വി.നോമ്പുകാലധ്യാനങ്ങൾ -28

28-നാലാം വെള്ളി. --------------- ഇന്നത്തെ പ്രധാന ചിന്തയ്ക്കു വിഷയമാക്കുന്നതു സന്ധ്യയുടെ ഏവൻഗേലിയോൻ ഭാഗമായ വി.ലൂക്കോഃ16;19-31 ആണു.കർത്താവു പറഞ്ഞ ഒരു ഉപമയാണു അവിടുത്തെ പ്രതിപാദ്യം.ധനവാന്റേയും ലാസറിന്റേയുംഉപമ.ഏവർക്കും സുപരിചിതമായ ഒരു ഉപമ.ഇതിൽനിന്നു വി.നോമ്പിന്റെ ചില പാഠങ്ങൾ നമുക്കു പഠിക്കുവാനുണ്ടു.എന്നാൽ അതിലുപരി ഈ ലോക ജീവിതത്തെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചുമുള്ള ചില ഗൗരവമേറിയ കാര്യങ്ങളാണു ഈ ഉപമ കൊണ്ടു ഉദ്ദേശിച്ചിരിക്കുന്നതു.അതുകൊണ്ടു ഈ ഉപമ ഉദീരണം ചെയ്യുന്ന എല്ലാ ചിന്തകളും നമ്മുടെ ധ്യനവിഷയമാക്കേണ്ടതുണ്ടു.
                                                        കർത്താവിന്റെ ഉപമകളെക്കുറിച്ചു ചിന്തിക്കുമ്പോൾ ആദ്യമേ നാം അറിഞ്ഞിരിക്കേണ്ട ചില വസ്തുതകളുണ്ടു.അതു ഗ്രഹിച്ചെങ്കിൽ മാത്രമേ ആ ഉപമകൾ പൂർണ്ണമായി മനസ്സിലാകുകയുള്ളു.ആ ഉപമ പറഞ്ഞ സന്ദർഭം ആദ്യം മനസ്സിലാക്കണം.എങ്കിൽ മാത്രമേ അതു എന്തിനു വേണ്ടി പറഞ്ഞുവെന്നു ഗ്രഹിക്കാൻ കഴിയു.സാധാരണ സുഗ്രാഹ്യമല്ലാത്ത ഒന്നിനെ മനസ്സിലാക്കിത്തരുവാനായി അതിനോടു സാമ്യമുള്ള സുപരിചിതമായ ഒന്നിനോടു സാദൃശ്യപ്പെടുത്തുന്നു.എന്നാൽ അതിനോടു ചേർന്നു പല ആശയങ്ങളും അതു നമുക്കു പകർന്നു തരികയും ചെയ്യുന്നു.ഏതു കാര്യത്തിനായി ആ ഉപമ പറഞ്ഞുവോ അതല്ലാതെ മറ്റൊന്നും ആ ഉപമയിലൂടെ വ്യക്തമാക്കുന്നില്ലായെന്നു പറഞ്ഞു ,അതിനോടു ചേർന്നു വരുന്ന ആശയങ്ങളെ തള്ളിക്കളയാൻ കഴിയുകയില്ല എന്നു സാരം.കാരണം കർത്താവിന്റെ ഉപമകളൊന്നും ഭാവനാജന്യങ്ങളല്ല.സാധാരണ ജീവിതത്തിൽ കാണുകയും കേൾക്കുകയും ചെയ്യുന്നവ തന്നെയാണു .
                                       ഈ ഉപമയുടെ സന്ദർഭം ശ്രദ്ധിക്കേണ്ടതാണു.16-ാംഅദ്ധ്യായത്തിന്റെ ആരംഭത്തിൽ അനീതിയുള്ള കാര്യവിചാരകന്റെ ഉപമ കർത്താവു പറയുന്നു.ആ ഉപമകൊണ്ടു വ്യക്തമാക്കാൻ ഉദ്ദേശിച്ച കാര്യങ്ങൾ അതിന്റെ അവസാനം പറയുന്നു.അനീതിയുള്ള മാമോനെക്കൊണ്ടു സ്നേഹിതരെ ഉണ്ടാക്കിക്കൊൾവീൻ.അനീതിയുള്ള മാമോനിൽ വിശ്വസ്തരായില്ലായെങ്കിൽ സത്യമായതു നിങ്ങളെ ആർ ഭരമേല്പിക്കും.രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കും കഴിയുകയില്ല.ദൈവത്തേയും മാമോനേയും സേവിപ്പാൻ കഴിയുകയില്ല.എന്നിങ്ങനെ സമ്പത്തിനെക്കുറിച്ചും ദ്രവ്യാഗ്രഹത്തെക്കുറിച്ചും കർത്താവു പറയുന്നു.ദ്രവ്യാഗ്രഹികളായ പരീശന്മാർ ഇതു കേട്ടിട്ടു യേശുവിനെ പരിഹസിച്ചു.അപ്പോൾ കർത്താവു വീണ്ടും 'മനുഷ്യരുടെ ഇടയിൽ ഉത്തമമായതു ദൈവത്തിന്റെ മുൻപിൽ അറെപ്പാകുന്നു എന്നു പറഞ്ഞിട്ടു ഈ ഉപമ പറയുന്നു.മനുഷ്യൻ ശ്രേഷ്ഠമെന്നു കരുതുന്നതു ദൈവമുൻപാകെ നിന്ദ്യവും,മനുഷ്യൻ നിന്ദ്യമെന്നു ചിന്തിച്ചു തള്ളിക്കളയുന്നതു പലതും ദൈവസന്നിധിയിൽ വിലമതിക്കുന്നതാകും എന്നാണു ഇവിടെ സമർത്ഥിക്കുന്നതു.ഈ ഉപമയിലൂടെ അതിനായി നിത്യപരിചിതരായ രണ്ടു കഥാപാത്രങ്ങളെ കർത്താവു ചൂണ്ടിക്കാണിക്കുന്നു.ഒരാൾ ധനവാനും മറ്റെയാൾ ദരിദ്രനും.രണ്ടു പേരുടേയും ഈ ലോകജീവിതവും മരണാനന്തരജീവിതവും ചുരുങ്ങിയ വാക്കുകളിൽ വരച്ചു കാണിച്ചിരിക്കുന്നു.സംക്ഷിപ്തമായ ആ വിവരണത്തിൽനിന്നു കുറേക്കാര്യങ്ങൾ നമുക്കു വായിച്ചെടുക്കുവാൻ കഴിയുന്നുണ്ടു
