വി.നോമ്പുകാലധ്യാനങ്ങൾ -27
27-നാലാം വ്യാഴം.
-----------------
സന്ധ്യയുടെ ഏവൻഗേലിയോൻ വി.ലൂക്കോഃ15;11-32 ആണു ഇന്നത്തെ ധ്യാനചിന്തയുടെ വിഷയം.കർത്താവു പറഞ്ഞ ഏറ്റം അധികം ചിന്തനീയമായ ഒരു ഉപമയാണു അവിടെ പ്രതിപാദിച്ചിരിക്കുന്നതു.ഒരു ചെറുകഥ പോലെ വായിക്കാവുന്ന ഒരു ഉപമ.അതിനെ മുടിയനായ പുത്രന്റെ ഉപമയെന്നാണു സാധാരണ വിളിക്കാറുള്ളതു.എന്നാൽ പല വേദപണ്ഡിതന്മാരും ഇതു ഒരു മുടിയൻ പുത്രന്റെ കഥയല്ലെന്നും,സ്നേഹനിധിയായ ഒരു പിതാവിന്റെ കഥയാണെന്നും അഭിപ്രായപ്പെടുന്നു.ഇതിലെ പ്രധാന കഥാപാത്രം മുടിയനായ പുത്രനല്ല,അവൻ തിരിച്ചുവന്നപ്പോൾ സന്തോഷത്തോടെ സ്വീകരിച്ച പിതാവാണു ഇതിലെ കേന്ദ്ര കഥാപാത്രം എന്നും അവർ പറയുന്നു.മാനസ്സാന്തരപ്പെട്ടു തിരിച്ചവരുന്ന പാപിയെ ഉപാധികളൊന്നുമില്ലാതെ സ്വീകരിക്കുന്ന പിതാവാം ദൈവത്തിന്റെ ചിത്രമാണു ഈ ഉപമ നൽകുന്നതു.എങ്കിലും പിതാവിനെ പോലെ തന്നെ അതിലെ രണ്ടു പുത്രന്മാരും നമ്മുടെ ചിന്തകളെ തൊട്ടുണർത്തുന്ന ചില സന്ദേശങ്ങൾ നൽകുന്നുവെന്നതു ഇവിടെ നമ്മുടെ ധ്യാനത്തിനു വിഷയീഭവിക്കുന്നു.
ഈ ഉപമയിലെ മൂന്നു കഥാപത്രങ്ങളും തുല്യ പ്രാധാന്യമർഹിക്കുന്നു എന്നു പറയാമെങ്കിലും നമ്മുടെ ശ്രദ്ധ ആദ്യം ചെന്നു പതിക്കുന്നതു ആ പിതാവിൽ തന്നെയാണു.അതിനാൽ ആ പിതാവിൽ നിന്നുതന്നെ നമ്മുടെ ധ്യാനചിന്തകൾ ആരംഭിക്കുന്നു.
കർത്താവു ദൈവത്തെ മനുഷ്യനു പരിചയപ്പെടുത്തി തന്നിട്ടുള്ളതു ഒരു പിതാവായിട്ടാണു.ശിഷ്യന്മാരെ പ്രാർത്ഥിക്കുവാൻ പഠിപ്പിച്ചപ്പോഴും സ്വർഗ്ഗസ്ഥനായ പിതാവേ എന്നു വിളിക്കുവാനാണു പറഞ്ഞുകൊടുത്തതു എന്നു കർത്തൃപ്രാർത്ഥന വെളിവാക്കുന്നു.ഇവിടെ സ്നേഹവാനായ ദൈവത്തെ മനുഷ്യനു പരിചയപ്പെടുത്തി കൊടുക്കുവാൻ കർത്താവു ഈ ലോകത്തിലെ ഒരു പിതാവിനെ തന്നെയാണു മാതൃകയായി കാട്ടിത്തന്നിരിക്കുന്നതു.മറ്റൊരു ഉപമയിലും ഇതുപോലെ ഒരു പിതാവിനേയും രണ്ടു പുത്രന്മാരേയും നാം കാണുന്നുണ്ടു.അവിടെ പിതാവിന്റെ ഇഷ്ടം ചെയ്ത പുത്രനെയാണു എടുത്തു കാണിക്കുന്നതു.അവിടെയും പിതാവിൽ ദൈവത്തിന്റെ ചിത്രമാണു തെളിയുന്നതു.പ്രാർത്ഥനയെക്കുറിച്ചു പറയുമ്പോൾ സ്വർഗ്ഗസ്ഥനായ പിതാവിനെ ,ദോഷികളായ ഈ ലോകപിതാക്കന്മാരേക്കാൾ ശ്രേഷ്ഠനാണെന്നാണു പറയുന്നതു.വി.മത്താഃ7;7,വി.ലൂക്കോഃ11;9-13 എന്നീ ഭാഗങ്ങളിൽ 'ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ലദാനങ്ങളെ കൊടുപ്പാൻ അറിയുന്നുവെങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നല്ലദാനങ്ങളെ എത്രയധികം നൽകും.'എന്നു നാം അവിടെ വായിക്കുന്നു.ഇവിടെയെല്ലാം സ്നേഹനിധിയായ ഒരു ദൈവത്തെയാണു കർത്താവു നമുക്കു പരിചയപ്പെടുത്തി തരുന്നതു. ഈ ഉപമയിലാകട്ടെ,മറ്റുഭാഗങ്ങളിൽ കാണുന്ന ലൗകിക പിതാവിനെക്കാൾ വളരെ വ്യത്യസ്ഥനായ ഒരു പിതാവിനെയാണു കർത്താവു വരച്ചുകാണിച്ചിരിക്കുന്നതു.ഈ പിതാവിന്റെ പല ചെയ്തികളും സാധാരണ പിതാക്കന്മാരിൽ കാണുവാൻ കഴിയാത്തതാകയാൽ ഈ പിതാവു വേറിട്ടു നിൽക്കുന്നു എന്നു പറയേണ്ടിയിരിക്കുന്നു.
