വചനപരിച്ഛേദം-64.

  • 64-യേശുവോടു ചേര്‍ന്നിരിപ്പതെത്ര മോദമേ


      സങ്കീഃ73;28 എന്നാല്‍ എന്റെ ദൈവത്തോടു അടുത്തിരിക്കുന്നതു എനിക്കു നല്ലതു.

                                       എഴുപത്തിമൂന്നാം സങ്കീര്‍ത്തനം  വിരചിച്ചതു ആസാഫാണു എന്നു ആമുഖത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ആസാഫിന്റെ പേരില്‍ 12 സങ്കീര്‍ത്തനങ്ങള്‍ കാണുന്നുണ്ടു.50,73- 83 എന്നിവയാണു അവ. ഏറ്റവും കൂടുതല്‍ സങ്കീര്‍ത്തനങ്ങളുടെ ഉടമയായ ദാവീദു രാജാവുമായുള്ള ബന്ധമായിരിക്കാം ഇതിനു പ്രേരണ നല്‍കിയതു എന്നു ഊഹിക്കാവുന്നതാണു.ആസാഫു ഒരു ലേവ്യനായിരുന്നു എന്നും ബെരഖ്യാവായിരുന്നു ഇദ്ദേഹത്തിന്റെ പിതാവെന്നും , സമാഗമന കൂടാരത്തിലെ ആരാധനയില്‍ ദാവീദിന്റെ ഗായകസംഘത്തിലെ മൂന്നു പ്രധാനികളില്‍ ഒരാളായിരുന്നു എന്നും, സംഗീതോപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ സമര്‍ത്ഥനായിരുന്നു എന്നും, പ്രാര്‍ത്ഥനാഗാനങ്ങള്‍ രചിച്ചിരുന്നു എന്നും , ഇദ്ദേഹത്തിന്റെ പിന്‍തലമുറക്കാര്‍ ഇദ്ദേഹത്തിന്റെ പാത പിന്‍തുടര്‍ന്നിരുന്നുവെന്നും ദിനവൃത്താന്തപുസ്തകങ്ങളില്‍ കാണുന്നുണ്ടു.1.ദിനഃ15;16-19, 16;5-7, 25; 1-9, 2.ദിനഃ5;12, 35;15, 29; 13-30, 20;14, യെഹഃ 2;41, 3;10, നെഹഃ 7;44, 15;22 എന്നീ വേദഭാഗങ്ങളില്‍ അദ്ദേഹത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ദര്‍ശിക്കുന്നുണ്ടു.അന്നു സംഗീതലോകത്തു അറിയപ്പെട്ടിരുന്ന ഒരാളായിരുന്നു ഇദ്ദേഹം എന്നു ഇതു വ്യക്തമാക്കുന്നു . അദ്ദേഹത്തിന്റെ സങ്കീര്‍ത്തനങ്ങളില്‍ കൂടെ കടന്നു പോകുമ്പോള്‍ അദ്ദേഹത്തിന്റെ ദൈവഭക്തിയും വിശ്വാസവും വീക്ഷണചാതുരിയും നിരീക്ഷണപാടവവും ദൈവിക പരിജ്ഞാനവും നമുക്കു തിരിച്ചറിയാന്‍ കഴിയും.അദ്ദേഹത്തിന്റെ സങ്കീര്‍ത്തനങ്ങളില്‍ ഏറ്റം ശ്രദ്ധാര്‍ഹമായ ഒന്നാണു 73-ാം സങ്കീര്‍ത്തനം .
                             ദുഷ്ടന്മാരേയും നല്ലവരേയും താരതമ്യം ചെയ്തിരിക്കുന്ന ഒരു സങ്കീര്‍ത്തനമാണു ഇതെന്നു പറയാം.നല്ലവര്‍ക്കു, ദൈവഭക്തരായവര്‍ക്കു ഈ ലോകത്തില്‍ ഉണ്ടാകുന്ന അനുഭവങ്ങളേയും ദുഷ്ടന്മാര്‍ക്കു, ദൈവഭയയില്ലാത്തവര്‍ക്കു ഇവിടെ ലഭിക്കുന്ന അനുഭവങ്ങളേയും സ്വജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്തുകയാണു ആസാഫു ഇവിടെ ചെയ്തിരിക്കുന്നതു.ഈ ലോകജീവിതത്തിലെ വ്യത്യസ്ഥങ്ങളും സങ്കീര്‍ണ്ണങ്ങളുമായ അനുഭവങ്ങളെ ഗൗരവപൂര്‍വ്വം കാണുകയും ദൈവചിന്തയോടെ വലയിരുത്തുകയും ചെയ്തിട്ടു ആസാഫു അവസാനം എത്തിച്ചേര്‍ന്ന നിഗമനമാണു അവസാനവാക്യമായ 28-ാം വാക്യം. 'എന്നാല്‍ ദൈവത്തോടു അടുത്തിരിക്കുന്നതു എനിക്കു നല്ലതു.''എന്നുള്ളതു ആസാഫിന്റെ ഒരു കണ്ടെത്തല്‍ മാത്രമല്ല, അദ്ദേഹത്തിന്റെ ഒരു തെരഞ്ഞെടുപ്പും തീരുമാനവും ആണു എന്നു പറയാം. ഈ നിഗമനത്തില്‍, അല്ല, തീരുമാനത്തില്‍ എത്തിച്ചേരാന്‍ ഇടയായതു എങ്ങനെയാണു എന്നു അറിയുവാന്‍ ഈ സങ്കീര്‍ത്തനം ആദിമുതല്‍ ശ്രദ്ധാപൂര്‍വ്വം വായിച്ചേ മതിയാകൂ.
                               ആസാഫു തന്റെ സങ്കീര്‍ത്തനം  ആരംഭിക്കുന്നത് യഹോവ നല്ലവനാകുന്നു എന്നു പറഞ്ഞുകൊണ്ടാണ്. എല്ലാവരും എല്ലാക്കാലത്തും ഒരുപോലെ സമ്മതിക്കുന്ന ആ സത്യത്തിനു ഒരു വിശദീകരണം അദ്ദേഹം നൽകിയിരിക്കുന്നു. ദൈവം യിസ്രായേലിന്, നിർമ്മലഹൃദയമുള്ളവർക്കു തന്നെ, നല്ലവനാകുന്നു, നിശ്ചയം' എന്നാണല്ലോ അദ്ദേഹം പറഞ്ഞിരിക്കുന്നത്. ദൈവം  എല്ലാവർക്കും നല്ലവനാകുന്നു എന്നു സാധാരണ പറയും എങ്കിലും ആസഫ് അതു അതേപടി സമ്മതിക്കുന്നില്ല. ദൈവം തെരഞ്ഞെടുത്ത യിസ്രായേല്യരിൽ തന്നെ നിർമ്മലഹൃദയമുള്ളവർക്കു മാത്രമാണ്  യഹോവ നല്ലവന്‍  എന്നത്രെ അദ്ദേഹം പറയുന്നത്.
