വി.നോമ്പു കാലധ്യാനങ്ങൾ -23

23-നാലാം ഞായർ-ക്നാനയ്ത്തോ --------------------------- വി.നോമ്പിലെ നാലാംഞായറാഴ്ചയിലേക്കു നാം കടക്കുന്നു.കനാന്യസ്ത്രീയുടെ ഭൂതബാധിതയായ മകളെ സുഖപ്പെടുത്തിയതാണു പ്രതിപാദ്യം.പ്രഭാത ഏവൻഗേലിയോൻ ശതാധിപ ദാസനെ സൗഖ്യമാക്കിയ സംഭവവുമാണു.ഭുതോപദ്രവമുള്ള മകളെ സൗഖ്യമാക്കിയ സംഭവത്തിലും,ഇതിനു മുൻപുള്ള ഞായറാഴ്ചകളിലെ അത്ഭുതങ്ങളിൽ നാം കണ്ടതു പോലെ,പാപത്തിന്റെ പ്രത്യേകതകളും അതിൽനിന്നുള്ള മോചനവും കർത്താവിന്റെ രക്ഷാകര പ്രവർത്തനവും കാണാൻ കഴിയുന്നുണ്ടു.ഭൂതം ബാധിച്ചവർ സുബോധം നഷ്ടപ്പട്ടവരാണു.പ്രവൃത്തികളേയും സംസാരങ്ങളേയും ചിന്തകളേയും സ്വയം നിയന്ത്രിക്കുവാൻ അവർക്കു കഴിയുന്നില്ല.ബാഹ്യമായ ഏതോ ശക്തിയാണു അവരെ നിയന്ത്രിക്കുന്നതു.പിശാചിനു അടിമയായി പാപത്തിൽ മാത്രം ആയിരിക്കുന്ന പാപസ്വഭാവമാണു ഇവിടെ പ്രകടമാകുന്നതു.കനാന്യസ്ത്രീയുടെ ഉറച്ച വിശ്വാസത്താൽ മകൾക്കു ഇതിൽനിന്നു മോചനം ലഭിക്കുന്നു
                                             .ഈ ആശയങ്ങൾ പൂർണ്ണമായി ഗ്രഹിക്കുവാൻ കഴിയണമെങ്കിൽ ആ സംഭവത്തിന്റെ പ്രത്യേകതകൾ മനസ്സിലാക്കേണ്ടതു ആവശ്യമാണു.  പാപമോചനവും രക്ഷയുമെല്ലാം ദൈവത്തിന്റെ സ്വന്ത ജനമായ യിസ്രായേലിനു മാത്രം അർഹതപ്പെട്ടതാണെന്നാണു അതുവരെ വിശ്വസിച്ചിരുന്നതു.എന്നാൽ പുറജാതികളുംഇതിനൊക്കെ അർഹരാണെന്നും,അവരെ ദൈവം തള്ളിക്കളഞ്ഞിട്ടില്ലെന്നും ഈ സംഭവം വ്യക്തമാക്കുന്നു.പുറജാതിളുടെ പട്ടണമായ സോർസീദോൻ പ്രദേശങ്ങളിലേക്കു കർത്താവു ശിഷ്യന്മാരുമായി പോകുന്നു.തന്റെ പരസ്യശുശ്രൂഷയുടെ അവസാനസമയത്താണു ഇവിടെ എത്തുന്നതു.അതിനു രണ്ടു ഉദ്ദേശങ്ങൾ ഉണ്ടായിരുന്നുവെന്നു ഊഹിക്കാവുന്നതാണു.താൻ യെറുശലേമിൽ സ്വന്ത ജനത്താൽ ഏല്ക്കുവാൻപോകുന്ന പീഡകളിലേക്കും ക്രൂശു മരണത്തിലേക്കുംഉള്ള ഒരുക്കത്തിനായിരുന്നു കർത്താവു ഈ പട്ടണം തെരഞ്ഞെടുത്തതു.ഈ സത്യങ്ങൾ തന്റെ ശിഷ്യന്മാരെ ശാന്തമായി പറഞ്ഞു ബോദ്ധ്യപ്പെടുത്തുകയും വേണം.സ്വന്ത നാട്ടിൽ യേശു പ്രസിദ്ധനായി തീർന്നതിനാൽ സ്വസ്തമായി അല്പസമയം ചെലവഴിക്കുവാൻ അവിടെ കഴിയാതെയായി.അഞ്ചപ്പംകൊണ്ടു അയ്യായിരം പേരെ തൃപ്തിപ്പെടുത്തിയ സംഭവത്തിൽ,കർത്താവു ശിഷ്യന്മാരുമായി പടകു കയറി നിർജ്ജന സ്ഥലത്തേക്കു പോയതായും,ജനം അന്വേഷിച്ചു പിന്നാലെ ചെന്നതായും കാണുന്നു.