വചനപരിച്ഛേദം-67.

67-തിരുവചനം, പാതകള്‍ക്കു വിളക്കും ഊടുവഴികള്‍ക്കു പ്രകാശവും.

സങ്കീഃ 119;108. നിന്റെ വചനം എന്റെ കാലുകള്‍ക്കു ദീപവും എന്റെ പാതകള്‍ക്കു പ്രകാശവുമാകുന്നു.

                   സങ്കീര്‍ത്തനങ്ങളില്‍ ഏറ്റം വലിയ സങ്കീര്‍ത്തനമാണല്ലോ 119-ാം സങ്കീര്‍ത്തനം.  176 വാക്യങ്ങള്‍ ഉള്ള ഈ സങ്കീര്‍ത്തനം എട്ടു വാക്യങ്ങള്‍ വീതമുള്ള 22 ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. സുറായാനി അക്ഷരമാലാക്രമത്തിലാണു അതു വിരചിതമായിരിക്കുന്നതു.ആലേഫ്, ബേത്ത് എന്നിവ വാക്കുകളാണെന്നു നമുക്കു തോന്നുമെങ്കിലും അവ സുറിയാനിഭാഷയിലെ അക്ഷരങ്ങളാണു.തര്‍ജ്ജുമയില്‍ പ്രകടമാക്കാന്‍ കഴിയാത്ത ഒരു സവിശേഷത ഈ സങ്കീര്‍ത്തനത്തിനു ഉണ്ടു. ഓരോ ഭാഗത്തിലേയും എട്ടു വാക്യങ്ങളും ആരംഭിക്കുന്നതു ആ അക്ഷരത്തിലാണു. അതുകൊണ്ടുതന്നെ  ഈ സുദീര്‍ഘമായ സങ്കീര്‍ത്തനം സുറിയാനി ഭാഷയില്‍ ഹൃദിസ്ഥമാക്കുക നിഷ്പ്രയാസമാണു. ഇത്രയും വലിയ ഒരു സങ്കീര്‍ത്തനം ആയതുകൊണ്ടു സുറിയനിയേതരഭാഷകളില്‍ അതു ഹൃദിസ്ഥമാക്കുക അല്പം പ്രയാസമാണു. മാത്രമല്ല, ഒറ്റ വായനയില്‍ അതു പൂര്‍ത്തിയാക്കുവാന്‍ പോലും പലരും തയ്യാറാകുകയുമില്ല. ഈ സങ്കീര്‍ത്തനം വായിക്കാത്തവര്‍ പോലും ഉണ്ടായെന്നു വരാം. വലിപ്പം കൊണ്ടുമാത്രമല്ല, ഉള്ളടക്കം കൊണ്ടും ഈ സങ്കീര്‍ത്തനത്തിന്റെ സ്ഥാനം മുന്‍പന്തിയില്‍ തന്നെയാണു
                                ഈ സങ്കീര്‍ത്തനത്തിലെ 176 വാക്യങ്ങളും ചിന്തോദ്ദീപകവും ആത്മീയജീവിതത്തെ പരിപോഷിപ്പിക്കുവാൻ ഉതകുന്ന ധ്യാന ചിന്തകളോടു കൂടിയവയുമാണ്. ഈ സങ്കീർത്തനം ഒരാവർത്തി വായിച്ചിട്ടില്ലാത്തർക്കു പോലും സുപരിചിതമായ ഒരു വാക്യമാണ് നമ്മുടെ പ്രധാന ചിന്താവിഷയമായ വാക്യം. കാരണം, ഓർത്തോഡോക്സ് സഭയുടെ യാമ പ്രാര്‍ത്ഥനകളില്‍  ക്യംതയുടെയും സ്‌ളീബായുടെയും നമസ്കാരങ്ങളിലും , ശീമാനമസ്കാരങ്ങളിലും നിത്യപ്രാര്‍ത്ഥനാ ക്രമത്തിലും  സന്ധ്യാനമസ്കാരത്തിൽ ചൊല്ലുവാനായി പരി. പിതാക്കന്മാർ ഒരുക്കിയിരിക്കുന്ന മസമൂറയിൽ ഈ സങ്കീര്‍ത്തന വാക്യങ്ങൾ ഉള്‍പ്പെടുത്തിയിരിക്കുന്നു. യാമ പ്രാർത്ഥന ക്രമമായി നടത്തുന്നവരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയിട്ടുള്ള ഒരു സങ്കീര്‍ത്തന വാക്യമാണ് ഇതു.
                               ദൈവ വചനത്തിന്റെ ഏറ്റവും വലിയ സവിശേഷതയാണ് ഈ സങ്കീര്‍ത്തന വാക്യം പ്രകാശിപ്പിക്കുന്നത്. 119- ാംസങ്കിർത്തനം മുഴുവനായി ശ്രദ്ധിക്കുമ്പോൾ ഇതു യഹോവയുടെ വചനങ്ങളെ പ്രകീര്‍ത്തിക്കുന്ന ഒരു സങ്കീര്‍ത്തനമാണെന്നു  പറയുവാൻ കഴിയും. ദൈവവചനത്തിന്റെ പര്യായ പദങ്ങളായ ന്യായപ്രമാണം, പ്രമാണം, കല്പന, ചട്ടങ്ങൾ, സാക്ഷ്യങ്ങൾ വിധികൾ തുടങ്ങിയ പദങ്ങൾ അനേകം പ്രാവശ്യം ഇതിൽ ഉപയോഗിച്ചിരിക്കുന്നു. ഏതാണ്ട് 160 ൽ അധികം തവണ ഈ പദങ്ങൾ ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. അതിൽ വചനം എന്ന പദമാകട്ടെ30 ഓളം തവണ ഉപയോഗിച്ചിട്ടുണ്ട്. ദൈവവചനത്തിന്റെ സവിശേഷതകളും അതു ധ്യാനിക്കുകയും ആചരിക്കുകയും ചെയ്യുന്നതുകൊണ്ട് ലഭിക്കുന്ന നന്മകളും അനുഗ്രഹങ്ങളും , അതു ആചരിക്കേണ്ടതിന്റെ ആവശ്യകതയും ആണ് ഇതിന്റെ പ്രധാന പ്രതിപാദ്യ വിഷയം.
                      ദൈവവചനം കാലുകള്‍ക്കു ദീപവും ഊടുവഴികള്‍ക്കു പ്രകാശവുമായി ഭവിക്കണമെങ്കില്‍ വി.വേദപുസ്തകത്തില്‍ ദൈവ വചനത്തിനു നല്‍കിയിരിക്കുന്ന അര്‍ത്ഥവ്യാപ്തി ഗ്രഹിച്ചേ മതിയാകൂ. ആയതിനാല്‍ പഴയനിയമത്തിലും പുതിയ നിയമത്തിലും വചനത്തെ എങ്ങനെയാണു  കാണുന്നതു എന്നും ആധുനികകാലത്തു ദൈവവചനം എങ്ങനെയാണു കാണുകയും മനസ്സിലാക്കുകയും പാലിക്കുകയും ചെയ്യുന്നതെന്നും പരിശോധിക്കുവാനാണു ഇവിടെ ആഗ്രഹിക്കുന്നതു്.
