വചനപരിച്ഛേദം-63.

63-നിര്‍മ്മലമാമൊരു ഹൃദയമെന്നില്‍...

സങ്കീഃ 51;10 ''ദൈവമേ, നിര്‍മ്മലമായൊരു ഹൃദയം എന്നില്‍ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നില്‍ പുതുക്കേണമേ.''

                                          ദാവീദുരാജാവിന്റെ ഹൃദയാവര്‍ജ്ജകവും മനോഹരവും അനുവാചകന്റെ മനസ്സിനെ അനുതാപത്തിലേക്കു നയിക്കുന്നതും അതിശ്രേഷ്ഠവുമായ ഒരു സങ്കീര്‍ത്തനമാണു 51-ാം സങ്കീര്‍ത്തനം.ഏഴു അനുതാപ സങ്കീര്‍ത്തനങ്ങളില്‍ (6,32,38,51,102,129,149)ഈ സങ്കീര്‍ത്തനത്തോടു തുലനം ചെയ്യാവുന്ന ഒരു സങ്കീര്‍ത്തനവും ഇല്ലായെന്നതു ഒരു സത്യമാണു. ആരാധനാജീവിതവും കൂദാശാനുഭവമുള്ള ഏതൊരു സത്യവാശ്വാസിക്കും സുപരിചിതമായ ഒരു സങ്കീര്‍ത്തനമാണു ഇതു. ഈ സങ്കീര്‍ത്തനം ഇല്ലാത്ത ആരാധനയും കൂദാശാനുഷ്ടാനങ്ങളും ഓര്‍ത്തഡോക്സു സഭയില്‍ ഇല്ല.അത്രമാത്രം ഈ സങ്കീര്‍ത്തനം ഒരു ഓര്‍ത്തഡോക്സു വിശ്വാസയുടെ ജീവിതത്തോടു ചേര്‍ന്നു കിടക്കുന്നു. ഈ സങ്കീര്‍ത്തനം ആലപിച്ചു കൊണ്ടു മാത്രമേ ആരാധനയും കൂദാശാനുഷ്ഠാനങ്ങളും ആരംഭിക്കുകയുള്ളു. സത്യഅനുതാപത്തോടു കൂടി മാത്രമേ വിശ്വാസികള്‍ ഈ ആത്മീയചര്യകളില്‍ സംബന്ധിക്കാവൂ എന്നു വി.സഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു . യാമപ്രാര്‍ത്ഥനകളും നമസ്കാരങ്ങളും ആരംഭിക്കുന്നതു ഈ സങ്കീര്‍ത്തനം ആലപിച്ചുകൊണ്ടാണല്ലോ. കൂദാശാനുഷ്ഠാനത്തിലും ഈ സങ്കീര്‍ത്തനം അനിവാര്യഘടകമാണു. ആരാധനയുടെ മകുടമായ വി.കുര്‍ബ്ബാനയിലും കൂദാശകളുടെ പ്രാരംഭമായ വി.മാമോദീസായിലും ഈ സങ്കീര്‍ത്തനം ആലപിക്കാത്തതു എന്തുകൊണ്ടു എന്ന ചോദ്യം ഇവിടെ സംഗതമാണു. വി.കുര്‍ബ്ബാന 'മറിയം ദീലേത്തോ ' എന്നു പുരോഹിതന്‍ ചൊല്ലായാണു പരസ്യമായി ആരംഭിക്കുന്നതെങ്കിലും അതിനുള്ള ഒരുക്കം സന്ധ്യാ പ്രാര്‍ത്ഥനയോടെ ആണു ആരംഭിക്കുന്നതു. ഈ യാമ പ്രാര്‍ത്ഥനകള്‍ പൂര്‍ത്തീകരിക്കാതെ വി.കുര്‍ബ്ബാന അനുഷ്ഠിക്കുകയോ, അതില്‍ സംബന്ധിക്കുകയോ ചെയ്യാന്‍ പാടില്ലായെന്നാണു സഭ നിഷ്കര്‍ഷിക്കുന്നതു. ‍നമസ്കാരങ്ങളില് സന്ധ്യയിലും പ്രഭാതത്തിലും ഇതു ചൊല്ലുന്നതു കൊണ്ടാകാം വി. കുര്‍ബ്ബാനയില്‍ ഒഴിവാക്കിയതു എന്നു ചിന്തിക്കുന്നതില്‍ തെറ്റില്ല.വി.കുര്‍ബ്ബാന അനുഷ്ഠിക്കുന്ന പുരോഹിതന്‍ അതിനായി വി.മദ്ബഹായിലേക്കു പ്രവേശിക്കുമ്പോള്‍ നടത്തുന്ന രഹസ്യ പ്രാര്‍ത്ഥനയില്‍ ഈ സങ്കീര്‍ത്തനം ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതും ഇവിടെ ശ്രദ്ധാര്‍ഹമായ ഒന്നാണു. വി.മാമോദീസായിലാകട്ടെ അങ്ങനെ പോലും ഈ സങ്കീര്‍ത്തനം ഉപയോഗിക്കുന്നുമില്ല.അതിനു എന്തു ന്യായം പറയുവാന്‍ കഴിയു? ശിശുസ്നാനത്തില്‍ ഇതിനു പ്രസക്തിയില്ല എന്നതാണു  ഒന്നാമത്തെ കാരണം. മാമോദീസാ പാപമോചനത്തിനാണെങ്കിലും ശിശുക്കള്‍ക്കു കര്‍മ്മപാപമില്ലല്ലോ.അവിടെ മോചനം ലഭിക്കുന്നതു ജന്മപാപത്തിനാണു. അതുകൊണ്ടു ശിശുക്കള്‍ക്കു അനുതാപത്തിന്റെ ആവശ്യമില്ല.