വി.നോമ്പുകാലധ്യാനങ്ങൾ -25

25- നാലാം ചൊവ്വ. ---------------- പ്രഭാതത്തിലെ ഏവൻഗേലിയോനിൽ നിന്നു ഇന്നത്തെ ധ്യാനചിന്തകൾ ആരംഭിക്കുന്നു.വി.മത്താഃ11;25-12;18 ആണു പ്രഭാത ഏവൻഗേലിയോൻ.തന്റെ വീര്യപ്രവൃത്തികളും പ്രസംഗങ്ങളും ഉപദേശങ്ങളും കാണുകയും കേൾക്കുകയും ചെയ്തിട്ടും മാനസ്സാന്തരപ്പെടാത്ത പട്ടണ നിവാസികളെ ശാസിച്ചിട്ടു കർത്താവു പറയുന്നതാണു ഇവിടുത്തെ പ്രതിപാദ്യം.മാനസ്സാന്തരപ്പെടാത്തതു സത്യം ഗ്രഹിക്കാത്തതുകൊണ്ടാണു.'നീ ഇതു ജ്ഞാനികൾക്കും വിവേകികൾക്കും മറച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയിരിക്കുന്നു 'എന്നതിൽ മാനസ്സാന്തരത്തിന്റേയും സത്യം ഗ്രഹിക്കാത്തതിന്റേയും കാരണം കാണാൻ കഴിയുന്നു.നിങ്ങൾ തിരിഞ്ഞു ശിശുക്കളെ പോലെ ആകണമെന്നും ഇങ്ങനെയുള്ളവരുടേതാണു ദൈവരാജ്യം എന്നും പറഞ്ഞതു ശൈശവദശിയിലേക്കു തിരികെ പോകണമെന്ന അർത്ഥത്തിലല്ലല്ലോ.ശിശുക്കളെ പോലെ വിനയവും താഴ്മയും വിശ്വാസവും ആശ്രയവും ഒക്കെ ഉള്ളവർക്കു മാത്രം അർഹതപ്പെട്ടതാണു ദൈവരാജ്യം എന്നാണല്ലോ അർത്ഥമാക്കുന്നതു.ബുദ്ധികൊണ്ടു ദൈവത്തെ ഗ്രഹിക്കുവാൻ കഴിയുകയില്ല എന്ന കാര്യം നേരത്തെ നാം ചിന്തിച്ചു കഴിഞ്ഞതാണു. മണ്ടന്മാരുടേതാണു ദൈവരാജ്യം എന്നു അതിനു അർത്ഥമില്ല.ദൈവരാജ്യത്തിനു വേണ്ടി മണ്ടന്മാരാകാൻ കഴിയണം.മാത്രമല്ല സത്യം ഗ്രഹിക്കുന്നവരെ ആരും മണ്ടന്മാരെന്നു വിളിക്കുകയുമില്ല.ബുദ്ധിയുണ്ടായിട്ടും സത്യം ഗ്രഹിക്കാത്തവരാണു യഥാർത്ഥത്തിൽ മണ്ടന്മാർ.സത്യം ഗ്രഹിച്ചവർക്കു മാത്രമേ മാനസ്സാന്തരം ഉണ്ടാകുകയുള്ളു.വി.യോഹന്നാൻസ്നാപകന്റെപ്രസംഗം കേട്ടവർ ഞങ്ങൾ എന്തു ചെയ്യേണം എന്നു ചോദിച്ചതു സത്യം ഗ്രഹിച്ചതുകൊണ്ടാണല്ലോ.അബ്രഹാം ഞങ്ങൾക്കു പിതാവായിട്ടുണ്ടു എന്നു പറഞ്ഞിട്ടു കാര്യമില്ല.പ്രവൃത്തിയിൽ മാറ്റം വരുത്തണമന്നത്രേ വി.യോഹന്നാൻ അവരോടു പറഞ്ഞതു.മാനസ്സാന്തരപ്പെട്ടു അവനിൽ വിശ്വസിച്ചു അവനെ പിൻപറ്റുന്നവർക്കു മാത്രമേ പിതാവാംദൈവത്തെ മനസ്സിലാക്കുവാന്‍  കഴിയുകയുള്ളു.'പുത്രനും പുത്രൻ വെളിപ്പുത്തി കൊടുപ്പാൻ ഇച്ഛിക്കുന്നവനുമല്ലാതെ ആരും പിതാവിനെ അറിയുന്നില്ല.''പുത്രനിൽ വിശ്വസിക്കുകയും പിതാവിനെ അറിയുകയും ചെയ്യുന്നവനു ആശ്വാസം ലഭിക്കും.സൗമ്യതയും താഴ്മയുള്ളതുമായ ക്രിസ്തുവിന്റെ നുകം അവർക്കു ഭാരമാകയില്ല.അല്ലാത്തവർക്കു മതവും മതാചാരങ്ങളുംഒരു ഭാരമായി മാത്രമേ അനുഭവപ്പെടുകയുള്ളു.കർത്താവു പറയുന്നു.'എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.'ചിലർക്കു അതു ഭാരമായി തോന്നും.ചിലർ അതു മറ്റുള്ളവർക്കു ഒരു ഭാരമാക്കി മാറ്റും.