യഹൂദന്മാർ അധികം ഇല്ലാത്ത ഈ പ്രദേശത്തു ഏകാന്ത ചിന്തയ്ക്കു സൗകര്യം ലഭിക്കുമെന്നതാകാം ഇവിടെ വരുവാൻ കർത്താവിനെ പ്രേരിപ്പിച്ച ഒരു കാര്യം.വി.മർക്കോഃ7;24ൽ സ്വന്ത നാട്ടിലെ കർത്താവിന്റെ അവസ്ഥ നാം ഇപ്രകാരമാണു വായിക്കുന്നതു.'ഒരു വീട്ടിൽ കടന്നു ആരുംഅറിയരുതു എന്നു ഇച്ഛിച്ചുവെങ്കിലും മറഞ്ഞിരിക്കുവാൻ സാധിച്ചില്ല.'കനാന്യസ്ത്രീ വന്നു ബുദ്ധിമുട്ടിക്കുമ്പോൾ ശിഷ്യന്മാർ അവളെ പറഞ്ഞയക്കേണമേ എന്നു പറഞ്ഞതും ഈ കാരണത്താലാകാം
                                              . രക്ഷയും പാപമോചനവും സർവ്വ ജനത്തിനും വേണ്ടിയുള്ളതാണെന്നു ഈ സംഭവം വെളിവാക്കുന്നു.ഇവിടെ കർത്താവിനെ സമീപിച്ചതു ഒരു കനാന്യസ്ത്രീയാണെന്നു വി.മത്തായി പറയുമ്പോൾ(വി.മത്താഃ15;22)സുറോഫെയീക്യ ജാതിയിലുള്ള ഒരു യവനസ്ത്രീയായിരുന്നുവെന്നാണു വി.മർക്കോസു രേഖപ്പെടുത്തിയിരിക്കുന്നതു(വി.മർക്കോഃ7;26)കനാന്യർ യിസ്രായേലിന്റെ ആജന്മ ശത്രുക്കളാണു.എന്നാൽ ഫൊയീനീ്ക്യ പ്രദേശങ്ങൾ യിസ്രായേലിന്റെ ഭാഗമായിരുന്നു.കനാൻ പിടിച്ചടക്കിക്കഴിഞ്ഞു ആ പ്രദേശവും ചുറ്റുപാടുമുള്ള പ്രദേശങ്ങളും പന്ത്രണ്ടു ഗോത്രങ്ങൾക്കായി ഭാഗിച്ചു കൊടുത്തപ്പോൾ,കനാൻ തുടങ്ങി മഹാനഗരമായ സീദോൻവരെയും ആശേർ മക്കളുടെ ഗോത്രങ്ങൾക്കു കൊടുത്തതായി യോശുവാ 19;28,29 വാക്യങ്ങളിൽ കാണുന്നു.ഒരുപക്ഷേ അവരുടെ ശത്രുതയ്ക്കുള്ള ഒരു കാരണവും ഇതായിരുന്നിരിക്കാം.എന്നാൽ യിസ്രായേൽ അകറ്റി നിർത്തിയിരുന്ന അവരെ അന്യരായി കണ്ടു ദൈവത്തിന്റെ കരുണയും അനുഗ്രഹങ്ങളും നിഷേധിക്കുവാൻ കർത്താവു തയ്യാറായില്ല.നാം ജീവിക്കുന്ന പ്രദേശത്തും സത്യവിശ്വാസം സ്വീകരിക്കാതെ മറ്റു വിശ്വാസങ്ങളിൽ ജീവിക്കുന്നവർ അനേകർ ഉണ്ടു.അവരെ ശത്രുക്കളായി കാണാതെ സഹോദരങ്ങളായി കാണാനും അവരുടെ വേദനകളും ദുഃഖങ്ങളും പ്രശ്നങ്ങളുമെല്ലാം നമ്മുടേതായി കണ്ടു ആവുംവിധം പരിഹരിക്കുവാൻ ക്രിസ്ത്യാനിയെന്ന നിലയിൽ നാം പരിശ്രമിക്കേണ്ടതാണു.അപ്പോൾ മാത്രമേ ദൈവസ്നേഹം നമ്മിലൂടെ അവരിലേക്കു പകർന്നു കൊടുക്കുവാൻ കഴിയുകയുള്ളു.ജാതിയുടേയും മതത്തിന്റേയും പേരിൽ കലഹങ്ങളും അക്രമങ്ങളും വർദ്ധിക്കുവാൻ കാരണം ഈ വിശാലവീക്ഷണം മനുഷ്യർക്കു നഷ്ടപ്പെട്ടിരിക്കുന്നുവെന്നതു തന്നെയാണെന്നതിൽ സംശയിക്കേണ്ടതില്ല.