എന്നാല്‍ ശിശുവിനുവേണ്ടി സത്യവിശ്വാസം ഏറ്റു പറയുന്ന തലതൊടുന്ന ആളുകള്‍ക്കു ഇതു ബാധകല്ലേയെന്നു ചോദിക്കാവുന്നതാണു.തലതൊടുന്ന ആള്‍ സഭയുടെ പ്രതിനിധിയായി ഇവിടെ നില്‍ക്കുമ്പോള്‍  അയാള്‍ സത്യ അനുതാപത്തോടെ സത്യകുമ്പസാരം നടത്തി വി.കുര്‍ബ്ബാനഅനുഭവിച്ചേ മതിയാകു എന്നു സഭ അനുശാസിക്കുന്നു. ആ വിധത്തില്‍ അയാള്‍ക്കും ഇവിടെ അനുതാപത്തിന്റെ സങ്കീര്‍ത്തനു പ്രസക്തിയില്ലാതായി തീര്‍ന്നിരിക്കുന്നു. ഏതായാലും51-ാം സങ്കീര്‍ത്തനം  കൂടാതെ ഒരു ആരാധനയും കൂദാശാനുഷ്ഠാവും ഇല്ലായെന്നതു തന്നെ ഈ സങ്കീര്‍ത്തനം സത്യവിശ്വാസികളുടെ ആത്മീയജീവിതത്തില്‍ ഒരുനാളും ഒഴിവാക്കുവാന്‍ കഴിയാത്ത ഒന്നായി നിലനില്ക്കുന്നു.
                             ഈ സങ്കീര്‍ത്തനത്തിലൂടെ ശ്രദ്ധാപൂര്‍വ്വം കടന്നു പോകുമ്പോള്‍ സത്യ അനുതാപം എന്താണെന്നും അതില്‍ എന്തെല്ലാം അടങ്ങിയിരിക്കുന്നു എന്നും അതിന്റെ പ്രത്യേകതകള്‍ എന്തെല്ലാമാണെന്നും നമുക്കു തിരിച്ചറിയാന്‍ കഴിയും. അനുതാപമെന്നതു വെറും പശ്ചാത്താപം മാത്രമല്ലെന്നും, പാപത്തെ എന്നന്നേക്കുമായി ഉപേക്ഷിച്ചു ദൈവത്തോടു കൂടുതല്‍ അടുക്കുന്നതാണെന്നും ഈ സങ്കീര്‍ത്തനം നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. അനുതാപത്തിന്റെ ഇംഗ്ളീഷു വാക്കു repentance എന്നാണു. Repentance is turnig away from sin and turning towards God എന്നാണു അതിനു നല്‍കിയിരിക്കുന്ന നിര്‍വ്വചനം. അതാണു അനുതാപം.
                            സത്യ അനുതാപത്തിനു ആദ്യമായി വേണ്ടതു പാപബോധമാണു.ദാവീദു പറയുന്നു.സങ്കീ ; 51; 3,4 ''എന്റെ ലംഘനങ്ങളെ ഞാന്‍ അറിയുന്നു. എന്റെ പാപം എപ്പോഴും എന്റെ മുമ്പില്‍  ഇരിക്കുന്നു. നിന്നോടു തന്നെ ഞാന്‍ പാപം ചെയ്തു. നിനക്കു അനിഷ്ടമായുള്ളതു ഞാന്‍ ചെയ്തിരിക്കുന്നു.ദാവീദു രാജാവു ഈ സങ്കീര്‍ത്തനം എഴുതുവാന്‍ ഇടയായ സംഭവം ഏവര്‍ക്കുംഅറിവുള്ളതായിരിക്കും. 2.ശമുഃ11,12 അദ്ധ്യായങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന , ദാവീദിന്റെ ജീവിതത്തിലെ ഒരു അനിഷ്ട സംഭവമാണു അവിടെ നാം വായിക്കുന്നതു . സായംകാലത്തു മട്ടുപ്പാവില്‍ ഉലാത്തിക്കൊണ്ടിരുന്ന രാജാവു അടുത്തു കുളിച്ചുകൊണ്ടിരുന്ന ബേത്ശേബയെ കാണുകയും മോഹിക്കുകയും ചെയ്തു. അതിന്റെഫലമായി അദ്ദേഹം അവളുമായി അവഹിതബന്ധം പുലര്‍ത്തുകയും ചെയ്തു. ആ പാപം മറച്ചുവെയ്ക്കുവാനായി പിന്നീടു പല നിഷ്ഠുര പ്രവൃത്തികളും ചെയ്യുന്നു.അണിയറ രഹസ്യമായി കരുതിയിരുന്ന ആ സംഭവങ്ങളെല്ലാം നാഥാന്‍ പ്രവാചകന്‍ വന്നു വെളിപ്പെടുത്തുമ്പോള്‍ ദാവീദു ഞെട്ടിപ്പോയി. ദാവീദു പശ്ചാത്താപ വിവശനായി നാഥാനോടു പറഞ്ഞു.'' ഞാന്‍ യഹോവയോടു പാപം ചെയ്തിരിക്കുന്നു. ''(2.ശമുഃ 12;13) ഒരു ബലഹീന നിമിഷത്തില്‍ വന്നു ഭവിച്ച ആ വലിയ പാപങ്ങളെ ഓര്‍ത്തു നെടുവീര്‍പ്പിട്ടു കരഞ്ഞു പ്രാര്‍ത്ഥിച്ചു ആശ്വസിക്കുവാന്‍ ശ്രമിക്കുന്ന ദാവീദിന്റെ ഹൃദയ വിചാരങ്ങളെ ഈ വാക്കുകളിലൂടെ നമുക്കു വായിച്ചെടുക്കുവാന്‍ കഴിയുന്നു.