                                  എല്ലാവരും അംഗീകരിക്കുന്ന ഈ ദൈവികസത്യം ആസാഫു തന്റെ ജീവിതാനുഭവങ്ങളോടു ചേര്‍ത്തു നിര്‍ത്തി ചിന്തിക്കുന്നു.രണ്ടാം വാക്യത്തില്‍ , തന്റെ കഴിഞ്ഞകാല ജീവിതാനുഭവങ്ങളില്‍ ഇതു എത്രമാത്രം ശരിയാണു എന്നു വിലയിരുത്തുന്നു. യഹോവ നല്ലവന്‍ എന്നു പറയണമെങ്കില്‍ തന്റെ എല്ലാ നല്ല ആഗ്രഹങ്ങളും സഫലമാകുകയും അനിഷ്ടകരമായതു ഒന്നും ജീവിതത്തില്‍ ഉണ്ടാകാതിരിക്കുകയും വേണം. എന്നാല്‍ കഴിഞ്ഞകാല ജീവിതത്തില്‍ അങ്ങനെയൊന്നുമല്ല സംഭവിച്ചതു എന്നു ആസാഫു ഓര്‍ക്കുന്നു. ആസാഫു പറയുന്നു.'' എന്നാല്‍ എന്റെ കലുകള്‍ ഏകദേശം ഇടറി, എന്റെ കലടികള്‍ ഏറെക്കുറെ വഴുതിപ്പോയി.'' യഹോവ തനിക്കു നല്ലവനായിരുന്നു എങ്കില്‍ കാലുകള്‍ ഇടറാതെയും കാലടികള്‍ വഴുതിപ്പോകാതെയും ഇരിക്കണമായിരുന്നു. ആഗ്രഹിച്ച നന്മകള്‍ ഒന്നും ലഭിച്ചില്ലെന്നു മാത്രമല്ല, ആഗ്രഹിക്കാത്ത തിന്മകളും ദുഃഖങ്ങളുമാണു കഴിഞ്ഞകാല ജീവിതാനുഭവം.ഇവിടെ ദൈവം നല്ലവനാകുന്നു എന്നു എങ്ങനെ പറയും?. ഒരു സാധാരണ വിശ്വാസിയുടെ മനോഭാവവും ചിന്താഗതികളുമാണു ഇവിടെ കാണുന്നതു.അനിഷ്ടകരങ്ങളായ ജീവിതാനുഭവങ്ങള്‍ കടന്നു വരുമ്പോള്‍ നാമും ആസാഫിനെപ്പോലെ പറഞ്ഞുപോകും.
                         ഈ വിധ ജീവിതാനുഭവങ്ങളെ മനസ്സില്‍ സൂക്ഷിച്ചു കൊണ്ടു ആസാഫു തന്റെ ചുറ്റുപാടും ജീവിക്കുന്ന ഭൂരിപക്ഷങ്ങളിലേക്കു ശ്രദ്ധ തിരിച്ചു.ദൈവഭയമില്ലാത്ത ദുഷ്ടന്മാരായ ഒരു കൂട്ടം ആളുകള്‍. അവരില്‍ സങ്കീര്‍ത്തനക്കാരന്‍ കണ്ട കാര്യങ്ങള്‍ മൂന്നു മുതല്‍ പന്ത്രണ്ടു വരെയുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. 'ദുഷ്ടന്മാരുടെ സൗഖ്യം കണ്ടിട്ടു അഹങ്കാരികളായ അവരോടു എനിക്കു അസൂയ തോന്നി.' ദൈവഭക്തനായ തനിക്കു  ഉണ്ടാകാന്‍ പാടില്ലാത്ത അസൂയ തോന്നത്തക്കവണ്ണം അവര്‍ സുഭിക്ഷത അനുഭവിക്കുന്നു.താന്‍ ആഗ്രഹിച്ചതും നിരന്തരം അപേക്ഷിച്ചതുമായ നന്മകള്‍ ലോഭം കൂടാതെ അവര്‍ക്കു ലഭിച്ചിരിക്കുന്നു.തനിക്കു ഉണ്ടായ ദുഃഖാനുഭവങ്ങള്‍ അവര്‍ക്കു  ഉണ്ടാകുന്നുമില്ല. തുടര്‍ന്നു പറയുന്നു.' അവര്‍ക്കു വേദന ഒട്ടുമില്ലല്ലോ. അവരുടെ ദേഹം തടിച്ചുരുണ്ടിരിക്കുന്നു.അവര്‍ മര്‍ത്യരേപ്പോലെ കഷ്ടം അനുഭവിക്കുന്നില്ല. മറ്റു മനുഷ്യരേപ്പോലെ ബാധിക്കപ്പെടുന്നില്ല. ആകയാല്‍ ഡംഭം അവര്‍ക്കു മാലയായിരിക്കുന്നു.ബലാല്ക്കാരം വസ്ത്രം പോലെ അവരെ ചുറ്റിയിരിക്കുന്നു.'' ദുഷ്ടന്മാരുടെ ഈവിധ അനുഭവങ്ങളെ തുടര്‍ന്നു വിവരിച്ചു അവസാനിപ്പിക്കുന്നതു കേള്‍ക്കുക. '' ഇങ്ങനെയാകുന്നു ദുഷ്ടന്മാര്‍ അവര്‍ നിത്യം സ്വസ്തത അനുഭവിച്ചു സമ്പത്തു വര്‍ദ്ധിപ്പിക്കുന്നു.'' ഇതെല്ലാം കണ്ടു അത്ഭുതപരതന്ത്രനായി. ഇതു എന്തു ദൈവനീതി? നിര്‍മ്മലഹൃദയമുള്ളവര്‍ക്കു യഹോവ നല്ലവന്‍ എന്നു പറഞ്ഞതു എങ്ങനെ ശരിയാകും? താന്‍ നന്മ ചെയ്തതും തിന്മ ചെയ്യാതിരിക്കുവാന്‍ ശ്രമിച്ചതും ദൈവചിന്തയിലും ദൈവാശ്രയത്തിലും ജീവിച്ചതും ദേവാലയത്തില്‍ മുടങ്ങാതെ പോയി ആരാധിച്ചതും പ്രാര്‍ത്ഥിച്ചതും ആത്മീയചര്യകള്‍ അനുഷ്ഠിച്ചതുമെല്ലാം  ഈ നന്മകളെല്ലാം തനിക്കു ലഭിക്കും എന്ന ശുഭ പ്രതീക്ഷയിലായിരുന്നു.എന്നാല്‍ ഇവിടെ അതെല്ലാം മാറിമറിഞ്ഞിരിക്കുന്നു. തനിക്കു ലഭിക്കും എന്നു കരുതിയിരുന്ന നന്മകള്‍ എല്ലാം തനിക്കു നിഷേധിക്കുകയും, അവ ലോഭം കൂടാതെ ദുഷ്ടന്മാര്‍ പ്രാപിക്കുകയും, താന്‍ ആഗ്രഹിക്കാത്ത ദുഃഖങ്ങളും നെടുവീര്‍പ്പുകളും തന്റേതായി മാറുകയും ചെയ്തിരിക്കുന്നു.ഇവിടെ ദൈവം നല്ലവന്‍ എന്നു എങ്ങനെ പറയും? ദൈവത്തെക്കുറിച്ചു അറിഞ്ഞു തുടങ്ങിയ നാള്‍ മുതല്‍ ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി മനുഷ്യ മനസ്സില്‍ ഇതു നിലനില്ക്കുന്നു.