                                                     . ധനവാനായ മനുഷ്യനിൽ നിന്നു തന്നെ നമ്മുടെ ചിന്തകൾ ആരംഭിക്കാം.അയാളുടെ ലൗകിക ജീവിതത്തെക്കുറിച്ചു ഒറ്റ വാചകത്തിൽ പറഞ്ഞു നിർത്തിയിരിക്കുന്നു.'ധനവാനായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു.അവൻ ധൂമ്രവസ്ത്രവും പട്ടും ധരിച്ചു ആഡംബരത്തോടെ സുഖിച്ചു കൊണ്ടിരുന്നു.'അയാൾ സമ്പന്നനായിരുന്നതിനാൽ സുഖലോലുപതയിലാണു ജീവിച്ചിരുന്നതു.ധൂമ്രവസ്ത്രവും പട്ടും ധരിച്ചിരുന്നുവെന്നു പറയുമ്പോൾ,പുരോഹിതന്മാർ ധരിക്കുന്നതു പോലെ വില കൂടിയ വസ്ത്രങ്ങളായിരുന്നു എന്നു വ്യക്തമാകുന്നു.ദിനംപ്രതി ആഡംബരത്തോടെ സുഖിച്ചുകൊണ്ടിരുന്നു എന്നതിന്റെ അർത്ഥം കുറേക്കൂടെ വ്യക്തമാകുന്നതു അതിന്റെ ഇംഗ്ളീഷു പരിഭാഷയിലാണു.and who feasted in luxuary everyday.സുഖിച്ചുകൊണ്ടിരുന്നു എന്നു മലയാളത്തിൽ പറഞ്ഞിരിക്കുന്നതിനു അവിടെ ഉപയോഗിച്ചിരിക്കുന്നതു feasted എന്ന വാക്കാണു.Feast എന്ന വാക്കിനു മലയാളത്തിൽ സദ്യ,വിരുന്നു,ഉത്സവം,ആഘോഷം,ആനന്ദം എന്നിങ്ങനെ ആണു അർത്ഥം.Feasted എന്ന വാക്കിൽ ഈ അർത്ഥമെല്ലാം ചേർന്നു കിടക്കുന്നു.അയാളുടെ ആഡംബരത്തിന്റേയും സുഖലോലുപതയുടേയും വ്യക്തമായ ഒരു ചിത്രം ആ വാക്കു പകർന്നു തരുന്നു.നമ്മുടെ കർത്താവിന്റെ കണ്ണുകളിൽ,കുടുതൽ വാക്കുകൾ ഉപയോഗിക്കുവാൻ തക്കവണ്ണം വിലയുള്ളതായിരുന്നില്ല അയാളുടെ ജീവിതമെന്നു ചിന്തിക്കുന്നതിൽ തെറ്റില്ല.
                                                        അയാളുടെ ജീവിതത്തിൻറെ ഒന്നാം ഭാഗം മാത്രമായിരുന്നു അതു.അയാൾ മരിച്ചു,അടക്കി.അവിടെ അയാളുടെ ജീവിതത്തിൻറെ രണ്ടാം ഭാഗം ആരംഭിക്കുന്നു.ആദ്യഭാഗത്തിൽ നിന്നു വളരെ വ്യത്യസ്തമായ ഒരു ജീവിതം.മരണശേഷം അയാൾ പോയതു പാതാളത്തിലേക്കാണു.അവിടെ അയാൾ യാതന അനുഭവിക്കുന്നു.അയാളുടെ ലൗകിക ജീവിതവുമായി ഒരുവിധത്തിലും പൊരുത്തപ്പെടാത്ത ഒരു ജീവിതം.അയാളുടെ ജീവിതത്തിൻറെ രണ്ടാം ഭാഗം എന്തുകൊണ്ടു ഇങ്ങനെയായി? നരകയാതന അനുഭവിക്കുവാൻ തക്കവണ്ണം എന്തു ദുഷ്കൃത്യമാണു അയാൾ ചെയ്തതു എന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നു.ഒറ്റ വാചകത്തിൽ ചിത്രീകരിച്ചിരിക്കുന്ന അയാളുടെ ലൗകിക ജീവിതത്തിൽ ഈ നരകയാതന അനുഭവിക്കുവാൻ തക്കവണ്ണം ഗൗരവമായ പാപമൊന്നും ചെയ്തതായി പ്രഥമദൃഷ്ട്യാ നമുക്കു കാണാൻ കഴിയുന്നില്ലായെന്നതു സത്യമാണു.ഇതു മറ്റൊരു വലിയ സത്യത്തിലേക്കു വിരൽ ചൂണ്ടുന്നു.ചെയ്യരുതാത്തതു ഒന്നും ചെയ്തില്ലായെന്നതു കൊണ്ടു മാത്രം ദൈവരാജ്യ പ്രവേശനം സാദ്ധ്യമാകയില്ല.ചെയ്യേണ്ടതു ചെയ്യാതിരിക്കുന്നതും ശിക്ഷാർഹമായതു തന്നെയാണു.തിന്മ ചെയ്യാതിരിക്കുന്നതോടൊപ്പം നന്മ ചെയ്യുക കൂടി ആവശ്യമാണു.നാം സാധാരണ പറയുന്നതു പോലെ ഇയാളും ആർക്കും നന്മ ചെയ്തില്ലെങ്കിലും തിന്മ ഒന്നും ചെയ്തിട്ടില്ലായെന്നു സമാധാനിച്ചിരുന്നവനായിരിക്കണം.നന്മ ചെയ്യാതിരിക്കുന്നതും കല്പന ലംഘനം തന്നെയാണു.ന്യായപ്രമാണം അരുതുകൾ മാത്രമുള്ളതല്ല,ചെയ്യണമെന്നും കൂടെ നിഷ്കർഷിക്കുന്നുണ്ടല്ലോ