                    വചനത്തനു അനുസരണമിയി ജീവിക്കുക എന്നതു ഇന്നു നിരന്തരം കേള്‍ക്കുന്നു ഒരൂ ആഹ്വാനമാണു. ക്രിസ്തീയ ജീവിതം തിരുവചനാടിസ്ഥാനത്തില്‍ ആയിരിക്കണം എന്നതിനു പക്ഷാന്തരമില്ല. എന്നാല്‍ 'വചനം' എന്നതു ഇന്നു വളരെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ദൈവ വചനത്തിന്റെ പ്രധാന ലക്ഷ്യം അവഗണിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ദൈവസംസര്‍ഗ്ഗത്തില്‍ ആയിരിക്കുവാന്‍ തക്കവണ്ണം സഭ ഒരുക്കിയിരിക്കുന്ന കൂദാശകള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ആത്മീയ കര്‍മ്മങ്ങള്‍ക്കും വി.വേദപുസ്തകത്തില്‍ തെളിവുകള്‍ തേടി അലയുകയും ചെയ്യുന്ന പ്രവണത ഇന്നു വര്‍ദ്ധിച്ചിരിക്കുന്നു.വി.വേദപുസ്തകത്തിലെ 66 പുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നതു മാത്രമാണു  ദൈവവചനം എന്ന തെറ്റായ ധാരണയാണു ഇതിനു വഴി തെളിച്ചതു.വി.വേദപുസ്തകത്തിലെ ദൈവാത്മനിശ്വസിതമായ വചനങ്ങളുടെ മഹത്വത്തെ പൂര്‍ണ്ണമായി അംഗീകരിച്ചു കൊണ്ടുതന്നെ പറയട്ടെ , വേദപുസ്തകേതരങ്ങളായ  ദൈവചനങ്ങള്‍ ഉണ്ടു എന്നതും ഒരു യാഥാര്‍ത്ഥ്യം ആണു. ദൈവവചനങ്ങളുടെ വ്യാപ്തിയെ കുറിച്ചുള്ള  അജ്ഞതയാണു  പാരമ്പര്യമായി നാം വിശ്വസിക്കുകയും ആചരിക്കുകയും ചെയ്യുന്ന വിശ്വാസ ആചാരാനുഷ്ഠാനങ്ങള്‍ വചനാധിഷ്ഠിതമല്ലെന്നു തെറ്റിദ്ധരിച്ചു പുതിയ വിശ്വാസത്തിലേക്കും പുതിയ സഭകളിലേക്കും  വഴുതി വീണു പോകുവാന്‍ കാരണം. അതിനാല്‍ തന്നെ വചനത്തെ കുറിച്ചുള്ള  ഗൗരവമായ പഠനം അനിവാര്യമായി ഭവിച്ചിക്കുന്നു. വി.വേദപുസ്തകാടിസ്ഥാനത്തില്‍ വചനം എന്താണെന്നും അതിന്റെ ഉദ്ദേശം എന്താണെന്നും  വേദപുസ്തകേതര വചനങ്ങള്‍ ഏതൊക്കെയാണെന്നും ഉള്ള ലഘുവായ ഒരന്വേഷണമാണു ഇവിടെ ഉദ്ദേശിക്കുന്നതു.
                        വചനം അഥവാ വാക്കു  ദൈവം മനുഷ്യനു മാത്രം നല്‍കിയ ഒരു വരദാനമാണു.മനുഷ്യന്‍ തന്റെ ആശയങ്ങളെ അന്യനു വെളിപ്പെടുത്തി കൊടുക്കുവാനുള്ള ഒരു ഉപാധിയാണു വാക്കു. മനുഷ്യന്റെ അധരങ്ങളില്‍ നിന്നു പുറപ്പെടുന്ന സാര്‍ത്ഥകമായ ശബ്ദമാണു വാക്കു എന്നത്രേ ശബ്ദശാസ്ത്രകാരന്മാര്‍ ഇതിനു അര്‍ത്ഥം കല്പിച്ചിരിക്കുന്നതു.അതിനാല്‍ വാക്കു ഒരു വെളിപാടാണു എന്നു പറയാം. ആ അര്‍ത്ഥത്തില്‍ ദൈവവചനങ്ങളും വെളിപാടുകളാണു.ദൈവത്തെ മനുഷ്യനു വെളിപ്പെടുത്തി കൊടുക്കുകയാണല്ലോ വി.വേദപുസ്തകത്തിന്റെ പരമമായ ലക്ഷ്യം.  മശിഹാ തമ്പുരാനെ 'വചനം' എന്നു വി.യോഹന്നാന്‍ വിളിച്ചതു ദൈവത്തെ മനുഷ്യനു വെളിപ്പെടുത്തി കൊടുത്തവന്‍ എന്ന അര്‍ത്ഥത്തില്‍ തന്നെയാണു. എന്നാല്‍ മനുഷ്യകല്പിതമായ വാക്കുകള്‍ക്കു ഒന്നിനേയും പൂര്‍ണ്ണമായി വെളിപ്പെടുത്തതുവാന്‍  കഴിയുകയില്ല.
 '' തന്നതില്ല പരനുള്ളുകട്ടുവാ
  നൊന്നുമേ നരനുപായമീശ്വരന്‍
  ഇന്നു ഭാഷയിതപൂര്‍ണ്ണമങ്ങഹോ
  വന്നുപോംപിഴയുമര്‍ത്ഥശങ്കയാല്‍.'
എന്ന മഹാകവി കുമാരനാശാന്റെ വാക്കുകള്‍ ഇവിടെ സാര്‍ത്ഥകമാകുന്നു. മനുഷ്യന്റെ വാക്കുകള്‍ക്കു പരിമിതിയുണ്ടു.അതുകൊണ്ടുതന്നെ അപരിമിതനായ ദൈവത്തെ പരിമിതിയുള്ള വാക്കുകളാല്‍ എങ്ങനെ പൂര്‍ണ്ണമായി വെളിപ്പെടുത്തുവാന്‍ കഴിയും. വാക്കുകളുടെ ഈ പരിമിതിയെ മനസ്സില്‍ വച്ചുകൊണ്ടു വേണം വി.വേദപുസ്തകത്തിലെ വചനങ്ങളെ സമീപിക്കേണ്ടതു. ലഭിച്ചിട്ടുള്ള വചനങ്ങളില്‍ ശ്രേഷ്ഠവും അതുല്യവുമാണു വി.വേദപുസ്തക വചനങ്ങള്‍ എന്നതില്‍ തര്‍ക്കമില്ല.
                   പഴയനിയമത്തില്‍ 'വചനം' ഏതെങ്കിലും പ്രത്യേക അര്‍ത്ഥമുള്ള വാക് രൂപത്തിലുള്ള ശബ്ദത്തില്‍ കവിഞ്ഞ ഒന്നാണു. അതിനു ശക്തിയും യാഥാര്‍ത്ഥ്യവും ഉണ്ടെന്നു വിശ്വസിച്ചിരുന്നു.'ദാബാര്‍ ' എന്ന എബ്രായ പദത്തിന്റെ വിവര്‍ത്തനമാണു വചനം. അതില്‍ പ്രസ്താവനയും പ്രഭാഷണവും വിവരണവും സന്ദേശവും ആജ്ഞയും അഭ്യര്‍ത്ഥനയും വാഗ്ദാനവുമെല്ലാം ഉള്‍പ്പെടുന്നു. സന്ദര്‍ഭം കൊണ്ടു മാത്രമേ അതു തിരിച്ചറിയുവാന്‍ കഴിയുകയുള്ളു. ഏതെങ്കിലും ഒരു വാക്കിന്റേയോ വാചകത്തിന്റേയോ അടിസ്ഥാനത്തില്‍ ദൈവ വചനത്തെ വ്യാഖ്യാനിക്കുന്നതു ശരിയല്ല എന്നു പറയുവാന്‍ കാരണം ഇതാണു.ദാബാര്‍ എന്ന വാക്കിനു വസ്തുത, സംഗതി, സംഭവം ,പ്രവൃത്തി മുതലായ ആശയങ്ങളുമുണ്ടു. മലയാള വേദപുസ്തകത്തില്‍ ഇതു കാര്യമെന്നാണു വിവര്‍ത്തനം ചെയ്തിരിക്കുന്നതു. ഒരു ഉദാഹരണം. ഉല്പഃ13;14 ' യഹോവയാല്‍ കഴിയാത്ത കാര്യമുണ്ടോ?'' എന്നിടത്തു ദാബാര്‍ എന്ന വാക്കാണു ഉപയോഗിച്ചിരിക്കുന്നതു. പഴയ നിയമത്തില്‍ ഉടനീളം ദൈവവചനങ്ങളെ യഹോവയുടെ അരുളപ്പാടു എന്നാണു രേഖപ്പെടുത്തിയിരിക്കുന്നതു.ഇതു ഏകദേശം 400 സ്ഥലത്തു ഉപയോഗിച്ചിരിക്കുന്നു. യഹോവ തന്റെ ജനത്തിനു നല്‍കുന്ന സന്ദേശമെന്നാണു അതിന്റെ അര്‍ത്ഥം. പ്രവാചകന്‍ ദൈവത്തിന്റെ വായാണു എന്നു പറയാറുണ്ടു. പ്രവാചകനില്‍ കൂടെ ദൈവം തന്റെ ഹൃദയം ജനത്തിന്റെ മുമ്പില്‍ തുറക്കുന്നു.
