലൂടെയും മാത്രം ഗ്രഹിക്കേണ്ട ഒരു സത്യമല്ല ഇതു.അതെല്ലാം ഈ സത്യത്തെ നമുക്കു ചൊല്ലി തരുമെങ്കിലു അതു നമ്മുടെ ചിന്തകളിലും വിചാരങ്ങളിലും പ്രവൃത്തികളിലും വിട്ടുമാറാതെ നിഴലിക്കണമെങ്കില്‍ അതു സ്വന്തം ജീവിതാനുഭവങ്ങളില്‍  കൂടെ രുചിച്ചറിഞ്ഞേ മതിയാകൂ.അതു നേരിട്ടുള്ള അറിവായി പരിണമിക്കുമ്പോള്‍  മാത്രമാണു  ആ വിശ്വാസത്തില്‍ നാം ഉറച്ചു നില്‍ക്കാന്‍ പ്രാപ്തരാകുന്നതു. വി.വേദപുസ്തകത്തിലെ വിശുദ്ധന്മാരെല്ലാം ഈ സത്യം രുചിച്ചറിഞ്ഞവരാണു. അബ്രഹാമും മോശെയും യോശുവയും ശമുവേല്‍പ്രവാചകനും ദാവീദും പ്രവാചകന്മാരും പത്രോസും പൗലോസും യാക്കോബും യോഹന്നാനും എല്ലാം ഈ ഗണത്തില്‍ പെടുന്നു.കഷ്ടങ്ങളില്‍ സന്തോഷിക്കുവാനും പ്രശംസിക്കുവാനും ദുഃഖങ്ങളിലും ദുരിതങ്ങളിലും പ്രശ്നങ്ങളിലും പ്രതിസന്ധികളിലും തളര്‍ന്നും തകര്‍ന്നും പോകാതെ നിലനില്ക്കുവാനും അവരെ പ്രാപ്തരാക്കിയതു ഈ രുചിച്ചറിവാണു. 1.പത്രോ.2;3 'കര്‍ത്താവു ദയാലുവെന്നു നിങ്ങള്‍ ആസ്വദിച്ചിട്ടുണ്ടല്ലോ.'' ഈ ആസ്വാദനം നമുക്കു ബലവും ശക്തിയും ധൈര്യവും പ്രത്യാശയും സമാധാനവും സന്തോഷവും പ്രദാനംചെയ്യുന്നു.കാരാഗൃഹത്തില്‍ രണ്ടു പടയാളികളുടെ നടുവില്‍  ബന്ധിതരായി കിടന്നപ്പോഴും പത്രോസിനു ശാന്തനായി  ഉറങ്ങാന്‍ കഴിഞ്ഞതും( അപ്പോ. 12;16) കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടവരായി കിടന്നപ്പോള്‍ ദൈവത്തെ പാടി സ്തുതിപ്പാന്‍  പൗലോസിനും ശീലാസിനും കഴിഞ്ഞതും( അപ്പോ.16. 25) ഈ രുചിച്ചറിവു നല്‍കിയ പ്രത്യാശയും സ്ഥൈര്യവുമാണു.
                                 ഈ രുചിച്ചറിവു ലഭിച്ചവര്‍ പിന്നെ അവനില്‍ മാത്രം  ആശ്രയിക്കും.ലൗകികജീവിത നന്മകളിലൊന്നും ആശ്രയം വയ്ക്കുകയില്ല.മാത്രമല്ല, ജീവിതത്തില്‍ വന്നു ഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ ദൈവത്തെ രുചിച്ചറിയുവാനുള്ള അവസരങ്ങളായി കാണുകയും ആശ്വസിക്കുകയും ചെയ്യും.ദൈവത്തില്‍ ആശ്രയിക്കുകയും ദൈവം മാത്രം ആശ്രയമായിരിക്കുകയും ചെയ്യുന്നവരെയാണു വി.വേദപുസ്തകം  ഭാഗ്യവാന്മാര്‍ എന്നു വിളിക്കുന്നതു. സങ്കീഃ84;12''സൈന്യങ്ങളുടെ യഹോവേ നിന്നില്‍ ആശ്രയിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ .' ലോകത്തിന്റെ ദൃഷ്ടിയില്‍ ലൗകികമായ സമ്പത്തും സ്ഥാനമാനങ്ങളും ഐശ്വര്യങ്ങളും ഭാഗ്യമായി കാണുന്നു. അതാകട്ടെ ക്ഷണികവും നശ്വരവും ക്ഷണപ്രഭാചഞ്ചലവുമാ ണു.അതില്‍ ആശ്രയിക്കുന്നവര്‍ അതു ഇല്ലാതെയാകുമ്പോള്‍ കുലുങ്ങിപ്പോകുകയും നിരാശയുടെ പടുകുഴിയില്‍ നിപതിക്കുകയും ചെയ്യുന്നു.അതുകൊണ്ടാണു സങ്കീര്‍ത്തനക്കാരന്‍,''യഹോവയില്‍ ആശ്രയിക്കുന്നവന്‍ കുലുങ്ങാതെ എന്നേക്കും നില്‍ക്കുന്ന പര്‍വ്വതം പോലെയാകുന്നു.(സങ്കീഃ 125; 1)എന്നു പറയുന്നതു.