                                                    കർത്താവിന്റെ നുകം എങ്ങനെ ഭാരമായി മാറും?എങ്ങനെ അതു ഭാരമുള്ളതാക്കി മാറ്റും.എന്നതിന്റെ ഉത്തരമാണു വി.മത്താഃ12;1-8 വാക്യങ്ങളിൽ നാം കാണുന്നതു.ശബത്തിനെ ശുദ്ധീകരിപ്പാൻ ഓർക്ക എന്ന യഹോവയുടെ കല്പന എങ്ങനെ ഭാരമുള്ളതായി മാറി.അഥവാ മാറ്റി എന്നാണു ഇവിടെ വെളിവാകുന്നതു.പത്തുകല്പനകളിൽ ചെയ്യണമെന്നു പറഞ്ഞിട്ടുള്ളതിൽ ഒരു കല്പന ആണല്ലോ ഇതു.ശാബതിനെ ശുദ്ധീകരിക്കണമെങ്കിൽ എന്തൊക്കെ ചെയ്യാതിരിക്കണം എന്നു പറയുവാനല്ലാതെ,എന്തൊക്കെ ചെയ്യണം എന്നു പിൽക്കാലത്തു പറയുവാൻ കഴിഞ്ഞില്ല എന്നതാണു ഒരു പ്രശ്നം.യേശുവും ശിഷ്യന്മാരും ഒരു ശാബതിൽ വിളഭൂമിയിൽ കൂടെ കടന്നു പോയപ്പോൾ ശിഷ്യന്മാർ വിശന്നിട്ടു കതിർ പറിച്ചു തിന്നുവാൻ തുടങ്ങി.ഇതു കണ്ട പരീശന്മാർ ഇതാ ശാബതിൽ വിഹിതമല്ലാത്തതു നിന്റെ ശിഷ്യന്മാർ ചെയ്യുന്നതു എന്തു എന്നു യേശുവിനോടു ചോദിച്ചു.യേശു അതിനു നൽകിയ മറുപടി ആണു ഇവിടെ വായിക്കുന്നതു.
                                             ദാവീദും കൂടെയുള്ളവരും വിശന്നപ്പോൾ പുരോഹിതന്മാർക്കു മാത്രമല്ലാതെ ആർക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ച അപ്പം എടുത്തു തിന്നതു ചൂണ്ടിക്കാണിച്ചു കർത്താവു ശിഷ്യന്മാരുടെ പ്രവൃത്തിയെ ന്യായീകരിക്കുന്നു.ന്യായപ്രമാണം,പ്രത്യേകച്ചു ശാബതിനെ ശുദ്ധീകരിപ്പാൻ ഓർക്ക എന്ന കല്പന യിസ്രായേൽക്കാർ അത്യധികം പ്രാധാന്യത്തോടെ ആചരിച്ചിരുന്നു.യഹോവയായ ദൈവം ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചപ്പോൾ ഏഴാംദിവസം സ്വസ്തമായി ഇരുന്നതിനാൽ ശാബതുദിവസം ജോലയൊന്നും ചെയ്യാൻ പാടില്ലായെന്നു അവർ നിർബ്ബന്ധിച്ചിരുന്നു.കാലാന്തരത്തിൽ ശാബതിനെ ശുദ്ധീകരിക്കണമെങ്കിൽ എന്തെല്ലാം കാര്യങ്ങൾ ചെയ്യാതിരിക്കണമെന്നു അവർ അക്കമിട്ടു പറഞ്ഞു.ഏതാണ്ടു 39 കാര്യങ്ങൾ ശാബതിൽ ചെയ്യാൻ പാടില്ലാത്തതായി അവർ പഠിപ്പിക്കുന്നു.600 വാരയിൽ കൂടുതൽ നടക്കാൻ പാടില്ലായെന്നു തുടങ്ങി ദൈനംദിന ജീവിതത്തിനു അനിവാര്യമായ പലതും അവർ വിലക്കി.