                                ഉച്ചരിക്കപ്പെട്ട വാക്കുകള്‍ക്കു സ്വകീയമായ ഒരു ശക്തി അന്തര്‍ഭവിച്ചിരിക്കുന്നുവെന്നതു വി.വേദപുസ്തകം വെളിവാക്കുന്ന മറ്റൊരു സത്യമാണു.ദൈവം പ്രപഞ്ചത്തെ മുഴുവന്‍ സൃഷ്ടിച്ചതു വാക്കുകൊണ്ടായിരുന്നു എന്നു ഉല്പത്തി പുസ്തകം വെളിവാക്കുന്നു.ആദിയില്‍ വചനമുണ്ടായിരുന്നു എന്ന വി.യോഹന്നാന്റെ വെളിപ്പെടുത്തല്‍ ഇതിനോടു ചേര്‍ത്തു ചിന്തിക്കുക.കര്‍ത്താവു മരിച്ചവരെ ഉയിര്‍പ്പിച്ചപ്പോഴും, രോഗികളെ സുഖപ്പെടുത്തിയപ്പോഴും എല്ലാം വാക്കുകള്‍ കൊണ്ടാണു അതു നിര്‍വ്വഹിച്ചതു.ഉച്ചരിക്കപ്പെട്ട വാക്കുകളുടെ ശക്തി തിരിച്ചെടുക്കാവുന്നതുമല്ല. ഉല്പഃ 27 ല്‍ യിസഹാക്കു യാക്കോബിനു നല്‍കിയ അനുഗ്രഹം തിരിച്ചെടുക്കാവുന്നതല്ലായെന്നു അവിടെ കാണുന്നു. വചനത്തിന്റെ ഈ ശക്തിയെ സങ്കീഃ33;6,9, 107;20 എന്നീ ഭാഗങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നു. സങ്കീഃ33;6 '' യഹോവയുടെ വചനത്താല്‍ ആകാശവും അവന്റെ വായിലെ ശ്വാസത്താല്‍ അതിലെ സകല സൈന്യവും ഉളവായി. '' 33;9 ''അവന്‍ അരുളിച്ചെയ്തു അങ്ങനെ സംഭവിച്ചു, അവന്‍ കല്പിച്ചു അങ്ങനെ സ്ഥാപിതമായി.'' 107;20 ''അവന്‍ അവന്റെ വചനത്തെ അയച്ചു അവരെ സൗഖ്യമാക്കി.'' എല്ലാ ഭാഷയിലേയും വാക്കുകള്‍ ആ ദേശത്തിന്റെ സംസ്കാരത്തോടും ആചാരവിശേഷങ്ങളോടും ജീവിതസാഹചര്യങ്ങളോടുമെല്ലാം ബന്ധപ്പെട്ടു കിടക്കുന്നു.അതിനാല്‍ ഒരു ഭാഷയിലെ വാക്കിന്റെ ശക്തി മറ്റൊരു ഭാഷയിലെ തത്തുല്യമായ വാക്കിനു കിട്ടുകയില്ല. അതുകൊണ്ടുതന്നെയാണു ഓര്‍ത്തഡോക്സു സഭ ആരാധനയില്‍ പല സന്ദര്‍ഭങ്ങളിലും സുറിയാനി പദങ്ങള്‍ ഉപയോഗിക്കുന്നതു.പ്രത്യേകിച്ചു അപ്പവീഞ്ഞുകള്‍  വാഴ്ത്തുമ്പോള്‍ 'ബാറേക് കാദേശ് 'എന്നു തുടങ്ങുന്ന പദങ്ങള്‍ ഉപയോഗിക്കുന്നതു അതുകൊണ്ടാണു.
                               പഴയനിയമത്തിന്റെ ലക്ഷ്യം ദൈവത്തെ വെളിപ്പെടുത്തുകയായിരുന്നുവെങ്കിലും അതുവഴി മനുഷ്യനു ദൈവത്തെ പൂര്‍ണ്ണമായി മനസ്സിലാക്കുവാന്‍ കഴിഞ്ഞില്ല. വചനം എന്നതുകൊണ്ടു മോശ മുഖാന്തിരം യഹോവ നൽകിയ ന്യായപ്രമാണങ്ങളും , കാലാകാലങ്ങളിൽപ്രവചകന്മാർ മുഖാന്തിരം യഹോവ അരുളിചെയ്ത വചനങ്ങളും എന്നു മാത്രമാണ് അര്‍ത്ഥമാക്കിയിരുന്നതു. . അതുകൊണ്ടുതന്നെ കല്പന ലംഘിക്കുമ്പോൾ ശിക്ഷിക്കുന്ന ഒരു ദൈവത്തെ അല്ലാതെ അതിന്റെ പിന്നിൽ സ്നേഹനിധിയായ ദൈവത്തിന്റെ ചിത്രം ഒളിഞ്ഞിരുന്നത് അവർക്കു  കാണുവാൻ കഴിഞ്ഞില്ല ദൈവത്തിന്റെ സത്തയെ ശരിയായി ഗ്രഹിക്കുവാൻ കഴിയാഞ്ഞതിനാൽ അവർ ദൈവത്തിൽ നിന്നു അകന്നു പൊയ്കൊണ്ടിരുന്നു. മനുഷ്യൻ തെറ്റിപ്പോകുന്ന ഹൃദയമുള്ള ജനം എന്നു പിതാവാം ദൈവം കണ്ടതിനാൽ ദൈവ സ്നേഹത്തെ പൂർണ്ണമായി വെളിപ്പെടുത്തുവാൻ തന്റെ ഏകജാതനായ പുത്രനെ ലോകത്തിലേക്ക്‌ അയച്ചു. അതാണ് യേശുവിൽ വെളിപ്പെട്ട സ്നേഹം.
                                  മനുഷ്യരുപം ധരിച്ച ദൈവപുത്രൻ പിതാവാം ദൈവത്തെ മനുഷ്യന് വെളിപ്പെടുത്തി. കർത്താവു  പറഞ്ഞു, ''ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു.''യോഹ; 17 : 26. വിശുദ്ധ യോഹന്നാന്റെ ഭാഷയിൽ, ഉണ്ടായിരുന്നതും , ദൈവത്തോട് കൂടെയിരുന്നതും , ദൈവവും, സർവ സൃഷ്ടിക്കും കാരണമായതും ആയ ദൈവപുത്രൻ ജഡമായി തീർന്നു. കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്ത പുത്രൻ തമ്പുരാൻ തന്റെ ജനനത്താലും  വാചനത്താലും പ്രവൃത്തിയാലും മരണത്താലും ഉയർപ്പിനാലും സ്നേഹസ്വരൂപനയ ദൈവത്തെ മനുഷ്യന് വെളിപ്പെടുത്തി. പുതിയ നിയമത്തിന്റെ സത്ത മുഴുവനും ഈ വെളിപ്പെടുത്തലിൽ ഉൾപ്പെടുന്നു. പഴയ നിയമത്തിലെ വചനത്തെ ഉൾക്കൊള്ളുവാൻ കഴിയാഞ്ഞതിനാൽ ദൈവത്തെ വിദുരസ്ഥനും സമിപ്പിക്കുവാൻ കഴിയാത്തവനും അദൃശ്യനും അസ്പൃശ്യനും അഗമ്യനും ആയിട്ടാണ് കണ്ടത്. എന്നാൽ ക്രിസ്തുവിലൂടെ വെളിപ്പെട്ട വചനമാകട്ടെ ദൈവത്തെ സമീപസ്‌ഥനും സ്നേഹസ്വരൂപിയും കരുണാമയനും അനുഭവവേദ്യനുമാക്കി തീർത്തു.
