വി. മാര്‍ത്തോമ്മാശ്ളീഹ- ഭാരതത്തിന്റെ അപ്പോസ്തോലന്‍.
വി. മാര്‍ത്തോമ്മാശ്ളീഹ. ഭാരതത്തിന്റെ അപ്പോസ്തോലനായ വി.മാര്‍ത്തോമ്മാശ്ളീഹാ AD 52ല്‍ കൊടുങ്ങല്ലൂരില്‍ കപ്പല്‍മാര്‍ഗ്ഗം വന്നുവെന്നും, തന്റെ അരുമനാഥന്റെ കല്പന ശിരസ്സാവഹിച്ചു കേരളത്തില്‍ അങ്ങോളമിങ്ങോളം സുവിശേഷം അറിയിക്കുകയും അനേകരെ ക്രിസ്തുമാര്‍ഗ്ഗത്തിലേക്കു കൈപിടിച്ചു ഉയര്‍ത്തുകയും, ഏഴരപള്ളികള്‍ സ്ഥാപിക്കുകയും, നാലു ബ്രാഹ്മണകുടുംബങ്ങള്‍ക്കു പൗരോഹിത്യ നല്‍വരം നല്‍കുകയും ചെയ്തുവെന്നും, മൈലാപ്പൂരില്‍ വച്ചു നിഷ്ഠുരന്മാരുടെ ശൂലാഗ്രത്തില്‍ സ്വജീവിതം തന്റെ അരുമനാഥനുവേണ്ടി ബലിയായി നല്‍കി എന്നും പാരമ്പര്യമായി വിശ്വസിക്കുന്നു. ഇതിനു ചരിത്ര തെളിവുകള്‍ ഇല്ലായെന്നു വാദിക്കുന്നവര്‍ ചുരുക്കമല്ല. ഏതാണ്ടു കൊല്ലവര്‍ഷാരംഭത്തിനു( A D 825ല്‍ ആണു കൊല്ലവര്‍ഷാരംഭം.) മുമ്പുള്ള കേരളചരിത്രം ഇരുളടഞ്ഞ ഏടുകളാണു. ചില ഐതീഹ്യങ്ങളിലും, പാരമ്പര്യകഥകളിലും ആ ചരിത്രം വായിച്ചെടുക്കുവാന്‍ മാത്രമേ സാദ്ധ്യമാകുകയുള്ളു. കേരളം പരശുരാമന്‍ മഴുവെറിഞ്ഞു ഉയര്‍ത്തിയതാണെന്നാണു പാരമ്പര്യമായി വിശ്വസിക്കുന്നതു. അതിന്റെ സത്യാസത്യങ്ങള്‍ ചോദ്യം ചെയ്യപ്പെടാവുന്നവയാണു. ...