                                 . നരകയാതനയിലേക്കു ഇയാളെ തള്ളിവിടുവാൻ തക്കവണ്ണം അയാളുടെ ജീവിതത്തിൽ എന്തു കുറവാണു നമുക്കു ദർശിക്കുവാൻ കഴിയുന്നതു?അയാൾ ഈ ലോകജീവിതത്തെക്കുറിച്ചല്ലാതെ മരണാനന്തരജീവിതത്തെക്കുറിച്ചു ചിന്തിച്ചിട്ടുപോലുമില്ല എന്നു ഊഹിക്കാവുന്നതാണു.ഈ ലോകത്തിലെ സുഖവും സന്തോഷവും ആഡംബരതയും സുഖലോലുപതയും മാത്രമായിരുന്നു അയാളുടെ മുൻപിൽ ഉണ്ടായിരുന്നതു.മരണാനന്തര ജീവിതത്തിനുള്ള ഒരുക്ക കാലമാണു ഈ ലോകജീവിതമെന്ന സത്യം അയാൾ കാര്യമായെടുത്തിരുന്നില്ല.അതിനാൽ ഈ ലോക സമ്പാദ്യങ്ങൾകൊണ്ടു അങ്ങേലോകത്തിൽ പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയും ഇരിക്കുന്ന സമ്പാദ്യം സ്വരൂപിക്കുവാൻ അയാൾക്കു കഴിഞ്ഞില്ല.കർത്താവു പറഞ്ഞ ഭോഷനായ മനുഷ്യനെ പോലെ തിന്നുക കുടിക്കുക ആനന്ദിക്കുക എന്നതായിരുന്നു അയാളുടെയും ജീവിതലക്ഷ്യം.അതിനാൽ സ്വർഗ്ഗം അയാൾക്കു നഷ്ടമായി. ഈ ചിന്താഗതി അയാളെ മറ്റൊരു തെറ്റിലേക്കു വഴിനടത്തി.അയാൾ ആഡംബര ജീവിതം നയിച്ചു എന്നതാണു ആ തെറ്റു.ആഡംബരം ഒരു വലിയ തെറ്റായി പലരും കരുതാറില്ല എന്നതാണു സത്യം.ആഡംബരം അന്യനു ഉപദ്യവകരമല്ലായെന്നാണു പൊതുവായ ധാരണ.ഒരു പരിധിവരെ അതു ശരിയാണെന്നു തോന്നാം.ലൗകിക ജീവിതത്തിനു അമിതമായ പ്രാധാന്യം കല്പിക്കുന്നുവെന്നതാണു അതുമൂലം ഉണ്ടാകുന്ന ഒരു കുറവു.വിശിഷ്ടഭോജ്യങ്ങളും ആഡംബരപൂർവ്വമായ സുഖസൗകര്യങ്ങളും അനുഭവിക്കുമ്പോൾ തൊട്ടടുത്തു ജീവിക്കുന്ന ലാസറിനെപ്പോലെ ദുരിതമനുഭവിക്കുന്നവരെ ഗൗനിക്കുന്നില്ലായെന്നു മാത്രമല്ല,അവരുടെ ദാരുണമായ ജീവിതത്തിൽ അല്പം മനസ്സലിവുപോലും കാണിക്കുവാൻ തയ്യാറാകുന്നില്ലായെന്നതു മറ്റൊരു വസ്തുതയുമാണു.എല്ലാവർക്കും അനുഭവിക്കുവാനുള്ള ഈ പ്രകൃതിയിലെ വിഭവങ്ങൾ ചിലർ മാത്രം കൈവശം വച്ചു അനുഭവിക്കുന്നുവെന്നതു അനീതിതന്നെയാണു.എന്റേതു എനിക്കു മാത്രം,ഞാൻ ആർക്കും ഉപദ്രവം ഉണ്ടാക്കാതെ എന്റെ കാര്യം മാത്രം നോക്കി സ്വസ്തമായി ജീവിക്കുന്നുവെന്നു സ്വയം സമാധാനിച്ചുവെന്നു വരാം.ഈ സ്വർത്ഥത ആഡംബരജീവിതത്തിന്റെ ഫലമാണു. ആഡംബരജീവിതം പലപ്പോഴും നമ്മെ സഹജീവികളിൽ നിന്നു അകറ്റുവാൻ ഇടയാക്കുന്നതു പോലെ തന്നെ ദൈവത്തിൽനിന്നും അന്യമാക്കുന്നു.വി.നോമ്പു ആഡംബര ജീവിതത്തെ പരിത്യജിക്കുവാൻ നമ്മെ സഹായിക്കുന്നു.വിശിഷ്ട ഭോജ്യങ്ങളോടൊപ്പം ലൗകിക സുഖങ്ങളും നോമ്പിൽ നാം ഉപേക്ഷിക്കുന്നു.എന്നാൽ നോമ്പിന്റെ ഈ വലിയ ലക്ഷ്യം തിരിച്ചറിയാതെ നോമ്പു നോക്കുന്നതിനാൽ നോമ്പു കഴിയുമ്പോൾ തന്നെ നാം ആഡംബരത്തിലേക്കു തിരികെ പോകുന്നു.