                   പുതിയ നിയമത്തില്‍, ദൈവേഷ്ടത്തേയോ അവന്റെ വെളിപാടിനേയോ സുവിശേഷത്തേയോ ആണു സൂചിപ്പിക്കുന്നതു.ഇതിനു പുതിയനിയമത്തില്‍ ഉപയോഗിച്ചിരിക്കുന്ന പദങ്ങള്‍ ലോഗോസ് ' 'റേമാ' എന്നിവയാണു. വിവിധങ്ങളായ ആശയങ്ങള്‍ വിവിധ സന്ദര്‍ഭങ്ങളില്‍ ഈ വാക്കുകള്‍ വെളിവാക്കുന്നു. വാക് രൂപത്തില്‍ പ്രകടിതമായ ഏതെങ്കിലും പ്രസ്താവന, തിരുവെഴുത്തുകളിലെ ദൈവാത്മനിശ്വസിതമായ വചനം, ക്രിസ്തുവിന്റെ അധികാരവചനം , ജഡമായി തീര്‍ന്ന വചനം എന്നീ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നു.
                     ജഡമായിതീര്‍ന്ന ദൈവത്തിന്റെ വചനം അത്ഭുതശക്തിയുള്ളതാണു. ആ വചനത്തിനു മരിച്ചവരെ ഉയര്‍പ്പിക്കുന്നതിനും രോഗസൗഖ്യം നല്‍കുന്നതിനും കാറ്റിനേയും കടലിനേയും ശാന്തമാക്കുന്നതിനും ഭൂതങ്ങളെ പുറത്താക്കുന്നതിനും ശക്തിയുള്ളതാണു. അതാകട്ടെ രാജകീയശക്തിയുള്ള ആധികാരിക വചനമാണു. കര്‍ത്താവിന്റെ ഈ വിധ വചനങ്ങളെക്കുറിച്ചു വി.മത്താഃ 6;9, വി.മര്‍ക്കോഃ1;22,27, വി.ലൂക്കോഃ4;32 എന്നീ ഭാഗങ്ങള്‍ അതു വ്യക്തമാക്കുന്നു. ''അവന്റെ ഉപദേശത്തില്‍ അവര്‍ വിസ്മയിച്ചു. അവന്‍ ശാസ്ത്രിമാരെപ്പോലെയല്ല അധികാരമുള്ളവനായിട്ടത്രേ അവരെ ഉപദേശിച്ചതു.'വി.മര്‍ക്കോഃ1;22) ''എല്ലാവരും ആശ്ചര്യപ്പെട്ടു, ഇതെന്തു ഒരു പുതിയ ഉപദേശം, അവന്‍ അധികാരത്തോടെ അശുദ്ധാത്മക്കളോടും കല്പിക്കുന്നു.'' (വി.മര്‍ക്കോഃ1;27) എന്നാല്‍ ക്രിസ്തുവാകുന്ന വചനം  വാക്കുകളില്‍ മാത്രമല്ല, പ്രവൃത്തികളിലും വെളിപ്പെടുന്നു. അതുകൊണ്ടാണു തന്റെ വാക്കുകളെ വിശ്വസിക്കുന്നില്ല എങ്കില്‍ പ്രവര്‍ത്തികളെയെങ്കിലും വിശ്വസിപ്പീന്‍ എന്നു കര്‍ത്താവു പറഞ്ഞതു. വരുവാനുള്ളവന്‍ നീയോ? എന്ന യോഹന്നാന്റെ ചോദ്യവുമായി കടന്നുവന്ന അവന്റെ ശിഷ്യന്മാരോടു ''നിങ്ങള്‍ കണ്ടതും കേട്ടതും അവനോടു ചെന്നറിയിപ്പീന്‍ ' എന്നു മറുപടി നല്‍കുമ്പോള്‍ ഈ സത്യം കുറേക്കൂടെ സുവ്യക്തമാകുന്നു. അവന്റെ വാക്കുകളും പ്രവൃത്തികളും അഭിന്നമല്ല. വി.കുര്‍ബ്ബാനയിലെ ഏവന്‍ഗേലിയോന്‍ വായനയുടെ ആമുഖപ്രസ്താവനയില്‍ വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കും സംഭവങ്ങള്‍ക്കും എല്ലാം പൊതുവായി 'ഇവ ഇപ്രകാരം സംഭവിച്ചു.' എന്നു പറയുവാന്‍ വി.സഭ നിഷ്കര്‍ഷിക്കുന്നതു ഈ അര്‍ത്ഥത്തിലാണു. വി.യോഹന്നാന്‍ തന്റെ സുവിശേഷത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നതു, ആത്മാവായും, ജീവനായും, ശുദ്ധീകരിക്കുന്നതും ജീവന്‍ നല്‍കുന്നതുമായിട്ടാണു. വി.യോഹഃ 15;3 ''ഞാന്‍ നിങ്ങളോടു സംസാരിച്ച വചനം നിമിത്തം നിങ്ങള്‍ ഇപ്പോള്‍ ശുദ്ധിയുള്ളവരാകുന്നു.''   
                      ഈ വസ്തുതകളെല്ലാം ഒരു വലിയ സത്യത്തിലാണു ചെന്നു നില്ക്കുന്നതു.  ദൈവത്തെ മനുഷ്യനു വെളിപ്പെടുത്തി കൊടുക്കുകയാണു വചനത്തിന്റെ പരമമായ ലക്ഷ്യം . ഈ വെളിപാടിലൂടെ മനുഷ്യനു ലഭിക്കേണ്ടതും, അറിയേണ്ടതും,അനുഭവിക്കേണ്ടതും എന്താണെന്നു വി.യോഹന്നാന്‍ തന്റെ സുവിശേഷത്തിന്റെ അവസാനഭാഗത്തു പറഞ്ഞിട്ടുണ്ടു. വി.യോഹഃ 20;31. ''എന്നാല്‍ യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങള്‍ വിശ്വസിക്കേണ്ടതിനും, വിശ്വസിച്ചിട്ടു അവന്റെ നാമത്തില്‍ നിങ്ങള്‍ക്കു ജീവന്‍ ഉണ്ടാകേണ്ടതിനും ഇതു എഴുതിയിരിക്കുന്നു. ' എഴുതപ്പെട്ട ദൈവവചനങ്ങളുടെ ഉദ്ദേശം ദൈവത്തില്‍ വിശ്വാസം ഉണ്ടാകേണ്ടതിനും, ആ വിശ്വാസത്തിലൂടെ ജീവന്‍ പ്രാപിക്കേണ്ടതിനും ആണു. എന്നാല്‍ ഇന്നു പലരും വചനത്തിന്റെ ഈ പരമമായ ലക്ഷ്യം മറന്നും,അതു ഉള്‍ക്കൊള്ളാതെയും , ദൈവികസംസര്‍ഗ്ഗത്തിലേക്കു നമ്മെ കൊണ്ടുവരുന്നതിനും അതില്‍ ഉറപ്പിക്കേണ്ടതിനുമായി വി.സഭ ഒരുക്കിയിരിക്കുന്ന വി. കൂദാശകളും ആചാരാനുഷ്ഠാനങ്ങളും വചനാനുസരണമാണോ എന്നു പരിശോധിക്കുന്നതിനും അതിനു തെളിവുകള്‍ തേടുവാനും ആണു. അതുകൊണ്ടുതന്നെ അവര്‍ വേദപുസ്തകേതര ദൈവവചനങ്ങളെ അംഗീകരിക്കുവാന്‍ തയ്യാറാകുന്നുമില്ല. ദൈവത്തേയും ദൈവികവ്യാപാരങ്ങളേയും തിരിച്ചറിയുവാന്‍ ഉതകുന്ന വേദപുസ്തകേതര വചനങ്ങള്‍ ഉണ്ടു എന്നു അവര്‍ സമ്മതിക്കുകയുമില്ല. വി.യോഹന്നാന്‍ തന്റെ സുവിശേഷം അവസാനിപ്പിക്കുന്നതു എഴുതപ്പെടാത്ത ദൈവവചനങ്ങള്‍ ഉണ്ടു എന്ന സത്യം പറഞ്ഞു കൊണ്ടാണു.വി.യോഹഃ 21;25 '' യേശു ചെയ്ത മറ്റു പലതും ഉണ്ടു, അതു ഓരോന്നായി എഴുതിയാല്‍ എഴുതിയ പുസ്തകങ്ങള്‍ ലോകത്തില്‍ തന്നെ ഒതുങ്ങുകയില്ലാ എന്നു ഞാന്‍ നിരൂപിക്കുന്നു.'' ഇവ നമുക്കു എവിടെ നിന്നാണു ലഭിക്കുക? അതു ഉപദേശങ്ങളിലൂടെ കൈമാറി വന്ന വേദപുസ്തകേതര വചനങ്ങള്‍ ആണു.