ശിഷ്യന്മാർ കതിർ പറിച്ചു തിന്നതിൽ അവർ ന്യായപ്രമാണലംഘനം കണ്ടതു,ശാബതിൽ അവർ ചെയ്യാൻ പാടില്ലായെന്നു നിർബ്ബന്ധിക്കുന്ന ചില കാര്യങ്ങൾ  ചെയ്തതിനാലാണു.അന്യന്റെ വിളഭൂമിയിൽ നിന്നു കതിർ പറിച്ചു തിന്നതു 'മോഷ്ടിക്കരുതു'എന്ന കല്പനയുടെ ലംഘനമായിട്ടല്ല അവർ കണ്ടതു.ന്യായപ്രമാണപ്രകാരം അതു മോഷണമെന്നു പറയുവാൻ കഴിയുകയില്ല.ആവഃ23;25 ൽ പറയുന്നു.'കൂട്ടുകാരന്റെ വിളഭൂമിയിൽ കൂടെ കടന്നു പോകുമ്പോൾ നിനക്കു കൈകൊണ്ടു കതിർ പറിക്കാം.എങ്കിലും കൂട്ടുകാരന്റെ വിളവിൽ അരിവാൾ വയ്ക്കരുതു.'കതിർ പറിച്ചു തിന്നതിലൂടെ ശാബതിൽ ചെയ്യാൻ പാടില്ലാത്ത നാലുകാര്യങ്ങളാണു ശിഷ്യന്മാർ ചയ്തതു.കൊയ്ത്തു,മെതി,പാറ്റൽ,പാകംചെയ്യൽ എന്നീ നാലുകാര്യങ്ങൾ ശാബതിൽ ചെയ്യാൻ പാടില്ലാത്തവയാണു.കതിർ പറിച്ചതു കൊയ്ത്താണു.തിരുമ്മിയതു മെതി.അതിന്റെ തൊലികളഞ്ഞതു പാറ്റൽ.തിന്നാൻ പാകമാക്കിയതു പാകംചെയ്യലുമായി അവർ കാണൂന്നു.നിയമങ്ങളുടെ അന്തസത്ത മനസ്സിലാക്കാതെ അതിനെ ആക്ഷരീകമായി മാത്രം കാണുന്നതിനാൽ വന്നു ഭവിക്കുന്ന പിഴവാണിതു.യഹോവ സ്വസ്തമായി ഇരുന്നതും,ശാബതിനെ ശുദ്ധീകരിക്ക എന്നതും പ്രവൃത്തിരഹിതമായി മാത്രം ഇരുന്നാൽ മതിയെന്ന അർത്ഥത്തിലാണു അവർ കണ്ടതു .
                                              ശിഷ്യന്മാർ കതിർ പറിച്ചു തിന്നതു ഈ വിധത്തിൽ ശാബതുലംഘനമായി കണ്ടു പരാതിപ്പെട്ട പരീശന്മാരോടു ,ദാവീദു ദേവാലയത്തിൽ ചെന്നു പുരോഹിതന്മാർക്കു മാത്രം ഭക്ഷിക്കുവാൻ വിഹിതമായി ന്യായപ്രമാണം അനുശാസിക്കുന്ന കാഴ്ചയപ്പം വിശന്നപ്പോൾ എടുത്തു ഭക്ഷിക്കുകയും കൂടെയുള്ളവർക്കു കൊടുക്കുകയും ചെയ്തതു.(1.ശമുഃ21;1-6) കർത്താവു ചൂണ്ടിക്കാണിക്കുന്നു.ന്യായപ്രമാണത്തെക്കാൾ വലുതാണു മനുഷ്യന്റെ വിശപ്പു.രണ്ടാമതു ന്യായപ്രമാണത്തിൽ നിന്നുതന്നെ മറ്റൊരു കാര്യം ചോദ്യരൂപേണ കർത്താവു അവരുടെ മുൽപിൽ വയ്ക്കുന്നു.വി.മത്താഃ12;5 'ശബ്ബത്തിൽ പുരോഹിതന്മാർ ദേവാലയത്തിൽ വച്ചു ശബ്ബത്തിനെ ലംഘിക്കുന്നുവെങ്കിലും കുറ്റമില്ലാതിരിക്കുന്നുവെന്നു വായിച്ചിട്ടില്ലയോ?'ശാബതിൽ ദേവാലയത്തിൽ കാളകളേയും ആട്ടിൻകുട്ടികളേയും ബലിയര്‍പ്പിക്കുന്നതും ഹോമയാഗം കഴിക്കുന്നതും എല്ലാം പ്രവൃത്തികളായി വ്യാഖ്യാനിക്കാവുന്നതാണു.