                                            ഇന്നു സമൂഹത്തിൽ ആഡംബരത്തിന്റെ ഒരു വേലിയേറ്റമാണു നാം കാണുന്നതു.എല്ലാം ആഘോഷമാക്കി മാറ്റിയിരിക്കുന്നു.ആഘോഷമെല്ലാം ദൂർത്തടിയായി പരിണമിക്കുകയും ചെയ്യുന്നു.ഇന്നു എന്താണു ആഘോഷമല്ലാത്തതു!പെരുന്നാൾ ആഘോഷമാണു.ഉത്സവം ആഘോഷമാണു.ജന്മദിനം ആഘോഷമാണു.സപ്തതി ആഘോഷമാണു.വിവാഹം ആഘോഷമാണു.എന്തിനു! ഇന്നു മരണം പോലും ആഘോഷമാണു.ഈയടുത്തകാലത്തു പത്രത്തിൽ വന്ന ഒരു ചരമ വാർത്ത എന്നെ അത്ഭുതപ്പെടുത്തി.മരിച്ചയാളിന്റെ ചിത്രത്തിനു താഴെ ഭാര്യയുടേയും മക്കളുടേയും മരുമക്കളുടേയും കൊച്ചുമക്കളുടേയും വിവരങ്ങൾ നൽകിയിട്ടു ശവസംസ്കാര ദിവസവും സമയവും സ്ഥലവും പ്രധാനകാർമ്മികനായ തിരുമേനിയുടെ പേരും നൽകിയതിനു ശേഷം അടിയിൽ ഒരു അടിക്കുറിപ്പും,ശവസംസ്കാര ശുശ്രൂഷ ഇന്ന വെബ്സൈറ്റിൽ തത്സമയം കാണാവുന്നതാണു.നാം എവിടെവരെ എത്തിയിരിക്കുന്നു.ദിവസങ്ങൾ കഴിഞ്ഞപ്പോൾ മലയാളമനോരമയിൽ വന്ന ഒരു ചെറു ലേഖനം ഈ വിഷത്തിൽ എന്റെ അജ്ഞത വിളിച്ചോതുന്നതായിരുന്നു.'ആടുജീവിതം എന്ന ഒറ്റ നോവലിലൂടെ ലോകപ്രശസ്തി നേടിയ പ്രശസ്ത നോവലിസ്റ്റു എഴുതിയ'നമ്മുടെ ആർഭാട(ശവ)സംസ്കാരം എന്ന ലേഖനമായിരുന്നു അതു.അദ്ദേഹം സംബന്ധിച്ച ആർഭാട ശവസംസ്കാരത്തിന്റെ വിവരണം വായിച്ചു ഞാൻ അന്തംവിട്ടു ഇരുന്നു പോയി.ഇങ്ങനെയും ശവസംസ്കാരമോ! ഇതു വായിച്ചു കഴിഞ്ഞപ്പോൾ,അമ്മച്ചിയുടെ ശവസംസ്കാരം ഇത്രമാത്രം ആഡംബരപൂർവ്വമാക്കിയതിനെ വിമർശിക്കുന്നവരോടു ആ മക്കൾ പ്രതികരിക്കുന്നതു ഞാൻ ഭാവനയിൽ കണ്ടു കുറിച്ചിടുകയുണ്ടായി.പ്രസിദ്ധീകരിക്കുവാൻ ഉദ്ദേശിച്ചായിരുന്നില്ലായെങ്കിലും അതു ഇവിടെ കുറിക്കുന്നതു അനുചിതമല്ലായെന്നു കരുതുന്നു.അവർ പറയുന്നു.ഞങ്ങളുടെ അമ്മച്ചിയുടെ ശവസംസ്കാരംഇത്രമാത്രം ആഡംബരമാക്കിയതിനു വ്യക്തമായ കാരണങ്ങൾ ഉണ്ടു.സാധാരണ മരണവീട്ടിൽ വന്നു പസംഗിക്കുന്ന അച്ചന്മാരും ഉപദേശിമാരും ഒരുപോലെ പറഞ്ഞു ദുഖാർത്തരായ കുടുംബാംഗങ്ങളെ സമാശ്വസിപ്പിക്കുന്ന ഒരു വലിയസത്യമുണ്ടു.മരണംകൊണ്ടു ഈ ജീവിതം അവസാനിക്കുന്നില്ല.മരണം ഒരു പ്രമോഷനാണു.അനന്തമായ നിത്യസന്തോഷത്തിലേക്കുള്ള പ്രവേശനമാണു.ഇവിടെ ഒരു ക്രിസ്ത്യനി കരയരുതു.ആശ്വസിക്കണം,സന്തോഷിക്കണം.അതു ഞങ്ങൾ പൂർണ്ണമായി ഉൾക്കൊണ്ടുകൊണ്ടു സന്തോഷിക്കുകയും ഞങ്ങളുടെ സന്തോഷം ആവുംവിധം പങ്കിടുകയും ചെയ്യുന്നതിൽ അവിശ്വാസികളായ നിങ്ങൾ എന്തിനു കുണ്ഠിതപ്പെടണം.പരിഭവിക്കണം.അസൂയപ്പെടണം.വിമർശിക്കണം.ഞങ്ങളുടെ അമ്മച്ചി സ്വർഗ്ഗത്തിലേക്കു പോയിരിക്കുന്നു.സംശയമില്ല.കാരണം ഞങ്ങളുടെ അമ്മച്ചിയെ സ്വർഗ്ഗരാജ്യാവകാശിയാക്കണമെന്നതു ഞങ്ങളുടെ അടങ്ങാത്ത മോഹമായിരുന്നു.സ്വഗ്ഗരാജ്യം ആർക്കാണു ലഭിക്കുക?ധനവാനോ ലാസറിനോ?ലാസറിനെ അബ്രഹാമിന്റെ മടിയിൽ ഇരിക്കുവാൻ യോഗ്യനാക്കിയതു ധനവാന്റെ വീട്ടുവിതിൽക്കൽ കിടന്നു കഷ്ടത അനുഭവിച്ചതുകൊണ്ടാണെന്നു ഞങ്ങൾക്കു അറിയാം.ഞങ്ങളുടെ അമ്മച്ചിയെ വൃദ്ധസദനത്തിലാക്കിയതു അമ്മച്ചിയോടു സ്നേഹമില്ലാഞ്ഞിട്ടല്ല,സ്നേഹാതിരേകം കൊണ്ടാണു.കഷ്ടതയിലൂടെ സ്വർഗ്ഗരാജ്യാവകാശിയാകണമെന്ന അടങ്ങാത്ത മോഹം കൊണ്ടു മാത്രമാണു.ഇതു നിങ്ങൾക്കു മനസ്സിലാവുകയില്ല.ഇനിയും അമ്മച്ചിക്കു വേണ്ടി ചെയ്യാവുന്നതു ഇത്രമാത്രമാണു.അമ്മച്ചിയുടെ പ്രാർത്ഥനയുടേയും കണ്ണുനീരിന്റേയും ഫലമാണു ഞങ്ങളുടെ ഈ സൗഭാഗ്യങ്ങളെല്ലാം.ഈ സൗഭാഗ്യങ്ങൾ അമ്മച്ചിക്കു വേണ്ടി ഇങ്ങനെ ചെലവിട്ടു അമ്മച്ചിയോടുള്ള ഞങ്ങളുടെ അടങ്ങാത്ത സ്നേഹവും കടപ്പാടും ഞങ്ങൾ പ്രകടമാക്കുന്നു.കർത്താവിന്റെ പാദത്തിൽ തൈലം പൂശിയതു വലിയ ധൂർത്തായിപ്പോയിയെന്നു വിമർശിച്ച യൂദായുടെ പക്ഷക്കാരല്ലേ നിങ്ങൾ.നിങ്ങൾ ഇങ്ങനെ പറയുകയുള്ളു. എന്നാൽഒരു കാര്യംഓർക്കുക ഈ ഉപമയിൽ ധനവാൻറെ ശവസംസ്കാരവും ആഡംബര പൂർവ്വമായിരുന്നിരിക്കണം നടന്നതു.സഭാനേതൃനിരയോടൊപ്പം സാമൂഹ്യസാമുദായിക മേഖലകളിലെ സമുന്നതരും,അദ്ദേഹത്തെ വാതോരാതെ പ്രകീർത്തിച്ചും പുകഴ്ത്തിയും സ്വർഗ്ഗത്തോളം ഉയർത്തിയിരിക്കും.എന്നാളും ഓർക്കത്തക്കവണ്ണം അയാളുടെ കല്ലറയും കൊട്ടാരസദൃശം പണിതു കാണും.എന്നാൽ ഇതൊന്നും അങ്ങേലോകത്തു വിലമതിക്കുന്നതായി ഭവിച്ചില്ല.