                                യഹോവ നല്ലവന്‍ എന്നു രുചിച്ചറിഞ്ഞു അവനെ ശരണം പ്രാപിക്കുന്ന പുരുഷന്‍ എങ്ങനെയായിരിക്കണം, അവന്റെ അനുഭവങ്ങള്‍ എങ്ങനെയുള്ളതായിരിക്കും എന്നാണു ദാവീദു തുടര്‍ന്നു പറയുന്നതു.ഒന്നാമതു, അവര്‍ യഹോവയെ ഭയപ്പെടുന്നവര്‍ ആയിരിക്കണം. ഭീകരനായ ഒരുവനോടുള്ള മനോഭാവമായ ഭയമല്ല ഇവിടെ ഉദ്ദേശിക്കുന്നതു.ഭക്തിയില്‍ നിന്നു ഉളവാകുന്ന ഭയമാണു ഉദ്ദേശിക്കുന്നതു.ആ ഭയത്തില്‍ നിന്നാണു ബഹുമാനം ഉളവാകുന്നതു.അതാകട്ടെ വിശുദ്ധന്മാര്‍ക്കു ഉണ്ടാകുന്ന അനുഭവമാണു.ദാവീദു പറയുന്നു 'യഹോവയുടെ ഭക്തന്മാരെ ! അവനെ ഭയപ്പെടുവീന്‍ '' ഭയഭക്തിബഹുമാനത്തോടു കൂടെ ദൈവത്തെ ആരാധിക്കുന്ന വിശുദ്ധന്മാര്‍ക്കു ഒന്നിനും മുട്ടുണ്ടാകുകയില്ല . വി.കുര്‍ബ്ബാനയില്‍ ഭയഭക്തിയോടു കൂടെ കര്‍ത്താവിനെ നമുക്കു  സ്തോത്രം ചെയ്യാം ' എന്ന പട്ടക്കാരന്റെ പ്രാര്‍ത്ഥനാഹ്വാനവും,' ഭയത്തോടുകൂടി കര്‍ത്താവിനെ സ്തോത്രം ചെയ്യുന്നതു യുക്തവും ന്യായവുമാകുന്നു.'' ജനത്തിന്റെ പ്രതിവാക്യവും ഈ സത്യമാണു വെളിവാക്കുന്നതു.' എനിക്കു മുട്ടുണ്ടാകുകയില്ല .' എന്ന 23-ാാം സങ്കീര്‍ത്തനവാക്യം ഇതിനോടു ചേര്‍ത്തു ധ്യാനിക്കുക.എന്നാല്‍ ഇതു സ്വന്ത അനുഭവമായി തീരണമെങ്കില്‍ അതിനു അനുസരണമായി ജീവിക്കേണ്ടതാണു എന്നത്രേ ദാവീദു തുടര്‍ന്നു പറയുന്നതു.സങ്കീ. 34;11-14 ''മക്കളേ ! വന്നു എനിക്കു ചെവി തരുവീന്‍ . യഹോവയോടുള്ള ഭക്തി ഞാന്‍ നിങ്ങള്‍ക്കു ഉപദേശിച്ചു തരാം.ജീവനെ ആഗ്രഹിക്കുകയും നന്മ കാണേണ്ടതിന്നു ദീര്‍ഘായുസ്സു ഇച്ഛിക്കുകയും ചെയ്യുന്നവര്‍ ആര്‍? ദോഷം ചെയ്യാതെ തന്റെ നാവിനേയും വ്യാജം പറയാതെ തന്റെ അധരത്തേയും കാത്തു കൊള്ളുക.ദോഷം വിട്ടകന്നു ഗുണം ചെയ്ക, സമാധാനം അന്വേഷിച്ചു പിന്‍തുടരുക.' രുചിച്ചറിഞ്ഞ സത്യത്തിനു അനുസരണമായി ജീവിക്കുമ്പോള്‍ മാത്രമാണു 'യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നതു.' അപ്പോള്‍ നീതിമാന്മാരുടെ നിലവിളി യഹോവ കേള്‍ക്കും സകല കഷ്ടങ്ങളില്‍ നിന്നും അവരെ വിടുവിക്കുകയും ചെയ്യും.അറിവും വിശ്വാസവും മാത്രം പോരാ, അതിനു അനുസരണമായി പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യേണ്ടതു അനുപേക്ഷണീയാമാണെന്നു ദാവീദു നമ്മെ ഉദ്ബോധിപ്പിക്കുന്നു.