അദ്ദേഹത്തിന്റെ ചെയ്തികൾ ഓരോന്നായി വിലയിരുത്തുക.അദ്ദേഹം കഷ്ടപ്പെട്ടും ത്യാഗമനുഷ്ഠിച്ചും വളരെ സ്വത്തു സമ്പാദിച്ചു. തന്റെ മക്കൾ സുഖമായും സന്തോഷമായും ജീവിക്കുന്നതു കാണണമെന്നുള്ള വലിയ മോഹമാണു ഈ ത്യാഗത്തിനു പ്രേരകമായിട്ടുള്ളതു.ഏതു മാതാപിതാക്കന്മാരും മക്കൾ ജനിച്ചുകഴിഞ്ഞാൽ പിന്നെ ജീവിക്കുന്നതു അവർക്കു വേണ്ടി മാത്രമായിരിക്കും.അവരുടെ നന്മയും സന്തോഷവും മാത്രമാണു ലക്ഷ്യമെന്നതിനാൽ അവർ തങ്ങളുടെ സുഖസന്തോഷങ്ങൾ പോലും പരിത്യജിക്കുവാൻ തയ്യാറാകുന്നു.കഷ്ടപ്പെട്ടു സമ്പാദിച്ചതെല്ലാം മക്കൾക്കു വേണ്ടി മാത്രമാണെങ്കിലും അവർ കടന്നു വന്നു മടികൂടാതെ തങ്ങളുടെ അവകാശങ്ങൾ ചോദിക്കുമ്പോൾ ഏതൊരു മാതാപിതാക്കൾക്കും അതു ദുഃഖകരമായ അനുഭവമായി തീരുന്നു.ഇവിടെ ഈ പിതാവിന്റെ ഇളയമകൻ വന്നു 'അപ്പാ,വസ്തുവകയിൽ തനിക്കു വരേണ്ടുന്ന പങ്കു തരേണമേ.'എന്നു പറയുമ്പോൾ ഒരു മടിയുംകൂടാതെ അവന്നു അവകാശപ്പെട്ടതു നൽകുന്നു.തനിക്കു അർഹതപ്പെട്ടതു മാത്രമേ അവൻ ചോദിച്ചുള്ളുവെന്നതു ശ്രദ്ധാർഹമായ വസ്തുതയാണു.കൂടുതൽ അവൻ ആവശ്യപ്പെട്ടില്ല.ആവശ്യപ്പട്ടാലും തനിക്കു കിട്ടുകയില്ലെന്നു അവനു അറിയാം.കാരണം ന്യായപ്രമാണം അനുശാസിക്കുന്നതു ആ വിധത്തിലാണു.യഹൂദ ന്യായപ്രമാണം അനുസരിച്ചു ഒരു പിതാവിന്നു ഇഷ്ടം പോലെ വസ്തുവകകൾ വീതംവച്ചു കൊടുക്കുവാൻ അധികാരം ഇല്ല.മൂത്തപുത്രനു മൂന്നിൽ രണ്ടുഭാഗവും ഇളയമകനു മൂന്നിൽ ഒരു ഭാഗവുമാണു അവകാശപ്പെട്ടതു.(ആവഃ21;17)ഈ പിതാവു ന്യായപ്രമാണം അനുസരിച്ചു അവനു അവകാശപ്പെട്ടതു നൽകി.'അവൻ അവർക്കു മുതൽ പകുത്തു കൊടുത്തു .'എന്നു പറഞ്ഞിരിക്കുന്നതു ഇതിനു തെളിവാണു.എന്നാൽ ഒരു പിതാവു മരിക്കുന്നതിനു മുൻപു എല്ലാ അവകാശങ്ങളും നൽകിക്കൊണ്ടു വസ്തുവകകൾ നൽകുക സ്വാഭാവികമല്ല.അതുകൊണ്ടാണു ഇന്നു പല മാതാപിതാക്കളും തങ്ങളുടെ കാലശേഷംമാത്രം മക്കൾക്കു പൂർണ്ണാവകാശം നൽകുന്നതു.തങ്ങളുടെ വാർദ്ധക്യത്തിൽ അവർ തങ്ങളെ കരുതുമെന്നുള്ള വിശ്വാസമില്ലായ്മയാണു അതിനു കാരണം.ഈ പിതാവിനു മക്കളെക്കുറിച്ചു അങ്ങനെയുള്ള ചിന്തകൾ ഇല്ലാതിരുന്നതുകൊണ്ടും,അവർ തങ്ങളെ പരിരക്ഷിച്ചുകൊള്ളും എന്ന വിശ്വാസമള്ളതുകൊണ്ടു മാണു അങ്ങനെ ചെയ്തതു എന്നു പറയുവാൻ കഴിയുമോ? ആധുനിക മനുഷ്യന്റെ ചിന്തയിൽ ഈ പിതാവു ഒരു ബുദ്ധിശൂന്യനാണു.ഇളയ പുത്രൻ അവകാശം ചോദിച്ചപ്പോൾ അവനെ ഉപദേശിക്കുകയോ അതിന്റെ ദോഷാദോഷങ്ങളെ പറഞ്ഞു ബോദ്ധ്യപ്പെടുത്തുകയോ ചെയ്യാതെയാണു ഈ പിതാവു വസ്തുവകകൾ പകുത്തുകൊടുത്തതു.മാത്രമല്ല,സ്വന്തം കാലിൽ നിൽക്കുവാൻ ത്രാണിയാകുന്നതു വരെ വളർത്തിയ പിതാവിനു രണ്ടു പേരുടേയും സ്വഭാവം നല്ലവണ്ണം അറിയാവുന്നതാണു.ഇളയപുത്രൻ മൂത്തപുത്രനെപ്പോലെയല്ലെന്നും അവൻ അല്പം ധൂർത്തനാണെന്നും ആ പിതാവിനു അറിയാമായിരുന്നുവെന്നു ഊഹിക്കാവുന്നതാണു.