അതിനെ എടുക്കുന്നതും അറുക്കുന്നതും ബലിപീഠത്തിൽ വയ്ക്കുന്നതും എല്ലാം ശാബതിൽ അവർ നിഷേധിച്ചിട്ടുള്ള പ്രവൃത്തികളിൽ പെടുന്നവയാണു.ശാബതിനെ ശുദ്ധീകരിപ്പാൻ ഓർക്ക എന്നു കല്പിച്ച യഹോവതന്നെ ശാബതിൽ ഈ കാര്യങ്ങൾ ചെയ്യണമെന്നും പറഞ്ഞിരിക്കുന്നു.സംഖ്യാഃ28;9'ശാബതുനാളിലോ ഒരുവയസ്സുള്ള ഊനമില്ലാത്ത രണ്ടു കുഞ്ഞാടിനേയും ഭോജനയാഗത്തിനായി എണ്ണചേർത്ത രണ്ടിടങ്ങഴി മാവും അതിന്റെ പാനീയയാഗമായി അർപ്പിക്കേണം.'പ്രവൃത്തികളല്ല,ആ പ്രവൃത്തികളുടെ ഉദ്ദേശമാണു അതിനെ വിഹിതവും അവിഹിതവുമാക്കി തീർക്കുന്നതു.എന്തും ചെയ്യാമെന്നു അതിനു അർത്ഥമില്ല.പ്രവൃത്തികൾക്കെല്ലാം പ്രേരകമായി നിൽക്കുന്നതു മനസ്സാണു.അതിനാൽ പ്രവൃത്തിയിലൂടെ മനസ്സു വായിച്ചെടുക്കുവാൻ കഴിയും.കതിർ പറിച്ചു തിന്നതിന്റെ പിന്നിലെ മനസ്സു വായിക്കാൻ കഴിയാതെ പ്രവൃത്തിയിൽ മാത്രം ശ്രദ്ധിച്ചതാണു പരീശന്മാർക്കു പറ്റിയ പിഴവു.
                                        തുടർന്നു കർത്താവു പറഞ്ഞു,'യാഗത്തിലല്ല കരുണയിൽ അത്രേ ഞാൻ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു നിങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ കുറ്റം ഇല്ലാത്തവരെ കുറ്റം വിധിക്കയില്ലായിരുന്നു.'വിശക്കുന്നവരോടു കരുണ കാണിക്കാതെ ന്യായം പറയുന്നതിൽ എന്തു നന്മയാണു കാണാൻ കഴിയുക.ഹോശയാഃ6;6 കർത്താവു ഇവിടെ ഉദ്ധരിക്കുകയായിരുന്നു.ശാബതിൽ സൗഖ്യമാക്കുന്നതു കണ്ടിട്ടു അതു ശാബതുലംഘനമായി വ്യാഖ്യാനിച്ച ശാസ്ത്രിമാരോടും പരീശന്മാരോടും കർത്താവു പറഞ്ഞതു ഈ സത്യം വിളിച്ചോതുന്നു.വി.മർക്കോഃ3;4'പിന്നെ അവൻ അവരോടുശബ്ബത്തിൽ നന്മ ചെയ്യുകയോ തിന്മ ചെയ്യുകയോ ഏതാണു വിഹിതം എന്നു ചോദിച്ചു.വി.ലൂക്കോഃ14;5'പിന്നെ അവൻ അവരോടു നിങ്ങളിൽ ഒരുത്തന്റെ മകനോ കാളയോ ശബ്ബത്തുനാളിൽ കിണറ്റിൽ വീണാൽ ക്ഷണത്തിൽ വലിച്ചെടുക്കയില്ലയോ എന്നു ചോദിച്ചു.പ്രവൃത്തിരഹിതമായി ഇരുന്നല്ല,നന്മ ചെയ്തുവേണം ശബ്ബത്തിനെ ശുദ്ധീകരിക്കേണ്ടതു എന്നാണു കർത്താവു പഠിപ്പിച്ചതു.