                         ദാവീദു ബേത്ശേബയുമായി അവിഹിതബന്ധം പുലര്‍ത്തിയതിന്റെ ഫലമായി അവള്‍ ഗര്‍ഭിണിയായി തീര്‍ന്നപ്പോള്‍, അതു തന്റെ പടയാളിയും അവളുടെ ഭര്‍ത്താവുമായ ഊരിയാവില്‍ അടിച്ചേല്പിക്കുവാന്‍ ശ്രമിച്ചെങ്കിലും അതു ഫലിക്കാതെ വന്നു. അവനെ യുദ്ധമുഖത്തു നിര്‍ത്തി ശത്രുക്കളാല്‍ വധിക്കപ്പെടുവാന്‍ അവസരമൊരുക്കി. അതു ഫലവത്തായപ്പോള്‍ ഊരിയാവോടുള്ള രാജാവിന്റെ അനുകമ്പ എന്ന വ്യാജേന ബേത്ശേബയെ ഭാര്യയാക്കുകയും ചെയ്തു. എല്ലാം ശുഭകരമായി എന്നു കരുതിയിരുന്നപ്പോഴാണു ദൈവനിയോഗപ്രകാരം നാഥാന്‍ പ്രവാചകന്‍ ദാവീദിന്റെ അടുക്കല്‍ എത്തുന്നതു.ഒരു ധനവാനായ മനുഷ്യന്‍ തന്റെ അയല്‍വാസിയായ ദരിദ്രന്റെ ഒരേയൊരു പെണ്ണാട്ടിന്‍ കുട്ടിയെ വിരുന്നുകാര്‍ക്കു വേണ്ടി കൊന്ന സംഭവം വിവരിച്ചു. അതു കേട്ട രാജാവു കോപാകുലനായി ആ മനുഷ്യന്‍ മരണയോഗ്യന്‍ എന്നു വിധി കല്പിച്ചു. നാഥാന്‍ ശാന്തനായി ദാവീദിന്റെ നേര്‍ക്കു വിരല്‍ ചൂണ്ടി 'ആ മനുഷ്യന്‍ നീ തന്നെ ' എന്നു പറഞ്ഞു. സ്വാഭാവികമായും രാജാവായ തന്റെ മുമ്പില്‍ വന്നു ഒരു വ്യാജ കഥ പറഞ്ഞു തന്നെ  കുറ്റപ്പെടുത്തിയതു ദാവീദിനു അനിഷ്ടകരമാകേണ്ടതാണു. എന്നാല്‍ ദാവീദു നാഥാന്റെ വാക്കകുകള്‍ ദൈവവചനങ്ങളായിട്ടാണു ശ്രവിച്ചതു.അതിനാലാണു കോപവും വിദ്വേഷവും ഉണ്ടാകേണ്ട സ്ഥാനത്തു പാപബോധവും പശ്ചാത്താപവും ഉണ്ടായതു. ദാവീദു നമ്മില്‍ നിന്നു വ്യത്യസ്ഥനായി നില്‍ക്കുതിനു കാരണവും അതാണു. നമ്മില്‍ ആരെങ്കിലും കുറ്റം കണ്ടുപിടിച്ചു പറഞ്ഞാല്‍  അതു ശരിയാണെങ്കില്‍ പോലും നാം അതു സമ്മതിക്കുകയില്ലെന്നു മാത്രമല്ല ആ മനുഷ്യനെ ശത്രുവായി കാണുകയും ചെയ്യും.എന്തിനു സുവിശേഷപ്രസംഗം കേള്‍ക്കുമ്പോള്‍ പോലും പ്രസംഗകന്‍ പറഞ്ഞതു തന്നെ കുറിച്ചാണെന്നു തോന്നിയാല്‍ അതു ദൈവവചനമായി അംഗീകരിച്ചു പശ്ചാത്താപത്തിലേക്കു മനസ്സു തിരിയാതെ അയാള്‍ മനഃപ്പൂര്‍വ്വം തന്നെ  അവഹേളിക്കുകയായിരുന്നു എന്നാണു പലരും കരുതുക. അതുകൊണ്ടു തന്നെ  തിരുവചനകേള്‍വിയിലൂടെ ലഭിക്കേണ്ട രൂപാന്തരം നമ്മില്‍  ഉണ്ടാകാറുമില്ല. എന്നാല്‍ ഇവിടെ ഇതാ ആ പ്രവാചകശബ്ദം ദൈവവചനമായി തന്നെ ദാവീദു സ്വീകരിച്ചതിനാലാണു അതു ദാവീദില്‍ ഒരു രൂപാന്തരത്തിനായി ഭവിച്ചതു.