                      ഈ ചിന്ത സങ്കീര്‍ത്തനക്കാരനെ തന്നിലേക്കു തന്നെ തിരികെ കൊണ്ടെത്തിച്ചു. ഇതാണു സത്യമെങ്കില്‍ ഞാന്‍ ഇങ്ങനെ നല്ലവനായി ദൈവഭക്തനായി ജീവിക്കുന്നതു എന്തിനു ? ഈ ദുഷ്ടന്മാരെ പോലെ ജീവിച്ചാല്‍ പോരേ? 13, 14 വാക്യങ്ങളില്‍ ആസാഫു പറയുന്നു.'' എന്നാല്‍ ഞാന്‍ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചതും എന്റെ കൈകളെ കുറ്റമില്ലായ്മയില്‍ കഴുകയതും വ്യര്‍ത്ഥമത്രേ.'' ഇതു ഒരു സാധാരണ വിശ്വാസിയെ അലട്ടുന്ന ഗൗരവമായ ഒരു പ്രശ്നം തന്നെയാണു.ഇങ്ങനെ ചിന്തിക്കുവാന്‍ കാരണം എന്താണെന്നു തുടര്‍ന്നു പറയുന്നു. ഞാന്‍ ഇടവാടാതെ ബാധിതനായിരുന്നു. ഉഷസ്സു തോറുംദണ്ഡിക്കപ്പെട്ടുമിരുന്നു.'ഏതൊരു വിശ്വാസിയുടേയും വിശ്വാസത്തിനു പോറല്‍ ഏല്പിക്കുവാന്‍ മതിയായ ഒരു ചിന്തയാണിതു.
                                    ഇതെല്ലാം ഒരു സാധാരണ വിശ്വാസിയുടെ ചിന്തകളാണു..അതു മനുഷ്യസഹജമാകയാല്‍ സത്യവിശ്വാസിയിലും ഈ ചിന്തകളുണ്ടാകാം. എന്നാല്‍ കുറേക്കൂടെ ആദ്ധ്യാത്മികതയില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന ഒരാള്‍ ആ വിധചിന്തകളെ നിയന്ത്രിക്കുകയും ദൈവചിന്തയിലേക്കു മനസ്സിനെ തിരിച്ചു വിടുകയും ചെയ്യും.അതാണു പിന്നീടു നാം ആസാഫില്‍ കാണുന്നതു. 15,16,17 വാക്യങ്ങള്‍ ആസാഫും ആ തലത്തിലേക്കു ഉയര്‍ന്ന ഒരു വ്യക്തിയായിരുന്നു എന്നു വ്യക്തമാക്കുന്നു. ആസാഫു പറയുന്നു. ''ഇങ്ങനെ സംസാരിപ്പാന്‍ വിചാരിച്ചെങ്കില്‍  ഇതാ ഞാന്‍ നിന്റെ തലമുറയോടു ദ്രോഹം ചെയ്യുമായിരുന്നു.' ആസാഫിന്റെ തിരിച്ചറിവു ശ്രദ്ധിക്കുക. ഈ വിധ ചിന്തകള്‍ സ്വാഭാവികമാണെങ്കിലും അതെല്ലാം തുറന്നു പറയാവുന്നതാണോ എന്ന പുനഃചിന്ത അനിവാര്യമാണു.ദൈവത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ മനുഷ്യനു കഴിയുകയില്ല.കാരണം മനുഷ്യന്റെ ബുദ്ധിയും ചിന്തയും പരിമാതമാണു.അപരിമേയനായ ദൈവത്തെ പരിമിതനായ മനുഷ്യന്‍ എങ്ങനെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളും.അതുകൊണ്ടാണു ആസാഫു ഞാന്‍ ഇതു പറയാന്‍ പാടില്ലാത്തതാണു എന്നു പറയുന്നതു.ഭക്തനായ മനുഷ്യന്‍ ആവിധ ചിന്തകളെ മുളയിലെ നുള്ളിക്കളയും. പ്രത്യേകിച്ചു ഇവിടെ , അനേകായിരങ്ങളുടെ ഹൃദയങ്ങളെ ദൈവഭക്തിയിലേക്കു ആനയിച്ചു ദൈവസാന്നിദ്ധ്യബോധം ഉളവാക്കുന്ന സങ്കീര്‍ത്തനാലാപനത്തിനു നേതൃത്വം നല്‍കുന്ന ആസാഫു ഒരു സാധാരണക്കാരനെ പോലെ ഇങ്ങനെ തനിക്കു തോന്നുന്നതെല്ലാം പുനഃചിന്ത കൂടാതെ പറയുന്നതു ദൈവ മുമ്പാകെ കുറ്റകരമായ ഒരു പ്രവൃത്തിയാണെന്നു ആ സാധുവായ ഭക്തന്‍ തിരിച്ചറിയുന്നു.വായില്‍ തോന്നുന്നതെല്ലാം ദൈവ വെളിപാടായി വിളിച്ചു കൂകുന്ന ആധുനിക പ്രവാചകന്മാര്‍ ഈ സത്യം തിരിച്ചറിയേണ്ടതാണു. ഇവിടെ ആണു ആസാഫു നമ്മില്‍ നിന്നു വേറിട്ടു നില്‍ക്കുന്നതു.