                                                      ഇയാൾ മറ്റു ധനവാന്മാരിൽ നിന്നു വ്യത്യസ്തനായിരുന്നുവെന്നാണു ചില വേദപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നതു.ലാസർ എന്നു പേരുള്ളോരു ദരിദ്രൻ വ്രണംനിറഞ്ഞവനായി അയാളുടെ പടിവാതിൽക്കൽ കിടന്നിരുന്നു.അയാളെ അവിടെ കിടക്കാൻ അനുവദിച്ചതും മേശയിൽനിന്നു വീഴുന്നതു തിന്നാൻ സമ്മതിച്ചതും അയാളുടെ ഔദാര്യമാണത്രേ.ശരിയാണു.മാന്യന്മാർ തന്‌റെ ഭവനത്തിലേക്കു വരുമ്പോൾ വ്രണം പിടിച്ചു നാറുന്ന ഒരുവൻ തന്റെ പടിപ്പുരവാതിലിൽ കിടക്കുന്നതു നാണംകേടായി മാത്രമേ സാധാരണ മനുഷ്യൻ കാണുകയുള്ളു.നാമായിരുന്നുവെങ്കിൽ എങ്ങനെയെങ്കിലും അയാളെ അവിടെ നിന്നും ഓടിക്കുമായിരുന്നു.എന്നാൽ ഈ മനുഷ്യൻ കാണിച്ചതുപോലെയുള്ള ഔദാര്യമല്ല ദൈവം നമ്മിൽനിന്നു പ്രതീക്ഷിക്കുന്നതു.ദരിദ്രനും രോഗിയുമായവനെ കരുതുവാനും പരിരക്ഷിക്കുവാനും സ്നേഹിക്കുവാനും അവനു വേണ്ടി സമ്പത്തു വ്യയം ചെയ്യുവാനുമുള്ള മനസ്സാണു ദൈവം നമ്മിൽനിന്നു പ്രതീക്ഷിക്കുന്നതു..ന്യായപ്രമാണത്തിലും ഈ സത്യം പറഞ്ഞിരിക്കുന്നതായി ഇന്നത്തെ പഴമവായനയായ ലേവ്യഃ19;9-18ൽ കാണാം.'നിന്റെ നിലത്തിലെ വിള നിങ്ങൾ കൊയ്യുമ്പോൾ വയലിന്റെ അരികുചേർത്തു കൊയ്യരുതു.നിന്റെ കൊയ്ത്തിൽ കാലാപെറുക്കരുതു.മുന്തിരിത്തോട്ടത്തിൽ പൊഴിഞ്ഞുകിടക്കുന്ന പഴം പെറുക്കരുതു.അവയെ ദരിദ്രനും പരദേശിക്കും വിട്ടേക്കണം.' എന്നു തുടങ്ങി 'കൂട്ടുകാരനെ നിന്നെപ്പോലെ സ്നേഹിക്കേണം എന്നു വരെയുള്ള ന്യായപ്രമാണം ദരിദ്രരെ കരുതുവാൻ ഉപദേശിക്കുന്നവയാണല്ലോ.നമ്മുടെ കർത്താവിങ്കലേക്കു എത്തിച്ചേരുമ്പോൾ അതു 'ഈ ചെറിയവരിൽ ഒരുത്തനെ തുച്ഛീകരിക്കരുതു.'(വി.മത്താഃ18;10)'ഈ ചെറിയവരിൽ ഒരുത്തനു ചെയ്തതു എനിക്കാകുന്നു ചെയ്തതു.'എന്നിങ്ങനെ ദരിദ്രരോടും വേദനിക്കുന്നവരോടുമുള്ള മനോഭാവം വളർന്നു വരുന്നതായിട്ടാണു നാം കാണുന്നതു.തന്റെ പടിപ്പുരയ്ക്കൽ കിടന്ന ദരിദ്രന്റെ ദാരുണാവസ്ഥയെ അവഗണിക്കുകയും തനിക്കുള്ളതെല്ലാം തന്റേതു മാത്രമാണെന്നു ചിന്തിച്ചു ആഡംബരപൂർവ്വം ധൂർത്തടിച്ചു ജീവിക്കുകയും മരണാനന്തര ജീവിതത്തെക്കുറിച്ചു ഒരു ചിന്തയുമില്ലാതെ ജീവിച്ചതുമാണു ഈ ധനവാനിൽ കാണാൻ കഴിയുന്ന കുറവുകൾ.ഇതിൽ നിന്നും ഒരു മാറ്റം വി.നോമ്പിലൂടെ നാം ആർജ്ജിക്കേണ്ടതാണു