                                                രക്ഷയും പാപമോചനവും വിടുതലും പ്രാപിക്കണമെങ്കിൽ വിശ്വാസം,സ്വജാതികൾക്കും വിജാതികൾക്കും ഒരുപോലെ ആവശ്യമാണു എന്നു ഈ സംഭവം വെളിവാക്കുന്നു.കർത്താവു കനാന്യസ്ത്രീയുടെ അപേക്ഷയ്ക്കു നൽകിയ മറുപടി കേൾക്കുക ,'സ്ത്രീയേ നിന്റെ വിശ്വാസം വലിയതു നിന്റെ ഇഷ്ടം പോലെ നിനക്കു ഭവിക്കട്ടെ.'അവളുടെ മകൾക്കു സൗഖ്യം ലഭിക്കുവാൻ അവളുടെ വലിയ വിശ്വാസം മാത്രമാണു കാരണം.ഇവിടെ ഒരു കാര്യം നാം തിരിച്ചറിയേണ്ടതുണ്ടു.സ്വന്തം വിശ്വാസവും അപേക്ഷയുമാണു രക്ഷയ്ക്കും കൃപയ്ക്കുമുള്ള ഏക മാർഗ്ഗം എന്നു വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ ഇന്നു അനവധിയാണു.എന്നാൽ തന്റെ വിശ്വാസം തന്നോടു ബന്ധപ്പെട്ടവർക്കും അനുഗ്രഹത്തിന്റേയും രക്ഷയുടേയും വാതിൽ തുറന്നു കൊടുക്കുമെന്നു ഈ സംഭവം വ്യക്തമാക്കുന്നു.മാതാവിന്റെ വിശ്വാസമാണല്ലോ ഇതിലൊന്നും ഒരു പങ്കുമില്ലാതെ അകലെയായിരുന്ന മകളുടെ മോചനത്തിനു വഴിതെളിച്ചതു.മാതാപിതാക്കന്മാരുടെ ഉറച്ച വിശ്വാസം മക്കൾക്കു കൃപ ലഭിക്കുവാൻ കാരണമാകുമെങ്കിൽ ശിശുസ്നാനം തെറ്റാണെന്നു എങ്ങനെ പറയും.ചുങ്കക്കാരനായ സഖായി മാത്രം കർത്താവിൽ വിശ്വസിക്കുകയും മാനസ്സാന്തരപ്പെടുകയും പ്രായശ്ചിത്തം ചെയ്യുകയും ചെയ്തപ്പോൾ,കർത്താവു അരുളിച്ചെയ്തതു ഈ സത്യത്തെ അരക്കിട്ടു ഉറപ്പിക്കുന്നു.വി.ലൂക്കോഃ19;9'ഇവനും അബ്രഹാമിന്റെ സന്തതിയാകയാൽ ഇന്നു ഈ ഭവനത്തിനു രക്ഷ വന്നു.വീടു എന്നതുകൊണ്ടു കല്ലും മണലും തടിയും കൊണ്ടു നിർമ്മിച്ച കെട്ടിടമെന്നല്ല അർത്ഥം എന്നു ആരും സമ്മതിക്കും.ആ വീട്ടിൽ പാർക്കുന്ന എല്ലാവർക്കും രക്ഷയുണ്ടായി എന്നുതന്നെയാണു അതിനർത്ഥം.
                                           ഈ വിധ വിശ്വാസത്തിന്റെ മഹത്വം കുറേക്കൂടെ ഭംഗിയായി ,ഇന്നത്തെ മറ്റൊരു ഏവൻഗേലിയോൻ വി.ലുക്കോഃ7;1-10 ൽ കാണാൻ കഴിയുന്നു.കഫർന്നഹൂമിൽ വച്ചു,ദീനം പിടിച്ചു മരിപ്പാറായി കിടന്ന ശതാധിപദാസനു സൗഖ്യം നൽകിയ സംഭവമാണു അവിടെ വായിക്കുന്നതു.ആ ശതാധിപന്റെ ഉറച്ച വിശ്വാസമാണു അവന്റെ ദാസനു സൗഖ്യം ലഭിക്കുവാൻ കാരണമായി ഭവിച്ചതു.യേശുവിനെപ്പോലും ആശ്ചര്യപ്പെടുത്തിയ അയാളുടെ വിശ്വാസത്തെക്കുറിച്ചു കർത്താവു പ്രകീർത്തിച്ചു പറഞ്ഞതു കേൾക്കുക ,വി.ലൂക്കോഃ7;9'യേശു അതു കേട്ടിട്ടു,അവങ്കൽ ആശ്ചര്യപ്പെട്ടു തിരിഞ്ഞുനോക്കി,അനുഗമിക്കുന്ന കൂട്ടത്തോടു യിസ്രായേലിൽ കൂടെ ഇങ്ങനെയുള്ള വിശ്വാസം കണ്ടില്ലായെന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.'