അവനു സ്വതന്ത്രമായി ഉപയോഗിക്കുവാൻ തക്കവണ്ണം സ്വത്തു നൽകിയാൽ അവൻ അതു നാനാവിധമാക്കും എന്നും അറിയാവുന്ന ആ പിതാവു തന്റെ പുത്രനെ സ്നേഹിക്കുന്നുവെങ്കിൽ ഇങ്ങനെ ചെയ്യുമായിരുന്നോ എന്നു സംശയിച്ചാൽ തെറ്റു പറയുവാൻ കഴിയുകയില്ല.വസ്തുവകകൾ കൊടുത്തില്ലായെങ്കിൽ അവൻ തന്റെ സ്വസ്തത നഷ്ടപ്പടുത്തും എന്നു ഭയപ്പെട്ടാണോ അങ്ങനെ ചെയ്തതു എന്നും പറയുവാൻ കഴിയുകയില്ല.ഇങ്ങനെയൊക്കെ നമുക്കു സംശയിക്കാമെങ്കിലും ജീവിതത്തെക്കുറിച്ചു ശരിയായി പഠിക്കണമെങ്കിൽ അനുഭവത്തിൽ കൂടെ മാത്രമേ സാദ്ധ്യമാകൂവെന്നു അറിയുന്ന ആ പിതാവു അതിനുള്ള അവസരം തന്റെ പുത്രനു നൽകുകയായിരുന്നു എന്നു ചിന്തിക്കുന്നതിൽ തെറ്റില്ല.അങ്ങനെ അല്ലായിരുന്നുവെങ്കിൽ ആ മകൻ എല്ലാം നഷ്ടപ്പെടുത്തി തിരികെ വന്നപ്പോൾ യാതൊന്നും ചോദിക്കാതെയും പറയാതെയും ആ പിതാവു അവനെ സ്വീകരിക്കുമായിരുന്നില്ല.ബോധമുണ്ടായി തിരികെ വരുന്ന പുത്രനെ ആ പിതാവു മനസ്സിൽ കണ്ടിരുന്നിരിക്കണം.
കഥയുടെ രണ്ടാം ഭാഗത്താണു ഈ പിതാവിനെ നാം ശരിയായി തിരിച്ചറിയുന്നതു.മകൻ കൈയ്യിൽ കിട്ടിയതെല്ലാം സ്വരൂപിച്ചു തന്നെ വിട്ടുപോയപ്പോൾ ആ പിതാവിന്റെ ഹൃദയവ്യഥ നമുക്കു ഊഹനീയമാണു.എങ്കിലും അവൻ തിരിച്ചു വരും എന്ന പ്രതീക്ഷ കാത്തിരിക്കുവാൻ അദ്ദേഹത്തെ പ്രാപ്തനാക്കി.താൻ അത്യധികം സ്നേഹിക്കുന്ന മകന്റെ തിരിച്ചു വരവിനുവേണ്ടി അദമ്യമായ ആഗ്രഹത്തോടെയും പ്രതീക്ഷയോടെയും കാത്തിരുന്ന ഒരു പിതാവിന്റെ ചിത്രമാണു വി.ലൂക്കോഃ15;20,24ൽ നാം കാണുന്നതു.20-ാംവാക്യം ശ്രദ്ധിക്കുക,'ദൂരത്തുനിന്നു തന്നെ അപ്പൻ അവനെ കണ്ടു .'ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ കണ്ണിൽ എണ്ണയുമൊഴിച്ചു ദൂരത്തേക്കു മകനേയൂം നോക്കിയിരിക്കുന്ന ഒരു പിതാവിനെയാണു ആ വാക്കുകളിൽ വി.ലൂക്കോസു വരച്ചുകാണിച്ചിരിക്കുന്നതു.ആ പിതാവിന്റെ വാത്സല്യാതിരേകവും പ്രതീക്ഷയുമെല്ലാം ആ വിവരണത്തിൽ ഒളിഞ്ഞു കിടപ്പുണ്ടു.അവൻ ഇങ്ങുവരട്ടെ,എല്ലാം നശിപ്പിച്ചു ഇറങ്ങിപ്പോയവനല്ലേ.എന്നു വിചാരിച്ചു ആ പിതാവു അവിടെ തന്നെ ഇരിക്കുകയായിരുന്നില്ല.തിരിച്ചു വരുന്ന മകനെ കണ്ടപ്പോൾ ആ പിതാവിന്റെ പ്രതികരണം ആ വസ്തുത വെളിവാക്കുന്നു.അപ്പൻ മകനെ കണ്ടു ഓടിച്ചെന്നു അവനെ കഴുത്തിൽ കെട്ടിപ്പിടിച്ചു ചുംബിക്കുന്നു.ഒരുപക്ഷേ,അവൻ ഇങ്ങു വരുമ്പോൾ രണ്ടു പറയണമെന്നു കരുതി മനസ്സിൽ കുറിച്ചിട്ടുരുന്നതെല്ലാം, നഷ്ടപ്പെട്ടുപോയിയെന്നു വിചാരിച്ചിരുന്ന മകനെ കണ്ട മാത്രയിൽ തന്നെ ആ പിതാവിന്റെ മനസ്സിൽനിന്നു കോപവും കാലുഷ്യവും വിദ്വേഷവും പരിഭവവും ഉണ്ടായിരുന്നെങ്കില്‍ തന്നെ അതെല്ലാം ഒലിച്ചിറങ്ങിപ്പോയി.'മനസ്സലിഞ്ഞു.' എന്നു രേഖപ്പെടുത്തിയിരിക്കുന്നതു ഈ സത്യമാണു വെളിവാക്കുന്നതു.പശ്ചാത്തപിച്ചു തിരിച്ചു വരുമ്പോൾ ഒന്നും കണക്കിടാതെ സ്വീകരിക്കുന്ന സ്വർഗ്ഗസ്ഥനായ പിതാവിനെ ഇതിലും മനോഹരമായി, ചിന്തോദ്ദീപകമായി, ഹൃദയസ്പൃക്കായി എങ്ങനെയാണു അവതരിപ്പിക്കുവാൻ കഴിയുക. ആ പിതാവിന്‍റെ സ്നേഹം അവിടംകൊണ്ടു അവസാനിച്ചിരുന്നുവെങ്കിൽ അതു വെറും അഭിനയമായിരുന്നു എന്നു തോന്നുമായിരുന്നു.