                                             . ധനവാന്റെ പടിപ്പുരയ്ക്കൽ കിടന്ന ദരിദ്രനെക്കുറിച്ചും വലിയ വിവരണങ്ങൾ ഒന്നുമില്ല.അവന്റെ ശരീരം വ്രണം നിറഞ്ഞതായിരുന്നവെന്നും ധനവാന്റെ പടിവാതിൽക്കലാണു അവൻ കിടന്നിരുന്നതെന്നും അവന്റെ വ്രണങ്ങൾ നായ്ക്കൾ നക്കിയിരുന്നു   എന്നുമുള്ള   വിവരണത്തിലൂടെ അയാളുടെ ദാരുണമായ അവസ്ഥ ഭംഗിയായി,ഹൃദയസ്പൃക്കായി വെളിപ്പെടുത്തിയിരിക്കുന്നു.ഈ ദരിദ്രന്റെ കാര്യത്തിൽ ഒരുകാര്യം പ്രത്യേകം ശ്രദ്ധാർഹമായിട്ടുണ്ടു.മറ്റൊരു ഉപമയിലും കാണാത്ത ഒരു സവിശേഷതയിണതു.ഈ ദരിദ്രന്റെ പേരു എടുത്തു പറഞ്ഞിരിക്കുന്നു.ലാസർ എന്നതു ഏലയാസർ എന്നതിന്റെ ലാറ്റിൻ പദമാണു.'ദൈവം എന്റെ സഹായം 'എന്നാണു അതിന്റെ അർത്ഥം.അതു അവന്റെ മറ്റൊരു പത്യേകതയാണു സൂചിപ്പിക്കുന്നതു.ദൈവം മാത്രം സഹായമായിട്ടുള്ളവൻ,ദൈവത്തിൽ മാത്രം ആശ്രയമുള്ളവൻ എന്ന അർത്ഥത്തിലായിരിക്കാം ആ പേരു ഉപയോഗിച്ചതു.അവനും മരിച്ചു.അവനെ അടക്കിയതായി പറയുന്നില്ല.അവൻ ജീവിച്ചിരുന്നതു ആരും ശ്രദ്ധിച്ചിരുന്നില്ല.മരിച്ചതും ആരും അറിഞ്ഞില്ല.നല്ല ഒരു ശവസംസകാരംപോലും അവനു ലഭിച്ചില്ല.നല്ല ഒരുശവസംസ്കാരം ലഭിച്ചില്ലായെങ്കിൽ പുനരുത്ഥാനം ഉണ്ടാകയില്ല എന്ന യഹൂദ സങ്കല്പമാണു ഇവിടെ ചോദ്യം ചെയ്യപ്പെടുന്നതു.എന്നാൽ മാലാഖമാർ അവനെ അബ്രഹാമിന്റെ മടിയിലേക്കു കൊണ്ടുപോയി.അബ്രഹാം വിശ്വാസികളുടെ പിതാവാണല്ലോ.അബ്രഹാമിന്റെ മടി എന്നതു കൊണ്ടു വിശ്വാസികൾക്കു മരണാനന്തരം ലഭിക്കുന്ന ഭാഗ്യാതിരേകമാണു സൂചിതമാകുന്നതു.അതാണു പറുദീസയുടെ അനുഭവം. വലത്തുഭാഗത്തെ കള്ളനോടും കർത്താവു പറഞ്ഞതു 'ഇന്നു നീ എന്നോടുകൂടെ പറുദീസയിലരിക്കും.' എന്നായിരുന്നുവല്ലോ.വി.മത്താഃ8;11,12കർത്താവു പറയുന്നു.'കിഴക്കു നിന്നും പടിഞ്ഞാറു നിന്നും അനേകർ വന്നു അബ്രഹാമിനോടും യിസഹാക്കിനോടും യാക്കോബിനോടും കൂടെ സ്വർഗ്ഗരാജ്യത്തിൽ പന്തിക്കിരിക്കും.രാജ്യത്തിന്റെ പുത്രന്മാരേയോ പുറത്തെ അന്ധകാരത്തിലേക്കു തള്ളിക്കളയും ?
                                        .'അബ്രഹാമിന്റെ മടിയിൽ ഇരിക്കുവാൻ തക്ക എന്തു യോഗ്യതയാണു ലാസറിനുള്ളതു?ഈ വിവരണത്തിൽ അതിനുള്ള വ്യക്തമായ സൂചനകളൊന്നും നമുക്കു ലഭിക്കുന്നില്ല.അവൻ ദരിദ്രനും രോഗിയും കഷ്ടത അനുഭവിക്കുന്നവനുമായിരുന്നു എന്നതു മാത്രമാണു അവന്റെ പ്രത്യേകതയായി അവിടെ പറഞ്ഞിരിക്കുന്നതു.ഇതെല്ലാം സ്വർഗ്ഗരാജ്യാവകാശിയാകാനുള്ള യോഗ്യതയായി പറയുവാൻ കഴിയുമോ?അങ്ങനെയെങ്കിൽ ദരിദ്രർക്കും രോഗികൾക്കും കഷടത അനുഭവിക്കുന്നവർക്കും മാത്രമുള്ളതാണു സ്വർഗ്ഗരാജ്യം എന്നു പറയേണ്ടതായി വരും.അപ്പോൾ അബ്രഹാമും യിസഹാക്കും യാക്കോബുമൊക്കെ അവിടെ എങ്ങനെ എത്തിയെന്നതിനു ഉത്തരം കണ്ടെത്തേതാണു.സമ്പന്നർ സ്വർഗ്ഗരാജ്യാവകാശികളാകയില്ല എന്നു കർത്താവു പറഞ്ഞിട്ടില്ല.ധനവാൻ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നതു പ്രയാസമാണെന്നു മാത്രമാണു കർത്താവു പറഞ്ഞതു.അനീതിയുള്ള മാമോനെ കൊണ്ടു സ്നേഹിതരെ ഉണ്ടാക്കിക്കൊള്ളണമെന്നും കർത്താവു പറഞ്ഞിട്ടുണ്ടു.