                 വി.വേദപുസ്തകത്തിലെ 66 പുസ്തകങ്ങളിലെ അക്ഷരജാലങ്ങളില്‍ മാത്രം ഒതുങ്ങിനില്ക്കുന്നതല്ല വചനം എന്ന സത്യത്തിലേക്കാണു ഇതു നമ്മെ നയിക്കുന്നതു. വേദപുസ്തകേതര വചനങ്ങള്‍ ഉണ്ടു എന്നതിനു ഇതു കൂടാതെ അനേക തെളിവുകള്‍ വി.വേദപുസ്തകത്തില്‍ കണ്ടെത്താന്‍ കഴിയും. ഈ സത്യം ഗ്രഹിച്ചിട്ടുള്ളവര്‍ വേദപുസ്തകേതര വചനങ്ങളെ പല വിഭാഗങ്ങളായി കാണുന്നുണ്ടു. വി.വേദപുസ്തകത്തെ  അവര്‍ ലിഖിത പാരമ്പര്യമായിട്ടാണു കാണുന്നതു. മറ്റുള്ളവയെ അലിഖിത വചനങ്ങളായി കാണുകയും ചെയ്യുന്നു. അതിനെയാണു പാരമ്പര്യം എന്നു വിളിക്കുന്നതു.രണ്ടു വിധ പാരമ്പര്യങ്ങള്‍ ഉണ്ടു എന്നു പരി.പൗലോസുസ്ളീഹാ പറഞ്ഞിട്ടുണ്ടു. 2. തെസ്സഃ 2;15 '' നിങ്ങള്‍ ഉറച്ചു നിന്നു ഞങ്ങള്‍ വാക്കിനാലോ  ലേഖനത്താലോ ഉപദേശിച്ചു തന്ന പ്രമാണങ്ങളെ മുറുകെ പിടിച്ചു കൊള്‍വീന്‍.'' എന്ന വാക്യത്തില്‍ രണ്ടു പ്രമാണങ്ങള്‍ ഉണ്ടു- വാക്കു, ലേഖനം- എന്നു വ്യക്തമായി പറഞ്ഞിരിക്കുന്നു. ഇവിടെ, 'പ്രമാണം' എന്നതു tradition അഥവാ പാരമ്പര്യമാണു അര്‍ത്ഥമാക്കുന്നതു എന്നു അതിന്റെ ഇംഗ്ളീഷു തര്‍ജ്ജുമ വെളിവാക്കുന്നു.' So then brothren ,stand firm and hold to the traditions which you were taught by us, either by word of mouth or by letter.'' Tradition എന്നതിന്റെ ഗ്രീക്കു പദം 'പാരഡോസിസ്' എന്നാണു. അതിന്റെ അര്‍ത്ഥം കൈമാറിത്തന്നതു എന്നുമാണു.ഈ വിധ പാരമ്പര്യത്തെ സാധൂകരിക്കുന്ന പല വാക്യങ്ങളും തെളിവായി ചൂണ്ടിക്കാണിക്കുവാന്‍ കഴിയും. 2.തെസ്സഃ 3;6 ല്‍ ''ഞങ്ങളോടു പ്രാപിച്ച പ്രമാണം.' എന്നും1.കൊരിഃ11;34 ല്‍ '' ശേഷം കാര്യങ്ങള്‍ ഞാന്‍ വന്നു ക്രമപ്പെടുത്തികൊള്ളാം.'' എന്നും, ഫിലിഃ 4;9 ല്‍ '' എന്നോടു പഠിച്ചും കണ്ടും കേട്ടുമുള്ളതു പ്രവര്‍ത്തിപ്പീന്‍.'' എന്നും 2.തിമോഃ2;2 ല്‍ '' എന്നോടു കേട്ടതെല്ലാം...........സമര്‍ത്ഥരായ വിശ്വസ്ത മനുഷ്യരെ ഭരമേല്പിക്ക.'' എന്നും, 2.തിമോഃ1;13 ല്‍ '' എന്നോടു കേട്ട പത്ഥ്യവചനം...........മാതൃകയാക്കിക്കൊള്‍ക.'' എന്നും, എബ്രാഃ 2;1 ല്‍ '' അതുകൊണ്ടു നാം പലപ്പോഴും ഒഴുകിപ്പോകാതിരിക്കേണ്ടതിന്നു കേട്ടതു അധികം ശ്രദ്ധയോടെ കരുതിക്കൊള്‍വാന്‍ ആവശ്യമാകുന്നു.'' എന്നും, 3.യോഹഃ13,14 ല്‍ ' എഴുതി അയപ്പാന്‍ പലതും ഉണ്ടായിരുന്നു. എങ്കിലും മഷിയും തൂവലും കൊണ്ടു എഴുതുവാന്‍ എനിക്കു മനസ്സില്ല, വേഗത്തില്‍ നിന്നെ കാണ്മാന്‍ ആശിക്കുന്നു.അപ്പോള്‍ മുഖാമുഖം സംസാരിക്കാം.'' എന്നു പറഞ്ഞിരിക്കുന്നതും, കൊലോഃ 4;16 ല്‍  ലവോദിക്യാക്കാര്‍ക്കു എഴുതിയ ലേഖനത്തെ കുറിച്ചുള്ള പരാമര്‍ശവും 66 പുസ്തകങ്ങള്‍ക്കു അപ്പുറമായി ദൈവവചനങ്ങള്‍ ഉണ്ടു എന്നു വ്യക്തമാക്കുന്നു. വാക്കിനാലും, പഠിച്ചും കേട്ടും കണ്ടും മനസ്സിലാക്കിയതും, വന്നു ക്രമപ്പെടുത്തിയതും, മുഖാമുഖം സംസാരിച്ചതുമെല്ലാം പാരമ്പര്യത്തിലൂടെ അല്ലാതെ നമുക്കു കിട്ടുവാന്‍ മറ്റു മാര്‍ഗ്ഗങ്ങൾ  ഒന്നുമില്ല.