                                  തന്റെ ചിന്തയില്‍ ശരിയെന്നു തോന്നിയതും തന്നേപ്പോലെയുള്ള അനേകായിരങ്ങള്‍ക്കു ഉത്തരം കിട്ടാത്തതുമായ ഗൗരവമേറിയ ചോദ്യത്തിനു ഉത്തരം തേടി ആസാഫു ബുദ്ധിമാന്മാരുടെ ബുദ്ധിശാലയില്‍ അന്വേഷിക്കാതെ വി.ദൈവാലയത്തില്‍ ദൈവമുമ്പാകെ തന്നെ ചെല്ലുന്നു എന്നതാണു ആസാഫില്‍ ദര്‍ശിക്കുന്ന മറ്റൊരു മഹത്വം.16,17 വാക്യങ്ങള്‍ ശ്രദ്ധിക്കുക. ''ഞാന്‍ ഇതു ഗ്രഹിപ്പാന്‍ നിരൂപിച്ചപ്പോള്‍ എനിക്കു പ്രയാസമായി തോന്നി. ഒടുവില്‍ ഞാന്‍ ദൈവത്തിന്റെ വിശുദ്ധ മന്ദിരത്തില്‍ ചെന്നു. അവരുടെ അന്തമെന്താകും എന്നു ചിന്തിച്ചു.......'' നന്മ ചെയ്തവര്‍ തിന്മ അനുഭവിക്കുകയും തിന്മ ചെയ്തവര്‍ നന്മ അനുഭവിക്കുകയും ചെയ്യുന്നതു എന്തു കൊണ്ടു എന്നുള്ളതു പരിമിതമായ മനുഷ്യബുദ്ധിക്കു ഗ്രഹിക്കുവാന്‍ കഴിയാത്ത ഒന്നാണു  എന്നു ആസാഫും തിരിച്ചറിയുന്നു. 'ഇതു ഗ്രഹിപ്പാന്‍ നിരൂപിച്ചപ്പോള്‍ എനിക്കു പ്രയാസമായി തോന്നി.' എന്ന ആസാഫിന്റെ വാക്കുകള്‍ അതു വ്യക്തമാക്കുന്നു. അതിന്റെ ഉത്തരം ദൈവത്തില്‍ നിന്നല്ലാതെ കിട്ടുകയില്ലായെന്നു അറിഞ്ഞ ആസാഫു ഒടുവില്‍ ദൈവസാന്നിദ്ധ്യമുള്ള വി.ദേവാലയത്തിലേക്കു ചെല്ലുന്നു. മനുഷ്യനു ദൈവം വെളിപ്പെടുന്ന ഇടമാണല്ലോ വി.ദേവാലയം. അന്യമായ വെളിപാടുകളൊന്നും ദൈവിക വെളിപാടുകളല്ല. വെളിച്ചവും വെളിച്ചത്തില്‍ വസിക്കുന്നവനുമായ ദൈവത്തില്‍ നിന്നു മാത്രമേ സത്യപ്രകാശം പുറപ്പെടുകയുള്ളു. മശിഹാതമ്പുരാനെ നാം രുചിച്ചറിയുന്ന വി. കുര്‍ബ്ബാന ആരംഭിക്കുമ്പോള്‍ '' വെളിവു നിറഞ്ഞോരീശോ നിന്‍ വെളിവാല്‍ കാണുന്നു.''എന്നിങ്ങനെ നാം പാടുന്നതു ഈ അര്‍ത്ഥത്തിലാണു. ആധുനിക വെളിപാടുകാര്‍ അറിഞ്ഞിരിക്കേണ്ട ഒരു വലിയ സത്യത്തിലേക്കാണു ഇതു വിരല്‍ ചൂണ്ടുന്നതു. ശമുവേല്‍ പ്രവാചകനു ആദ്യവെളിപാടു ഉണ്ടായതും(1. ശമുഃ3), സഖറിയാ പുരോഹിതനു അറിയിപ്പു ലഭിച്ചതും (വി.ലൂക്കോഃ 1;8 മുതല്‍ ), ഗോത്രപിതാക്കന്മാരുടെ പിതാവായ യാക്കോബിനു ദര്‍ശനം ഉണ്ടായ ഇടവും ( ഉല്പഃ28;16,17) ദേവാലയമായിരുന്നു എന്നതു ഈ സത്യം വ്യക്തമാക്കുന്നു.
                                  നിശ്ചയമായി നീ അവരെ വഴുവഴുപ്പില്‍ നിര്‍ത്തുന്നു എന്നതാണു ആസാഫിനു ദൈവസന്നനിധിയില്‍ നിന്നു ലഭിച്ച മറുപടി.ലൗകികജീവിത്തിലെ നന്മകള്‍ അനുഭവിക്കുന്ന ദുഷ്ടന്മാരുടെ (ദുഷ്ടന്മാര്‍ എന്നതിനു ദുഷ്ടത പ്രവര്‍ത്തിക്കുന്നവര്‍ എന്നു മാത്രമല്ല ദൈവത്തില്‍ നിന്നു അകന്നു ജീവിക്കുന്നവര്‍ എന്നു കൂടി അര്‍ത്ഥമുണ്ടെന്നു അറിയുക.) അന്തമെന്താകും എന്ന ആസാഫിന്റെ അന്വേഷണത്തിനു ദൈവത്തില്‍ നിന്നു ലഭിച്ച മറുപടി 18,19,20 എന്നീ വാക്യങ്ങളില്‍ കാണാം.ജീവിച്ചിരിക്കുമ്പോള്‍ വഴുവഴുപ്പില്‍ നില്‍ക്കുന്ന അവരുടെ ആത്യന്തിക നാശമാണു അവിടെ വെളിപ്പെടുത്തിയിരിക്കുന്നതു.എല്ലാ ലൗകിക നന്മകളും അനുഭവിക്കുമ്പോഴും അവര്‍ക്കു നഷ്ടമാകുന്നതു ചോര്‍ന്നു പോകാത്ത സമാധാനും സന്തോഷവുമാണു.' വഴുവഴുപ്പില്‍ നില്‍ക്കുന്നു എന്നതിന്റെ അര്‍ത്ഥമതാണു. അതിന്റെ ഇംഗ്ളീഷു തര്‍ജ്ജുമ അതു കുറേക്കൂടെ വ്യക്തമാക്കുന്നു.' Truly you set them in slippery place ' തെന്നുന്ന സ്ഥലത്തു നിര്‍ത്തുന്നു എന്നര്‍ത്ഥം. വീണുപോകുമെന്ന ഭയത്തോടുകൂടിയ അവസ്ഥയാണു ഇവിടെ സൂചിപ്പിക്കുന്നതു. ലൗകിക ജീവിതസുഖത്തില്‍ നിന്നു ലഭിക്കുന്ന സുഖവും സന്തോഷവും ക്ഷണികമായതിനാല്‍ പൂര്‍ണ്ണമായ സന്തോഷവും സമാധാനവും അതു നല്‍കുകയില്ല.19-ാം വാക്യത്തില്‍ അവരെക്കുറിച്ചു പറയുന്നു . എത്ര ക്ഷണത്തില്‍ അവര്‍ ശൂന്യമായി പോയി.' 37-ാം സങ്കീര്‍ത്തനം 35,36 വാക്യങ്ങളില്‍ ദാവീദു ഇവരെക്കുറിച്ചു പറഞ്ഞിരിക്കുന്നു.''  ദുഷ്ടന്‍ പ്രബലനായിരിക്കുന്നതും സ്വദേശികമായ പച്ചവൃക്ഷം പോലെ തഴച്ചിരിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ടു.ഞാന്‍ പിന്നെ അതിലെ പോയപ്പോള്‍ അവന്‍ ഇല്ല. ഞാന്‍ അന്വേഷിച്ചു അവനെ കണ്ടതുമില്ല.''