അവൻറെ വിശ്വാസത്തിന്റെ രണ്ടു പ്രത്യേകതകളാണു അവനെ വേറിട്ടു നിർത്തുന്നതു.അയാൾ നേരിട്ടു വന്നു അപേക്ഷിക്കാതെ യഹൂദന്മാരുടെ മൂപ്പന്മാരെ കർത്താവിന്റെ അടുക്കൽ പറഞ്ഞയക്കുകയാണു ചെയ്തതു.താൻ ഒരു ഉന്നത ഉദ്യോഗസ്ഥനാണു.അതിനാൽ നസ്രായനായ ഈ തച്ചന്റെ അടുക്കൽ അപേക്ഷയുമായി പോകുന്നതു തന്റെ സ്ഥാനമഹത്വത്തിനു ചേരുന്നതല്ലായെന്ന ഉന്നത ഭാവമാണു അതിനു കാരണം എന്നു വേണമെങ്കിൽ വ്യാഖ്യാനിക്കാം.ഹൃദയങ്ങളെയും ചിന്തകളേയും വികാരവിചാരങ്ങളേയും ഗ്രഹിക്കുവാൻ കഴിയുന്ന കർത്താവു അയാളുടെ മനസ്സിന്റെ ഭാവം അപ്രകാരമായിരുന്നില്ല എന്നു മനസ്സിലാക്കിയിരുന്നു എന്നു ഊഹിക്കാവുന്നതാണു.അല്ലെങ്കിൽ കർത്താവു അവിടേക്കു പോകുമായിരുന്നോ എന്നു സംശയിക്കണം.യഹൂദന്മാരുടെ മൂപ്പന്മാർ തന്നെ ഈ അപേക്ഷയുമായി വന്നതു അയാളെക്കുറിച്ചുള്ള ഒരു നല്ല ചിത്രമാണു നൽകുന്നതു.റോമാഗവണ്മേന്റിന്റെ ഉദ്യോഗസ്ഥരെ യഹൂദന്മാർ വെറുത്തിരുന്നു.എന്നാൽ ഇയാൾ റോമാഗവണ്മേന്റിന്റെ ശതാധിപനായിരുന്നിട്ടും യഹൂദന്മാർ അയാളെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നതു കൊണ്ടാണു പ്രമാണിമാർ അപേക്ഷയുമായി വരാൻ തയ്യാറായതു.അതു അയാളുടെ സൽസ്വഭാവത്തെ വ്യക്തമാക്കുന്നു.
                                                 കർത്താവു നടന്നു അയാളുടെ വീടിനു സമീപത്തു എത്തുമ്പോൾ അകലെനിന്നു കണ്ട ശതാധിപൻ ബാല്യക്കാരെ ഓടിച്ചു വിട്ടു പറഞ്ഞ കാര്യം അയാളുടെ വിശ്വാസത്തെ മാത്രമല്ല,അയാൾ കർത്താവിന്റെ അടുക്കൽ വരാതിരുന്നതിന്റെ കാരണവും വെളിവാക്കുന്നു.വി.ലൂക്കോഃ7;6,7 'കർത്താവേ പ്രയാസപ്പെടേണ്ട,നീ എന്റെ പുരയ്ക്കകത്തു വരുവാൻ ഞാൻ പോരാത്തവൻ അതുകൊണ്ടു നിന്റെ അടുക്കൽ വരുവാൻ ഞാൻ യോഗ്യൻ എന്നു എനിക്കു തോന്നിയിട്ടില്ല.നീ ഒരു വാക്കു കല്പിച്ചാൽ എന്റെ ബാല്യക്കാരനു സൗഖ്യം വരും.'അയാളുടെ താഴ്മയും വിനയവും എല്ലാം ഈ വാക്കുകളിൽതെളിയുന്നു.കനാന്യസ്ത്രീയെപ്പോലെ ഇയാളും രക്ഷയ്ക്കും മോചനത്തിനും അന്യനായി പരിഗണിച്ചിരുന്ന പുറജാതിക്കാരൻ ആയിരുന്നുവെന്നു ഓർക്കുക.ദാസനോടു കാണിച്ച ഉദാരമനസ്ക്കത അയാളുടെ മറ്റൊരു സ്വഭാവ ശ്രേഷ്ഠതയായി കാണാം.ദാസനേപ്പോലും സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന മനുഷ്യത്വം ആണു അയാളിൽ പ്രകടമാകുന്നതു.ഈ മനുഷ്യത്വത്തിന്റെ മുൻപിൽ ദൈവത്തിന്റെ മനസ്സലിയുന്നു.കർത്താവു മനുഷ്യനായി അവതരിച്ചതു മനുഷ്യത്വം നഷ്ടപ്പെട്ട മനുഷ്യനെ യഥാർത്ഥ മനുഷ്യനാക്കുവാനായിരുന്നുവല്ലോ.