അതു ഹൃദയത്തിന്റെ അന്തരാളത്തിൽ നിന്നു ഉയർന്നു വന്ന, മുഖം മൂടിയില്ലാത്ത,നിഷ്ക്കളങ്കമായ,പരിധികളും അതിരുകളില്ലാത്ത സ്നേഹം തന്നെയായിരുന്നുവെന്നു പിന്നീടുള്ള വിവരണങ്ങൾ വ്യക്തമാക്കുന്നു.മേൽത്തരമായ അങ്കി കൊണ്ടുവന്നു അവനെ ധരിപ്പിച്ചു.കൈയ്ക്കു മോതിരവും കാലുകൾക്കു ചെരിപ്പും ഇടുവിച്ചു.തടിപ്പിച്ച കാളക്കുട്ടിയെ അറുത്തു സദ്യയൊരുക്കി.ആളുകളുമായി സന്തോഷിക്കുന്നു.ആ പിതാവു പറയുന്നു.'അവൻ മരിച്ചവനായിരുന്നു,വീണ്ടും ജീവിച്ചു.കാണാതെ പോയിരുന്നു,കണ്ടുകിട്ടിയിരിക്കുന്നു.'ഏറ്റം പ്രിയപ്പെട്ട ഒരാൾ മരിച്ചുപോയതിനു ശേഷം ജീവനോടെ തിരിച്ചുവരുമ്പോൾ ഉണ്‌ടാകുന്ന അടങ്ങാത്ത ആനന്ദമാണു ആ പിതാവു അനുഭവിച്ചതു എന്നു ഈ വാക്കുകൾ വെളിവാക്കുന്നു.പാപങ്ങൾ ക്ഷമിച്ചു സ്വീകരിക്കുന്ന ദൈവസ്നേഹമാണു ഈ പിതാവിലൂടെ വരച്ചു കാണിക്കുന്നതു.വി.ലൂക്കോസു പതിനഞ്ചാമദ്ധ്യായത്തിന്റെ ആദ്യഭാഗത്തു പറഞ്ഞിരിക്കുന്ന,കാണാതെ പോയ ആടിന്റേയും നഷ്ടപ്പെട്ട ദ്രഹ്മയുടേയും ഉപമകളുടെ അവസാനത്തിൽ പറഞ്ഞിരിക്കുന്നതു'അങ്ങനെ തന്നെ മാനസ്സാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ മദ്ധ്യേ സന്തോഷം ഉണ്ടാകും.' എന്നു ഇവിടെ പറയുന്നില്ലെങ്കിലും ആ പ്രസ്താവം ഏറ്റം യോജിക്കുന്നതു ഇവിടെ തന്നെയാണു.ഒരുപക്ഷേ ഈ പിതാവിന്റെ പ്രവൃത്തിയിൽകൂടെ ആ സത്യം എടുത്തു പറയാതെതന്നെ വിളിവാകുന്നതു കൊണ്ടാകാം അതു ഒഴിവാക്കിയതു. ഈ പിതാവു ദൈവസ്നേഹത്തെ പ്രകടമാക്കുമ്പോൾ രണ്ടു പുത്രന്മാർ മനുഷ്യസ്വഭാവത്തെയാണു വരച്ചുകാണിക്കുന്നതു.
രണ്ടു പുത്രന്മാരും രണ്ടുവിഭാഗം ആളുകളുടെ പ്രതിനിധികളാണു.ഒരാൾ,ഇളയമകൻ കൊള്ളരുതാത്തവനായിരുന്നുവെങ്കിലും പിന്നീടു അവൻ പിതാവിനു പ്രിയങ്കരനായി മാറുന്നു.മറ്റവൻ,മൂത്തമകൻ കാഴ്ചയിലും പെരുമാറ്റത്തിലും നല്ലവനാണെന്നു തോന്നുമെങ്കിലും അവൻ മാനസ്സാന്തരപ്പെടുവാന്‍ സാദ്ധ്യതയില്ലാത്ത പാപികളുടെ ഗണത്തിൽ പെടുന്നു.ഇളയമകൻ പിതാവിന്റെ സ്നേഹത്തിലേക്കു അടുത്തുവരുമ്പോൾ,മൂത്തമകൻ ആ സ്നേഹത്തിൽ നിന്നു സ്വയം അകന്നു പോകുന്നു.ഈ രണ്ടു പുത്രന്മാരിൽ ഇളയമകനെക്കുറിച്ചു ആദ്യം ചിന്തിക്കാം.സാധാരണ മനുഷ്യരിൽ കാണുന്ന ചില പ്രത്യേകതകൾ ഈ മകനിൽ നമുക്കു ദർശിക്കുവാൻ കഴിയുന്നു.അപ്പനോടും സഹോദരനോടുമുള്ള ബന്ധത്തിനു വലിയ വിലകല്പിക്കാതെ അവൻ അകന്നുപോകുന്നു.കുടുംബബന്ധത്തിനു അവൻ വലിയ വില കല്പിക്കുന്നില്ല.അവൻ തികച്ചും സ്വാർത്ഥമതിയാണു.സ്വന്തകാര്യത്തിലും സ്വന്തസുഖത്തിലുമല്ലാതെ അവനു താല്പര്യം ഇല്ല.അപ്പനോടുള്ള ബന്ധമാകട്ടെ തന്റെ ആവശ്യങ്ങൾ പറയാനും അവകാശങ്ങൾ ചോദിക്കുവാനുമായി പരിമിതപ്പെട്ടിരിക്കുന്നു.അവൻ അപ്പന്റെ അടുക്കൽ ചെല്ലുന്നതു ഇങ്ങനെയുള്ള കാര്യങ്ങൾക്കു മാത്രമായിരുന്നു.അതു അവന്റെ അവകാശമാണെന്നാണു അവന്റെ ചിന്ത.പിതാവിനോടു ചേർന്നിരിക്കുക എന്നതിനേക്കാൾ,പിതാവിൽനിന്നു തനിക്കു ആവശ്യമുള്ളതു ചോദിച്ചു വാങ്ങിക്കുക എന്നതായി മാറി.