                          പാപബോധം ഉണ്ടകുമ്പോള്‍ അതു മറച്ചു വയ്ക്കുവാനുള്ള വ്യഗ്രത സ്വാഭാവികമാണു.ദാവീദും അങ്ങനെയാണല്ലോ ആദ്യം ചെയ്തതു. ആദ്യമാതാപിതാക്കന്മാര്‍ കല്പന ലംഘിച്ചപ്പോള്‍ അതു തെറ്റാണു എന്നു അറിഞ്ഞിട്ടും യഹോവയുടെ കാലൊച്ച കേട്ട അവര്‍ മറഞ്ഞിരിക്കുവാനാണല്ലോ ശ്രമിച്ചതു. അവര്‍ക്കുണ്ടായതു ശരിയായ പാപബോധമായിരുന്നില്ല. അതു പാപത്തെ കുറിച്ചുള്ള അറിവു മാത്രമാണു.ആ അറിവു പശ്ചാത്താപത്തിലേക്കു നയിക്കുമ്പോഴാണു അതു പാപബോധമാകുന്നതു.പാപം അതിന്റെ എല്ലാ ഗൗരവത്തോടെയും തിരിച്ചറിയണമെങ്കില്‍ പാപം എന്താണെന്നു ഗ്രഹിക്കണം.ദാവീദു രാജാവിന്റെ വാക്കുകളില്‍, 51-ാം സങ്കീര്‍ത്തനം  3-5 വാക്യങ്ങളില്‍ പാപത്തിന്റെ ചില ഭാവങ്ങളെ നമുക്കു കാണാന്‍ കഴിയുന്നു. മൂന്നാം വാക്യം. ''എന്റെ ലംഘനങ്ങളെ ഞാന്‍ അറിയുന്നു.''കല്പന ലംഘനമാണു ഇവിടെ പാപമായി കാണുന്നതു. ന്യായപ്രമാണത്തില്‍, പ്രത്യേകിച്ചു പത്തുകല്പനകളില്‍ , ചെയ്യരുതു എന്നു കല്പിച്ചിട്ടുള്ളതു ചെയ്യുന്നതും ചെയ്യണം എന്നു പറഞ്ഞിട്ടുള്ളതു  ചെയ്യാതിരിക്കുതുമാണു ലംഘനങ്ങള്‍. വ്യഭിചാരം ചെയ്യരുതു, കൊലചെയ്യരുതു എന്നീ കല്പനകളാണു ദാവീദു ഇവിടെ ലംഘിച്ചതു.ഈ വിധ ചെയ്തികള്‍ പാപമാകുന്നതു അവ ദൈവത്തിനു അനിഷ്ടകരമായ പ്രവൃത്തിയായതു കൊണ്ടാണു. ദൈവത്തിനു ഇഷ്ടമല്ലാത്തതു എല്ലാം പാപമാണു.അതുകൊണ്ടാണു നാലാം വാക്യത്തില്‍, ''നിനക്കു അനിഷ്ടകരമായതു ഞാന്‍ ചെയ്തു '' എന്നു തന്റെ പാപത്തെ കുറിച്ചു ദാവീദു പറഞ്ഞിരിക്കുന്നതു . യഹോവയായ ദൈവം നല്‍കിയ കല്പന ലംഘിക്കുന്നതു ദൈവത്തിനു അനിഷ്ടകരമാണു.എന്നാല്‍ വ്യഭിചാരവും കൊലപാതകവും മനുഷ്യരോടു ചെയ്ത അതിക്രമങ്ങളാണു.മനുഷ്യരോടു ചെയ്യുന്ന തെറ്റുകളെല്ലാം ദൈവത്തോടു ചെയ്യുന്ന പാപവും കൂടെയാണു.'നിന്നോടു തന്നെ ഞാന്‍ പാപം ചെയ്തു.'' എന്ന ദാവീദിന്റെ വാക്കുകള്‍ അതു വെളിവാക്കുന്നു. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ മനുഷ്യരോടു തെറ്റു ചെയ്യുവാന്‍ കാരണം ദൈവത്തില്‍ നിന്നു അകന്നതാണു.മനുഷ്യനില്‍ നിന്നു അകന്ന മനുഷ്യന്‍ ദൈവത്തില്‍ നിന്നും അകന്നവനായി മാറുന്നു. ദൈവസ്നേഹവും മനുഷ്യസ്നേഹവും ഒരു നാണയത്തിന്റെ ഇരു പുറങ്ങളാണു എന്നു സാരം.