                                            ഈ ശതാധിപനെപ്പോലെ ചില നല്ല സ്വഭാവ സവിശേഷതകൾ കനാന്യസ്ത്രീയിലും കാണുന്നുണ്ടു.സ്നേഹിക്കുന്നവർക്കു വേണ്ടി എന്തു ത്യാഗം അനുഷ്ഠിക്കുവാനും നിന്ദയും ദുഷിയും സഹിക്കുവാനും തയ്യാറാകുന്ന ഒരു വലിയ മനസ്സിന്റെ ഉടമയായിരുന്നു ആ സ്ത്രീ.യിസ്രായേല്യർ തന്നെ അകറ്റി നിർത്തുമെന്നു അറിഞ്ഞിട്ടും,അവർ തങ്ങളോടു കാരുണ്യം കാട്ടാൻ സാദ്ധ്യത കുറവാണെന്നു ബോദ്ധ്യമായിട്ടും, തന്റെ മകൾക്കു വേണ്ടി യാചിക്കുവാൻ അവൾ തയ്യാറാകുന്നു.അവൾ കർത്താവിന്റെ അടുക്കൽ വന്നു പറയുന്നു,'കർത്താവേ ദാവീദു പുത്രാ എന്നോടു കരുണ തോന്നേണമേ,എന്റെ മകൾക്കു ഭൂതോപദ്രവം കഠിനമായിരിക്കുന്നു.'എന്നു അവൾ നിലവിളിച്ചു പറഞ്ഞു. യേശു ഒരു വാക്കും പറഞ്ഞില്ല .അവൾ പിന്മാറാതെ പിന്നാലെ നടന്നു നിലവിളിച്ചു കൊണ്ടിരുന്നു.അപ്പോൾ കിട്ടിയ മറുപടി നിരാശാജനകമായിരുന്നു.'യിസ്രായേൽ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല.'പുറജാതിയെന്ന നിലയിൽ തന്നെ തള്ളിക്കളയുന്നുവെന്നു തോന്നിയിട്ടും,'കർത്താവേ എന്നെ സഹായിക്കേണമേ'എന്നു നമസ്കരിച്ചു അപേക്ഷിക്കുന്നു.പക്ഷേ,കിട്ടിയ മറുപടി നിന്ദയുടേതായിരുന്നു.'മക്കളുടെ അപ്പം നായ്ക്കുട്ടികൾക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല.' ആ നിന്ദാവാക്കുകളിൽ പരിഭവിക്കാതെ അതിനെ തനിക്കു അനുകൂലമാക്കുവാൻ അവൾ തയ്യാറാകുന്നു.'അതേ കർത്താവേ,നായ്ക്കുട്ടികളുംഉടയവരുടെ മേശയിൽനിന്നു വീഴുന്ന നുറുക്കുകൾ തിന്നുന്നുണ്ടല്ലോ.'ഇവിടെല്ലാം അവളുടെ അചഞ്ചലമായ വിശ്വാസവും അടങ്ങാത്ത ആഗ്രഹവും,അതിനുവേണ്ടി എന്തും സഹിക്കുവാനുള്ള സഹിഷ്ണുതയും ത്യാഗമനസ്കതയും അതിലപ്പുറമായി പ്രസാദാത്മകതയും നമുക്കു കാണാൻ കഴിയുന്നുണ്ടു .
                                           കനാന്യസ്ത്രീയിൽ ഇതിലപ്പുറമായി അനന്യസാധാരണമായ ഒരു സ്വഭാവ ശ്രേഷ്ഠത ഇവിടെ കാണുന്നുണ്ടു.അതു അവളുടെ പ്രസാദാത്മകത്വമാണു.ഉത്തരം ഒന്നും പറയാതെ അവഗണിക്കുകയും അപേക്ഷ നിഷ്ക്കരുണം തള്ളിക്കളയുകയും അതലധികം തന്നെ നിന്ദിക്കുകയും ചെയ്തിട്ടുംഅതിനെയെല്ലാം പ്രസാദാത്മകമായി നേരിടുവാനുള്ള ഈ വിധ മനസ്സു സാധാരണമല്ല.എത്രമാത്രം ദുഃഖം പേറുന്ന മനസ്സുമായിട്ടാണു അവൾ കർത്താവിന്റെ അടുക്കൽ പ്രതീക്ഷയോടെ വന്നതു.ദുഃഖനിമഗ്നമായ മനസ്സും ഹൃദയവുമുള്ള ഒരാൾക്കു ഒന്നിനേയും ലാഘവബുദ്ധിയോടെ കാണാൻ പ്രയാസമാണു.എല്ലാ കാര്യങ്ങളേയും ഗൗരവബുദ്ധിയോടെ കാണുകയും,വിമർശനബുദ്ധിയോടെ ചിന്തിക്കുകയും നിഷേധാത്മക സമീപനം സ്വീകരിക്കുകയും പരിഭവിക്കുകയും ഒക്കെ ചെയ്യുക സ്വാഭാവികമാണു.