പിതാവാംദൈവത്തോടുള്ള നമ്മുടെ ബന്ധവും പലപ്പോഴും ഈ തലത്തിലേക്കു താഴ്ന്നു പോകുന്നില്ലേ എന്നു സംശയിക്കുന്നതിൽ തെറ്റില്ല.പ്രാർത്ഥന ദൈവത്തോടുള്ള സംസർഗ്ഗമാണു എന്നു അറിയാമെങ്കിലും,നമുക്കു ആവശ്യമുള്ളതു ചോദിച്ചു വാങ്ങുവാനുള്ള അവസരമായി മാത്രം മാറിപ്പോകുന്നു എന്നതാണു സത്യം.അതു നമ്മുടെ അവകാശമാണെന്ന ചിന്ത ഈ മകനേപ്പോലെ നമ്മേയും ഭരിക്കുന്നു.ഇതു ബന്ധങ്ങളിൽ വിള്ളലുണ്ടാക്കുന്നുവെന്നു ഈ മകന്റെ അനുഭവം നമ്മേ പഠിപ്പിക്കുന്നു. തന്നെ വളർത്തി വലുതാക്കി തനിക്കു ആവശ്യമുള്ളതെല്ലാം നൽകി തന്നെ താനാക്കി മാറ്റിയ പിതാവിന്റെ സ്നേഹത്തെക്കാൾ യൗവ്വന മോഹങ്ങൾ സഫലമാക്കുന്ന മറ്റു ബന്ധങ്ങളിലേക്കു അവൻ വഴുതി വീണു.തന്മൂലം അവൻ അപ്പനേയും കുടുംബത്തേയും ഉപേക്ഷിച്ചു തന്റെ മോഹസാക്ഷാൽക്കാരത്തിനു വഴിതേടി പോകുന്നു.ആധുനിക തലമുറയും ഈ വഴിക്കാണു സഞ്ചരിക്കുന്നതു എന്ന യാഥാർത്ഥ്യം ഇവിടെ അനുസ്മരിക്കേണ്ടതാണു.എന്റെ ജീവിതം എന്റേതു മാത്രമാണു.അതു എങ്ങനെ ആയിരിക്കണമെന്നു തീരുമാനിക്കുന്നതു ഞാൻ തന്നെയാണു എന്ന ഈ ചെറുപ്പക്കാരന്റെ ചിന്താഗതി ആധുനിക യുവതലമുറയെ വളരെയധികം സ്വാധീനിച്ചിരിക്കുന്നു.അതുകൊണ്ടു തന്നെ മാതാപിതാക്കന്മാരുടെ ആഗ്രഹങ്ങൾക്കൊന്നും വില കല്പിക്കാതെ തനിക്കു ഇഷ്ടപ്പെടുന്ന ആളിനെ ജീവിതസഖിയാക്കി ജീവിക്കുവാൻ തയ്യാറാകുന്ന ഇന്നത്തെ യുവതലമുറ ഈ ചെറുപ്പക്കാരന്റെ പിൻതലമുറക്കാരായി മാറുന്നു.ഇവിടെ ഈ മകനെ പോലെ ഒരു തിരിച്ചു വരവു അനിവാര്യമായി ഭവിക്കുന്നു. താൻ ആഗ്രഹിക്കുന്നതു പോലെയുള്ള ജീവിതത്തിനു ആവശ്യമായ സമ്പത്തു കരഗതമായപ്പോൾ,അതിന്റെ ഉറവിടത്തെക്കുറിച്ചു പോലും ചിന്തിക്കാതെ അവൻ തന്റെ സ്വപ്നസാക്ഷാൽക്കാരത്തിനായി ഇറങ്ങിപ്പുറപ്പെട്ടു.അങ്ങനെ അവൻ അപ്പനിൽ നിന്നും സ്വയം അകന്നു പോയി.അപ്പന്റെ നിർദ്ദേശങ്ങൾ,ശാസനകൾ,ഉപദേശങ്ങൾ എല്ലാം അവന്റെ സ്വാതന്ത്ര്യത്തിനു വിലങ്ങുതടിയായി അവൻ കരുതി.അവൻ അപ്പന്റെ ഭവനം വിട്ടിറങ്ങി.അവനു സന്തോഷം നൽകുന്ന ബന്ധങ്ങൾ തേടി പോകുന്നു.നാമും ആഗ്രഹങ്ങൾ സഫലമാകുമ്പോൾ,ഐശ്വര്യവും സമ്പത്തും സ്ഥാനമാനങ്ങളും കരഗതമാകുമ്പോൾ അതിന്റെ ഉറവിടമായ ദൈവത്തെ മറുന്നു പോകുന്നു എന്നതു നിഷേധിക്കുവാൻ കഴിയിത്ത ഒരു സത്യമല്ലേ. പിതാവിൽ നിന്നു അകന്നപ്പോൾ സ്വതന്ത്രനായി എന്നു തോന്നിയതിനാൽ അവൻ ഇഷ്ടം പോലെ ജീവിക്കുവാൻ തുടങ്ങി.അവിടെ നിയന്ത്രണങ്ങളില്ല,വിലക്കുകളില്ല,എന്തും ചെയ്യാം,എങ്ങനെയും ജീവിക്കാം.ആവശ്യം പോലെ പണം കൈയ്യിലുണ്ടായിരുന്നതിനാൽ സ്നേഹിതർ അനവധിയുണ്ടായി.എന്നാൽ കുത്തഴിഞ്ഞ ആ ജീവിതശൈലി അവനെ ആപത്തിൽ കൊണ്ടെത്തിച്ചു.അധികം താമസിയാതെ കൈയ്യിൽ ഉണ്ടായിരുന്നതെല്ലാം തീർന്നു.പണം കൈയ്യിൽ ഇല്ലാതായപ്പോൾ സ്നേഹിതരും ഇല്ലാതായി.കൂട്ടിനാരുമില്ല.സഹായത്തിനും ആരുമില്ല.വിശന്നു വലഞ്ഞപ്പോൾ ആഹാരത്തിനു വേണ്ടി പന്നിയെ മേയിക്കുന്ന ജോലി ചെയ്യാൻ തയ്യാറായി.