                                       കർക്കശ നിയമങ്ങളേക്കാൾമനസ്സലിവും കരുണയുമാണു ദൈവരാജ്യത്തിൻറെ അടിസ്ഥാന പ്രമാണം എന്നു ഇന്നത്തെ മറ്റൊരു ഏവൻഗേലിയോൻ ഭാഗമായ വി.മത്താഃ20;1-15 വ്യക്തമാക്കുന്നു.ദൈവരാജ്യത്തെക്കുറിച്ചു മശിഹാതമ്പുരാൻ പറഞ്ഞ ഒരു ഉപമയാണു ഇവിടെ കാണുന്നതു.ഒരു മുന്തിരിത്തോട്ടത്തിന്റെ ഉടമയായ ഒരു വീട്ടുടയവൻ തന്റെ മുന്തിരിത്തോട്ടത്തിൽ വേലക്കാരെ വിളിച്ചാക്കുന്നു.പ്രഭാതത്തിൽ കുറേപ്പേരെ,ഒരുദിവസത്തെ കൂലി ഒരു വെള്ളിക്കാശു പറഞ്ഞു സമ്മതിച്ചു ജോലിക്കു വിളിച്ചു നിയോഗിച്ചു.മൂന്നാം മണിനേരത്തും ഒൻപതാം മണിനേരത്തും പതിനൊന്നാം മണിനേരത്തും ചെന്നു ജോലിയില്ലാതെ മിനക്കെട്ടു നിൽക്കുന്നവരെ കണ്ടു ന്യായമായതു തരാം എന്നു പറഞ്ഞു ജോലിക്കു നിയമിച്ചു.വൈകിട്ടു കൂലികൊടുത്തപ്പോൾ എല്ലാവർക്കും ഒരുപോലെ കൂലിനൽകി.ആദ്യം വന്നവർ പരിഭവവും പരാതിയും പറയുന്നു.വീട്ടുടയവൻ അവരോടു നിങ്ങളുമായി പറഞ്ഞൊത്ത കൂലി നൽകി.അതിൽ അനീതിയൊന്നും കാട്ടിയില്ല.താമസിച്ചു വന്നവർക്കും അതേകൂലി കൊടുപ്പാൻ എനിക്കു മനസ്സുണ്ടു.അതിൽ നിങ്ങൾ എന്തിനു പരിഭവിക്കുന്നു,പരാതിപ്പെടുന്നു.
                                                  ക്രിസ്ത്യാനിത്വത്തിന്റെ മഹത്വമാണു ഈ ഉപമ വെളിപ്പെടുത്തുന്നു.എപ്പോൾ ക്രിസ്ത്യാനിയായി എന്നതു ദൈവരാജ്യത്തിനു ഒരു മാനദണ്ഡമല്ലായെന്നതാണു ഒന്നാമത്തെ വസ്തുത.എല്ലാവരും അവിടെ തുല്യരാണു.മുൻപന്മാരും പിൻപന്മാരും ഇല്ല.പുതുക്രിസ്ത്യാനിയെന്നോ പൗരാണികത്വമുള്ള ക്രിസ്ത്യാനിയെന്നോ വ്യത്യാസമില്ല.എല്ലാവരും അവിടെ ഒന്നാണു.ഏതുപ്രായത്തിലാണു ക്രിസ്ത്യാനിയായതു എന്നതിനും പ്രത്യേക പരിഗണനയില്ല.ദൈവമുമ്പാകെ എല്ലാവരും വിലയേറിയവരാണു.പാരമ്പര്യം ആവശ്യമില്ലാത്തതാണെന്നോ,ആവുന്നിടത്തോളം ഈലോക സുഖങ്ങൾ ആസ്വദിച്ചിട്ടു അവസാനം ക്രിസ്ത്യാനി ആയാൽ മതിയെന്നോ അതിനർത്ഥമില്ല.പാരമ്പര്യത്തിൽ ഊറ്റംകൊള്ളുകയും അതിനനുസരണമായ സംസ്കാരവും വിശ്വാസവും പ്രവൃത്തിയും ജീവിതമൂല്യങ്ങളും കാത്തുസൂക്ഷിക്കുവാൻ കഴിയാതെ പോകുകയും ചെയ്താൽ പൗരാണികത്വവും അർത്ഥശൂന്യമായി ഭവിക്കും.സത്യം തിരിച്ചറിഞ്ഞിട്ടും അതിനനുസരണമായി ജീവിക്കാതെ അവസാനം വലത്തുഭാഗത്തെ കള്ളനെപ്പോലെ മാനസ്സാന്തരപ്പെട്ടു സ്വർഗ്ഗരാജ്യാവകാശിയായി തീരാമെന്നുള്ള ചിന്തയും വെറും വ്യാമോഹമാണു.മരണം അനിശ്ചിതമാകയാൽ അവസരം ലഭിക്കുമെന്ന ചിന്തയും അസ്ഥാനത്താണു.അവിടെ മുൻപന്മാർ പിൻപന്മാരും പിൻപന്മാർ മൂൻപന്മാരും ആകും