ഫലിതം കേട്ടാൽ ചിരിക്കുവാൻ പോലും കഴിയുകയുമില്ല.പിന്നെങ്ങനെയാണു ഗൗരവമായ ഒന്നിനോടു ഫലിത രൂപേണ പ്രതികരിക്കുക.മക്കളുടെ അപ്പം എടുത്തു നായ്ക്കുട്ടികൾക്കു കൊടുക്കുന്നതു നന്നല്ല.എന്ന കർത്താവിന്റെ മറുപടി അവൾ വളരെ ലാഘവപ്പെടുത്തിയാണു കണ്ടതു.അതിനു തെരുവുനായ്ക്കുട്ടികളെന്നു അർത്ഥം കല്പിച്ചു തന്നെ നിന്ദിക്കുകയായിരുന്നുവെന്നു കരുതി അമർഷം പൂണ്ടു നിൽക്കുവാനും പ്രതികരിക്കുവാനും സാദ്ധ്യതയുള്ളിടത്തു,അവൾ നായ്ക്കുട്ടികളെ വീട്ടിനുള്ളിൽ സ്നേത്തോടെ വളർത്തുന്ന Pet dogs ആക്കി മാറ്റിക്കളഞ്ഞു.എന്തിലും നന്മ കണ്ടെത്താൻ കഴിയുന്ന പ്രസാദാത്മകമായ ഒരു മനസ്സിന്റെ ഉടമയായിരുന്നുഅവൾ എന്നതിനു ഇതു മതിയായ തെളിവു തന്നെയാണു.അവളുടെ ദുഃഖത്തിന്റെ തീവ്രതയെ ലഘൂകരിക്കുകയല്ല,അതിന്റെ തീവ്രത എല്ലാ അളവിലും അനുഭവിക്കുമ്പോഴും ഒന്നു പുഞ്ചിരിക്കുവാനുള്ള ഒരു മനസ്സുഅവൾക്കുണ്ടായിരുന്നു.നാമെല്ലാവരും ഇതുപോലെയുള്ള തീരാദുഃഖത്തിന്റെ തീരത്തു വാവിട്ടു നിലവിളിക്കുമ്പോൾ ഇവൾ ഇവിടെ ഇതാ, അതിന്റെ നടുവിലുംപ്രതീക്ഷയുടെ,പ്രത്യാശയുടെ തിരിനാളം ദർശിക്കുന്നു.ഈ ദർശനമാണു അവളെ ഉറച്ച വിശ്വാസത്തിലേക്കു വഴിനടത്തിയതു.അതുകൊണ്ടു തന്നെയാണു കർത്താവു അവളോടു നിന്റെ വിശ്വാസം വലിയതു എന്നു പറഞ്ഞതു.
                                                         വി.നോമ്പു ഉപവാസത്തിന്റേയും പ്രാർത്ഥനയുടേയും ദിനങ്ങൾ ആകയാൽ,ഇവിടെ പ്രാർത്ഥനയുടെ ചില കാര്യങ്ങൾ കാണാൻ കഴിയുന്നതു ചിന്തിക്കാതെ കടന്നു പോകാൻ കഴിയുകയില്ല.കനാന്യസ്ത്രീയുടെ കഥ പ്രാർത്ഥനയെക്കുറിച്ചു ചിലതു നമ്മെ പഠിപ്പിക്കുന്നു.ഒന്നാമത്തെ കാര്യം അവളുടെ അപേകഷയുടെ പ്രത്യേകതയാണു.അവൾ കർത്താവിനോടു അപേക്ഷിച്ചതു ശ്രദ്ധിക്കുക ,കർത്താവേ ദാവീദു പുത്രാ എന്നോടു കരുണ തോന്നേണമേ.'ജല്പനവും അതിഭാഷണവും പ്രാർത്ഥനയല്ലായെന്നു പഠിപ്പിച്ച കർത്താവിന്റെ മുൻപിൽ,അതൊന്നും കേൾക്കാൻ സാദ്ധ്യത ഇല്ലാത്ത കനാന്യസ്ത്രീ ഒറ്റവാക്കിൽ തന്റെ അപേക്ഷ സമർപ്പിച്ചിരിക്കുന്നു.കർത്താവേ എന്നോടു കരുണ തോന്നേണമേ എന്നതിനേക്കാൾ വലിയ പ്രാർത്ഥന ഇല്ലായെന്നു നാം നേരത്തെ ചിന്തിച്ചിട്ടുള്ളതാണല്ലോ.തനിക്കു എന്തു ചെയ്തുതരണമെന്നു അവൾ പറയുന്നില്ല എന്നതാണു അവളുടെ പ്രാർത്ഥനയുടെ മറ്റൊരു പ്രത്യേകത.അവളുടെ പ്രശ്നം അതേപടി കർത്താവിന്റെ മുൻപിൽ സമർപ്പിക്കുക മാത്രമാണു അവൾ ചെയ്തതു.അവൾ തുടർന്നു പറഞ്ഞു 'എന്റെ മകൾക്കു ഭൂതോപദ്രവം കഠിനമായിരിക്കുന്നു.'അവൾക്കു സൗഖ്യം നൽകണമെന്നു പോലും അവൾ പറഞ്ഞില്ല.അതെല്ലാം അവൾ കർത്താവിന്റെ ഇഷ്ടത്തിനു വിട്ടുകൊടുക്കുന്നു.