                    പാരമ്പര്യ വചനങ്ങളില്‍ പെടുന്ന മറ്റൊരു  വിഭാഗമാണു പരിശുദ്ധാത്മാവു വെളിപ്പെടുത്തുന്ന വചനങ്ങള്‍ . മനുഷ്യാവതാരത്തിലൂടെ വെളിപ്പെട്ടതും ഘട്ടംഘട്ടമായി കാലാന്തരത്തില്‍ വെളിപ്പെട്ടതുമായ വചനങ്ങളാണു റൂഹായുടെ വചനങ്ങള്‍. അതാകട്ടെ അലിഖിത വചനങ്ങളില്‍ പെടുന്നു. കര്‍ത്താവിന്റെ മഹാപുരോഹിത പ്രാര്‍ത്ഥനയില്‍ ഇതു സൂചിതമായിരിക്കുന്നു. വി.യോഹന്നാന്‍ 17-ാം അദ്ധ്യായത്തില്‍ കര്‍ത്താവു തന്റെ കുരിശാരോഹണത്തിനു മുമ്പു ശിഷ്യന്മാര്‍ക്കു വേണ്ടിയും അവരുടെ വചനത്താല്‍ തന്നില്‍ വിശ്വസിക്കുന്നവര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. വി.യോഹഃ 17;26 വളരെ ശ്രദ്ധാര്‍ഹമായ ഒരു വാക്യമാണു.'' നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരില്‍ ആകുവാനും ഞാന്‍ നിന്റെ നാമം അവര്‍ക്കു വെളിപ്പെടുത്തിയിരിക്കുന്നു, ഇനിയും വെളിപ്പെടുത്തും.' ഇനിയും വെളിപ്പെടുത്തും എന്നു പറഞ്ഞിരിക്കുന്നതിനാല്‍ കര്‍ത്താവിലൂടെയുള്ള വെളിപാടു പൂര്‍ണ്ണമല്ലായെന്നു സൂചിപ്പിക്കുന്നു.തന്റെ സ്വര്‍ഗ്ഗാരോഹണത്തിനു ശേഷവും ദൈവനാമം വെളിപ്പെടുത്തി കൊണ്ടിരിക്കും എന്നാണു അതിന്റെ അര്‍ത്ഥം. വി.യോഹന്നാന്റെ സുവിശേഷം 14.,15,16 എന്നീ അദ്ധ്യായങ്ങള്‍ ഇതിനോടു  ചേര്‍ത്തു ശ്രദ്ധാപൂര്‍വ്വം വായിക്കുമ്പോള്‍ ഈ വെളിപ്പെടുത്തലുകള്‍ നിര്‍വ്വഹിക്കുന്നതു ആരാണെന്നും എങ്ങനെയാണെന്നും മനസ്സിലാകും. അവിടെ പരിശുദ്ധാത്മാവു എന്ന കാര്യസ്ഥനെ കര്‍ത്താവു വാഗ്ദത്തം ചെയ്തിരിക്കുന്നു. ഈ റൂഹാ വന്നിട്ടു ചെയ്യുന്ന കാര്യങ്ങള്‍  എന്തൊക്കെയാണെന്നു കര്‍ത്താവു അക്കമിട്ടു പറഞ്ഞിരിക്കുന്നു.' സാക്ഷ്യം പറയും., വി.യോഹഃ 15;26, 'ബോധം വരുത്തും.'വി.യോഹഃ 16;8., 'ഉപദേശിക്കും, പറഞ്ഞതു ഓര്‍മ്മിപ്പിക്കും. വി.14;26, 'സകല സത്യത്തിലും വഴിനടത്തും.' വി.യോഹഃ 16;13, ' മഹത്വപ്പെടുത്തും.' വി.യോഹഃ 16;14,  ഈ പരിശുദ്ധാത്മാവു ഓര്‍മ്മപ്പെടുത്തി സകലസത്യത്തിലും  വഴി നടത്തിയതാനാല്‍ 2000 വര്‍ഷങ്ങളായി കടന്നു വന്നിട്ടുള്ള  ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും ( സഭയിലൂടെ കടന്നു വന്നവ മാത്രം,വ്യക്തികളിലൂടെയല്ല.) ദൈവത്തെ വെളിപ്പെടുത്തിയ റൂഹായുടെ വചനങ്ങളാണു. അതാകട്ടെ പാരമ്പര്യത്തിലൂടെ മാത്രമേ ഗ്രഹിക്കുവാന്‍ കഴിയുകയുള്ളു. അതിനു വേദപുസ്തക തെളിവുകള്‍  അന്വേഷിക്കുന്നതു ഈ സത്യം അറിയാത്തതു കൊണ്ടാണു. കാലാകാലങ്ങളില്‍ സഭയുടെ കെട്ടുറപ്പിനും വിശ്വാസികളുടെ അത്മീയ വളര്‍ച്ചയ്ക്കുമായി പരി.സുന്നഹദോസുകള്‍ എടുത്തിട്ടുള്ള തീരുമാനങ്ങളും പരിശുദ്ധബാവാ തിരുമേനിയുടേയും അഭിവന്ദ്യ ഭദ്രാസന മെത്രാപ്പോലീത്താമാരുടെയും കല്പനകളും, പുരോഹിതന്മാര്‍ നല്കുന്ന പ്രബോധനങ്ങളും എല്ലാം  പരി.റൂഹായുടെ വചനങ്ങളായി തിരിച്ചറിയേണ്ടതാണു.അതാകട്ടെ സത്യവിശ്വാസികള്‍ക്കു , കാലുകള്‍ക്കു വിളക്കും ഊടുവഴികള്‍ക്കു പ്രകാശവുമായിരിക്കും. ഇതു അംഗീകരിക്കാത്തവര്‍ വചന നിഷേധികളാണു.