എന്നാൽ പന്നി തിന്നുന്ന വളവര പോലും തനിക്കു കിട്ടാതായപ്പോൾ,വി.വേദപുസ്തകം പറയുന്നു.'അവന്നു സുബോധം വന്നു .'അതുവരെ അവൻ ചെയ്തതെല്ലാം ബോധത്തോടെ ആയിരുന്നുവെന്നാണു അവൻ കരുതിയതു.തെറ്റിലേക്കു വഴുതിവീണു പാപത്തിന്റെ അടിമയായി മാറുന്നതു ബോധമില്ലായ്മ മൂലമാണെന്നു ഇതു വ്യക്തമാക്കുന്നു.ഇതാ ഇപ്പോൾ അവനു സുബോധം ഉണ്ടായിരിക്കുന്നു.ജീവിതത്തിൽ കടന്നു വരുന്ന അനിഷ്ടകരങ്ങളായ അനുഭവങ്ങൾ നമുക്കു സുബോധം ഉളവാക്കുവാൻ വേണ്ടിയുള്ളതാണെന്ന സത്യം ഇവിടെ വെളിവാകുന്നു.സുബോധം വന്നപ്പോൾ അവൻ ആദ്യം ഓർത്തതു താൻ ഉപേക്ഷിച്ചു പോന്ന തന്റെ വാത്സല്യനിധിയായ പിതാവിനേയും കുടുംബാന്തരീക്ഷത്തേയുമാണു.അപ്പനോടൊപ്പം സന്തോഷമായി ജീവിച്ച കാലത്തിന്റെ സ്മരണ അവന്റെ മനസ്സിൽ ഓടിയെത്തി.അതു അവനിൽ നഷ്ടബോധത്തോടൊപ്പം കുറ്റബോധവും ഉളവാക്കി.കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള അറിവു സുബോധത്തിന്റെ ആദ്യപടിയാണു.വിസ്മൃതമായ കഴിഞ്ഞകാലം ബോധമില്ലായ്മയുടെ ലക്ഷണമാണു.കഴിഞ്ഞകാലത്തിന്റെ ഓർമ്മ വർത്തമാനകാലത്തോടു ചേർത്തു ചിന്തിക്കുവാന്‍ അവനെ പ്രാപ്തനാക്കുന്നു.കഴിഞ്ഞ കാലത്തേയും വർത്തമാന കാലത്തേയും അവൻ താരതമ്യം ചെയ്യുന്നു.അവന്റെ ആത്മഗതം കേൾക്കുക.'എന്റെ അപ്പന്റെ എത്ര കൂലിക്കാർ ഭക്ഷണം കഴിച്ചു ശേഷിപ്പിക്കുന്നു.ഞാനോ വിശപ്പുകൊണ്ടു നശിച്ചു പോകുന്നു.'ഈ തിരിച്ചറിവു അവന്റെ മനസ്സിനെ പശ്ചാത്താപത്തിലേക്കും ഉറച്ച തീരുമാനത്തിലേക്കും നയിക്കുന്നു.സുബോധത്തിന്റെ മറ്റൊരു ലക്ഷണമാണു പാപബോധം.അവന്റെ തീരുമാനം ശ്രദ്ധിക്കുക.'ഞാൻ എന്റെ അപ്പന്റെ അടുക്കൽ ചെന്നു അവനോടു അപ്പാ,ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു.ഇനി നിന്റെ മകനെന്ന പേരിനു ഞാൻ യോഗ്യനല്ല. നിന്റെ കൂലിക്കാരിൽ ഒരുവനെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും.