                                 ഈ ദൈവിക തിരിച്ചറിവോടു കുടെ വീണ്ടും ആസാഫു  തന്നിലേക്കു തന്നെ തിരിഞ്ഞു. അത്ഭുതകരമായ ദൈവപരിപാലനയുടെ ചിത്രമായി കഴിഞ്ഞകാലാനുഭങ്ങളെ ആസാഫു ദര്‍ശിക്കുന്നു. 23-ാം വാക്യം. ''നീ എന്നെ വലങ്കൈ കൊണ്ടു പിടിച്ചിരിക്കുന്നു. നിന്റെ ആലോചനയാല്‍ എന്നെ നടത്തും. പിന്നത്തേതില്‍ മഹത്വത്തിലേക്കു എന്നെ കൈക്കൊള്ളും.'' താന്‍ നേരിട്ട ലൗകികജീവിതപ്രശ്നങ്ങളെല്ലാം അത്യധികമായ സന്തോഷത്തിലേക്കും സമാധാനത്തിലേക്കുമുള്ള വാതില്‍ ആയിരുന്നു എന്നു ആസാഫിനു ബോദ്ധ്യമായി.മാത്രമല്ല, അവിടെയെല്ലാം സ്നേഹവാനായ ദൈവത്തിന്റെ ശാശ്വതമായ ഭുജങ്ങള്‍ താങ്ങായി തണലായി ഉണ്ടായിരുന്നു. അതിനാല്‍ തളടിയായി വീണുപോകാതെ നിലനില്ക്കുകയും, മറ്റുള്ളവര്‍ അസമാധാനത്തിന്റെ കരിനിഴലിന്‍ കീഴെ ആയിരുന്നപ്പോള്‍ താന്‍ ദൈവികസമാധാനം അനുഭവിക്കുകയും ചെയ്തിരിക്കുന്നു. നാം പലപ്പോഴും ദൈവകൃപ ദര്‍ശിക്കുന്നതു നന്മ ലഭിക്കുമ്പോള്‍ മാത്രമാണു. എന്നാല്‍ ദൈവത്തിന്റെ കൃപയും കരുണയും പതിന്മടങ്ങു ലഭിക്കുന്നതു ദുഃഖത്തിന്റെ വേളകളിലാണു എന്നതാണു സത്യം. ദാവീദു  പറയുന്നു . സങ്കീഃ 46;11 '' കഷ്ടങ്ങളില്‍ അവന്‍ ഏറ്റം അടുത്ത തുണയായിരിക്കുന്നു.'' സങ്കീഃ 34;19 '' നീതിമാന്റെ അനര്‍ത്ഥങ്ങള്‍ അസംഖ്യമാകുന്നു. അവ എല്ലാററില്‍ നിന്നും യഹോവ അവനെ വിടുവിക്കും.'' സങ്കീഃ 37;24 '' അവന്‍ വീണാലും നിലംപരിചാകയില്ല.;  യഹോവ അവനെ കൈപിടിച്ചു താങ്ങുന്നു.'' ഈ പരിജ്ഞാനം ഗ്രഹിക്കുവാന്‍ എനിക്കു കഴിയാത്തതിനാല്‍  ദുഃഖങ്ങളില്‍ പരിതപിക്കുകയും പരിഭവിക്കുകയും ദൈവപരിപാലനയെ സംശയുക്കുകയും ചെയ്യുന്നു.  ഫുട്പ്രിന്റു എന്ന ആംഗലേയ കവിതയുടെ ഇതിവൃത്തം  ഇവിടെ വളരെ ശ്രദ്ധേയമാണു. ഭക്തനായ ഒരു മനുഷ്യന്‍ മരിച്ചു സ്വര്‍ഗ്ഗത്തിലേക്കു പോകുന്നതായി സ്വപ്നം കണ്ടതാണു കവിതയുടെ ഇതിവൃത്തം. മരിച്ചു ഇവിടെനിന്നു യാത്രയായ അദ്ദേഹത്തെ ദൂതന്‍ കൂട്ടിക്കൊണ്ടു ആദ്യം പോയതു അദ്ദേഹം ഈ ലോകത്തില്‍ ജീവിച്ചിരുന്നപ്പോള്‍ സഞ്ചരിച്ച ജീവിതപാതകളില്‍ പതിഞ്ഞു കിടക്കുന്ന കാലടിപ്പാടുകളെ കാണിക്കുവാനായിരുന്നു. അവിടെ അയാളുടെ കാല്പാടുകളോടൊപ്പം മറ്റൊരാളുടെ കാല്പാടുകള്‍ കൂടി കണ്ട അദ്ദേഹം അത്ഭുതത്തോടെ ദൂതനോടു ഇങ്ങനെ ഒരാളെ ഞാന്‍ എന്റെ യാത്രയില്‍ കണ്ടിട്ടില്ല. ഇതാരാണു.? ദൂതന്‍ അയാളോടു പറഞ്ഞു. ''സംശയിക്കേണ്ട, അതു മറ്റാരുമല്ല. നിന്നെ സ്നേഹിച്ചു നിനക്കു വേണ്ടി ജീവിച്ചു നിനക്കു വേണ്ടി മരിച്ചു ഉയിര്‍ത്തെഴുനേറ്റ മശിഹാതമ്പുരാന്റെ കല്പാടുകളാണു അതു. അദ്ദേഹം നീ അറിയാതെ നിന്നോടൊപ്പം എല്ലായ്പോഴും ഉണ്ടായിരുന്നു.''അയാള്‍ സന്തോഷത്തോടെ ദൂതനോടൊപ്പം യാത്ര തുടര്‍ന്നു. കുറെ കഴിഞ്ഞപ്പോള്‍ മറ്റൊരു കാര്യം അയാളുടെ ശ്രദ്ധയില്‍ പെട്ടു. ഇടയ്ക്കിടയ്ക്കു ഒരാളുടെ കാല്പാടുകള്‍ മാത്രമേ കാണുന്നുള്ളു. അയാള്‍ ഓര്‍ത്തു. അവിടെയെല്ലാം ദൈവം എന്നെ കൈവിട്ട ദിവസങ്ങളായിരുന്നു. തനിക്കു രോഗം ഉണ്ടായപ്പോള്‍ ,ദുഃഖം നേരിട്ടപ്പോള്‍, പ്രയാസങ്ങളും പ്രതിസന്ധികളും കടന്നു വന്നപ്പോഴെല്ലാം യേശു എന്നെ കൈവിട്ട സന്ദര്‍ഭങ്ങളായിരുന്നു എന്നു അന്നു ഞാന്‍ ചിന്തിച്ചതു സത്യം തന്നെയായിരുന്നുവെന്നു അയാള്‍ക്കു ഇപ്പോള്‍ തോന്നിതുടങ്ങി. അയാള്‍ ദൂതനോടു, ''ഞാന്‍ ജീവിച്ചിരുന്നപ്പോള്‍ ചിന്തിച്ചിരുന്നതു സത്യമായിരുന്നു എന്നു ഇപ്പോള്‍ ബോദ്ധ്യമായി.'' എന്താണു അങ്ങനെ തോന്നാന്‍ കാരണം.' ദൂതന്‍ ആരാഞ്ഞു. അയാള്‍ പറഞ്ഞു,''നോക്കു പലയിടത്തുും ഒരാളുടെ കാല്പാടുകള്‍ മാത്രമേ കാണുന്നുള്ളു. അതു എന്റേതാണു