                              നാം പലപ്പോഴും കല്പന ലംഘനം മാത്രമാണു പാപമായി കാണുന്നതു. എന്നാൽ ദൈവത്തിൽ നിന്നു നമ്മെ അകറ്റുന്ന ചിന്തകളും വികാരങ്ങളും വിചാരങ്ങളും സംസാരങ്ങളും പ്രവൃത്തികളും എല്ലാം പാപത്തിന്റെ പട്ടികയിൽ പെടും എന്നതാണ് സത്യം. പാപത്തിന്റെ ഗ്രീക്ക് പദം ഹമാർട്ടിയ എന്നാണ്. ലക്ഷ്യം തെറ്റുക എന്നാണ് അതിന്റെ അർത്ഥം. ലക്ഷ്യത്തിൽ നിന്നു തെറ്റി പോകുന്നതെല്ലാം പാപമാണ് എന്നു സാരം. പ്രവൃത്തികൾ മാത്രമല്ല പാപമെന്നു നമ്മുടെ കർത്താവും പഠിപ്പിക്കുന്നു.വി.മത്താ;5 ;22 ''സഹോദരനോട് കോപിക്കുന്നവനെല്ലാം ന്യായവിധിക്കു യോഗ്യനാകും. സഹോദരനോട് നിസ്സാര എന്നു പറഞ്ഞാലോ ന്യായധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടിവരും. മൂഢയെന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും.'' കോപം മാത്രമല്ല സംസാരവും നിന്ദയും ശിക്ഷാർഹമായ പാപമാണ്‌. വി. മത്തായി; 5 ; 28 ''സ്ത്രീയേ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവനെല്ലാം ഹൃദയം കൊണ്ടു അവളോട്‌ വ്യഭിചാരം ചെയ്തുപോയി.'' ഇതെല്ലാം ഒരു കാര്യം വ്യക്തമാക്കുന്നു. സംസാരവും നോട്ടവും മോഹവും ഹൃദയവിചാരങ്ങളും എല്ലാം പാപമായി പരിണമിക്കാവുന്നതാണ്. ആരും കാണാതെ ചെയ്യുന്ന പാപങ്ങൾ മാത്രമല്ല , ചിന്തയിലും വിചാരത്തിലും മോഹങ്ങളിലും വന്നു ചേരുന്ന പാപങ്ങളും രഹസ്യപാപങ്ങളുടെ പട്ടികയിൽ പെടും. വി. കുമ്പസാര ക്രമത്തിൽ കുമ്പസാരത്തിനു മുമ്പുള്ള ഒരുക്ക പ്രാർത്ഥനകളിൽ പാപങ്ങളുടെ ഒരു നീണ്ട പട്ടിക നമ്മുടെ ധ്യാനത്തിനായി പരി.പിതാക്കന്മാർ ക്രമപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിച്ചാല്‍ ഈ സത്യം മനസ്സിലാകും. ദൈവസാന്നിദ്ധ്യം അനുഭവിച്ചുകൊണ്ട് ഒളിഞ്ഞും തെളിഞ്ഞും മറഞ്ഞും കിടക്കുന്ന രഹസ്യവും പരസ്യവുമായ എല്ല പാപങ്ങളെയും കണ്ടുപിടിക്കുവാനുള്ള അവസരമാണതു. കുമ്പസാരം അന്യമായി തീർന്നിരിക്കുന്ന ആധുനികവിശ്വസി ഇതു കണ്ടിട്ടും അനുഭവിച്ചിട്ടും ഉണ്ടാവില്ല.
                                     പാപത്തെക്കുറിച്ചുള്ള ശരിയായ അറിവു പാപബോധത്തിലേക്കും പാപബോധം സത്യ അനുതാപത്തിലേക്കും നയിക്കുന്നു. സത്യഅനുതാപത്തിന്റെ അടുത്തപടിയാണു പശ്ചാത്താപവും പാപം ഏറ്റുപറച്ചിലും. പാപബോധമുണ്ടായിട്ടും പശ്ചാത്താത്തിലേക്കും ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്ന അവസ്ഥയിലേക്കും അതു ഉയരുന്നില്ലായെങ്കില്‍ സത്യ അനുതാപമാകയില്ല. അതു വ്യര്‍ത്ഥവും നിരര്‍ത്ഥകവുമായി ഭവിക്കും. ദാവീദിന്റെ അനുതാപത്തോടു കൂടിയ ഏറ്റുപറച്ചിലാണു നാലാം വാക്യത്തില്‍ കാണുന്നതു. ''നിന്നോടു തന്നെ ഞാന്‍ പാപം ചെയ്തു നിനക്കു അനിഷ്ടമായുള്ളതു ഞാന്‍ ചെയ്തിരിക്കുന്നു.'' ശീമോന്റെ പൂമേടയില്‍  എത്തിയ മശിഹാതമ്പുരാന്റെ പാദങ്ങളെ കണ്ണുനീരുകൊണ്ടു കഴുകിയ പാപിനിയായ സ്ത്രീ സത്യഅനുതാപത്തിന്റേയും ഏറ്റുപറച്ചിലിന്റേയും ഉത്തമ മാതൃകയാണു.രഹസ്യവും പരസ്യവും ഒളിഞ്ഞും തെളിഞ്ഞും മറഞ്ഞും മറന്നും കിടക്കുന്ന എല്ലാ പാപങ്ങളേയും ഒന്നും മറച്ചു വയ്ക്കാതെ സത്യഅനുതാപത്തോടെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നതാണല്ലോ സത്യകുമ്പസാരം.