കരുണ തോന്നേണമേ എന്നതിൽ അതെല്ലാം ഉൾപ്പെടുന്നുവെന്നു അവൾക്കറിയാം.മാത്രമല്ല,ആ അപേക്ഷയിൽ അവളുടെ മനസ്സു മുഴുവനും വായിച്ചെടുക്കുവാൻ കഴിയും.നമ്മുടെ പ്രാർത്ഥനകളേയുംഈ സ്ത്രീയുടെ അപേക്ഷയോടു ചേർത്തു വിലയിരുത്തണം.നമ്മുടെ പ്രാർത്ഥനയിൽ എന്തെന്തു കാര്യങ്ങളാണു നാം അക്കമിട്ടു നിരത്തി വയ്ക്കുന്നതു.മാത്രമല്ല അതിന്റെ മറുപടി എപ്പോൾ എങ്ങനെ ലഭിക്കണമെന്നു കൂടി പ്രാർത്ഥിക്കുവാൻ നാം മറന്നുപോകാറില്ല.മറുപടി ദൈവത്തിന്റെ ഇഷ്ടത്തിനു വിട്ടുകൊടുക്കുവാൻ നമുക്കു കഴിയുന്നില്ല.അവന്റെ മറുപടി ലഭിക്കുന്നതു വരെ ക്ഷമയോടെ കാത്തിരിക്കുവാനുള്ള മനസ്സും നമുക്കു നഷ്ടമായിരിക്കുന്നു.അതിനാൽ ഒരിടത്തു പോയി പ്രാർത്ഥിച്ചിട്ടു നാം പറഞ്ഞ കാലാവധിക്കു മറുപടി ലഭിച്ചില്ലായെങ്കിൽ,കിട്ടുമെന്നു പലരും പറയുന്നിടത്തേക്കു നാം ഓടിപ്പോകുന്നു.ദൈവം തക്ക സമയത്തു നമ്മുടെ പ്രശ്നങ്ങളിൽ ഇടപെടും,അമാന്തിക്കുകയില്ല.പക്ഷേ,അവൻ നിശ്ചയിച്ച സമയത്തു മാത്രം.കാത്തിരിക്കുവാനുള്ള ക്ഷമ നമുക്കു വേണമെന്നു മാത്രം.
                                                പ്രാർത്ഥനയിൽ തനിക്കു എന്തൊക്കെ കർത്താവു തനിക്കു ചെയ്തു തരണമെന്നു പറഞ്ഞില്ലായെന്നതു മാത്രമല്ല അവളുടെ പ്രാർത്ഥന നമ്മെ പഠിപ്പിക്കുന്നതു.പ്രാർത്ഥനയ്ക്കു ലഭിക്കുന്ന മൂന്നുവിധത്തിലുള്ള മറുപടിയും ഇവിടെ വായിച്ചെടുക്കുവാൻ കഴിയും.'അവൻ അവളോടു ഒരു വാക്കും ഉത്തരം പറഞ്ഞില്ല.'(വി.മത്താഃ15;23)എന്നതാണു പ്രാർത്ഥനയ്ക്കു ചിലപ്പോൾ ലഭിക്കുന്ന ഒരു മറുപടി.ചിലപ്പോൾ നമ്മുടെ പ്രാർത്ഥനയ്ക്കു ഒരു മറുപടിയും ലഭിച്ചില്ലെന്നു വരാം.അതുകൊണ്ടു നമ്മുടെ പ്രാർത്ഥന ദൈവം കേട്ടില്ലായെന്നല്ല അതിന്റെ അർത്ഥം.നാം ആവശ്യപ്പെട്ടതു നമുക്കു ആവശ്യമില്ലാത്തതാണെന്നു കർത്താവു അറിയുന്നതിനാൽ അതു നൽകിയില്ലായെന്നു മാത്രമാണു അതിന്റെ അർത്ഥം എനിക്കു വർത്തമാന കാലത്തു ആവശ്യമെന്നു തോന്നിയ കാര്യം എനിക്കു എല്ലാക്കാലത്തും പ്രയോജനപ്രദമാകണമെന്നില്ല.ചിലതു ഭാവിയിൽ നമുക്കു ദുഃഖവും പ്രയാസവും നൽകുന്നതായി തീരാവുന്നതുമാകാം.നമുക്കു കാണാൻ കഴിയാത്ത നമ്മുടെ ഭാവികാലം മുഴുവനും വർത്തമാനകാലമായിരിക്കുന്ന ദൈവത്തിനു അതെല്ലാം കാണാൻ കഴിയുന്നതിനാൽ,സ്നേഹവാനായ ദൈവം അതു നമുക്കു നൽകുകയില്ല.എന്നാൽ അതു നമുക്കു ഉൾക്കൊള്ളാൻ കഴിയാതെ പോകുന്നതിനാൽ നാം നമ്മുടെ പ്രാർത്ഥന കേട്ടില്ലായെന്നു  സംശയിക്കുന്നു. '