താനും. അവിടെയെല്ലാം എന്റെ ദൈവം എന്നെ കൈവിട്ട വേദനയുടേയും ദുഃഖത്തിന്റേയും രോഗത്തിന്റേയും പ്രയാസങ്ങളുടേയും പ്രശ്നങ്ങളുടേയും നാളുകളായിരുന്നു.' ദൂതന്‍ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു,'' മകനേ, നിനക്കു തെറ്റുപറ്റിയിരിക്കുന്നു. അതു നിന്റെ കാല്പാടുകളല്ല. നിന്റെ യേശുവിന്റെ കാല്പാടുകള്‍ ആണു. അപ്പോഴെല്ലാം അവന്‍ നിന്നെ അവന്റെ കരങ്ങളില്‍ എടുത്തിരിക്കുകയായിരുന്നു.'' നാമും ദൈവകൃപ ദര്‍ശിക്കുന്നതു നന്മകളില്‍ മാത്രമാണു. തിന്മകളില്‍ ദൈവം കൈവിട്ടു എന്നു വിശ്വസിക്കുകയും ചെയ്യുന്നു.കഷ്ടങ്ങളില്‍ അവന്‍ ഏറ്റം അടുത്ത തുണയാണു എന്ന സത്യം പലപ്പോഴും നാം വിസ്മരിച്ചു പോകുന്നു. കര്‍ത്താവു അരുളിച്ചെയ്തു, 'നിങ്ങള്‍ക്കു ലോകത്തില്‍ കഷ്ടത ഉണ്ടു, എങ്കിലും ധൈര്യപ്പെടുവീന്‍ ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു. പരി.പൗലോസുശ്ളീഹാ പറയുന്നു , വരുവാനുള്ള തേജസ്സു വിചാരിച്ചാല്‍ ഈ ലോകത്തിലെ കഷ്ടങ്ങള്‍ സാരമില്ല''.വീണ്ടും പറയുന്നു, 'പരീക്ഷയോടുകൂടെ അവന്‍ നീക്കു പോക്കും ഉണ്ടാക്കും.'' ഇതൊക്കെ നമുക്കു ആത്മധൈര്യം പകരുവാന്‍ പര്യാപ്തങ്ങളായ ദൈവവചനങ്ങളാണെങ്കിലും നാം കഷ്ടങ്ങളില്‍ പതിറിപ്പോകുന്നു എന്നതാണു സത്യം.
                       ഈ ദൈവികരഹസ്യം തിരിച്ചറിഞ്ഞ ആസാഫു തീരുമാനിച്ചു,' എന്റെ ദൈവത്തോടു അടുത്തിരിക്കുന്നതു നല്ലതു.' ഈ ലോകത്തിന്റെ എല്ലാ നന്മകളും നിഷേധിക്കപ്പെട്ടാലും, എല്ലാ നല്ല ആഗ്രഹങ്ങളും ആഗ്രഹങ്ങളായി അവശേഷിച്ചാലും , ആഗ്രഹിക്കാത്ത ദുരനുഭവങ്ങള്‍ കടന്നുവന്നാലും അവനോടു അടുത്തിരുന്നാല്‍ മാത്രം മതി എന്നു ആസാഫു തീരുമാനിച്ചു. കാരണം, ഇവയൊന്നും അവനോടു അടുത്തിരുന്നാല്‍ തന്റെ സമാധാനത്തേയും ശാന്തിയേയും കെടുത്തി കളയാതെ അവന്‍ കാത്തു പരിപാലിച്ചു കൊള്ളും എന്നു ആസാഫു ഗഹിച്ചിരിക്കുന്നു. ഇതു ഗ്രഹിച്ച ദാവീദു നാലാം സങ്കീര്‍ത്തനത്തില്‍ പാടി,'' ധാന്യവും വീഞ്ഞും വര്‍ദ്ധിച്ചപ്പോള്‍ അവര്‍ക്കുണ്ടായതിലും അധികം സന്തോഷം നീ എന്റെ ഹൃദയത്തില്‍ നല്‍കിയിരിക്കുന്നു. സമാധാനത്തോടെ കിടന്നുറങ്ങും, നീയല്ലോ യഹോവേ എന്നെ നിര്‍ഭയം വസിക്കുമാറാക്കുന്നതു.'' (സങ്കീ ഃ 4;7,8)
                        എന്റെ ദൈവത്തോടു അടുത്തിരിക്കുന്നതു നല്ലതു, എന്ന ആസാഫിന്റെ തീരുമാനത്തോടു നമ്മുടെ ചിന്താഗതിയും വിശ്വാസവും ചേര്‍ത്തു നിര്‍ത്തി ചിന്തിക്കുമ്പോഴാണു ആസാഫിന്റെ തീരുമാനത്തിന്റെ പ്രത്യേകത മനസ്സിലാകുന്നതു. ആസാഫിന്റെ ഈ തീരുമാനത്തോടു നാം എത്രമാത്രം അടുത്തു നില്ക്കുന്നു എന്നു ചോദിച്ചാല്‍ നാം പറയുന്ന ഒരു ഉത്തരം ഉണ്ടു. ഞാന്‍ അങ്ങനെ ആഗ്രഹിക്കുന്നതു കൊണ്ടാണല്ലോ മുടങ്ങാതെ ആരാധനയില്‍ സംബന്ധിക്കുകയും, പ്രാര്‍ത്ഥിക്കുകയും, ആത്മീയചര്യകള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നതു. അതു പ്രഥമശ്രവണത്തില്‍ ശരിയാണെന്നു തോന്നാം. എന്നാല്‍ ഇതിന്റെയെല്ലാം പിന്നിലുള്ള നമ്മുടെ ഉദ്ദേശം ഗൗരവപൂര്‍വ്വം വിലയിരുത്തിയാല്‍ ആസാഫിനോടു ചേര്‍ന്നു നില്ക്കുവാന്‍ എനിക്കു യോഗ്യതയുണ്ടോ എന്നതില്‍ സംശയം ഉളവാകും. കാരണം ഈ ആത്മീയ കാര്യങ്ങളെല്ലാം ചെയ്യുന്നതു ഞാന്‍ ആഗ്രഹിക്കുന്ന ലൗകികനന്മകളെല്ലാം കുറവു കൂടാതെ കിട്ടുവാന്‍ വേണ്ടിയാണെന്നതാണു സത്യം. എന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചു തരുന്ന ഒരു ദൈവത്തെയാണു ഞാന്‍ മനസ്സില്‍ സൂക്ഷിച്ചിരിക്കുന്നതു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ദൈവം എന്നോടു കൂടെയിരിക്കണം എന്നാണു എന്റെ ആഗഹം.