                                     ഈ വിധത്തിലുള്ള ഏറ്റുപറച്ചില്‍ കൊണ്ടു മാത്രം സത്യഅനുതാപവും സത്യകുമ്പസാരവും അവസാനിക്കുന്നില്ല. ദൈവത്തിന്റെ കൃപയ്ക്കും കരുണയ്ക്കും വേണ്ടി യാചിക്കുകയെന്നതു അനുതപത്തിന്റെയും കുമ്പസാരത്തിന്റെയും അടുത്ത പാടിയാണ്. സങ്കീഃ 51; 1,2,7,8,9എന്നീ വാക്യങ്ങള്‍ ഈ സത്യം വെളിവാക്കുന്നു. " ദൈവമേ, നിന്റെ ദയക്കു തക്കവണ്ണം എന്നോട് കൃപ ഉണ്ടാകേണമേ.നിന്റെ കരുണയുടെ ബഹുത്വത്തിൻ പ്രകാരം എന്റെ ലംഘനങ്ങളെ മായിച്ചു കളയേണമേ. എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കേണമേ.എന്റെ പാപം നീക്കിഎന്നെ വെടിപ്പാക്കേണമേ. ഞാന്‍ നിര്‍മ്മലനാകേണ്ടതിന്നു ഈസോപ്പുകൊണ്ടു എന്നെ ശുദ്ധീകരിക്കേണമേ.ഞാന്‍ ഹിമത്തെക്കാള്‍ വെളുക്കേണ്ടതിന്നു എന്നെ  കഴുകേണമേ.എന്റെ പാപങ്ങളെ കാണാതെ വണ്ണം നിന്റെ മുഖം മറയ്ക്കേണമേ.എന്റെ അകൃത്യം ഒക്കെയും മായിച്ചു കളയേണമേ.''എന്നിങ്ങനെയുള്ള അപേക്ഷ അവിടെ നാം വായിക്കുന്നു. സത്യ അനുതാപമുള്ള ഒരു ഹൃദയത്തില്‍ നിന്നു മാത്രമേ ഇങ്ങനെയുള്ള യാചനകള്‍ ഉയരുകയുള്ളു. പാപത്തിന്റെ ശമ്പളം മരണമാണെന്നതു ദൈവകല്പന ആണു. ഈ ശിക്ഷയില്‍ നിന്നും മരണത്തില്‍ നിന്നും ഉള്ള വിമോചനം ദൈവത്തിന്റെ കൃപയും കരുണയും ദയയും കൊണ്ടു മാത്രമേ ലഭിക്കുകയുള്ളു.പാപങ്ങള്‍ ഏററു പറഞ്ഞാലും ദൈവത്തിന്റെ കരുണയ്ക്കും ദയയ്ക്കും വേണ്ടി സത്യ അനുതാപത്തോടെയും നുറുങ്ങിയ ഹൃദയത്തോടെയും യാചിക്കുമ്പോള്‍ ആണു പാപമോചനം ലഭിക്കുന്നതു. അതുകൊണ്ടാണു വി. കുമ്പസാരത്തില്‍ പാപം ഏറ്റു പറയുന്നതിനോടൊപ്പം മദ്യോനീസോ പ്രാര്‍ത്ഥനയും പരി.പിതാക്കന്മാര്‍ ക്രമപ്പെടുത്തിയിരിക്കുന്നതു.അതു പ്രാര്‍ത്ഥിച്ചു കഴിയുമ്പോഴാണു ബ.പുരോഹിതന്‍ പാപമോചന പ്രാര്‍ത്ഥന ചൊല്ലി നെറ്റിയില്‍ റൂശ്മാ വരച്ചു പാപമോചനം നല്‍കുന്നതു.സത്യഅനുതാപത്തിനും സത്യകുമ്പസാരത്തിനും പാപമോചനത്തിനും ഈവിധ യാചനകള്‍ അനുപേക്ഷണീയമാണെന്നു 51-ാം സങ്കീര്‍ത്തനം നമ്മെ ഉദ്ബോധിപ്പിക്കുന്നു.
                               ഇത്രയും കൊണ്ടും സത്യ അനുതാപം പൂര്‍ണ്ണമാകുന്നില്ല. പാപത്തില്‍ നിന്നു അകന്ന ഒരു പുതിയ ജീവിതത്തിനുള്ള അഭിവാഞ്ഛയും സമര്‍പ്പണവും കൂടെ ചേരുമ്പോള്‍ മാത്രമേ സത്യ അനുതാപം ഫലമുളവാക്കുന്നതായി തീരുകയുള്ളു ഈ സങ്കീര്‍ത്തനം വ്യക്തമാക്കുന്നു. സങ്കീഃ 51; 10,11,12  അതു നാം വായിക്കുന്നു.പാപരഹിതമായ ഒരുജീവിതത്തനു വേണ്ടിയുള്ള സമര്‍പ്പണമായി ഇതിനെ കാണാം. പാപത്തില്‍ ഉരുവാകുകയും പാപം നിറഞ്ഞ ലോകത്തില്‍ ജീവിക്കുകയും ചെയ്യുന്ന മനുഷ്യനു സ്വന്ത ബുദ്ധിയിലും ശക്തിയിലും ആശ്രയിച്ചു പാപത്തെ അതിജീവിക്കുവാന്‍ സാദ്ധ്യമല്ല. അതിനു പരിശുദ്ധാത്മാവിന്റെ ശക്തമായ വ്യാപാരവും, നിരന്തരമായ ദൈവസാമീപ്യവും വഴിനടത്തിപ്പും ആവശ്യമാണെന്നു ഈ വാക്യങ്ങള്‍ വ്യക്തമാക്കുന്നു. ഇനിയും പാപം ചെയ്യാതിരിപ്പാന്‍ നിര്‍മ്മലമായൊരു ഹൃദയവും സ്ഥിരമായ ഒരു ആത്മാവിനേയുമാണു ദാവീദുരാജാവു യാചിക്കുന്നതു.സാത്താന്റെ പ്രലോഭനങ്ങളില്‍ വീണുപോകാതിരിപ്പാന്‍ ദൈവസാന്നിദ്ധ്യത്തോടൊപ്പം പരിശുദ്ധാത്മാവിന്റെ വ്യാപാരവും ആവശ്യമായിരിക്കുന്നു. വി.കുമ്പസാരത്തിനു ശേഷം ഏറ്റുപറഞ്ഞു ഉപേക്ഷിച്ച പാപങ്ങള്‍ ചെയു പോകുന്നുവെങ്കില്‍ നമ്മുടെ സത്യഅനുതാപം ഈ തലത്തിലേക്കു ഉയര്‍ന്നിട്ടില്ല എന്നാണു അതിന്റെ അര്‍ത്ഥം. സ്വയം പ്രതിഷ്ടിക്കുന്ന മനസ്സൊരുക്കമുള്ള ഒരു ആത്മാവിനു മാത്രമേ രക്ഷയുടെ സന്തോഷവും ആനന്ദവും തിരികെ ലഭിക്കുകയുള്ളു. അതുകൊണ്ടാണു ദാവീദു '' നിന്റെ രക്ഷയുടെ ആനന്ദം എനിക്കു തിരികെ തരേണമേ '' എന്നു പ്രാര്‍ത്ഥിക്കുന്നതു.