                                             പിന്നെയെന്താണു ലാസറിന്റെ യോഗ്യത?ഒന്നു നമുക്കു ഊഹിക്കുവാൻ കഴിയും.തന്റെ അതിദാരുണമായ അവസ്ഥ അവൻ പിറുപിറുപ്പില്ലാതെ സ്വീകരിച്ചു.കിട്ടിയതുകൊണ്ടു അവൻ തൃപ്തനായി.കൂടുതലൊന്നും മോഹിച്ചില്ല.ധനവാന്റെ മേശയിൽ നിന്നു വീഴുന്ന അപ്പക്കഷണത്തിൽ കൂടുതൽ അവൻ ആഗ്രഹിച്ചില്ല.സഹിഷ്ണുതയും സഹനവും മോഹമില്ലായ്മയും സംതൃപ്തിയുമാണു അവന്റെ യോഗ്യതയെന്നു ചിന്തിക്കുന്നതിൽ തെറ്റില്ല.ധനവാനെ ശത്രുവായി കാണാനോ അവനെതിരായി ശബ്ദമുയർത്താനോ ശ്രമിച്ചില്ലെന്നു മാത്രമല്ല,ധനവാനോടു അവനു ഒട്ടുംഅസൂയയുമില്ലായിരുന്നു.പരിഭവവും പരാതിയുമില്ലാതെ അവൻ ജീവിച്ചു.ഈ അനുഭവങ്ങൾ അവനു ദൈവത്തോടു കൂടുതൽ അടുക്കുവാൻ അവസരം ഒരുക്കിക്കൊടുത്തു.ദൈവത്തോടും അവനു പരാതിയും പരിഭവവുമില്ലായിരുന്നു,അപേക്ഷകളുമില്ലായിരുന്നു.എല്ലാം ക്ഷമയോടെ അവൻ സഹിച്ചു.വി.നോമ്പും ഈ വിധ സഹിഷ്ണുതയും സഹനശക്തിയും വളർത്തിയെടുക്കുവാനുള്ളതാണല്ലോ
                                             . ഈ ഉപമ മറ്റൊരു സംഗതികൂടെ വെളിവാക്കുന്നു.മരണാനന്തര ജീവിതത്തെ കുറിച്ചുള്ള ഒരു ചിത്രം ഇതു നൽകുന്നു.അതാണു ഈ ഉപമയുടെ ഉദ്ദേശം എന്നു പറയാം.മരണാനന്തരം മനുഷ്യൻ രണ്ടിടത്തേക്കാണു പോകുന്നതു.അതാകട്ടെ ഈ ലോകത്തിൽ എങ്ങനെ ജീവിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണു നിർണ്ണയിക്കുന്നതു.ഒന്നു പാതാളം.അവിടേക്കാണല്ലോ ധനവാൻ പോയതു.രണ്ടു പറുദീസ,അബ്രഹാമിന്റെ മടി.രണ്ടും തമ്മിൽ അഗാധഗർത്തത്താൽ വേർ തിരിച്ചിരിക്കുന്നു.എങ്കിലും പരസ്പരം കാണാനും സംസാരിക്കുവാനും കഴിയും.എന്നാൽ മരണാനന്തര ജീവിതത്തിന്റെ ഒരു വലിയ സവിശേഷത ഈ ഉപമ വെളിവാക്കുന്നു.പലരും ധരിച്ചിരിക്കുന്നതു പോലെ മരണാനന്തരം സംസാരശേഷിയും കാഴ്ചശക്തിയും ഇല്ലാത്ത മൗനാവസ്ഥയിൽ അല്ലായെന്നൂ ഇതു നമ്മെ പഠിപ്പിക്കുന്നു.'മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും ആരും യഹോവയെ സ്തുതിക്കുന്നില്ല.'(സങ്കീഃ115;17)എന്ന സങ്കീർത്തവാക്യം അവർ തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യുന്നു.മരിച്ചവർ മൗനതയിലാണെന്നും അവർക്കു സംസാരിക്കുവാൻ കഴിയുകയില്ലെന്നും ഉള്ളതിനു ഈ വാക്യം അവർ തെളിവായി കാട്ടുന്നു.ആത്മാവിൽ മരിച്ചവർ മൗനതയിലാണെന്നും അല്ലാത്തവർ ദൈവത്തെ എന്നാളും സ്തുതിക്കുന്നവരാണെന്നും 'നാമോ ഇന്നുമുതൽ എന്നേക്കും ദൈവത്തെ സ്തുതിക്കും.'എന്ന അടുത്ത വാക്യം കൂടെ ചേർത്തു വായിക്കുമ്പോൾ വ്യക്തമാകും.എന്നാൽ അതു ഈ ഉപമയോടു ചേർത്തു ചിന്തിക്കുമ്പോൾ ഒരു സംശയം ഉണ്ടാകാം.മൗനതയിലിറങ്ങിയ ധനവാൻ ഇവിടെ സംസാരിക്കുന്നു.ഇവിടെ മൗനത എന്നതു കൊണ്ടു ഉദ്ദേശിക്കുന്നതു ദൈവത്തെ സ്തുതിക്കുവാൻ കഴിയാത്ത അവസ്ഥയാണു.മരണശേഷം എല്ലാവർക്കും സംസാരശേഷിയും കാഴ്ചശക്തിയും വർദ്ധിക്കുന്നു.ഈ ലോകത്തിൽ വച്ചു കാണാൻ കഴിയാത്തതു കാണുകയും കേൾക്കാൻ കഴിയാത്തതു കേൾക്കുകയും ചെയ്യുന്നു എന്നു ഇവിടെ നാം മനസ്സിലാക്കുന്നു.പാതാളത്തിൽ കിടക്കുന്ന ധനവാൻ അബ്രഹാമിന്റെ മടിയിൽ ഇരിക്കുന്ന ലാസറിനെ കാണുകയും സംസാരിക്കുകയും ചെയ്യുന്നു.അബ്രഹാമും ധനവനെ കണ്ടു സംസാരിക്കുന്നു.അതിലപ്പുറമായി പാതാളത്തിൽ ആയിരിക്കുന്ന ധനവാൻ ലോകത്തിൽ ആയിരിക്കുന്ന തന്റെ സഹോദരങ്ങളെ കുറിച്ചു ചിന്തിക്കുകയും അവർക്കു വേണ്ടി അപേക്ഷിക്കുകയും ചെയ്യുന്നു.വാങ്ങിപ്പോയവർ ജീവിച്ചിരിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കും എന്നതിനു ഇതു മതിയായ തെളിവാണു.