സുബോധം വന്നപ്പോൾ രണ്ടു മൂന്നു കാര്യങ്ങൾ ചെയ്യുവാൻ അവൻ തീരുമാനിക്കുന്നു.ഞാൻ എഴുന്നേൽക്കും എന്നതാണു ഒന്നാമത്തെ കാര്യം.ഗുണകരമായ ഒരു മാറ്റത്തിന്റെ ആരംഭമാണു അതു സൂചിപ്പിക്കുന്നതു.എഴുനേല്പു ഒരു കുമ്പസാരത്തിന്റെ സൂചനയും നൽകുന്നു.പക്ഷവാതക്കാരനെ സൗഖ്യമാക്കിയ സംഭവത്തിൽ നാം അതു കണ്ടതാണു.ഒരു മടങ്ങിപ്പോക്കിനുള്ള ആഗ്രഹമാണു രണ്ടാമത്തേതു.കുമ്പസാരം ഒരുവിധത്തിൽ ഒരു മടങ്ങപ്പോക്കാണു.അതു വരെയുള്ള എല്ലാ പാപത്തിന്റെ അവസ്ഥകളേയും എന്നന്നേക്കുമായി ഉപേക്ഷിച്ചു തന്റെ പിതാവിന്റെ സ്നേഹത്തിലേക്കുള്ള ഒരു തിരികെപ്പോക്കു.അനുതാപത്തോടുകൂടിയ സത്യകുമ്പസാരം അതിനു അനിവാര്യമാണു.അവൻ പറയുന്നു.അപ്പാ നിന്നോടും സ്വർഗ്ഗത്തോടൂം ഞാൻ പാപം ചെയ്തിരിക്കുന്നു.'അപ്പനിൽനിന്നു അകന്ന മകൻ ദൈവത്തിൽ നിന്നും അകന്നു എന്നു അവൻ സമ്മതിക്കുന്നു.പാപത്തിന്റെ ഒരു പ്രത്യേകത ഇവിടെ പ്രകടമാകുന്നു.ദൈവത്തിൽനിന്നും അകലുന്നവൻ മനുഷ്യരിൽ നിന്നു അകലുന്നതു പോലെ,മനുഷ്യരിൽനിന്നും അകലുന്നവൻ ദൈവത്തിൽനിന്നും അകലുന്നുവെന്ന സത്യമാണു സ്വർഗ്ഗത്തോടും പാപം ചെയ്തു എന്ന വാക്കുകളിൽ നാം വായിക്കുന്നതു.അവിടെ കുമ്പസാരം പൂർണ്ണമാകുന്നു,അവിടെ ആണു മാനസ്സാന്തരം അർത്ഥവത്താകുന്നതു.അവിടെയാണു രൂപാന്തരം.അവിടെയാണു പുതുസൃഷ്ടിയാകുക.ഇതെല്ലാം വി.നോമ്പിലൂടെ നാം ആർജ്ജിക്കേണ്ട സത്ഭാവങ്ങളാണല്ലോ. അവൻ എഴുന്നേറ്റു അപ്പന്റെ അടുക്കലേക്കു പോയി.അവൻ പ്രതീക്ഷിക്കാത്തതു അവിടെ സംഭവിക്കുന്നു.അവൻ ഭവനത്തിന്റെ നടുമുറ്റത്തു എത്തുന്നതിനു മുൻപു സ്നേഹനിധിയായ അവന്റെ അപ്പൻ അവന്റെ അടുക്കലേക്കു ഇറങ്ങിവന്നു.സെഖർയ്യാപ്രവാചകനിലൂടെ യഹോവ അരുളിച്ചെയ്തതു കേൾക്കുക.സെഖഃ1;3 എങ്കലേക്കു തിരിവീൻ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.എന്നാൽ ഞാൻ നിങ്ങളുടെ അടുക്കലേക്കും തിരിയും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.'നാം ദൈവത്തിങ്കലേക്കു തിരിയുവാൻ തയ്യാറാകുമ്പോൾ അവൻ നമ്മുടെ അടുക്കലേക്കു വരികയുള്ളു.മകൻ പറയുവാൻ മനസ്സിൽ കരുതിയിരുന്നതു,അപ്പൻ അവനെ ചുംബിക്കുന്നതിനിടയിൽ അവൻ പറയാൻ തുടങ്ങി.എന്നാൽ അതു മുഴുമിക്കുവാൻ അപ്പൻ അനുവദിച്ചില്ല.നിന്റെ കൂലിക്കാരനിൽ ഒരുവനേപ്പോലെ എന്നെ ആക്കേണമേ എന്നു പറയുവാൻ അവൻ ആഗ്രഹിച്ചിരുന്നുവെങ്കിലും അപ്പൻ അതിനു അവസരം കൊടുത്തില്ല.അതിനുമുമ്പെ അപ്പൻ ,പരിഭവം കൂടാതെ,പരാതികളില്ലാതെ,ചോദ്യം ചെയ്യാതെ,ശകാരിക്കാതെ അവനെ മകനായി തന്നെ സ്വീകരിച്ചു.അപ്പന്റെ അതുല്യസ്നേഹം അവൻ ഇവിടെ തിരിച്ചറിഞ്ഞു.അവനിലുണ്ടായ വലിയ മാറ്റം 'എന്നെ ആക്കേണമേ'എന്നു പറയും എന്ന തീരുമാനത്തിൽ നമുക്കു വായിച്ചെടുക്കുവാൻ കഴിയുന്നു.അവകാശങ്ങൾ ചോദിച്ചു വാങ്ങിയവൻ ഇവിടെ പറയുന്നു.നിന്റെ ഇഷ്ടം പോലെ എന്നെ ആക്കേണമേ.'സമ്പൂർണ്ണമായ സമർപ്പണം.അതുതന്നെയാണു ദൈവം നമ്മിൽനിന്നും ആഗ്രഹിക്കുന്നതു