                        വി.കുമ്പസാരത്തിനു ശേഷം ചില കാര്യങ്ങള്‍ ചെയ്തേ മതിയാകൂ എന്നു സഭ അനുശാസിക്കുന്നതു ഈ അര്‍ത്ഥത്തിലാണെങ്കിലും പലരും അതിനെ അത്ര ഗൗരവമായി കാണുന്നുണ്ടോ എന്നുസംശയിക്കണം. പുരോഹിതന്‍ നെറ്റിത്തടത്തില്‍ രേഖപ്പെടുത്തിയ കുരിശടയാളത്തോടു കൂടി വി.കുമ്പസാരം പൂര്‍ണ്ണമായി എന്നാണു പലരും ധരിച്ചിരിക്കുന്നതു.എന്നാല്‍ വി.കുമ്പസാരം അര്‍ത്ഥപൂര്‍ണ്ണമാകുന്നതു അതിനുശേഷമുള്ള ജീവിതം കൊണ്ടാണു. കുമ്പസാരത്തിനു ശേഷം കുമ്പിടണമെന്നു  പറയുന്നതു ഈ സമര്‍പ്പണത്തിനുള്ള ഒരു ആത്മീയ ചര്യയാണു. ഏറ്റുപറഞ്ഞ പാപങ്ങള്‍ക്കു അനുസരണമായി ചില പരിഹാരക്രിയകള്‍ ചെയ്യണമെന്നു പുരോഹിതന്‍ ഉപദേശിക്കാറുണ്ടു. ദാനധര്‍മ്മങ്കള്‍ ചെയ്യുവാനും വി.ദേവാലയത്തിലെ പൊലിയാവിളക്കില്‍ എണ്ണ ഒഴിക്കുവാനും  അനുതാപത്തിന്റെ സങ്കീര്‍ത്തനങ്ങള്‍ ചൊല്ലുവാനുമൊക്കെയാണു ഉപദേശിക്കുന്നതു.അതാകട്ടെ , പുതക്കപ്പെടലിന്റെ കര്‍മ്മങ്ങളായിട്ടു വേണം കാണുവാന്‍. ഏറ്റുപറഞ്ഞു ഉപേക്ഷിച്ച പാപങ്ങളുടെ സ്ഥാനത്തു മറ്റു ചില നന്മകള്‍ പ്രതിഷ്ഠിച്ചെങ്കില്‍ മാത്രമേ പിന്നെയും പാപത്തിലേക്കു വഴുതിവീഴാതിരിക്കുകയുള്ളു. ഒരു വീടു  അടിച്ചു വൃത്തിയാക്കിയ ഉപമ കര്‍ത്താവു പറഞ്ഞതു ഇതിനോടു ചേര്‍ത്തു ധ്യാനിക്കേണ്ടതാണു.പാപം ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നതു ഒരു ശുദ്ധീകരണ പ്രക്രിയയാണു. എന്നാല്‍ ഈ ശുദ്ധീകരിച്ച ഭവനം ശൂന്യമായി കിടന്നാല്‍ അടിച്ചു പുറത്താക്കപ്പെട്ട പിശാചു അത്യധികം ശക്തിയോടെ തിരികെ വന്നു അതില്‍ പാര്‍ക്കും.സാത്താനെ ഒഴിവാക്കിയ സ്ഥാനത്തു ക്രിസ്തുവിനെ പ്രതിഷ്ഠിക്കുവാന്‍ കഴിയാതെ പോകുന്നതാണു അങ്ങനെ സംഭവിക്കുവാന്‍ കാരണം.നന്മ പ്രവൃത്തികള്‍ ചെയ്യുന്നതോടൊപ്പം വി.കുര്‍ബ്ബാന അനുഭവിക്കുന്നതും ഈ പുനഃപ്രതിഷ്ഠയുടെ അനുഭവം പകര്‍ന്നു തരികയാണു ചെയ്യുന്നതു.