                                            ഇവിടെ ഒരു ചോദ്യത്തിനു  പ്രസക്തിയുണ്ടു.ധനവാന്റെ പ്രാർത്ഥനയ്ക്കു ഫലമുണ്ടായില്ലല്ലോ.ഉത്തരം ഒന്നുമാത്രമാണു,ദൈവത്തെ സ്തുതിക്കുന്നവരുടെ പ്രാർത്ഥനയ്ക്കു മാത്രമേ മറുപടി ലഭിക്കുകയുള്ളു.മരിച്ചു മൗനതയിൽ ഇറങ്ങി ദൈവത്തെ സ്തുതിക്കുവാൻ കഴിയാത്ത ധനവാന്റെ പ്രാർത്ഥന സ്വർഗ്ഗം കൈക്കൊണ്ടില്ല.ദൈവത്തിന്റെ മുഖം കണ്ടു ദൈവത്തെ നിരന്തരം സ്തുതിച്ചൂ കൊണ്ടിരിക്കുന്ന പരിശുദ്ധന്മാരുടെ മദ്ധ്യസ്ഥത ദൈവം തള്ളിക്കളയുകയില്ല. നാം വാങ്ങിപ്പോയ വിശ്വാസികൾക്കു വേണ്ടി പ്രാർത്ഥിക്കുമ്പോൾ അവരെ അബ്രഹാമിന്റേയും യിസഹാക്കിന്റേയും യാക്കോബിന്റേയും മടിയിൽ പാർപ്പിക്കണമേ എന്നു അപേക്ഷിക്കുന്നു.മരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കുന്നതു തെറ്റാണെന്നു പഠപ്പിക്കുന്നവർ ചോദിക്കുന്ന ഒരു ചോദ്യമുണ്ടു.മരിച്ചു കടന്നു ചെല്ലുന്ന വിശ്വാസികൾക്കു എല്ലാവർക്കും ഇരിക്കുവാൻ തക്കവണ്ണം അവരുടെ മടി അത്ര വിസ്തൃതമാണോ? അതു ആക്ഷരികമായി മാത്രം കാണുന്നവർ ഈ ചോദ്യം കർത്താവിനോടു തന്നെ ചോദിക്കട്ടെ.മരണാനന്തര ജീവിതമാണു ഓരോ വിശ്വാസിയുടേയും പരമമായ ലക്ഷ്യം.ഹ്രസ്വമായ ഈ ലോക ജീവിതം,ഇവിടെ ലഭിക്കുന്നതെല്ലാം സ്വാർത്ഥതയോടെ സ്വന്ത കാര്യത്തിനു മാത്രമുള്ളതല്ലെന്നും,അങ്ങേ ലോകത്തിൽ സമ്പാദ്യമുണ്ടാക്കുവാനും അതിനായി ഒരുങ്ങുവാനും ഉള്ളതാണെന്നും,ലഭിക്കുന്നതെല്ലാം,സുഖമാകട്ടെ ദുഃഖമാകട്ടെ എല്ലാം ദൈവം നൽകുന്നതാണെന്നു അറിഞ്ഞു പരാതിയും പരിഭവവുമില്ലാതെ ജീവിക്കണമെന്നും ഈ ഉപമ നമ്മെ ഉദ്ബോധിപ്പിക്കുന്നു.അതു സ്വായത്തമാക്കുവാൻ ഇന്നത്തെ സ്ളൂസോ പ്രമുയോനുകളിലെ അപേക്ഷകൾ ദൈവസന്നിധിയിൽ സമർപ്പിക്കാം.
                                              നീതിപൂർവ്വം വിധിക്കുകയും കൃപയോടെ സൗഖ്യം നൽകുകയും ചെയ്യുന്ന ന്യായാധിപനായ കർത്താവേ!നിന്റെ സന്നിധിയിൽ വന്ന ഞങ്ങളുടെ ഹൃദയങ്ങളെ കടാക്ഷിക്കേണമേ.തിരുസന്നിധിയിൽ ഞങ്ങളുടെ ആത്മാവിന്റെ കറകളെ പ്രത്യക്ഷമായും പരസ്യമായും കാണുന്ന നല്ലവൈദ്യാ!മനുഷ്യരുടെ രഹസ്യവും പരസ്യവുമായ എല്ലാ പ്രവൃത്തികളേയൂം നീ വിസ്തരിക്കുമ്പോൾ ഞങ്ങളെ നീ ശിക്ഷിക്കരുതേ.എന്തെന്നാൽ ഞങ്ങളുടെ മനസ്സാക്ഷിയുടെ തീരുമാനത്തിൽ ഞങ്ങൾ കുറ്റക്കാരാകുന്നു.ദൈവികസ്നാനത്തിനു ശേഷം പാപത്തിന്റെ കളങ്കത്തിൽ പുഴുപോലെ ഞങ്ങൾ മലിനമാകുകയും ഞങ്ങളുടെ ജീവിതകാലങ്ങൾ വഷളായി കടന്നു പോകുകയും ഞങ്ങൾ ചെയ്തുപോയ ദുഷ്പ്രവൃത്തികളാൽ ഞങ്ങളുടെ ജീവിതത്തെ ദുർഗ്ഗന്ധപൂർണ്ണമാക്കുകയും ചെയ്തു.കർത്താവേ!നിന്റെ കരുണയാൽ ഞങ്ങൾക്കു മാനസ്സാന്തരം വരുത്തി പിന്തിരിവും തിരുസന്നിധിയിൽ വീഴ്ച കൂടാത്ത നിലയും നൽകേണമേ.ആമ്മീൻ .

Comments

Popular posts from this blog

വി.കന്യകമറിയം- വി.ദൈവമാതാവു.

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

വി.നോമ്പുകാലധ്യാനങ്ങൾ -30