                             നാം തിരിച്ചറിയേണ്ട ഒരു വലിയ സത്യം കൂടെ ദാവീദു ഇവിടെ വെളിവാക്കുന്നു. കേള്‍ക്കുകഃ സങ്കീ . 34;18,19 ''ഹൃദയം നുറുങ്ങിയവര്‍ക്കു യഹോവ സമീപസ്ഥന്‍; മനസ്സു തകര്‍ന്നവരെ അവന്‍ രക്ഷിക്കുന്നു.നീതിമാന്റെ അനര്‍ത്ഥങ്ങള്‍ അസംഖ്യമാകുന്നു.അവ എല്ലാറ്റില്‍ നിന്നും യഹോവ അവനെ വിടുവിക്കുന്നു.'' യഹോവ നല്ലവന്‍എന്നു രുചിച്ചറിഞ്ഞു അവനെ ശരണം പ്രാപിക്കുന്നതു കൊണ്ടു ലഭിക്കുന്ന ഭാഗ്യാവസ്ഥ എന്നു പറയുന്നതു ; നാം പലപ്പോഴും കരുതുന്നതു പോലെ ,പിന്നീടു ദുഃഖങ്ങളും പ്രയാസങ്ങളും കഷ്ടതകളും രോഗങ്ങളും പ്രശ്നങ്ങളും  പ്രതിസന്ധികളും ഉണ്ടാകുകയില്ലായെന്നല്ല . നീതിമാനു അങ്ങനെയുള്ള അനുഭവങ്ങള്‍ അസംഖ്യമായിരിക്കുമെന്നു   ദാവീദു സ്വാനുഭവത്തില്‍ നിന്നാണു പറയുന്നതു.ദൈവഭക്തനായി ജീവിച്ച ദാവീദിനു ഉണ്ടായ ദുഃഖാനുഭവങ്ങള്‍ അനവധിയാണു എന്നു വി.വേദപുസ്തകം സാക്ഷിക്കുന്നു.വിശ്വാസികളുടെ പിതാവായ അബ്രഹാമിനു നേരിടേണ്ടി വന്ന കടുത്ത ജീവിതയാഥാര്‍ത്ഥ്യങ്ങളും അനവധിയായിരുന്നുവല്ലോ. പക്ഷെ, യഹോവ തന്റെ ഭക്തന്മാരെ അതില്‍ നിന്നെല്ലാം വിടുവിച്ചു ശാന്തിയുടെ തീരത്തു എത്തിക്കുമെന്നു ദാവീദു ഈ സങ്കീര്‍ത്തനത്തിലൂടെ നമുക്കു  ധൈര്യവും പ്രത്യാശയും പകര്‍ന്നു തരുന്നു.
                             കഴിഞ്ഞ കാലങ്ങളിലേക്കു നമുക്കു  തിരിഞ്ഞു നോക്കാം. എത്രമാത്രം അത്ഭുതകരമായി ദൈവം നമ്മെ പരിപാലിച്ച അനേകം സന്ദര്‍ഭങ്ങളെ കണ്ടെത്താം.അവിടെയെല്ലാം ദൈവം നല്ലവനും വല്ലഭനും ആയിരുന്നു എന്നു രുചിച്ചറിയാന്‍ കഴിഞ്ഞിരുന്നു.എന്നാല്‍ ആ അറിവിനു അനുസരണമായി ജീവിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നു പരിശോധിക്കാം.വന്നുപോയ വീഴ്ചകളെ കണ്ടെത്തി അനുതാപത്തോടെയും പുതിയ തീരുമാനത്തോടെയും ദൈവത്തോടു അടുത്തു ചെല്ലാം. അവന്‍ നമ്മെ കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല.
           

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30