                     ,      ഈ പുനഃപ്രതിഷ്ഠ കൊണ്ടും അനുതാപം പൂര്‍ണ്ണമാകുന്നില്ല എന്നു ഈ സങ്കീര്‍ത്തനത്തിലെ പതിനഞ്ചു മുതലുള്ള വാക്യങ്ങള്‍ വ്യക്തമാക്കുന്നു. പുതിയ തീരുമാനത്തില്‍ നിന്നു വ്യതിചലിച്ചു പോകുവാനുള്ള സാധ്യത കൂടുതലാണു. അങ്ങനെ സംഭവിക്കാതിരിക്കുവാന്‍ നിരന്തരമായ ഒരുക്കവും ശ്രദ്ധയും ആവശ്യമാണു. ദൈവത്തോടുള്ള ബന്ധത്തില്‍ നിന്നു മാറിപ്പോകാതെ ജീവിക്കുവാന്‍ അതീവ ശ്രദ്ധയും കരുതലും ആവശ്യമാണു. അതുകൊണ്ടാണു 'എന്റെ നാവു നിന്റെ നീതിയെ ഘോഷിക്കും, എന്റെ അധരങ്ങള്‍ തുറക്കേണമേ, എന്റെ വായ് നിന്റെ സ്തുതികളെ വര്‍ണ്ണിക്കും.''എന്നു ദാവീദു പറയുന്നതു. നിരന്തരമായ സ്തുതിയും സ്തോത്രവും ഇടവിടാതെ സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനാനിരതമായ ഒരു ജീവിതമാണു പുതുക്കപ്പെട്ട ജീവിതാനുഭവം.ദൈവത്തോടുള്ള നിരന്തര സംസര്‍ഗ്ഗത്തില്‍ ജീവിക്കുമ്പോള്‍ മാത്രമാണു ദൈവം നീതിയാഗങ്ങളിലും ഹോമയാഗങ്ങളിലും പ്രസാദിക്കുക.അവിടെയാണു യഥാര്‍ത്ഥ അനുതാപം പൂര്‍ണ്ണമാകുന്നതു എന്നു ദാവീദു ഇവിടെ പറയുന്നു.അപ്പോള്‍ നിന്റെ യാഗപീഠത്തിന്മേല്‍ കാളകളെ അര്‍പ്പിക്കും.' എന്നെത്തന്നെ സന്നിധിയില്‍ കാഴ്ചയണപ്പാനും നാഥാ എന്നെ നിനക്കു സുഗന്ധമതായ് അര്‍പ്പിപ്പാനും കൃപ ചെയ്ക ''എന്നു പ്രാര്‍ത്ഥിപ്പാന്‍ പരി.പിതാക്കന്മാര്‍ നമ്മെ പഠിപ്പിച്ചിരിക്കുന്നതു ഈ അര്‍ത്ഥത്തിലാണു.ഇനിയും പാപം ചെയ്യാതിരിക്കുവാന്‍ എന്റെ ബുദ്ധിയും ശക്തിയും ഉതകാത്തതിനാല്‍ നിന്റെ കരുണയുടെ ചിറകിന്‍ കീഴെ എന്നെ മറയ്ക്കുകയും എന്റെ ബലഹീനതയില്‍ ശക്തി പകര്‍ന്നു വഴിനടത്തുകയും ചെയ്യണമേയെന്നു നിരന്തരം പ്രാര്‍ത്ഥിച്ചെങ്കില്‍ മാത്രമേ പാപത്തെ അതിജീവിച്ച ജയമുള്ള ക്രിസ്തീയ ജീവതം പ്രാപിക്കുകയുള്ളു.
                            പാപബോധത്തില്‍ നിന്നു സത്യ അനുതാപത്തിലേക്കും, സത്യ അനുതാപം പശ്ചാത്താപത്തിലേക്കും കരുണയ്ക്കും ദയയ്ക്കും വേണ്ടിയുള്ള യാചനയിലേക്കും നയിക്കുകയും, പാപരഹിതമായ ഒരു ജീവീതത്തിനുള്ള സമര്‍പ്പണത്തിലൂടെ ഒരു പുതു ജീവിതത്തിലേക്കും പ്രവേശിച്ചു ദൈവസംസര്‍ഗ്ഗത്തില്‍ നിരന്തരം ജീവിക്കുന്ന സൗഭാഗ്യ ജീവിതത്തിന്റെ മാര്‍ഗ്ഗം ഈ സങ്കീര്‍ത്തനം നമ്മുടെ മുമ്പില്‍ വരച്ചു കാണിച്ചിരിക്കുന്നു.നമ്മുടെ അനുതാപവും വി.കുമ്പസാരവും ഈ അനുഭവത്തോളം എത്തിച്ചേരുമ്പോള്‍ മാത്രമേ ജയമുള്ള ഒരു ക്രിസ്തീയ ജീവിതം സാദ്ധ്യമാകുകയുള്ളു.51-ാം സങ്കീര്‍ത്തനത്തിന്റെ നിരന്തര ധ്യാനത്തിലൂടെ ആ മഹത്തായ ജീവിതം സ്വന്തമാക്കാന്‍ നമുക്കു ഇടയാകണം, ഇടയാകട്ടെ എന്നു ആശംസിക്കുന്നു.

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30