                             പരിശുദ്ധ സുന്നഹദോസിന്റെ തീരുമാനങ്ങളും, തിരുമേനിമാരുടെ കല്പനകളുമൊക്കെ വേദപുസ്തകേതര ദൈവവചനങ്ങളില്‍ ഉള്‍പ്പെടുത്താമോ എന്നു സംശയിക്കുന്നവരുണ്ടു. ഇവയൊക്കെ ആ ഗണത്തില്‍ പെടുന്ന വചനങ്ങളാണു എന്നതിനു വി.വേദപുസ്തകം തന്നെയാണു തെളിവു. ആദ്യനൂറ്റണ്ടില്‍ ഉണ്ടായ വലിയ തര്‍ക്കവിഷയമായിരുന്നു പരിച്ഛേദന. യെഹൂദരല്ലാത്തവര്‍ സ്നാനം ഏല്ക്കുന്നതിനു മുമ്പു പരിച്ഛേദ സ്വീകരിക്കണമെന്നു യഹൂദക്രിസ്ത്യാനികളും അവര്‍ക്കു പരിച്ഛേദന ആവശ്യമില്ലെന്നു പരി.പൗലോസുശ്ളീഹായും കൂട്ടരും വാദിച്ചു.ഇതിനു ഒരു അന്തിമ തീരുമാനം കണ്ടെത്തുവാനായി പരി.പൗലോസുശ്ളീഹാ ഉള്‍പ്പെടെയുള്ള അപ്പോസ്തോലന്മാര്‍ യെറുശലേമില്‍ പരി.യാക്കോബുസ്ളീഹായുടെ അദ്ധ്യക്ഷതയില്‍ കൂടി ഒരു തീരുമാനം കൈക്കൊണ്ടതായി അപ്പോസ്തോലപ്രവൃത്തികള്‍ 15-ാം അദ്ധ്യായത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു .ക്രൈസ്തവസഭയിലെ ആദ്യസുന്നഹദോസു എന്നാണു അതിനെ വിശേഷിപ്പിക്കുന്നതു. ഇങ്ങനെ കൂടി തീരുമാനിക്കുന്നതു പരിശുദ്ധാത്മാവിന്റെ നടത്തിപ്പാണെന്നും അല്ലാത്തവ വേദവിപരീതമാണെന്നും അവിടെ വ്യക്തമായി പറഞ്ഞിരിക്കുന്നു.അപ്പോഃ 15;24 '' ഞങ്ങള്‍ കല്പന കൊടുക്കാതെ ചിലര്‍ ഞങ്ങളുടെ ഇടയില്‍ നിന്നു പുറപ്പെട്ടു നിങ്ങളെ വാക്കുകളാല്‍ ഭ്രമിപ്പിച്ചു നിങ്‌ങളുടെ ഹൃദയങ്ങളെ കലക്കി കളഞ്ഞു ........'' സഭാനേതൃത്വത്തിന്റെ കല്പന കൂടാതെ  വന്നു ഉപദേശിക്കുന്നതു തെറ്റാണു എന്നാണല്ലോ ഇവിടെ വ്യക്തമാക്കുന്നതു. അപ്പോഃ15;28 പരി.സുന്നഹദോസിന്റെ തീരുമാനത്തിന്റെ ആധികാരികത വ്യക്തമാകുന്നു . അവിടെ പറയുന്നുഃ ''വിഗ്രഹാര്‍പ്പിതം രക്തം,ശ്വാസം മുട്ടിച്ചത്തതു, പരസംഗം എന്നിവ വര്‍ജ്ജിക്കുന്നതു ആവശ്യം എന്നല്ലാതെ അധികമായ ഭാരമൊന്നും നിങ്ങളുടെമേല്‍ ചുമത്തരുതു എന്നു പരിശുദ്ധാത്മാവിന്നും ഞങ്ങള്‍ക്കും തോന്നിയിരിക്കുന്നു. പരി.സുന്നഹദോസിനു തോന്നിയതു പരിശുദ്ധാത്മാവിന്റെ വ്യാപാരത്താലും നടത്തിപ്പിനാലും ആണെന്നു ഇതു വ്യക്തമാക്കുന്നു കാലാകാലങ്ങളില്‍ സഭയുടെ വളര്‍ച്ചയ്ക്കും കെട്ടുറപ്പിനുമായി പരി. സുന്നഹദോസു കൈക്കൊള്ളുന്ന തീരുമാനങ്ങളെല്ലാം പരിശുദ്ധാത്മാവിന്റെ വ്യാപാരഫലമാണു എന്നതിനു ഇതിലും വലിയ തെളിവിനു ആവശ്യമില്ല. സുന്നഹദോസു തീരമാനങ്ങളും പരി.ബാവാതിരുമേനിമാരുടേയും മെത്രാപ്പോലീത്താമരുടേയും കല്പനകള്‍ വേദപുസ്തകവചനം പോലെ വിലയേറിയവ ആണു എന്നതിനു പരി.പൗലോസുശ്ളീഹായുടേയും പരിശുദ്ധന്മാരായ യാക്കോബുസ്ളീഹായുടേയും,പരി. പത്രോസു ശ്ളീഹായുടേയും,പരി. യോഹന്നാന്‍ശ്ളീഹായുടേയും ലേഖനങ്ങള്‍ മതിയായ തെളിവുകളാണു. അവയെല്ലാം വിവിധസഭകള്‍ക്കും വ്യക്തികള്‍ക്കും മറ്റും നല്‍കിയ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും കല്പനകളുമാണല്ലോ. അവ വേദപുസ്തകവചനങ്ങളായി നാം സ്വീകരിക്കുന്നതു പോലെ അതിനു ശേഷം ഉണ്ടായിട്ടുള്ള ആവിധ ലേഖനങ്ങളും കല്പനകളുമെല്ലാം വേദപുസ്തകേതരവചനങ്ങളില്‍ പെടുന്നവ തന്നെയാണു. അവയാകട്ടെ പാരമ്പര്യമായി നാം ആചരിക്കുന്ന ആചാരാനുഷ്ഠാനങ്ങളിലൂടെയല്ലാതെ കണ്ടെത്തുവാന്‍ കഴിയുകയുമില്ല. ഇവയെല്ലാം വേദപുസ്തകവചനങ്ങള്‍ പോലെ അംഗീകരിക്കേണ്ടവയാണു എന്നു സാരം.
                               ദൈവം സൃഷ്ടിച്ച ഈ പ്രപഞ്ചവും നമുക്കു ദൈവത്തെ വെളിപ്പെടുത്തിതരുന്ന ഒരു തുറന്ന പുസ്തകമാണു.അനന്തമായ ആകാശവിതാനങ്ങളും, നക്ഷത്രങ്ങളും, ഗോളങ്ങളും, സൂര്യചന്ദ്രന്മാരും ഭൂമിയും ,പര്‍വ്വതങ്ങളും, സമുദ്രവും,പക്ഷിമൃഗാദികളും, വൃക്ഷലതാദികളും തങ്ങളുടെ സൃഷ്ടാവിനെ കുറിച്ചു നമ്മോടു മൂകമായി സംസാരിക്കുന്നു.ഭക്തനായ മനുഷ്യന്റെ കര്‍ണ്ണങ്ങള്‍ക്കു മാത്രമേ പ്രകൃതിയുടെ ആമന്ത്രണങ്ങള്‍ കേള്‍ക്കുവാന്‍ കഴിയുകയുള്ളു. ദൈവോന്മുഖമായ ഹൃദയത്തില്‍ അലതല്ലിയ ആ ശബ്ദതരംഗങ്ങളാണു 19-ാം സങ്കീര്‍ത്തനത്തില്‍ നാം കേള്‍ക്കുന്നതു.'' ആകാശങ്ങള്‍ ദൈവത്തിന്റെ മഹത്വത്തെ വര്‍ണ്ണിക്കുന്നു, ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.' എന്നു ആരംഭിക്കുന്നു ആ മനോഹര സങ്കീര്‍ത്തനം.പ്രപഞ്ചത്തില്‍ നിന്നു നിരന്തരം ഒഴുകിയെത്തുന്ന ദൈവവചനത്തെ പൊന്നിലും തങ്കത്തിലും ആഗ്രഹിക്കതക്കതും തേനിലും തേന്‍കട്ടയിലും മാധുര്യമേറിയതുമായി അനുഭവിച്ചു അതില്‍ ആമഗ്നമാകുന്ന ഒരു ഭക്തന്റെ ഹൃദയതുടിപ്പുകളാണു അവിടെ നാം കേള്‍ക്കുന്നതു.ദൈവവചനങ്ങളെ അങ്ങനെ ആവോളം പാനം ചെയ്ത കവി തന്നിലേക്കു തന്നെ നോക്കുമ്പോള്‍, സര്‍വ്വേശ്വരനായ ദൈവത്തിന്റെ മുമ്പില്‍ സാംഷ്ടാംഗ പ്രണാമം ചെയ്യുന്ന ചിത്രം 8-ാം സങ്കീര്‍ത്തനത്തില്‍ നാം കാണുന്നു.'' നിന്റെ വിരലുകളുടെ പണിയായ ആകാശത്തേയും നീ ഉണ്ടാക്കിയ ചന്ദ്രനേയും നക്ഷത്രങ്ങളേയും നോക്കുമ്പോള്‍ മര്‍ത്യനെ നീ ഓര്‍ക്കേണ്ടതിനു അവന്‍ എന്തു? മനുഷ്യപുത്രനെ സന്ദര്‍ശിക്കേണ്ടതിനു അവന്‍ എന്തുമാത്രം? നീ അവനെ ദൈവത്തേക്കാള്‍ അല്പം താഴ്ത്തി തേജസ്സും ബഹുമാനവും അണിയിച്ചിരിക്കുന്നു.'' ഈ സത്യം തിരിച്ചറിഞ്ഞ സങ്കീര്‍ത്തനക്കാരന്‍റെ ഹൃദയം ' യഹോവയുടെ നാമം ഭൂമിയിലൊക്കെയും എത്രമാത്രം ശ്രേഷ്ഠമായിരിക്കുന്നു.'' എന്നു സമ്മതിച്ചു പറയുന്നു. ഇതാണു പ്രപഞ്ചം നല്‍കുന്ന വെളിപാടു.പ്രകൃതിയില്‍ നിന്നു പാഠം പഠിക്കുവാന്‍ കര്‍ത്താവും നമ്മേ ഉപദേശിച്ചിരിക്കുന്നു.അത്തിയെ നോക്കി പാഠം പഠിപ്പീന്‍ എന്നും, കാക്കകളെ വിചാരിപ്പീന്‍, വയലിലെ താമരയെ നോക്കുവീന്‍ എന്നിപ്രകാരമുള്ള ആഹ്വാനങ്ങള്‍ ഈ സത്യത്തിലേക്കു വിരല്‍ ചൂണ്ടുന്നു.ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ സുതാര്യതയെ വ്യക്തമാക്കുവാനായിട്ടാണു മനുഷ്യശ്രദ്ധയെ പ്രകൃതിയിലേക്കു തിരിച്ചു വിടുന്നതു. യാചിക്കുന്നതിനു മുമ്പെ നമ്മുടെ ആവശ്യങ്ങളെ അറിഞ്ഞു നമ്മെ ഭംഗിയായി പരിപാലിക്കുന്ന ദൈവത്തിന്റെ സ്നേഹവും കാരുണ്യാതിരേകവും കരുതലും പ്രകൃതിയില്‍ നിന്നു പഠിക്കണമെന്നാണു കര്‍ത്താവു ഉപദേശിക്കുന്നതു.ദൈവവചനങ്ങളെ വി.വേദപുസ്തകത്തിന്റെ താളുകളില്‍ മാത്രം തിരയുന്നവര്‍ക്കു ഈ അതുല്യമായ ദൈവവചനങ്ങള്‍ അന്യവും ദുര്‍ഗ്രഹങ്ങളുമാണു.