                                                  .ഇതു യഹുദ ജനത്തിനു നൽകിയ ഒരു മുന്നറിയിപ്പു കൂടെ ആയിരുന്നു.തങ്ങൾ ദൈവത്തിന്റെ സ്വന്തജനമാണു എന്ന വിശ്വാസം ,എങ്ങനെ ജീവിച്ചാലും ദൈവം തങ്ങളെ തള്ളിക്കളകയില്ല എന്ന ചിന്ത അവരിൽ ഉളവാക്കി.ഇങ്ങനെ യൊക്കെ ജീവിച്ചാൽ മതിയെന്ന അലസ മനോഭാവം ക്രാസ്ത്യാനിക്കും ചേരുന്നതല്ല. പ്രഭാതം മുതൽ പ്രദോഷം വരെ അദ്ധ്വാനിച്ചവർക്കും പതിനൊന്നാംമണിക്കു വന്നവർക്കും ഒരുപോലെ പ്രതിഫലം കൊടുത്തതു സാമാന്യബുദ്ധിക്കു നിരക്കാത്ത പ്രവൃത്തിയാണു.അതു നീതിയും ന്യായവുമാണെന്നു ആരും പറയുമെന്നും തോന്നുന്നില്ല.എന്നാൽ ദൈവത്തിന്റെ കാരുണ്യാതിരേകത്തെയാണു ഇതു കാണിക്കുന്നതു.മൂന്നാം മണിക്കും ഒൻപതാംമണിക്കും പതിനൊന്നാംമണിക്കും വിളിക്കപ്പെട്ടവർ അവസരം ലഭിക്കാതെ നിരാശപ്പെട്ടു നിന്നവരാണു.വീട്ടുടയവൻ ,ഈ സമയത്തെല്ലാം തെരുക്കോണുകളിൽ നിരാശപൂണ്ടു മിനക്കെട്ടു നിൽക്കുന്നവരെ കണ്ടു മനസ്സലിവു തോന്നി അവരെ വിളിച്ചു ജോലിക്കു നിയോഗിച്ചതു.ജോലി ലഭിക്കാത്തതിനാൽ അവരുടെ കുടുംബം പട്ടിണിയിലാകുന്നു.അന്നത്തെ ഒരു വെള്ളിക്കാശു ഒരു കുടുംബത്തിനു കഷ്ടിപിഷ്ടി കഴിഞ്ഞുകൂടുവാൻ മാത്രമേ ഉപകരിക്കുകയുള്ളു.അതും ഇല്ലാതാകുന്ന ദാരുണാവസ്ഥ അനുകമ്പാർഹമാണു.ഇവിടെ എല്ലാവർക്കും അവസരം ലഭിക്കുക എന്നതു അനിവാര്യമാണു.എന്നാൽ ജോലിലഭിക്കാതെ നിന്നവർക്കു ഒരു വെള്ളിക്കാശു നൽകുകയായിരുന്നില്ലേ കുറേക്കൂടെ അഭികാമ്യമായ പ്രവൃത്തി എന്ന സംശയം സ്വാഭാവികമാണു.അദ്ധ്വാനിക്കുവാൻ ശേഷിയും മനസ്സുമുള്ളവർക്കു ലഭിക്കുന്ന സൗജന്യം അലസന്മാരും മടിയന്മാരും ആക്കിത്തീർക്കും എന്നതു ഒരു വലിയ സത്യമാണു.ദൈവം മടിയന്മാരെയല്ല,അദ്ധ്വാനിക്കുന്നവരെയാണു സഹായിക്കുന്നതു എന്ന ദൈവരാജ്യ സത്യം ഇതു വെളിവാക്കുന്നു.കർത്താവു സൗഖ്യം നൽകിയവരിൽ അധികം പേരും സൗഖ്യപ്രാപ്തിക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നു കർത്താവു കല്പിച്ചതും ഈ സത്യം വിളിച്ചോതുന്നു.അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായുള്ള ഏവരുമേ എന്റെ അടുക്കൽ വരുവീൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും എന്നാണല്ലോ കർത്തൃവചനം.ദൈവം പ്രവർത്തിക്കുന്നതു നമ്മിൽ കൂടെയാണു.