. എന്നാൽ മുത്തപുത്രന്റെ സ്ഥാനത്താണു ഇന്നും എന്നും ബഹുഭൂരിപക്ഷവും.സ്വയം നല്ലവനാണെന്നു അഭിമാനിക്കുക.താൻ അങ്ങനെ ആണു എന്നു അന്യരെ ബോദ്ധ്യപ്പെടുത്തുക.അതിലൂടെ ലഭിക്കുന്ന സ്ഥാനമാനങ്ങളും നേട്ടങ്ങളും നിലനിർത്തുക.ഈ മൂത്ത പുത്രനും അങ്ങനെയായിരുന്നു.അപ്പന്റെ മുൻപിലുംഅന്യരുടെ അടുക്കലും അവൻ ഒന്നും എതിർത്തു പറയുകയില്ല.എല്ലാം അനുസരിക്കും.എല്ലാവരേയും പ്രീതിപ്പെടുത്തുന്ന സ്വഭാവ വിശേഷം.എന്നാൽ അനുജന്റെ തിരിച്ചു വരവിലാണു അവന്റെ യഥാർത്ഥ സ്വഭാവം വെളിവാകുന്നതു.പ്രതിസന്ധികളോടുള്ള പ്രതികരണമാണല്ലോ ഒരാളുടെ വ്യക്തിത്വം വെളിവാക്കുന്നതു.സഹോദരൻ മടങ്ങിവന്നപ്പോൾ അവൻ വയലിലായിരുന്നു.വീടിനോടടുത്തപ്പോൾ വാദ്യവും നൃത്തവും കേൾക്കുന്നു.ഇതുവരെ മരണവീടുപോലെയായിരുന്ന തന്റെ വിടിനു എന്തു പറ്റി!അവർ അത്ഭുതപ്പെട്ടു.ബാല്യക്കാരനെ വിളിച്ചു കാര്യം ആരാഞ്ഞു.എന്തോ പന്തികേടു അവനു തോന്നിയതുകൊണ്ടാണു അങ്ങനെ ചെയ്തതു.അവന്റെ പ്രതികരണം അതു വ്യക്തമാക്കുന്നു.'അവൻ കോപിച്ചു.അകത്തു കടക്കാൻ മനസ്സില്ലാതെ പുറത്തു നിന്നു.അപ്പൻ അവന്റെ അടുക്കലേക്കു വന്നു.എന്നാൽ അപ്പന്റെ സ്നേഹം കാണാൻ കഴിയാത്തവണ്ണം സ്വാർത്ഥത അവന്റെ കണ്ണുകളെ കുരൂടാക്കി കളഞ്ഞു.അവൻ ഇതുവരെ കോപിച്ചിട്ടില്ല.ഇപ്പോൾ അവൻ കോപത്തിനു വശംവദനായി.അപ്പനോടു പരാതികളും പരിഭവങ്ങളും പറഞ്ഞിട്ടില്ലാത്തവൻ ഇവിടെ അതെല്ലാം പറയുന്നു.നല്ലവനായി അപ്പനെ അനുസരിച്ചു ജീവിച്ചിട്ടു എനിക്കു കിട്ടുന്ന പ്രതിഫലം ഇതാണോ?അവകാശം മുഴുവനും വാങ്ങി പുറപ്പെട്ടു പോയി എല്ലാം നശിപ്പിച്ചു തിരിച്ചു വന്നിരിക്കുന്നവനു ഇനിയും തന്റെ അവകാശത്തിൽ നിന്നു വേണം നൽകേണ്ടതു.അതു അവൻ എങ്ങനെ സഹിക്കും,അംഗീകരിക്കും.അവന്റെ മനോഭാവം ഇതായിരുന്നുവെന്നു അപ്പന്റെ മറുപടി വ്യക്തമാക്കുന്നു.'മകനേ!നീ എപ്പോഴും എന്നോടുകൂടെ ഇരിക്കുന്നുവല്ലോ.എനിക്കുള്ളതെല്ലാം നിന്റേതാകുന്നു.മരിച്ചുപോയിയെന്നു കരുതിയിരുന്ന,നഷ്ടപ്പെട്ടു പോയിയെന്നു വിശ്വസിച്ചിരുന്ന നിന്റെ സഹോദരൻ തിരിച്ചു വന്നതിൽ സന്തോഷിക്കുകയല്ലേ വേണ്ടതു.സ്വാർത്ഥമോഹത്താൽ സഹോദരസ്നേഹത്തിൽ നിന്നു അന്യമായിപ്പോയിരുന്ന അവനു അനുതപിക്കുവാനോ പശ്ചാത്തപിക്കുവാനോ കഴിയാതെ പോകുന്നു.ഇന്നു അനേകർ ഈ മകന്റെ സ്ഥാനത്താണു നിൽക്കുന്നതു.നോമ്പു നോക്കാറുണ്ടു.കൂദാശകൾ സ്വീകരിക്കാറുണ്ടു.ആത്മീയചര്യകളെല്ലാം അനുഷ്ഠിക്കാറുമുണ്ടു.എന്നാൽ സ്വയം നീതീകരീക്കുന്ന പരീശമനോഭാവത്തിലായതിനാൽ ഇതു നമ്മിൽ വരുത്തേണ്ട മാറ്റം ഉളവാക്കുന്നില്ല.മൂത്ത പുത്രന്റെ സ്ഥാനത്തു നിന്നു ഇളയപുത്രനിലേക്കുള്ള മാറ്റത്തിനു ഈ നോമ്പു ഉപകരിക്കുവാനായി സന്ധ്യ സെദറായാലെ ഈ പ്രാർത്ഥന നമുക്കു ഉരുവാടാം.
തന്റെ സൃഷ്ടി നശിപ്പാൻ ഇഷ്ടമില്ലാത്ത ദൈവമേ!ഉത്തമമായിരുന്ന ആദ്യാവസ്ഥയിൽ നിന്നു സ്വമനസ്സാ വീണുപോയ ഞങ്ങളുടെ മനുഷ്യസ്വഭാവത്തോടു കരുണ ചെയ്യേണമേ.കർത്താവേ!നിന്റെ കരുണയാൽ നിന്നെ ഞങ്ങളുടെ അടുക്കലേക്കു ഇറക്കുകയാൽ,കൃപമൂലം മനുഷ്യരെ പരിശുദ്ധപിതാവിനു മക്കളാക്കി തീർക്കുവാനായി അവരുടെ സ്വഭാവത്തിൽ നീ മനുഷ്യനായി തീർന്നു.നഷ്ടപ്പെട്ടു പോയ ഞങ്ങളുടെ സ്വഭാവത്തെ തേടി നീ പുറപ്പെട്ടു.നീ അതിനെ കണ്ടെടുത്തു നിന്റെ പരിശുദ്ധ തോളിലേറ്റി നിന്റെ പിതാവിന്റെ ഭവനത്തിലേക്കു കൊണ്ടുവന്നു.നിന്റെ കുരിശിൽ ഞങ്ങൾക്കു വേണ്ടി ചിന്തിയ വിലയേറിയ രക്തത്താൽ പിതാവിനെ നീ പ്രീതിപ്പെടുത്തി.കർത്താവേ!തിരുവിഷ്ടമുണ്ടായി പാപബന്ധനങ്ങളിൽ നിന്നു പുണ്യമാർഗ്ഗത്തിലേക്കു ഞങ്ങളെ തിരിക്കേണമേ. ആമ്മീൻ .

Comments
Post a Comment