                                 നമ്മുടെ ചുറ്റുപാടും നിരന്തരം നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളും നമ്മുടെ പാതകളില്‍ തെളിയുന്ന ദീപങ്ങളും, ഇരുള്‍ മൂടിയ ഇടവഴികളില്‍ ചൊരിയുന്ന പ്രകാശവുമായി കാണേണ്ടതുണ്ടു. അനുദിനം നാം കേള്‍ക്കുകയും കാണുകയും ചെയ്യുന്ന സംഭവങ്ങളിലൂടെ ദൈവം നമ്മോടു സംസാരിക്കുന്നു.ചിലസംഭവങ്ങള്‍ നാം പോകാന്‍ പാടില്ലാതെ വഴികളെ കാട്ടിത്തരുന്നു. മറ്റു ചില സംഭവങ്ങളാകട്ടെ, നാം പിന്‍തുടരേണ്ട നല്ല പാതകളായി വെളിപ്പെടുത്തി തരുന്നു.എന്നാല്‍ പലപ്പോഴും ഇങ്ങനെയുള്ള സംഭവങ്ങളെ വിമര്‍ശനബുദ്ധിയോടെ കാണുന്നതിനാല്‍, അതു അവന്റെ പ്രവൃത്തികളുടെ ഫലമാണു എന്നു പറഞ്ഞു സമാധാനിക്കുകയാണു ചെയ്യുന്നതു. ദൈവോന്മുഖമായി സഞ്ചരിക്കുന്ന ഒരു സത്യവിശ്വാസി മാത്രമേ അവ തന്റെ മുമ്പില്‍ തെളിയുന്ന വഴിവിളക്കുകളും ചൂണ്ടുപലകകളുമായി തിരിച്ചറിയുകയുള്ളു. കര്‍ത്താവു ലോകാന്ത്യത്തെ കുറിച്ചു  സംസാരിച്ചപ്പോള്‍ ഈ സത്യം വ്യക്തമാക്കിയിരിക്കുന്നു. വി.മത്താഃ24;33 '' അങ്ങനെ നിങ്ങള്‍ ഇതൊക്കെയും കാണുമ്പോള്‍ അവന്‍ അടുക്കെ വാതില്‍ക്കല്‍ തന്നെയായിരിക്കുമെന്നു അറിഞ്ഞുകൊള്‍വീന്‍.''
                                     ഈ വിധത്തില്‍ വി.വേദപുസ്തക വേദപുസ്തകേതര വചനങ്ങളെയെല്ലാം ദൈവവെളിപാടുകളായി മനസ്സിലാക്കുന്ന സത്യവിശ്വാസി തന്നെ മുഴുവനായി ദൈവകരങ്ങളില്‍ സമര്‍പ്പിച്ചു തങ്ങളുടെ ജീവിതപാതകളെ പ്രകാശപൂരിതമാക്കുന്നു. അവര്‍ ചെയ്യുന്നതെന്താണെന്നു ആ വാക്യത്തെ തുടര്‍ന്നു സങ്കീര്‍ത്തനക്കാരന്‍ പറയുന്നു. ''നിന്റെ നീതിയുള്ള വിധികള്‍ പ്രമാണിക്കുന്നതിനു ഞാന്‍ ആണയിട്ടു നിശ്ചയിച്ചു. ഞാന്‍ ഏറ്റം ക്ഷീണിച്ചിരിക്കുന്നു. കര്‍ത്താവേ, നിന്റെ വചനപ്രകാരം എന്നെ ജീവിപ്പിക്കേണമേ. കര്‍ത്താവേ! എന്റെ വായിലെ വചനങ്ങളില്‍ നീ ഇഷ്ടപ്പെട്ടു  നിന്റെ പ്രമാണങ്ങള്‍ എന്നെ പഠിപ്പിക്കേണമേ.'' ഈ വലിയ സത്യം തിരിച്ചറിയാത്തവര്‍ അനേകം ചോദ്യങ്ങളുമായി വി.വേദപുസ്തക താളുകളിലേക്കു കടന്നു ചെന്നു ജീവിതപാതകളെ കാര്‍മേഘാവൃതമാക്കുകയും, കുരുടന്‍ കുരുടനെ വഴികാട്ടുന്നതു പോലെ വഴികാട്ടികളായി പരിണമിക്കുകയും ചെയ്യുന്നു. തിരുവചനത്തിന്റെ വ്യാപ്തി ലിഖിതപാരമ്പര്യമായ വി്വവേദപുസ്തകത്തിലും അലിഖിത വചനമായ പാരമ്പര്യത്തിലും ,പ്രപഞ്ചത്തിലും സംഭവങ്ങളിലും, അനുഭവങ്ങളിലും ഒരുപോലെ ദര്‍ശിക്കുന്നവര്‍ക്കു മാത്രമേ വചനാനുസരണം ജീവിക്കുവാന്‍ കഴിയുകയുള്ളു. അവര്‍ക്കാകട്ടെ, ഈ വചനങ്ങള്‍ കാലുകള്‍ക്കു വിളക്കും ഊടുവഴികള്‍ക്കു പ്രകാശവുമായി നന്മയിലേക്കും സമാധാനത്തിലേക്കും സന്തോഷത്തിലേക്കും നിത്യജീവനിലേക്കും വഴിടനത്തുന്നതായി പരിണമിക്കുകയുള്ളു. എന്നും സന്ധ്യാനമസ്കാരത്തില്‍ ഈ സങ്കീര്‍ത്തനം ഉരുവിടുമ്പോള്‍ ഈ ചിന്തകള്‍ നമ്മുടെ ഹൃദയത്തില്‍ ഉയരട്ടെ. അങ്ങനെ ജീവിതം പ്രകാശപൂർണ്ണമാകട്ടെ.
                   

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30