                                          തുല്യ ജോലിക്കു തുല്യ പ്രതിഫലം എന്ന സാമാന്യതത്ത്വം ഇവിടെ ലംഘിക്കപ്പെടുന്നില്ലേ എന്ന ചോദ്യവും പ്രസക്തമാണു.പ്രഭാതം മുതൽ ജോലിചെയ്തവരും പിന്നീടു വന്നവരും ചെയ്തു തീർത്ത ജോലിയുടെ അളവു വ്യത്യാസമുള്ളതായിരിക്കും.കുറച്ചു ജോലി ചെയ്തവർക്കും കൂടുതൽ ജോലി ചെയ്തവർക്കും ഒരേ പ്രതിഫലം അന്യായമല്ലേ.ആദ്യം ജോലിയിൽ പ്രവേശിച്ചവർ ഈ രീതിയെ ചോദ്യംചെയ്തപ്പോൾ വീട്ടുടയവൻ നൽകിയ മറുപടി ശ്രദ്ധിക്കുക.'സ്നേഹിതാ ഞാൻ നിന്നോടു അന്യായം ചെയ്യുന്നില്ല.നീ എന്നോടു ഒരു പണം പറഞ്ഞൊത്തില്ലയോ?നിന്റേതു വാങ്ങി പൊയ്ക്കൊള്ളുക.നിനക്കു തന്നതു പോലെ ഈ പിൻപനും കൊടുപ്പാൻ എനിക്കു മനസ്സു.'വാസതവത്തിൽ ആദ്യം ജോലിക്കു വന്നവർക്കു ഇതു ചോദ്യം ചെയ്യുവാൻ അവകാശമില്ല.അവർ പറഞ്ഞ പ്രതിഫലം അവർക്കു ലഭിച്ചു.കൂടുതൽ കിട്ടുമെന്ന വ്യാമോഹമാണു ചോദ്യം ചെയ്യുവാൻ അവരെ പ്രേരിപ്പിച്ചതു.ഇതു മറ്റൊരു കാര്യം സൂചിപ്പിക്കുന്നു.എത്രമാത്രം ജോലി ചെയ്തുവെന്നതിനേക്കാൾ ജോലിയോടുള്ള മനോഭാവവും പ്രതിബദ്ധതയുമാണു പ്രതിഫലത്തിന്റെ ശരിയായ മാനദണ്ഡം.ആദ്യം വന്നവർ ഉടമ്പടി ജോലിക്കാരാണു.ഇത്ര സമയം ജോലി ,അതിനു ഇത്ര പ്രതിഫലം.ജോലിയെക്കാൾ അവർക്കു പ്രധാനം പ്രതിഫലമാണു.ജോലിയോടു അവർക്കു വലിയ ആത്മാർത്ഥത ഉണ്ടായിരിക്കുകയില്ല.എന്നാൽ പിന്നീടു വന്നവരാരും എന്തു പ്രതിഫലം തരും എന്നു ചോദിച്ചില്ല.ലഭിക്കുന്നതു കൊണ്ടു തൃപ്തിയാകുന്ന മനസ്സാണു അവർക്കുള്ളതു.ജോലി വേണമെന്നതാണു അവരുടെ ആവശ്യം.ഇനിയും പോയാൽ പ്രതിഫലം കുറച്ചുമാത്രമേ കിട്ടുകയുള്ളു .അതിനാൽ ഇന്നു പോകണ്ടായെന്നു അവർ ചിന്തിച്ചില്ല.അവർ തെരുക്കോണുകളിൽ മിനക്കെട്ടു നിന്നതു മടിയന്മാരായിട്ടല്ല.ജോലി ലഭിക്കാത്തതിൽ കുണ്ഠിതപ്പെട്ടും ജോലിക്കു വേണ്ടി ആഗ്രഹിച്ചുമാണു അവർ നിന്നതു.ജോലി ലഭിച്ചതിൽ അവർ സംതൃപ്തരാണു.തങ്ങൾക്കു ജോലി നൽകിയ ആളോടു അവർ പ്രതിബദ്ധതയുള്ളവരാണു.അതുകൊണ്ടുതന്നെ തങ്ങൾക്കു ലഭിച്ച ജോലിയിൽ അവർ ആത്മാർത്ഥത കാട്ടുകയും ചെയ്യും.അവർ കഠിനമായി അദ്ധ്വാനിക്കുകയും ജോലി ആവുംവിധം ഭംഗിയായി ചെയ്യുകയും ചെയ്തിരിക്കും. അതിനാൽ വീട്ടുടയവൻ അവരോടു കാട്ടിയ ഔദാര്യം ചോദ്യം ചെയ്യാൻ കഴിയാത്തതാണു.
