വചനപരിച്ഛേദം-67.
67-തിരുവചനം, പാതകള്‍ക്കു വിളക്കും ഊടുവഴികള്‍ക്കു പ്രകാശവും. സങ്കീഃ 119;108. നിന്റെ വചനം എന്റെ കാലുകള്‍ക്കു ദീപവും എന്റെ പാതകള്‍ക്കു പ്രകാശവുമാകുന്നു. സങ്കീര്‍ത്തനങ്ങളില്‍ ഏറ്റം വലിയ സങ്കീര്‍ത്തനമാണല്ലോ 119-ാം സങ്കീര്‍ത്തനം. 176 വാക്യങ്ങള്‍ ഉള്ള ഈ സങ്കീര്‍ത്തനം എട്ടു വാക്യങ്ങള്‍ വീതമുള്ള 22 ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. സുറായാനി അക്ഷരമാലാക്രമത്തിലാണു അതു വിരചിതമായിരിക്കുന്നതു.ആലേഫ്, ബേത്ത് എന്നിവ വാക്കുകളാണെന്നു നമുക്കു തോന്നുമെങ്കിലും അവ സുറിയാനിഭാഷയിലെ അക്ഷരങ്ങളാണു.തര്‍ജ്ജുമയില്‍ പ്രകടമാക്കാന്‍ കഴിയാത്ത ഒരു സവിശേഷത ഈ സങ്കീര്‍ത്തനത്തിനു ഉണ്ടു. ഓരോ ഭാഗത്തിലേയും എട്ടു വാക്യങ്ങളും ആരംഭിക്കുന്നതു ആ അക്ഷരത്തിലാണു. അതുകൊണ്ടുതന്നെ ഈ സുദീര്‍ഘമായ സങ്കീര്‍ത്തനം സുറിയാനി ഭാഷയില്‍ ഹൃദിസ്ഥമാക്കുക നിഷ്പ്രയാസമാണു. ഇത്രയും വലിയ ഒരു സങ്കീര്‍ത്തനം ആയതുകൊണ്ടു സുറിയനിയേതരഭാഷകളില്‍ അതു ഹൃദിസ്ഥമാക്കുക അല്പം പ്രയാസമാണു. മാത്രമല്ല, ഒറ്റ വായനയില്‍ അതു പൂര്‍ത്തിയാക്കുവാന്‍ പോലും പലരും തയ്യാറാകുകയുമില്ല. ഈ സങ്കീര്‍ത്തനം വായിക്...