                      ആസാഫു ദൈവത്തോടു അടുത്തിരിക്കുന്നതു നല്ലതു എന്നു പറയുമ്പോള്‍ നാം പറയുന്നു ദൈവം എന്നോടു കൂടെയിരിക്കുന്നതാണു നല്ലതു. രണ്ടാണെങ്കിലും ദൈവത്തോടു ചേര്‍ന്നിരിക്കുകയാണല്ലോ എന്നു തോന്നാമെങ്കിലും ഇവ ആശയപരമായി വളരെ അകന്നു നില്ക്കുന്നു.ഇമ്മാനുവേല്‍ എന്നതിനു ദൈവം നമ്മോടു കൂടെ എന്നാണല്ലോ അര്‍ത്ഥം. പിന്നെ അങ്ങനെ ആഗ്രഹിക്കുന്നതില്‍ എന്താണു തെറ്റു എന്നു ചോദിക്കാം. ഉത്തരം ഒന്നേയുള്ളു. ദൈവം നമ്മോടു കൂടെ എന്നാണു, എന്നോടു കൂടെ എന്നല്ല അതിന്റെ അര്‍ത്ഥം . ദൈവം എന്നോടുകൂടെ എന്നതില്‍ സ്വാര്‍ത്ഥതയാണു നിഴലിടുന്നതു. ദൈവത്തോടു അടുത്തിരിക്കുന്ന മനുഷ്യന്‍ ദൈവഇഷ്ടം എന്റെ ഇഷ്ടം ആകണമെന്നു ആഗ്രഹിക്കുമ്പോള്‍, ദൈവം എന്നോടു കൂടെ ഇരിക്കണമെന്നു ആഗ്രഹിക്കുന്നവര്‍ താന്‍ പറയുന്നതെല്ലാം ചെയ്തു തരുന്ന ഒരാളായിരിക്കണം ദൈവം എന്നു ആഗ്രഹിക്കുന്നു. അങ്ങനെയുള്ളവരുടെ ദൈവത്തോടുള്ള ബന്ധം ഉടമ്പടിയോടു കൂടിയതാണു. ഗോത്രപിതാക്കന്മാരുടെ പിതാവായ യാക്കോബു ലൂസെന്ന പട്ടണത്തില്‍ ദൈവത്തിന്റെ ദര്‍ശനം കണ്ട ശേഷം നടത്തിയ നേര്‍ച്ച അതിനു ഉദാഹരണമാണു.
ഉല്പഃ 28;20,21,22 ''യാക്കോബു ഒരു നേര്‍ച്ച നേര്‍ന്നു, ദൈവം എന്നോടു കൂടു ഇരിക്കുകയും ഈ യാത്രയില്‍ എന്നെ കാക്കുകയും ഭക്ഷിപ്പാന്‍ ആഹാരവും ധരിപ്പാന്‍ വസ്ത്രം നല്കുകയും എന്നെ എന്റെ അപ്പന്റെ ഭവനത്തിലേക്കു സൗഖ്യത്തോടെ തിരികെ വരുത്തുകയും ചെയ്യുമെങ്കില്‍ യഹോവ എനിക്കു ദൈവമായിരിക്കും , തൂണായി നാട്ടിയിരിക്കുന്ന കല്ലു യഹോവയ്ക്കു ആലയമാകും,എനിക്കു ലഭിക്കുന്നതില്‍ എല്ലാം ദശാംശം തരികയും ചെയ്യും.''ഇതാണു ഉടമ്പടി. യാക്കോബു ആദ്യം ആവശ്യപ്പെട്ടതു ദൈവം എന്നോടു കൂടെ ഇരിക്കണമെന്നാണു. കൂടയിരിക്കുകയാണെങ്കില്‍ ഞാന്‍ പറയുന്ന നാലു കാര്യങ്ങള്‍ ചെയ്തുതരണം. എങ്കില്‍ മൂന്നു കാര്യങ്ങള്‍ ദൈവത്തിനു ചെയ്തു കൊടുക്കും. ഇതല്ലേ നാമും ചെയ്യുക. എന്തു ആത്മീയ ചര്യകളുടേയും പുറകില്‍ ഇതു പോലെയുള്ള ചില നിബന്ധനകള്‍ നാം വെയ്ക്കാറില്ലേ. എന്നാല്‍ അടുത്തു ഇരിക്കുന്നവര്‍ക്കു ഒരു നിബന്ധനകളും ഇല്ല. അവന്റെ ഇഷ്ടം എന്റെ ഇഷ്ടം. അവന്‍ തരുന്നതു എന്തോ അതു മതി. ആസാഫു ദൈവത്തോടു അടുത്തിരിക്കുന്നതു നല്ലതു എന്നു പറയുന്നതു ഉടമ്പടിരഹിത ബന്ധമാണു സൂചിപ്പിക്കുന്നതു.