                                           ദൈവത്തോടുള്ള ബന്ധത്തിന്റെ മറ്റൊരു മനോഹര ചിത്രവും ഈ ഉപമയിൽ വരച്ചു കാട്ടുന്നു.ഉടമ്പടിയോടു കൂടിയ ദൈവിക ബന്ധത്തിൽ ചോദിക്കുന്ന പ്രതിഫലം മാത്രം ലഭിക്കുന്നു.എന്നാൽ അതു സംതൃപ്തി നൽകുന്നുമില്ല.കൂടുതൽ ലഭിക്കണമെന്ന മോഹം പിന്നെയും അവശേഷിക്കുന്നു.എന്നാൽ എന്തു കിട്ടുമെന്ന ചിന്ത കൂടാതെ ദൈവത്തോടുള്ള ബന്ധം പുലർത്തുന്നവർക്കു അനുഗ്രഹത്തിന്റെ കിളിവാതിൽ തുറന്നു മതിയാവോളം അനുഗ്രഹങ്ങൾ ദൈവം ചൊരിയുന്നു.കിട്ടുന്നതിൽ സംതൃപ്തിയും സമാധാനവും അവർ അനുഭവിക്കുന്നു.പ്രാർത്ഥിച്ചാൽ എന്തു കിട്ടുമെന്നു ചോദിക്കുന്നവരും പ്രാർത്ഥന വെറും അപേക്ഷയായി കരുതുന്നവരും ഈ ഉപമ ശ്രദ്ധാപൂർവ്വം പഠിക്കേണ്ടതാണു.പ്രാർത്ഥനയുടെ ബാലപാഠങ്ങൾ ഈ ഉപമ നമ്മെ പഠിപ്പിക്കുന്നു.പ്രതിഫലത്തിനു വേണ്ടി മാത്രം വി.നോമ്പും ഉപവാസവും അനുഷ്ഠിക്കുന്നവരും ഈ ഉപമ ശ്രദ്ധിക്കേണ്ടതാണു.ഒരു കാര്യം കൂടെ പറയട്ടെ.ഒരിക്കൽ വി.ദേവാലയത്തിൽ ഒരു പുരോഹിതൻ,വി.കുർബ്ബാനയിൽ ആരംഭം മുതൽ സംബന്ധിച്ചെങ്കിൽ മാത്രമേ അനുഗഹം പൂർണ്ണമായി ലഭിക്കയുള്ളുവെന്നും അതിനാൽ താമസിച്ചു വരുന്നവർ ശ്രദ്ധിക്കണമെന്നും പറഞ്ഞു.സ്ഥിരം താമസിച്ചു വരുന്ന ഒരാൾ ബ.അച്ചനെ കണ്ടു'അച്ചൻ ഈ ഉപമ വായിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.പതിനൊന്നാം മണിക്കു വരുന്നവർക്കും തുല്യമായ പ്രതിഫലം തരുന്ന ദൈവത്തിലാണു ഞാൻ വിശ്വസിക്കുന്നതു എന്നും പറഞ്ഞു.സ്വന്തം താല്പര്യങ്ങൾ പരിരക്ഷിക്കുവാനും തങ്ങളുടെ അരുതായ്മകളെ സാധൂകരിക്കുവാനും വി.വേദപുസ്തകത്തെ ഉപയോഗിക്കുന്നവർ ഇന്നു അനവധിയാണു.അതു തിരിച്ചറിഞ്ഞു സത്യവിശ്വാസത്തിൽ ഉറച്ചു വളരുവാൻ സന്ധ്യ സ്ളൂസോയിലെ ഈ അപേക്ഷകൾ സമർപ്പിക്കാം.
                                        കർത്താവേ!സർവ്വശക്തിയുള്ള നിന്റെ ഭുജത്താൽ കടങ്ങളുടെ ആഴത്തിൽ നിന്നും പാപത്തിന്റെ സമുദ്രത്തിൽ നിന്നും ഞങ്ങളെ സുകൃതം മൂലം സ്വർഗ്ഗത്തിന്റെ ഉയരത്തിലേക്കു കോരിയെടുക്കേണമേ.ക്ഷോഭിച്ചിരിക്കുന്ന തിരമാലകളുടേയും നാശകരമായ പിശറുകളുടേയുംഇടയിൽ കൂടി ഞങ്ങളുടെ ആത്മാവാകുന്ന കപ്പലിനെ സൂക്ഷ്മതയോടെ നയിക്കേണമേ.ഞങ്ങൾക്കു ശാന്തമായ ഗതിയും രക്ഷയുടെ തുറമുഖവും നൽകേണമേ.മനോമോഹന മദ്ധ്യാഹ്നത്തിൽ ആകൽക്കറുസാ അയയ്ക്കുന്ന പകലിലെ അസ്ത്രങ്ങളിൽ നിന്നു ഞങ്ങളെ കാത്തുകൊള്ളേണമേ.നാശം ചെയ്യുന്ന ചെന്നായ് നിന്റെ ഇടവകയിലേക്കു പ്രവേശിച്ചു നിന്റെ കുരിശടയാള മുദ്രയുള്ളതും നിന്റെ വിശ്വാസമാകുന്ന പുൽമാലിയിൽ മേയുന്നതുമായ കുഞ്ഞാടുകളെ നശിപ്പിച്ചു നാനാവിധമാക്കരുതേ.കർത്താവേ!ഞങ്ങളെ വഞ്ചിച്ചവന്റെ ഇഷ്ടത്തിനു ഞങ്ങൾ വഴിപ്പെട്ടതിനാൽ നിന്റെ മണവറയുടെ വാതിൽ ഞങ്ങളുടെ മുൻപിൽ അടച്ചു കളയരുതേ.ആ ദോഷികളെപ്പോലെ 'നിങ്ങളെ ഞാൻ അറയായ്കയാൽ നിത്യനരകത്തിലേക്കു പോകുവീൻ'എന്ന സങ്കടകരമായ ശബ്ദം നിന്നിൽനിന്നു ഞങ്ങൾ കേൾക്കുമാറാകരുതേ. ആമ്മീൻ.

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30