                                           Wait'കാത്തിരിക്കുക എന്നതാണു രണ്ടാമത്തെ മറുപടി.നമ്മുടെ ആവശ്യങ്ങൾ എപ്പോഴാണു നമുക്കു തരേണ്ടതു എന്നു അവൻ അറിയുന്നു.അപ്പോൾ മാത്രമേ അതു തരികയുള്ളു,അപ്പോൾ അതു തന്നിരിക്കും.അതിനു മാറ്റമുണ്ടാകയുമില്ല.കാത്തിരുന്നു പ്രാർത്ഥിക്കുന്തോറും അനുഗ്രഹത്തിന്റെ മാറ്റു കൂടിക്കൊണ്ടിരിക്കും.വാർദ്ധക്യത്തിൽ ലഭിച്ച ഇസഹാക്കുംശമുവേൽ പ്രവാചകനും വിശുദ്ധ യോഹന്നാൻ സ്നാപകനുമെല്ലാം അതിനു ഉത്തമ ഉദാഹരണങ്ങൾ ആണു.മൂന്നാമത്തെ ഉത്തരമാണു'Yes'.നിന്റെ ഇഷ്ടം പോലെ നിനക്കു ഭവിക്കട്ടെ.'ചിലപ്പോൾ അവിടെ വരെ എത്തിച്ചേരാൻ ഈ പടികളെല്ലാം കടക്കേണ്ടതായും വരും.ആവശ്യമുള്ളതു മാത്രം തരുന്ന ദൈവം ആവശ്യമുള്ളപ്പോൾ മാത്രമേ തരികയുള്ളുവെന്ന സത്യം ഇതിൽനിന്നു തിരിച്ചറിഞ്ഞു പ്രാർത്ഥിക്കുവാനും ക്ഷമയോടെ കാത്തിരിക്കുവാനുള്ള ആത്മ നൽവരം ലഭിക്കുവാനായി വി.നോമ്പിലൂടെ ഒരുങ്ങാം. ഇന്നത്തെ പഴമവായനയിൽ ഒന്നായ ലേവ്യഃ 17;1-8 ഈ സത്യംവെളിവാക്കുന്നു് യിസ്രായേൽ ഗോത്രസംഖ്യയനുസരിച്ചു പന്ത്രണ്ട വടി വാങ്ങി സൂക്ഷിച്ചു വച്ചിട്ടു അഹറോന്റെ വടി മാത്രം തളിർത്തു പൂത്തു ബദാം ഫലം പുറപ്പെടുവിച്ച സംഭവമാണു അവിടെ കാണുന്നതു.ആവശ്യക്കാർക്കു ആവശ്യമുള്ളതു മാത്രം ദൈവം നൽകുന്നു.ആർക്കാണു ആവശ്യമെന്നു അവൻ മാത്രം അറിയുന്നു.1.ശമുഃ7;10-17 ൽ നിനയ്ക്കാത്ത വിധത്തിൽ നമ്മെ നടത്തുന്ന ദൈവ പരിപലനയെയാണു കാണുന്നതു.1.ശമുഃ7;12'ഇത്രത്തോളം യഹോവ നമ്മെ സഹായിച്ചൂ എന്നു പറഞ്ഞു അതിനു എബെൻ-ഏസർ എന്നു പേരിട്ടു.'യെശഃ 56;1-7ഏഴു പ്രർത്ഥനകളുടെ ചിത്രം നമുക്കു നൽകുന്നു.യെശഃ 56;7 'എന്റെ ആലയം പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും.'പ്രാർത്ഥിക്കുവാനും കാത്തിരിക്കുവാനുമുള്ള ക്ഷമ ഈ വി.നോമ്പിലൂടെ ലഭിക്കുവാൻ സന്ധ്യസ്ളൂസോയിലെ ഈ പ്രാർത്ഥനകൾ ദൈവസന്നിധിയിൽ സമർപ്പിക്കാം.
                                          കനാന്യസ്ത്രീക്കു മറുപടി കൊടുക്കുകയും അവളുടെ പുത്രിയെ പിശാചിൽ നിന്നു വിടുവിക്കുകയും ചെയ്ത കരുണാവാരിധിയും സൗഖ്യങ്ങളുടെ ഉറവയുമായിരിക്കുന്ന കർത്താവേ!ഇപ്പോൾ ഞങ്ങളുടെ ആത്മാക്കളെ പാപത്തിൽ നിന്നും ഞങ്ങളുടെ ശരീരങ്ങളെ അസഹ്യമായ രോഗങ്ങളിൽ നിന്നും വേദനകളിൽ നിന്നും സ്വാതന്ത്ര്യപ്പെടുത്തേണമേ.കരുണയാൽ എഴുന്നെള്ളി വന്നു തന്റെ സൃഷ്ടിയെ സന്ദർശിക്കുകയും അദൃശ്യമായ ഔഷധങ്ങളാൽ മനുഷ്യരുടെ രോഗങ്ങളേയും വേദനകളേയും സൗഖ്യപ്പെടുത്തുകയും ചെയ്തവനായി സ്നേഹത്താൽ സ്വയം ഒരുങ്ങി കൃപയാൽ മൂലം വന്നുചേർന്ന വൈദ്യനായ കർത്താവേ!ഇപ്പോൾ നിന്റെ സ്നേഹത്താൽ ഞങ്ങളെ കടാക്ഷിക്കേണമേ.എപ്പോഴും ഞങ്ങൾക്കു ദയാലുവായിരിക്കേണമേ.നിന്റെ കരുണയാൽ ഞങ്ങളുടെ ആത്മ വൃണങ്ങളെ സുഖപ്പെടുത്തേണമേ. ആമ്മീൻ .

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30