                       ദൈവത്തോടു അടുത്തിരിക്കുന്ന മനുഷ്യന്‍ തന്റെ ജീവിതത്തില്‍ കടന്നുവരുന്ന എല്ലാ അനുഭവങ്ങളും തനിക്കു ആവശ്യമെന്നു അറിഞ്ഞു തന്റെ ദൈവം തരുന്നതാണെന്നു അറിയും, വിശ്വസിക്കും. എന്റെ ഭൂതവര്‍ത്തമാനഭാവി കാലങ്ങളെല്ലാം വര്‍ത്തമാനകാലം ആയിരിക്കുന്ന എന്റെ ദൈവം എന്റെ ഭാവിക്കു കൂടെ ഉതകുന്ന അനുഭവങ്ങളെ തരികയുള്ളു എന്നു ദൈവത്തോടു അടൂത്തിരിക്കുന്ന മനുഷ്യന്‍ അറിയുന്നു. ജീവിതത്തില്‍ കടന്നുവരുന്നതെല്ലാം, എന്തിനു, എന്നെ ഭീതിപ്പെടുത്തുന്ന മരണം പോലും എനിക്കു ആവശ്യമുള്ളപ്പോള്‍ മാത്രമേ എന്റെ യേശു എനിക്കു തരികയുള്ളു. യേശു പറഞ്ഞു. വി.മത്താഃ 6;32 'ഈ വക ഒക്കെയും ജാതികള്‍ അന്വേഷിക്കുന്നു., സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങള്‍ക്കു ആവശ്യമെന്നു അറിയുന്നുവല്ലോ.' ആവശ്യമില്ലാത്തതൊന്നും യേശു എനിക്കു തരികയില്ല. ചോദിച്ചിട്ടും കിട്ടുന്നില്ലെങ്കില്‍ അവ എനിക്കു ആവശ്യമില്ലാത്തതാണെന്നു യേശു അറിഞ്ഞിട്ടാണു തരാതിരിക്കുന്നതു എന്നു ദൈവത്തോടു അടുത്തിരിക്കുന്ന മനുഷ്യന്‍ അറിയും. പിന്നെ അവിടെ പരിഭവമില്ല,പരാതിയില്ല, സന്തോഷവും സമാധാനവും മാത്രം.
                     ദൈവത്തില്‍ നിന്നു അകന്നു ജീവിക്കുന്ന ദുഷ്ടന്മാര്‍ വഴുവഴുപ്പില്‍ നില്ക്കുകയും, ക്ഷണത്തില്‍ മുടിഞ്ഞു പോകുകയും മെരുള്‍ച്ചകളാല്‍ അശേഷം മുടിഞ്ഞു പോകുകയും ചെയ്യുന്നതു ദര്‍ശിച്ച ആസാഫു ദൈവത്തോടു അടുത്തിരിക്കുന്നതു മൂലം ലഭിക്കുന്ന ഭാഗ്യാതിരേകത്തെ കുറിച്ചു 23,24 വാക്യങ്ങളില്‍ പറയുന്നു.'എന്നിട്ടും ഞാന്‍ എപ്പോഴും നിന്റെ അടുക്കല്‍ ഇരിക്കുന്നു ; നീ എന്നെ വലങ്കൈ കൊണ്ടു പിടിച്ചിരിക്കുന്നു. നിന്റെ ആലോചനയില്‍ നീ എന്നെ നടത്തും. പിന്നത്തേതില്‍ മഹത്വത്തിലേക്കു എന്നെ നടത്തും.''  അവസാനം മഹത്വത്തിലേക്കു പ്രവേശിക്കുവാന്‍ കാരണം, സ്വന്ത ആലോചനയില്‍ നടക്കാതെ ദൈവത്തിന്റെ ആലോചനയില്‍ തന്നെ സമര്‍പ്പിച്ചതാണെന്നത്രേ ആസാഫു പറയുന്നതു. ദൈവത്തിന്റെ ആലോചനയില്‍ നടക്കുന്നതിനെ കുറിച്ചു ദാവീദു സങ്കീ ഃ 31;15 ല്‍ പറയുന്നു. എന്റെ കാലഗതികള്‍ നിന്റെ കരങ്ങളില്‍ ഇരിക്കുന്നു.'' ദൈവത്തോടു അടുത്തിരിക്കുന്നവരുടെ കാലഗതികള്‍ ദൈവത്തിന്റെ കരങ്ങളില്‍ ആണു. കാലഗതികള്‍ എന്നതിന്റെ അര്‍ത്ഥം കുറേക്കൂടെ വ്യക്തമാകുന്നതു അതിന്റെ  ഇംഗ്ളീഷു തര്‍ജ്ജുമയിലാണു. My timetables are in thy hands എന്നാണു അതിന്റെ  ഇംഗ്ളീഷു. ദൈവത്തോടു അകന്ന മനുഷ്യന്‍ തന്റെ  timetable സ്വയം നിര്‍ണ്ണയിക്കുന്നു. എന്നാല്‍ അവനു വേണ്ടി ദൈവം ഒരു timetable ഉണ്ടാക്കിയിട്ടുണ്ടു.പലപ്പോഴും ഇവ തമ്മില്‍ പൊരുത്തപ്പെടാതെ പോകുന്നു. തന്റെ timetable നടക്കാതെ,അതില്‍ ഇല്ലാത്ത ദൈവത്തിന്റെ timetable നടക്കുകയും ചെയ്യുമ്പോഴാണു വഴുവഴുപ്പില്‍ നില്ക്കുന്നതു. എന്നാല്‍ ദൈവത്തോടു അടുത്തിരിക്കുന്ന മനുഷ്യന്‍ സ്വയം timetable ഉണ്ടാക്കാതെ ദൈവത്തിന്റെ timetable നു തന്നെ സമര്‍പ്പിക്കുകയും ചെയ്യുന്നു. Timetable ല്‍ ഉള്ളതു സംഭവിക്കുമ്പോള്‍ അവര്‍ സന്തോഷിക്കുകയും ചെയ്യുന്നു. ജീവിതത്തില്‍ കടന്നുവരുന്ന എല്ലാം  ദൈവത്തിന്റെ timetable അനുസരിച്ചാണെന്നു അവര്‍ അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നു.
                         ഈയൊരു വലിയ അവസ്ഥയിലേക്കാണു ദൈവം നമ്മെ വിളിച്ചിരിക്കുന്നതു. അതു തിരിച്ചറിഞ്ഞു ദൈവത്തിന്റെ timetable അനുസരിച്ചു ജീവാക്കുവാനായി ദൈവത്തോടു അടുത്തിരിക്കുവാന്‍ ആസാഫിനെപ്പോലെ നമുക്കും തീരുമാനിക്കാം. അതിനു ഈ സങ്കീര്‍ത്തന ധ്യാനം നമുക്കു  ഉപകരിക്കണം; ഉപകരിക്കട്ടെ.

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30